
ഒരു ദെെവികസംഗീതം...അത് പാതിവഴിയിൽ നിലച്ചു. അതായിരുന്നു ഉസ്താദ് ഫിലിപ്പ് വി. ഫ്രാൻസിസ് എന്ന തൃശ്ശൂരുകാരുടെ പ്രിയപ്പെട്ട ഗസൽ ഗായകൻ.ബെെക്കപകടത്തിൽ 2008 മാർച്ച് നാലിന് മരണം കൂട്ടിക്കൊണ്ടുപോകുമ്പോൾ വയസ്സ് 43 മാത്രം.
പാതി പാടിയ ഗസൽപോലെ ഫിലിപ്പ് മറഞ്ഞപ്പോൾ അതൊരു ഞെട്ടലായിരുന്നു ആരാധകർക്കും സുഹൃത്തുക്കൾക്കും. ഗസൽ ഗായകൻ, രചയിതാവ്, ഹാർമോണിസ്റ്റ് ,തബലവാദകൻ, ഡൽഹി ഖരാനയിലെ ഉസ്താദ് ഫയാസ്ഖാന്റെ ശിഷ്യൻ ...എന്നിങ്ങനെ ഫിലിപ്പിന് വിശേഷണങ്ങൾ ഏറെയായിരുന്നു. മരിച്ച് 16 വർഷം പിന്നിടുമ്പോൾ ആ ഗായകൻ വീണ്ടും ഓർമകളിലേക്ക് തിരിച്ചെത്തുകയാണ്, സ്വന്തം ഹാർമോണിയത്തിലൂടെ.
എം.എസ്. ബാബുരാജിന്റെ പാട്ടുകൾ ഒരുകാലത്ത് ഫിലിപ്പ് ഈ ഹാർമോണിയത്തിന്റെ കട്ടകളിൽ വിരലോടിച്ച് പാടിയിരുന്നു. പ്രശസ്ത സംഗീതസംവിധായകനും ഫിലിപ്പിന്റെ അടുത്ത സുഹൃത്തുമായ പ്രതാപ്‌സിങ്ങിന്റെ (വിമൂകശോകസ്മൃതികളുണർത്തി... എന്ന സിനിമാഗാനത്തിന്റെ സംഗീതസംവിധായകൻ) ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് ഈ ഹാർമോണിയമുള്ളത്.
പ്രതാപ്‌സിങ്ങിന്റെ വാക്കുകൾ: ‘‘ഫിലിപ്പ് മരിച്ചപ്പോൾ ഒരു ശൂന്യതയായിരുന്നു. ഒരിക്കലും ഇനി തിരിച്ചുവരില്ലെന്ന് മനസ്സിനെ പാകപ്പെടുത്താൻ പ്രയാസപ്പെട്ടു. ഫിലിപ്പിന്റെ ഹാർമോണിയം വീട്ടിലേക്കു കൊണ്ടുവന്നത് അങ്ങനെയാണ്.”
ഫിലിപ്പ് ഏറെയും പാടിയിട്ടുള്ളത് ബാബുക്കയുടെ ഗാനങ്ങളാണ്. “തേടുന്നതാരേ ശൂന്യതയിൽ ഈറൻമിഴികളേ നിങ്ങൾ...”, “തളിരിട്ട കിനാക്കൾതൻ...” ‘‘ഒരുകൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ...” തുടങ്ങിയ പാട്ടുകൾ ഫിലിപ്പ് പാടിയ ഭാവത്തിൽ ഒരു ഗായകനും പാടിയിട്ടില്ല. സംഗീതത്തിൽ ഒരു നിഘണ്ടുവായിരുന്നു ഫിലിപ്പെന്ന് അടുത്ത സുഹൃത്തും കീബോർഡ് ആർട്ടിസ്റ്റുമായ എം.ഡി. പോളി അനുസ്മരിച്ചു.
മരണശേഷം എല്ലാ വർഷവും തൃശ്ശൂരിൽ അനുസ്മരണപരിപാടികൾ നടന്നിരുന്നു. 2011-ൽ റീജണൽ തിയേറ്ററിൽ ‘പീയാനോ’വിന്റെ നേതൃത്വത്തിൽ ഹോളണ്ടിൽനിന്നുവന്ന സംഘം അവതരിപ്പിച്ച സംഗീതവിരുന്ന് ഒരുദാഹരണം. ഫിലിപ്പിന്റെ ഭാര്യ വിധുവും മകൻ ജോഹാനും ഇപ്പോൾ കാനഡയിലാണ്. കിഴക്കേക്കോട്ടയിലെ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിലെ ഫിലിപ്പിന്റെ കല്ലറയിൽ കുറിച്ച വാക്കുകൾ ഇതാണ്. ‘‘ഫിലിപ്പ് ഇവിടെ പാടിക്കൊണ്ടേയിരിക്കുന്നു...” വിഷാദസ്പർശമുള്ള ആ ശബ്ദത്തിന് മരണമില്ലെന്നുറപ്പ്.
Content Highlights: Remembering Usthad Philip V Francis, Hindustani Music, Ghazal
Published: 20 Jul 2024, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented