ഉറുദു ഭാഷയിൽ സിക്ക്ർ എന്ന വാക്കിന്റെ അർത്ഥം താളാത്മകമായി അള്ളാഹുവിന്റെ നാമം ഉരുവിടുന്നവൻ എന്നാകുന്നു. സ്മരണ എന്നാണ് ഈ വാക്ക് നൽകുന്ന അർത്ഥം. സാക്കിർ എന്ന വാക്കിന്റെ ഉത്ഭവം അവിടെനിന്നാണ്. തബലവാദകനായ ഉസ്താദ് അള്ളാറഖ ഖാൻ ഖുറേഷി തനിക്കൊരു പുത്രൻ ഉണ്ടായപ്പോൾ അവന്റെ കാതിൽ ഓതിയത് തബലയുടെ ചൊൽക്കെട്ടുകൾ ആയിരുന്നു. തന്റെ മകൻ ഒരു പ്രശസ്തനായ തബലവാദകനാകണമെന്ന് അള്ളാഹുവിനോട് അന്നേ അദ്ദേഹം പ്രാർത്ഥിച്ചിരിക്കണം. ആ പ്രാർത്ഥന വിഫലമായില്ല എന്നു മാത്രമല്ല ആ മകൻ അച്ഛനെയും വെല്ലുന്ന തബലയുടെ മാന്ത്രിക നാദത്താൽ ഈ ലോകത്തെ കീഴടക്കുക തന്നെ ചെയ്തു. അതായിരുന്നു ഇന്നലെ അന്തരിച്ച ഉസ്താദ് സാക്കിർ ഹുസൈൻ.
സാക്കിർ ഹുസൈന്റെ കലാജീവിതത്തിന്റെ വളർച്ചകളെ സംക്ഷിപ്തമായി പറഞ്ഞാൽ അത് ഇപ്രകാരമാണ്: വളരെ ചെറുപ്രായത്തിൽ ബഡേ ഗുലാം അലിഖാനെ പോലുള്ള പ്രഗൽഭരുടെ സംഗീത കൂട്ടായ്മകളിൽ പിതാവിനോടൊപ്പം ചേർന്ന് ഹിന്ദുസ്ഥാനി സംഗീതലോകത്തേക്ക് ആകർഷിക്കപ്പെട്ടു. 1970 കളിൽ ഹിന്ദി സിനിമാപിന്നണി ഗാനങ്ങൾക്കു വേണ്ടി തബല വായിച്ചു തുടങ്ങി. അതിനുശേഷം പണ്ഡിറ്റ് രവിശങ്കർ, അലി അക്ബർ ഖാൻ, വിലായത്ത് ഖാൻ തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രഗൽഭരോടൊത്തുള്ള വിദേശ പര്യടനങ്ങൾ. അതിനുശേഷം ജോൺ മെക്ലിൻ, എൽ ശങ്കർ, ടി എച്ച് വിനായകറാം എന്നിവരോടൊത്ത് ലോകപ്രശസ്തമായ ശക്തി എന്ന ബാൻഡ് രൂപീകരിച്ചുകൊണ്ടുള്ള സംഗീത പര്യടനങ്ങൾ. ഒപ്പം, സിത്താര ദേവി, ബിർജു മഹാരാജ് എന്നീ കഥക് ആർട്ടിസ്റ്റുകൾക്ക് അകമ്പടി സേവിച്ചു കൊണ്ടുള്ള തബലയിലെ മാസ്മരിക പ്രകടനങ്ങൾ. ഇതിനെ തുടർന്ന് ആഫ്രിക്ക, സ്കോട്ട്‌ലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സംഗീത കലാകാരന്മാരോടൊത്തുള്ള അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സംഗീത പ്രകടനങ്ങൾ. ഇതേ സമയത്തുതന്നെ പാലക്കാട് മണി അയ്യരെ പോലെ തെന്നിന്ത്യയിലെ പ്രശസ്ത മൃദംഗ വാദകരോടുത്തുള്ള ജുഗൽബന്ദികൾ. പാരമ്പര്യം വെച്ച് നോക്കിയാൽ തബലയുടെ പഞ്ചാബ് ഘരാനയാണ് സാക്കിർ ഹുസൈൻ പ്രതിനിധാനം ചെയ്യുന്നതെങ്കിലും അദ്ദേഹം ലോകസംഗീതത്തിന്റെ തന്നെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ ആയിരുന്നു എന്നുവേണം പറയാൻ.
ഇന്ത്യൻ സംഗീതലോകത്തു തന്നെ ഇത്രയും ഫ്ലെക്സിബിൾ ആയ ഒരു കലാകാരനെ കണ്ടെത്തുന്നത് കഷ്ടമായിരിക്കും. പരമ്പരാഗതമായ തബലയുടെ ചൊൽക്കെട്ടുകൾ വച്ചുകൊണ്ടുതന്നെ ആ വിരലുകൾ സൃഷ്ടിച്ചത് മാന്ത്രികമായ ഒരു പ്രപഞ്ചനാദം തന്നെയായിരുന്നു. തബല വായിക്കുമ്പോൾ ഒപ്പം വായ്ത്താരി പറയുക, കുതിരയുടെ കുളമ്പടി ശബ്ദം, തീവണ്ടിയുടെ താളാത്മകമായ സഞ്ചാരം, ഇടിമുഴക്കം, കൊച്ചുകുട്ടികളുടെ കരച്ചിലും അതിനെ തുടർന്നുള്ള താരാട്ടും ഇങ്ങനെ പലതും ആ തബലയിലൂടെ പുനർ സൃഷ്ടിക്കപ്പെട്ടു. ഇതെല്ലാം സാക്കിർ ഹുസൈൻ കഠിനമായ സാധകം കൊണ്ടു തന്നെയാണ് നേടിയെടുത്തത്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ചില്ല എന്ന കഠിനമായ സാധക വഴി രണ്ടുതവണ തന്റെ കലാജീവിതത്തിൽ അനുഷ്ഠിച്ച കലാകാരനാണ് സാക്കിർ ഹുസൈൻ. ഒരുതവണ തന്നെ ഈ അനുഷ്ഠാന വഴി പിന്തുടർന്ന കലാകാരന്മാർ ഹിന്ദുസ്ഥാനി സംഗീതലോകത്ത് അധികമുണ്ടാവില്ല. അവിടെയാണ് സാക്കിർ ഹുസൈൻ രണ്ട് പ്രാവശ്യം ഇതനുഷ്ഠിച്ചത്. ഈ ലൗകിക ലോകത്ത് നിന്ന് പൂർണ്ണമായും വിട്ടകന്നു നിന്ന് ദിവസത്തിൽ പതിനാറ് മണിക്കൂർ എന്ന കണക്കിൽ നാൽപ്പതോളം ദിവസങ്ങൾ നിരന്തരം ഒരു കലാകാരൻ തന്റെ കലയിൽ സാധകം അനുഷ്ഠിക്കുന്നതാണ് ഒരു ചില്ല. അച്ഛൻ ഒരിക്കൽ വിദേശ പര്യടനത്തിന് പോയപ്പോൾ മകൻ നാട്ടിൽ വെറുതെയിരുന്നില്ല. നാൽപ്പത് ദിവസം തബലയിൽ കഠിനമായി സാധകം ചെയ്ത് ഒരു ചില്ല പൂർത്തിയാക്കി.
തിരിച്ചെത്തിയ അച്ഛൻ മകനെ ശകാരിക്കുകയാണുണ്ടായത്. മറ്റൊന്നുമല്ല കാരണം. ചില്ല എന്നത് പൂർണ്ണമായും രണ്ടു തരത്തിലുള്ള ഫലങ്ങൾ സൃഷ്ടിക്കുന്ന ഒരു സംഗീത സാധകമാണ്. ഒന്നുകിൽ അത് അനുഷ്ഠിക്കുന്ന കലാകാരൻ തന്റെ കലാസിദ്ധിയിൽ കൂടുതൽ നിപുണനാകും. അതല്ലങ്കിൽ ആ കലാകാരന്റെ മാനസിക നില തന്നെ അത് തകരാറിലാക്കി കളയും. പക്ഷേ ഭാഗ്യത്തിന് സാക്കിർ ഹുസൈൻ എന്ന കലാകാരൻ കൂടുതൽ സിദ്ധിയോടെ തെളിയുകയാണുണ്ടായത്. എന്നാൽ സാക്കിർ ഹുസൈന്റെ കലയോടുള്ള ആത്മദാഹം കലയോടുള്ള ആത്മദാഹം അടങ്ങിയിരുന്നില്ല. ഏറെ പ്രശസ്തനായതിനു ശേഷവും ഒരിക്കൽ അമേരിക്കയിൽ വെച്ച് ഈ ചില്ലയെന്ന കലാസാധകം അദ്ദേഹം ആവർത്തിച്ചു. അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞത് തനിക്ക് കലയിൽ ഒരു പുനർജന്മം ഈ ജന്മത്തുതന്നെ വേണമെന്നായിരുന്നു. പരുന്തുകൾ തന്റെ ജീവിതകാലത്ത് ഒരു പ്രത്യേക പ്രായമെത്തുമ്പോൾ കൊക്കും നഖവും ചിറകുകളും കൊത്തി വലിച്ചു കളഞ്ഞ് പുതിയതായി അവയ്ക്ക് മുളക്കാൻ ഇടം കൊടുത്ത് യൗവനം തിരിച്ചുപിടിക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയായിരുന്നു അത്.
പഴയ തലമുറയിൽ നിന്ന് പുതിയ തലമുറയിലേക്കുള്ള ഒരു കലാപരിവർത്തനം കൂടിയായിരുന്നു സാക്കിർ ഹുസൈൻ എന്ന തബല മാന്ത്രികന് അത്. അതിനുശേഷം പുതിയ തലമുറയിൽ പെട്ട രാകേഷ് ചൗരസ്യ, നീലാദ്രികുമാർ എന്നീ സംഗീതകാരൻമാർക്ക് അകമ്പടി സേവിക്കുമ്പോൾ നാം കേട്ടത് പുതിയൊരു സാക്കിർ ഹുസൈനിനെ തന്നെയായിരുന്നു. ഒരേസമയം തന്നെ വളരെ പവർഫുൾ ആയ താളക്രമങ്ങളും വളരെ മാർദ്ദവമുള്ള സംഗീതത്തിന്റെ നാദവും തബലയിലൂടെ അദ്ദേഹം സൃഷ്ടിച്ചു. കരാട്ടെയും കുങ്ഫുവും ചെയ്യുന്നവർ വളരെ ധ്യാനാത്മകമായ അവസ്ഥകളിലൂടെ കടന്നു പോകുന്നതുപോലെയായിരുന്നു സാക്കിർ ഹുസൈന്റെ തബലവാദനവും എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല.
ഒരുതരത്തിലുള്ള ആശയസംവേദനം തന്നെയാണ് ആസ്വാദകരുമായി സാക്കിർ ഹുസൈൻ തബലയിലൂടെ നടത്തിയിരുന്നത്. ഇതിനദ്ദേഹം പിന്തുടർന്നത് പണ്ഡിറ്റ് രവിശങ്കറിന്റെ വഴിയായിരുന്നു. കച്ചേരി സമയങ്ങളിൽ രവിശങ്കറിനെ അനുസ്മരിപ്പിക്കുന്ന പല മാനറിസങ്ങളും സാക്കിർ ഹുസൈനിലും കണ്ടെത്താൻ കഴിയും. അതുപോലെ അച്ഛനായ അള്ള രാഖയുടെ സമകാലികരായ ബനാറസ് ഘരാനയിലെ കിഷൻ മഹാരാജ്, സംത പ്രസാദ് എന്നിവരേയും സാക്കിർ ഹുസൈൻ ഉൾക്കൊള്ളാൻ ശ്രമിച്ചു. അച്ഛനായ അള്ളാ രാഖയും മകൻ സ്വതന്ത്രമായ കലാവഴിയിലൂടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെട്ടത്. തന്നെപ്പോലെ ആവാൻ താനുണ്ടെന്നും തന്റെ കോപ്പിയാവാനല്ല മകനെ താൻ തബല പഠിപ്പിച്ചതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. അങ്ങനെ മകൻ ഏതു ജോണറിലുള്ള സംഗീത രൂപവുമായി തന്റെ തബലയെ ഇണക്കി ചേർത്തു. ശാസ്ത്രീയ സംഗീതത്തിലെ വോക്കൽ, ഉപകരണ സംഗീതം, റാപ്, റോക്ക്, ജാസ് എന്തുമാകട്ടെ സാക്കിർ ഹുസൈനിന്റെ തബല അവിടെ തനതായ ഇടം കണ്ടെത്തി.
അതുകൊണ്ടുതന്നെയാണ് ഇത്രയും ഫ്ലെക്സിബിൾ ആയ ഒരു കലാകാരനെ ഇന്ത്യൻ സംഗീത ലോകം സൃഷ്ടിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാനാകുന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ തബലവാദനം കേട്ടാൽ അതിൽ നിന്ന് പുറത്തു കടക്കാൻ നമുക്ക് ദിവസങ്ങൾ തന്നെ വേണ്ടിവരുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനാകും. 1990 കളുടെ അവസാനത്തിൽ ഒരിക്കൽ പാലക്കാട് സംഗീതക്കച്ചേരിയിൽ പങ്കെടുക്കാൻ വന്നപ്പോൾ പാലക്കാട് മണി അയ്യരുടെ നാട്ടിൽ തനിക്ക് സംഗീതം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം വേദിയിൽ വെച്ചുതന്നെ പ്രകടമാക്കിയത് പാരമ്പര്യത്തോടുള്ള അദ്ദേഹത്തിന്റെ ആദരം കൊണ്ട് തന്നെയായിരുന്നു.
അച്ഛന്റെ ശിഷ്യരായ യോഗേഷ് സാംസി, ഫസൽ ഖുറേഷി എന്നിവരൊക്കെ തബലയുടെ പഞ്ചാബ് ഘരാനയുടെ പൈതൃക വഴിയിൽ തന്നെ ഉടക്കി നിന്നപ്പോൾ അവരിൽ നിന്നെല്ലാം ബഹുദൂരം സഞ്ചരിച്ച് സാക്കിർ ഹുസൈൻ എത്തിപ്പെട്ടത് തബലയുടെ ആകാശസീമകളിലായിരുന്നു. തബലയിലെ സമ്പ്രദായങ്ങളെയല്ല അദ്ദേഹം കേട്ടതും കണ്ടതും മറിച്ച് തബലയെ, അതിന്റെ നാദത്തെ മാത്രമായിരുന്നു.
ഒരിക്കൽ കോഴിക്കോട് സംഗീത പരിപാടി അവതരിപ്പിക്കാൻ വന്നപ്പോൾ പരിപാടി കഴിഞ്ഞ ഉടനെയാണ് സാക്കിർ ഹുസൈൻ തന്റെ സഹോദരിയായ റസിയയുടെ മരണവാർത്ത അറിയുന്നത്. ഉടൻതന്നെ വിമാനയാത്രയ്ക്കായി കൊച്ചിയിലെത്തിയ സാക്കിർ ഹുസൈൻ അവിടെ വെച്ച് അച്ഛനായ അള്ള രാഖയുടെ മരണവാർത്തയും അറിയുന്നു. അങ്ങനെ രണ്ടു മരണങ്ങൾ ഒരു ദിവസം. ഇപ്പോൾ സാക്കിർ ഹുസൈനിന്റെ മരണമാകട്ടെ രണ്ട് തവണ ലോകത്തിന് അറിയേണ്ടി വന്നുവെന്നത് ഒരു യാദൃശ്ചികതയാവാം.
Content Highlights: Zakir Hussain Tabla Maestro`s Life & Legacy,
Published: 16 Dec 2024, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented