
പാട്ടിലൊരിടത്ത് 'വീഥിയില്‍' എന്ന് എഴുതിവെച്ചതിന്റെ പേരില്‍ മാനം പോയ കഥ ഒരു ഗാനരചയിതാവ് പങ്കുവെച്ചത് കഴിഞ്ഞ ദിവസം:
'അതെന്താദ് ചേട്ടാ ഈ വീധി? വിധിയല്ലേ ശരി?' -- സംഗീത സംവിധായകന്റെ സംശയം. 'വീഥി എന്നാല്‍ പാത; വഴി എന്നും പറയും' എന്ന് കവി. എന്നാപ്പിന്നെ റോട്ടില്‍ എന്നെഴുതിയാല്‍ പോരേ എന്ന് കേട്ടുകൊണ്ടിരുന്ന സംവിധായകന്റെ ചോദ്യം.
കുത്തനെ റോട്ടിലേക്കിറങ്ങി നടക്കാനാണ് തോന്നിയതെന്ന് പാട്ടെഴുത്തു സുഹൃത്ത്. ഉപജീവനമാര്‍ഗ്ഗം കൂടി ആയതുകൊണ്ട് പാട്ടിലെ വീഥിയെ നിര്‍ദ്ദയം ഇറക്കി വിട്ടു ടിയാന്‍. പകരം റോഡിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു.
അതിശയോക്തിയെന്ന് തോന്നാം. പക്ഷേ സത്യമാണ്. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന, ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാവുന്ന ദുരന്തം. പാട്ടിലിപ്പോള്‍ വരികള്‍ക്ക് പൊതുവേ പടിപ്പുറത്താണത്രേ സ്ഥാനം. വിളിക്കുമ്പോള്‍ കയറിവന്നാല്‍ മതി. അതുവരെ പുറത്തിരുന്നോണം. നിന്നാലും കുഴപ്പമില്ല. അകത്തേക്ക് ക്ഷണം വന്നാല്‍ത്തന്നെ ഇരിക്കാന്‍ സീറ്റ് കിട്ടുമെന്ന വ്യാമോഹം വേണ്ട. ഈണം, വാദ്യവിന്യാസം, ആലാപനം, ചിത്രീകരണം ഇവയൊക്കെ കഴിഞ്ഞേയുള്ളൂ പാവം അക്ഷരങ്ങള്‍ക്ക് കസേര.
കാലം മാറുകയല്ലേ? അഭിരുചികള്‍, ആസ്വാദന ശൈലികള്‍, ഗുണ നിലവാരത്തിന്റെ മാനദണ്ഡങ്ങള്‍ എല്ലാം മാറുന്നു. തെന്നല്‍ എന്നെഴുതിക്കൊടുത്താല്‍ പോലും 'അയ്യോ ചേട്ടാ, കവിതയൊന്നും കൊണ്ട് ഇങ്ങോട്ട് വന്ന് പൊല്ലാപ്പിലാക്കല്ലേ ' എന്ന് താഴ്മയോടെ അപേക്ഷിക്കുന്ന സിനിമാക്കാരുടെ എണ്ണം കൂടിവരുന്നു. അവിടെയാണ് ഷിബു ചക്രവര്‍ത്തി ഭാഗ്യവാനാകുന്നത്.

കൈപ്പട
ഗുല്‍സാര്‍ ഒരിക്കല്‍ നിരീക്ഷിച്ച പോലെ പാട്ടെഴുത്ത് 'ഫില്‍ ഇന്‍ ദി ബ്‌ളാങ്ക്‌സ്' മാത്രം ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നല്ലൊരു കവിത, അല്ലെങ്കില്‍ കാവ്യഭംഗിയാര്‍ന്ന ഒരു പാട്ട് സിനിമക്ക് വേണ്ടി എഴുതാന്‍ അവസരം ലഭിക്കുന്നത് ചില്ലറ ഭാഗ്യമാണോ? അത്, മനോഹരമായി സംഗീതം ചെയ്യപ്പെടുന്നതും.
ടി പദ്മനാഭന്റെ ജീവിതകഥയായ 'നളിനകാന്തി' എന്ന പടത്തിന് വേണ്ടി (സംവിധാനം: സുസ്‌മേഷ് ചന്ത്രോത്ത്) ഷിബു എഴുതിയ വരികള്‍ മനസ്സിനെ തൊട്ടു:
'സത്യത്തിലിക്കാണും ലോകവും നമ്മളും
നിത്യവിസ്മൃതിയില്‍ അലിഞ്ഞു പോകും
സ്വപ്നങ്ങള്‍ തീര്‍ത്ത സങ്കല്‍പ ചിത്രങ്ങള്‍
എത്ര മായ്ച്ചാലും മായുകില്ല
നേരം പുലര്‍ന്നിട്ടും പോകാതെ നില്‍ക്കുന്ന
പാര്‍വ്വണ ബിംബത്തിന്‍ കാന്തി പോലെ
ഞാന്‍ മറഞ്ഞാലും എന്‍ സങ്കല്‍പ സാഗരം
ഈ തീരത്തെ പുല്‍കി പുണര്‍ന്നു നില്‍കും..'
തീര്‍ന്നില്ല. തുടര്‍ന്നുമുണ്ട് ഗൃഹാതുരവും ലളിതസുന്ദരവുമായ ഇത്തരം വരികള്‍.
സുദീപ് പാലനാടിന്റെ സംഗീതത്തില്‍ ദീപ പാലനാട് പാടിക്കേള്‍ക്കുമ്പോള്‍ ഷിബുവിന്റെ രചനക്ക് പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും കൈവരുന്നു. തീര്‍ത്തും ആര്‍ഭാടരഹിതമായ സംഗീതം. രണ്ടു കാലങ്ങളെ ബന്ധിപ്പിക്കുന്ന ശബ്ദമാണ് ദീപയുടേതെന്ന് തോന്നും ചിലപ്പോള്‍. ഭൂതകാലത്തിന്റെ നന്മകളും വര്‍ത്തമാനകാലത്തിന്റെ നഷ്ട ബോധവും എവിടെയൊക്കെയോ ഒരുമിച്ചൊന്നായി ഒഴുകിച്ചേരുന്നു ഭാവദീപ്തമായ ആ ശബ്ദത്തില്‍.
ഇനിയുമുണ്ട് 'നളിനകാന്തി'യില്‍ ഹൃദ്യമായ രചനകള്‍:
'ആകെയിരുട്ടാണ് കര്‍ക്കിടരാവാണ് ആകാശം മേഘാവൃതമാണ്
അനന്തമാം ആകാശച്ചെരുവില്‍ ഒരു താരകം മാത്രം,
എവിടെയിരുന്നാലും എന്നെ തിരയുന്ന മിഴി പോലെ
വജ്രം പതിച്ചൊരു മൂക്കുത്തിക്കല്ലിന്റെ
വെട്ടമായ് വന്നെന്നെ ഒന്നു തൊട്ടു, നീ ഒന്നു തൊട്ടു...'
അനഘ ശങ്കര്‍ പാടിയ പാട്ട്. ദൃശ്യങ്ങളുടെ ഒരു പരമ്പര തന്നെ കണ്മുന്നില്‍ വിടര്‍ത്തുന്നു ഈ പാട്ടും. കഥാനായകന്‍ സംഗീതത്തിന്റെ നിത്യകാമുകനായ ടി പദ്മനാഭനാകുമ്പോള്‍ പാട്ടുകള്‍ എങ്ങനെ മോശമാകും?
നാല് പതിറ്റാണ്ടു പിന്നിടുകയാണ് ഷിബു ചക്രവര്‍ത്തിയുടെ ചലച്ചിത്ര ഗാനരചനാസപര്യ. തലമുറകളുടെ മാറ്റവും സാങ്കേതികവിപ്ലവങ്ങളും സിനിമയുടെ ഭാവുകത്വ പരിണാമവുമെല്ലാം കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്ത അസ്സല്‍ പ്രൊഫഷണല്‍ ആയ ഒരു ഗാനകവിയുടെ സര്‍ഗ്ഗയാത്ര കൂടിയാണത്. എം കെ അര്‍ജ്ജുനനും ശ്യാമിനും ഔസേപ്പച്ചനും രഘുകുമാറിനുമൊപ്പം ഗാനസൃഷ്ടിയില്‍ പങ്കാളിയായി തുടങ്ങിയ ഷിബു പുതിയ കാലത്ത് ഗോപീസുന്ദറിനും റെക്‌സ് വിജയനും സുദീപിനും വേണ്ടി പാട്ടെഴുതുമ്പോഴും അങ്ങേയറ്റം 'ന്യൂജെന്‍' ആയി നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെ.
'ന്യായവിധി' (1986) യില്‍ അര്‍ജ്ജുനന്‍ മാഷിന്റെ ഈണത്തില്‍ ചിത്ര പാടിയ 'ചെല്ലചെറു വീടു തരാം' എന്ന പാട്ടിലൂടെയാണ് ഈ യുവ'ചക്രവര്‍ത്തി'യെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇന്നുമില്ല ആ പാട്ടിനോടുള്ള സ്‌നേഹത്തില്‍ തരിമ്പും കുറവ്.
പിന്നീടങ്ങോട്ട് എത്രയോ ഹിറ്റുകള്‍, സൂപ്പര്‍ ഹിറ്റുകള്‍: വിണ്ണിലെ ഗന്ധര്‍വ വീണകള്‍ (രാജാവിന്റെ മകന്‍), പൂങ്കാറ്റേ പോയി ചൊല്ലാമോ, ചെമ്പരത്തിപ്പൂവേ (ശ്യാമ), പൂക്കൈത പൂക്കുന്ന (ജനുവരി ഒരു ഓര്‍മ്മ), ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു), മേലെ വീട്ടിലെ (മനു അങ്കിള്‍), ഈറന്‍ മേഘം, പാടം പൂത്ത കാലം, ദൂരെ കിഴുക്കു ദിക്കില്‍ (ചിത്രം), തീരം തേടും, അന്തിപ്പൊന്‍വെട്ടം (വന്ദനം), പിച്ചകപ്പൂങ്കാവുകള്‍ക്കും അപ്പുറം (നമ്പര്‍ 20 മദ്രാസ് മെയില്‍), തളിര്‍വെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ (ധ്രുവം), ബാഗി ജീന്‍സും (സൈന്യം), മനസ്സിന്‍ മടിയിലെ, മാനത്തെ വെള്ളിത്തേരില്‍ (മാനത്തെ വെള്ളിത്തേര്), മഴ പെയ്തു മാനം തെളിഞ്ഞ നേരം (ഒരു അഭിഭാഷകന്റെ കേസ് ഡയറി), യവനകഥയില്‍ (അന്ന), എന്തേ നീ കണ്ണാ (സസ്‌നേഹം സുമിത്ര), നിലാവിന്റെ (മൂന്നാമതൊരാള്‍), ഒരു വാക്ക് മിണ്ടാതെ (ജൂലൈ 4), കിനാവിലെ ജനാലകള്‍ (പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്)..... ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും സ്പര്‍ശിച്ചൊഴുകുന്ന പാട്ടുകള്‍.
അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ രചനകളായിരിക്കും 'നളിനകാന്തി'യിലേത്. 'പ്രകാശം പരത്തുന്ന' പാട്ടുകള്‍.
Content Highlights: shibu chakravarthy songs, lyricist, evergreen hits, malayalam cinema
Published: 01 Apr 2024, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented