കോട്ടയ്ക്കല്‍: കോട്ടയ്ക്കലിന്റെ ആകാശത്ത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നിലാവുപരന്ന ദിവസമായിരുന്നു തിങ്കളാഴ്ച. ചതുരംഗിയില്‍നിന്ന്, പുഷ്പവീണയില്‍നിന്ന്, ഒപ്പം വായ്പാട്ടില്‍നിന്നുമുയര്‍ന്ന സ്വരരാഗമധുരങ്ങള്‍, തബലയില്‍ ധിനിധിനിച്ച താളഭംഗികള്‍, തംബുരുവിന്റെ ശ്രുതിമധുരം... വിശ്വംഭരസന്നിധിയില്‍ ദബാഷിഷ് ഭട്ടാചാര്യയും സംഘവും അവതരിപ്പിച്ച ഹിന്ദുസ്ഥാനി കച്ചേരിയാണ് മധുരമായൊരു സായാഹ്നം സമ്മാനിച്ചത്.

To advertise here,

ഭിംപലാസി, കലാവതി, ഭൂപാലി, കീരവാണി തുടങ്ങിയ രാഗങ്ങളുടെ ഭംഗി അനുഭവിക്കുന്ന കീര്‍ത്തനങ്ങള്‍ കച്ചേരിയെ വേറിട്ട അനുഭവമാക്കി. പണ്ഡിറ്റ് ദബാഷിഷ് ഭട്ടാചാര്യതന്നെ രൂപകല്പന ചെയ്ത ഗിറ്റാറിനോടു സദൃശമായ ചതുരംഗിയും പുഷ്പവീണയും മടിയില്‍ കിടത്തിവെച്ച് വായിക്കുന്ന ഉപകരണങ്ങളാണ്. ചതുരംഗിയില്‍ ദബാഷിഷും പുഷ്പവീണയില്‍ മകന്‍ സൂര്യദീപ്ത ഭട്ടാചാര്യയും വിസ്മയതന്ത്രികള്‍മീട്ടി. മകള്‍ ആനന്ദി ഭട്ടാചാര്യ വായ്പാട്ടുകൊണ്ടും ദബാഷിഷിന്റെ സഹോദരന്‍ പണ്ഡിറ്റ് സുഭാഷിഷ് ഭട്ടാചാര്യ തബലയിലൂടെയും അപൂര്‍വലയം തീര്‍ത്തു. തൃപ്തി ഭട്ടാചാര്യയും സത്യജിത് മഹാറാണയും തംബുരുവില്‍ ശ്രുതിയേകി.

തുടര്‍ന്ന് കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാരുടെ തായമ്പകയുമുണ്ടായി. കല്ലേക്കുളങ്ങരയുടെ നിരവധി ആരാധകര്‍ ഈ താളവിരുന്നുകാണാനെത്തി. സന്താനഗോപാലം, ദുര്യോധനവധം കഥകളികളും അരങ്ങേറി.