അമിതവാദ്യഘോഷമില്ല; അമ്പരപ്പിക്കുന്ന ഗമകപ്രയോഗങ്ങളില്ല, ഹൃദയത്തെ തൊടുന്ന ലളിതസുന്ദരമായ വരികളും ഈണവും മാത്രം - ഹൃദയമലിയുന്ന സംഗീതത്താൽ മലയാളിയെ കീഴടക്കിയ സലിൽ ദായുടെ ജന്മശതാബ്ദി ഇന്ന്

മദനോത്സവ’ത്തിലെ എൽസയുടെയും (സറീന വഹാബ്) രാജുവിന്റെയും (കമൽഹാസൻ) മുഖങ്ങൾ മനസ്സിൽത്തെളിയും ആ പാട്ടിനൊപ്പം. രക്താർബുദരോഗബാധിതയായ ഭാര്യയെയുംകൂട്ടി കാറിൽ ഡോക്ടറെ കാണാൻപോകുകയാണ് ഭർത്താവ്. പരസ്പരം മിണ്ടുന്നില്ല ഇരുവരും. മൂകവിഷാദം നിഴലിക്കുന്ന ഒരു പാട്ടുവേണം അവിടെ. ഇനിയുള്ള കഥ ഒ.എൻ.വി.യുടെ വാക്കുകളിൽ: ‘‘മരണത്തിലേക്ക് അനുനിമിഷം നീങ്ങുന്ന ഒരാൾ; യാത്രയാക്കാൻ വിധിക്കപ്പെട്ട മറ്റൊരാൾ. രണ്ടാളുടെയും മുഖങ്ങൾമാത്രമേ ഉണ്ടാകൂ സ്‌ക്രീനിൽ. ഒരു പാട്ടിന് തീരേ ഇടംകുറവ്. അല്പനേരം ധ്യാനപൂർവം ഇരുന്നിട്ട് സലിൽദാ ഹാർമോണിയത്തിൽ ഒരു കൊച്ച് ഈണം വായിച്ചു: ലാ ലാലാ ലാലാലാ. എന്റെ വാക്കുകൾ അനുയാത്രചെയ്തു: നീ മായും നിലാവോ? വീണ്ടും സലിൽദാ: ലല്ലാലാല ല ല്ല ല്ലാ. എൻ ജീവന്റെ കണ്ണീരോ എന്ന് ഞാൻ. അങ്ങനെ കവിതയും ഈണവും ഒരുമിച്ചുപിറന്ന ഗാനമായിമാറി അത്...’’
ചുരുക്കം സംഗീതോപകരണങ്ങൾകൊണ്ട് ഗാനത്തെ ഒരപൂർവശില്പമാക്കുകയായിരുന്നു സലിൽ ചൗധരി. യേശുദാസിന്റെ ആലാപനത്തിലെ നിശ്ശബ്ദഗദ്ഗദവും സബിതാ ചൗധരിയുടെ ഹമ്മിങ്ങും ചേർന്നപ്പോൾ ‘നീ മായും നിലാവോ’ കേൾവിക്കാരുടെ ഹൃദയത്തെ തൊടുകമാത്രമല്ല കണ്ണുകൾ ഈറനണിയിക്കുകകൂടി ചെയ്തു എന്നതാണ് സത്യം.
കാലാതിവർത്തിയായ സംഗീതം
ഒ.എൻ.വിയും സലിൽ ചൗധരിയും- മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ ഭാവദീപ്തമാക്കിയ സംഗീതസഖ്യം. സലിൽദായുടെ ഹംസഗാനമായ തുമ്പോളി കടപ്പുറം (1995) വരെ നീണ്ട ആ ജൈത്രയാത്രയിൽ പിറന്ന ഏതു പാട്ടാണ് നമുക്ക് മറക്കാനാകുക? നീ വരൂ കാവ്യദേവതേ, മഴവിൽക്കൊടി കാവടി, ശാരികേ, മാനേ മാനേ (സ്വപ്നം), സാഗരമേ ശാന്തമാക നീ, മേലെ പൂമല, സന്ധ്യേ കണ്ണീരിതെന്തേ, ഈ മലർകന്യകൾ, മാടപ്രാവേ വാ (മദനോത്സവം), ഓണപ്പൂവേ, കളകളം (ഈ ഗാനം മറക്കുമോ), ശ്യാമമേഘമേ (സമയമായില്ലപോലും), പറന്നുപോയ് നീ അകലെ (ചുവന്ന ചിറകുകൾ), ഓർമ്മകളേ കൈവള ചാർത്തി (പ്രതീക്ഷ), ഉണരൂ ഉണരൂ ഉഷാദേവതേ (എയർ ഹോസ്റ്റസ്), ശ്രാവണം വന്നു (അന്തിവെയിലിലെ പൊന്ന്), കാതിൽ തേന്മഴയായ് (തുമ്പോളി കടപ്പുറം). വെളിച്ചംകാണാൻ ഭാഗ്യമുണ്ടാകാതെപോയ ‘ദേവദാസി’യിൽപ്പോലുമുണ്ടായിരുന്നു കാലാതിവർത്തിയായ ഗാനങ്ങൾ; പാദരേണു തേടി അലഞ്ഞു, ഒരു നാൾ വിശന്നേറെ, പൊന്നലയിൽ അമ്മാനമാടി...
സലിൽ ചൗധരിയുമായുള്ള അനസൂയവിശുദ്ധമായ ഹൃദയബന്ധത്തിൽ പിറന്നതാണ് ആ പാട്ടുകളെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്, ഒ.എൻ.വി. നല്ലൊരു കവികൂടിയായ സംഗീതസംവിധായകന്റെ കൈയൊപ്പുപതിഞ്ഞ പാട്ടുകൾ. ഇന്ത്യയിലെ എല്ലാ ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും സ്വരവർണരേണുക്കളുണ്ടായിരുന്നു അവയിൽ. വംഗദേശത്തെ പദ്മാനദിക്കും സുവർണരേഖാനദിക്കുമൊപ്പം നമ്മുടെ നിളാനദിയും കുട്ടനാടൻ കായലുമൊക്കെ ഒഴുകിച്ചേർന്നു, ആ പാട്ടുകളിൽ.
ഒ.എൻ.വിയും സലിൽദായും
ഉദാഹരണങ്ങൾ ഒട്ടേറെ. കുട്ടനാടൻ പശ്ചാത്തലത്തിലുള്ള സിനിമയായതിനാൽ ‘ഈ ഗാനം മറക്കുമോ’യിൽ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങൾതന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു സംവിധായകൻ ശങ്കരൻ നായർക്ക്. ‘1952-ൽ മുംബൈയിലെ ഇപ്റ്റ ദേശീയ സമ്മേളനവേദിയിൽ ബംഗാളിൽനിന്നുള്ള ഗായകസംഘത്തെ നയിച്ചുകൊണ്ട് സലിൽദാ പാടിയ ഒരു ദേശഭക്തി ഗാനമുണ്ട്: ഷൊണോ ഷൊണോ ഭായ് രേ ദേശേർ... വിഭജനത്തെത്തുടർന്ന് തെരുവിൽ ചോരചിന്തിയ ഹിന്ദു-മുസ്‌ലിം സഹോദരരെ വിളിച്ചുപാടുന്ന ആ പാട്ടിന്റെ ഈണം ‘ഈ ഗാനം മറക്കുമോ’യിലെ ഒരു ഗാനസന്ദർഭത്തിന് യോജിക്കുമല്ലോ എന്നുതോന്നി.
ഒരു കുട്ടനാടൻ പെൺകിടാവിന്റെ ശോകംകലർന്ന പ്രേമഗാനമാകാൻ പാകത്തിന് ആ ട്യൂൺ മന്ദഗതിയിൽ സലിൽദാ പിയാനോയിൽ വായിച്ചുകേൾപ്പിച്ചപ്പോൾ എഴുതിയതാണ് കളകളം കായലോളങ്ങൾ പാടും കഥകൾ. ബംഗാളിയിൽ എഴുതിയെടുത്ത് സലിൽദാ അത് പാടിയപ്പോൾ പഴയ മതമൈത്രീഗാനത്തിന്റെ താളം പ്രണയഗാനത്തിന്റെ നൊമ്പരത്തുടിപ്പുകളായിമാറുന്നത് അദ്‌ഭുതത്തോടെ ഞാൻ കേട്ടിരുന്നു’ -ഒ.എൻ.വി. എഴുതുന്നു.
തീർന്നില്ല. നളചരിതത്തിലെ ‘വിഷ്ണു രമയ്ക്ക്, നിശയ്ക്ക് ശശാങ്കനുമയ്ക്ക് ഹരൻ, നളനോർക്കിൽ നിനക്കും’ എന്ന കഥകളിപ്പദത്തിന്റെ താളത്തിൽ ലയിച്ചിരുന്നു സലിൽദാ മൂളിയ ഈണത്തിലാണ് ‘സ്വപ്ന’ത്തിലെ ‘മഴവിൽക്കൊടി കാവടിയഴക് വിടർത്തിയ’ എന്ന ഗാനം ഒ.എൻ.വി. എഴുതിയത്. ‘സ്വപ്നം’ പുറത്തുവരാൻ വൈകി. അതിനുമുൻപ് വെളിച്ചംകണ്ട ‘അന്നദാതാ’ എന്ന ഹിന്ദി ചിത്രത്തിൽ അതേ ഈണം സലിൽദാ ഉപയോഗിക്കുകയും ചെയ്തു. ‘നിസ് ദിൻ നിസ് ദിൻ’ എന്ന ആ ഗാനം പാടിയത് ലതാ മങ്കേഷ്‌കർ. ‘‘സംഗീതത്തിന് അതിരില്ല, അത് സാർവദേശീയമാണ്’’ എന്നായിരുന്നു സലിൽദായുടെ വിശദീകരണം.
മലയാളത്തിലെ തന്റെ അരങ്ങേറ്റചിത്രമായ ചെമ്മീനിൽ (1966) ഒ.എൻ.വി. പാട്ടെഴുതണമെന്നാഗ്രഹിച്ചു, സലിൽദാ. ഔദ്യോഗിക കാരണങ്ങളാൽ ആ ക്ഷണം നിരസിക്കുകയായിരുന്നു കവി. പകരം സുഹൃത്തായ വയലാറിന്റെ പേര് രചയിതാവായി നിർദേശിച്ചതും അദ്ദേഹംതന്നെ. ചെമ്മീനിൽ വയലാർ-സലിൽ ചൗധരി ടീം ഗാനസ്രഷ്ടാക്കളായി എത്തുന്നത് അങ്ങനെയാണ്. മലയാളികളുടെ സംഗീതാസ്വാദനശൈലിതന്നെ മാറ്റിമറിച്ച പാട്ടുകളായിരുന്നു അവ: മാനസമൈനേ വരൂ, കടലിനക്കരെ പോണോരേ, പുത്തൻവലക്കാരേ, പെണ്ണാളേ പെണ്ണാളേ... എല്ലാം സൂപ്പർഹിറ്റുകൾ.
പറന്നുവന്ന നീലപ്പൊന്മാൻ
ഏഴു രാത്രികൾ (കാടാറുമാസം നാടാറുമാസം), തോമാശ്ലീഹ (വൃശ്ചികപ്പെണ്ണേ), നെല്ല് (നീലപ്പൊന്മാനേ, കാട് കുളിരിണ്), നീലപ്പൊന്മാൻ (കാട് കറുത്ത കാട്), രാസലീല (നിശാസുരഭികൾ, മനയ്ക്കലെ തത്തേ), രാഗം (ഇവിടെ കാറ്റിന് സുഗന്ധം, ഓമനത്തിങ്കൾപ്പക്ഷി), തുലാവർഷം (യമുനേ നീയൊഴുകൂ, കേളീനളിനം) എന്നീ ചിത്രങ്ങളിലും ജനപ്രിയ ഗാനങ്ങളൊരുക്കി വയലാർ-സലിൽ സഖ്യം. ശ്രീകുമാരൻ തമ്പിക്കും (പൂവിളി, മലർക്കൊടിപോലെ, പൂമാനം), പി. ഭാസ്കരനും (തുമ്പീ തുമ്പീ തുള്ളാൻ വായോ) ഒപ്പംചേർന്നപ്പോഴും പിറന്നു, സൂപ്പർ ഹിറ്റ് ഗാനങ്ങൾ. തൊട്ടതെല്ലാം പൊന്നാക്കുന്ന എന്തോ മാജിക് ഉണ്ടായിരുന്നിരിക്കണം സലിൽദായുടെ വിരൽത്തുമ്പിൽ. ‘തുലാവർഷ’ത്തിൽ ഒരേയൊരു പാട്ട് മാത്രമെഴുതിയ ചൊവ്വല്ലൂരിനുപോലും രചനാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് സമ്മാനിച്ചു അദ്ദേഹം: ‘സ്വപ്നാടനം ഞാൻ തുടരുന്നു...’ (ഗായിക-ജാനകി).
നീണ്ട ഇടവേളയ്ക്കുശേഷം ഒ.എൻ.വി.-സലിൽ ചൗധരി കൂട്ടുകെട്ടിനെ സിനിമയിൽ ഒരുമിപ്പിച്ചത് ‘തുമ്പോളി കടപ്പുറ’ത്തിലൂടെ സംവിധായകൻ ജയരാജാണ്. ‘‘ചെന്നൈ ന്യൂ വുഡ് ലാൻഡ്‌സ് ഹോട്ടലിലെ ഒരു കോട്ടേജിൽ ഒന്നിച്ചിരുന്നു പാട്ടുണ്ടാക്കിയശേഷം പിരിയുമ്പോൾ സലിൽദാ ഒരുനിമിഷം എന്നെ കെട്ടിപ്പിടിച്ചുമ്മവെച്ച് മിഴിയടച്ചു നിന്നു. എല്ലാമറിഞ്ഞുകൊണ്ടുള്ള മൂകമായ യാത്രാമൊഴിയായിരുന്നോ അത്? അറിയില്ല. അടുത്ത ഉത്രാടപ്പകലിനൊപ്പം സലിൽദായും മാഞ്ഞുപോയി...’’ ‘സ്വപ്നം’ എന്ന സിനിമയിൽനിന്ന് കാൽനൂറ്റാണ്ടോളംമുൻപ് ആരംഭിച്ച സ്വപ്നസദൃശമായ ഒരു സംഗീതയാത്രയുടെ അവസാനം.
തിരഞ്ഞെടുത്ത പത്ത് ഹിന്ദിഗാനങ്ങൾ
ആജാരേ പർദേശി (മധുമതി)
സുഹാനാ സഫർ (മധുമതി)
കഹി ദൂർ ജബ് ദിൻ ഡൽ ജായേ (ആനന്ദ്)
മേ നെ തേരേലിയേ (ആനന്ദ്)
രജനീഗന്ധ ഫൂൽ തുംഹാരെ (രജനീഗന്ധ)
ഓ സജ്‌നാ (പരഖ്)
ഇത്നാ ന മുജ്‌സെ തു (ഛായ)
തസ്‌വീർ തേരി ദിൽ മേ (മായ)
ജാനേമൻ ജാനേമൻ (ഛോട്ടി സി ബാത്)
കോയീ ഹോത്താ ജിസ്‌കോ അപ്‌നാ (മേരെ അപ്നേ)
നിസഗമപനി സരിഗാ ആ ആരെ മിതവാ (ആന്ദമഹൽ)
Content Highlights: Salil Chowdhury`s 100th birth anniversary. Discover his simple, emotional music that touched millions in Malayalam cinema
Published: 19 Nov 2025, 07:51 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented