മലയാളികളുടെ പ്രിയനടൻ ഷമ്മി തിലകന്റെ ജന്മദിനമാണ് ചൊവ്വാഴ്ച. ഈയവസരത്തിൽ അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മകനും നടനുമായ അഭിമന്യു തിലകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അച്ഛനെ അരികിലിരുത്തി വാഹനമോടിക്കുന്ന വീഡിയോക്കൊപ്പമാണ് അഭിമന്യു ജന്മദിനാശംസ നേർന്നത്. അച്ഛനും മുത്തച്ഛൻ തിലകനും കെട്ടിപ്പടുത്ത പാരമ്പര്യം തുടരാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് അഭിമന്യു പറയുന്നു.

To advertise here,

"പിറന്നാളാശംസകൾ അച്ഛാ. ചെറുപ്പത്തിൽ അച്ഛന്റെ കൈപിടിച്ചു നടന്നതു മുതൽ, ഇന്ന് ഞാൻ വണ്ടി ഓടിക്കുമ്പോൾ അച്ഛൻ അരികിൽ ഇരിക്കുന്നത് വരെ, ജീവിതം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. അച്ഛനും മുത്തച്ഛനും (തിലകൻ) കെട്ടിപ്പടുത്ത ആ പാരമ്പര്യം തുടരാൻ കഴിയുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. എന്റെ ഏറ്റവും വലിയ ഗുരുനാഥനായതിനും, ഞാൻ ഈ കാണുന്ന നടനായി രൂപപ്പെട്ടതിനും എന്നെ ഇന്നീ കാണുന്ന മനുഷ്യനായി മാറ്റിയതിനും നന്ദി.

ഞാൻ ചെയ്യുന്ന ഓരോ കഥാപാത്രത്തിലും അച്ഛൻ എനിക്ക് പകർന്നുതന്ന വിജ്ഞാനത്തിന്റെ അംശങ്ങളുണ്ട്. എന്നോടൊപ്പം എപ്പോഴും താങ്ങും തണലുമായതിനും മുന്നോട്ടുപോകാൻ പ്രചോദനമാകുന്ന മാർഗനിർദേശങ്ങൾക്കും കരുത്തിനും നിശബ്ദ പിന്തുണയ്ക്കും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു." അഭിമന്യു കുറിച്ചു.

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചുകൊണ്ടാണ് അഭിമന്യു തിലകൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ റസൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുൺ വർമ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ആണ് അഭിമന്യുവിന്റേതായി വരാനൊരുങ്ങുന്ന ചിത്രം. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്.