എൻ.പി. പ്രഭാകരൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും സദ്യയും.. ഒപ്പം ബാക്ക്ഗ്രൗണ്ടില്‍ തരംഗിണിയുടെ ഒരുപിടി ഓണപ്പാട്ടുകളും. ഓണം ബഹുകേമമാകാന്‍ ഇത്രയും ധാരാളം മതിയായിരുന്നു ഒരുകാലത്ത് മലയാളിക്ക്. ഇന്നും തരംഗിണിയുടെ ആ ഓണപ്പാട്ടുകള്‍ മലയാളികളുടെ, മുഴുവന്‍ ഗൃഹാതുരതയെയും തൊട്ടുണര്‍ത്തും. അന്ന് മലയാളി ഏറെ പാടിനടന്നിരുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകളുടെ ഒരു സ്രഷ്ടാവുകൂടി ഈ ലോകത്തോട് വിടപറഞ്ഞു. കഴിഞ്ഞദിവസം അന്തരിച്ച സംഗീതസംവിധായകന്‍ എന്‍.പി. പ്രഭാകരന്‍. നിശ്ശബ്ദമായി ജീവിച്ച്, അതിലും നിശ്ശബ്ദമായി കടന്നുപോയ കലാകാരന്‍. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയോ, സ്വയം മാറി നടക്കുകയോ ചെയ്യുന്ന നിരവധി കലാകാരന്മാരില്‍ ഒരാള്‍. കഴിഞ്ഞദിവസം ട്രെയിന്‍യാത്രയ്ക്കിടെയുണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എന്‍.പി. പ്രഭാകരന്റെ ദേഹവിയോഗം.
പ്രഭാകരന്റെ കൈയൊപ്പ് പതിഞ്ഞ പൊന്നോണ തരംഗിണി
യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി കാസറ്റിലൂടെ ഓണപ്പാട്ടുകള്‍ പുറത്തിറങ്ങുന്നത് 1982 മുതലാണ്. സിനിമാപ്പാട്ടുകളേക്കാള്‍ പ്രചാരമുണ്ടായിരുന്ന ഓണപ്പാട്ടുകളുടെ പൂക്കാലമായിരുന്നു പിന്നീടുള്ള തരംഗിണിയുടെ പതിനഞ്ച് വര്‍ഷങ്ങള്‍. അതില്‍ 1994 ല്‍ പുറത്തിറങ്ങിയ 'പൊന്നോണ തരംഗിണി - വോള്യം 3', 1995 ലെ 'പൊന്നോണ തരംഗിണി വോള്യം 4', 1996 ലെ 'ശ്രാവണസംഗീതം' എന്നീ കാസറ്റുകളിലാണ് എന്‍.പി. പ്രഭാകരന്റെ കൈയൊപ്പുപതിഞ്ഞ പാട്ടുകള്‍ അങ്ങനെ പൂത്തുലഞ്ഞുകിടക്കുന്നത്. ഈ മൂന്ന് കാസറ്റുകളില്‍, 1994 ല്‍ പുറത്തിറങ്ങിയ 'പൊന്നോണ തരംഗിണി വോള്യം 3'ലെ നാല് പാട്ടുകളുണ്ട്. ഒന്നിനൊന്ന് മെച്ചമായ നാല് പാട്ടുകള്‍. ആ പാട്ടുകള്‍ മാത്രം മതി പ്രഭാകരന്റെ പ്രതിഭയെ തിരിച്ചറിയാന്‍. പി.കെ. ഗോപിയുടെ മനോഹരമായ വരികള്‍ക്ക് ജീവന്‍തുടിക്കുന്ന സംഗീതം നല്‍കിയപ്പോള്‍, ഓണപ്പാട്ടുകളുടെ ചരിത്രത്തിലെ ക്ലാസ്സിക് പാട്ടുകളായി അവ.
യേശുദാസും എസ്. ജാനകിയും ചേര്‍ന്ന് പാടിയ ''കുറുമിഴി കുറിഞ്ചി പൂത്തേ വയനാട്ടില്‍ / കുറുങ്കുഴലൂതിവന്നേ കുറുമാട്ടി'', ''പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ'' എന്നീ പാട്ടുകളും ജാനകി പാടിയ ''മഞ്ഞക്കിളിക്കുഞ്ഞേ നീ കുളിച്ചു തോര്‍ത്തീ'', യേശുദാസ് പാടിയ ''സ്വരരാഗ ഭാരതപ്പുഴയുടെ ഈണം / ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം'' എന്നീ പാട്ടുകളും ഏത് കാലത്ത്, ഏത് തലമുറ കേട്ടാലും മതിവരാത്തവയാണ്. അന്നത്തെ കേരളനാടിന്റെ ഗ്രാമീണഭംഗിയും, ഓണത്തിന്റെ ഓര്‍മ്മകളുമെല്ലാം അറിയാതെ മനസ്സുകളിലേക്ക് കടന്നുവരും ആ വരികളിലൂടെയും ഈണത്തിലൂടെയും കടന്നുപോകുമ്പോള്‍. 'പൊന്നോണ തരംഗിണി വോള്യം 4'ലെ ''ഋതുചക്രവര്‍ത്തിനി നിന്‍ മണിമാറിലെ'', ''ശ്രാവണ പുലരി വരുമോ'' എന്നീ ഗാനങ്ങളും 'ശ്രാവണ സംഗീത'ത്തിലെ ''സ്വപ്‌നങ്ങളെ വീണ്ടും വരുമോ'', ''കലേ ഇന്ദുകലേ'' എന്നീ ഗാനങ്ങളും ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയവയാണ്.
ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. തരംഗിണിയുടെ ഓണപ്പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകര്‍ ആരൊക്കെ ആയിരുന്നു? രവീന്ദ്രന്‍, എം.എസ്. വിശ്വനാഥന്‍, ഔസേപ്പച്ചന്‍, യേശുദാസ്, രവീന്ദ്ര ജയിന്‍, ഉഷ ഖന്ന... അങ്ങനെ തലയെടുപ്പുള്ള സംഗീത സംവിധായകരുടെ പാട്ടുകള്‍കൊണ്ട് തരംഗിണി തരംഗമായി മാറിയ കാലത്താണ് 1994ല്‍ എന്‍.പി. പ്രഭാകരനെ യേശുദാസ് കൂടെക്കൂട്ടുന്നത്. പ്രഭാകരന്റെ പ്രതിഭയുടെ ആഴത്തെ യേശുദാസ് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണത്. യേശുദാസിന് പ്രഭാകരനിലുള്ള വിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവാണ് 1996ല്‍ പുറത്തിറങ്ങിയ 'ശ്രാവണസംഗീതം' എന്ന ആല്‍ബത്തിലെ എട്ട് ഗാനങ്ങള്‍ക്കും സംഗീതം നല്‍കാന്‍ പ്രഭാകരനെ ചുമതലപ്പെടുത്തിയത്.
അനുയാത്ര, സുഖവാസം, പൂനിലാവ്, അളകനന്ദ, ഗന്ധര്‍വ്വരാത്രി, ആനപ്പാറ അച്ചാമ്മ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കിലും, നിരവധി ആല്‍ബങ്ങള്‍ക്കും ടി.വി. പരമ്പരകള്‍ക്കും നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ടെങ്കിലും, ഓണപ്പാട്ടുകളുടെ സംഗീതകാരന്‍ എന്ന ലേബലാണ് പ്രഭാകരന് ഏറെ ചേരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട. സെക്ഷന്‍ ഓഫീസറായിരുന്നു. കോഴിക്കോട് ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം.
ഇനിയും ഓണം വരും. അപ്പോഴൊക്കെ മലയാളിയുടെ നൊസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തി ഓണപ്പാട്ടുകളും കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഒഴുകിനടക്കും. അക്കൂട്ടത്തില്‍ ഉറപ്പായും എന്‍.പി. പ്രഭാകരന്റെ പാട്ടുകളും ഏറേ തലയെടുപ്പോടെ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതെ.... പാട്ടിലൂടെ പ്രഭാകരന്‍ ഓര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും.
Content Highlights: songs of late music director np prabhakaran, tharangini music
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..