തിരുവനന്തപുരം: ജാതി- മതഭേദമന്യേ മനുഷ്യരെല്ലാം തുല്യരാണെന്ന് ചിന്തിക്കാനുള്ള പൊതുബോധം സമൂഹത്തിന് നഷ്ടപ്പെട്ടുപോയെന്ന് ഗായകൻ പന്തളം ബാലൻ. സമൂഹത്തിൽ പ്രത്യേക പ്രിവിലേജുകൾ ഇല്ലാത്ത വിഭാഗമാണ് ദളിതർ. കറുത്തവനും ഇവിടെ ജീവിക്കണം. ഗായകനായ തന്നെ പാട്ടുകൊള്ളാമെങ്കിൽ അംഗീകരിച്ചാൽ മതിയെന്നും തന്റെ ജാതിയും മതവും തൊലിനിറവും ചിന്തിക്കേണ്ടെന്നും പന്തളം ബാലൻ പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'കറുത്തവന് ജീവിക്കേണ്ടേ ഇവിടെ. എന്റെ നിറം കറുപ്പല്ലേ? എന്റെ പാട്ടുകൊള്ളാമെങ്കിൽ മാത്രം നിങ്ങൾ അതിനെ അംഗീകരിച്ചാൽ മതി. എന്റെ കറുപ്പും വെളുപ്പും ജാതിയും മതവുമൊന്നും നിങ്ങൾ ചിന്തിക്കേണ്ട. മനുഷ്യനായി കാണാൻ ശ്രമിക്കണം. നന്ദഗോവിന്ദം ഭജൻസ് എന്ന് പറയുന്നത് നമ്മളാരും ഏറ്റെടുത്തതല്ല. അവരെ വാനോളം ഉയർത്തി. കഴിഞ്ഞ സീസണിൽ എനിക്ക് നാല് ഗാനമേളയേ ഉണ്ടായിരുന്നുള്ളൂ. ഗാനമേളയില്ല, ഭജനക്കാരനല്ലല്ലോ പന്തളം ബാലൻ. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റമായതുകൊണ്ട് സൗകര്യമായി- സമാധാനമായി ഇരുന്നു. സെലക്ടീവായ പരിപാടികൾ മാത്രമേ പാടിയിരുന്നുള്ളൂ. ഒരു അമ്പലത്തിൽപ്പോയി പള്ളിപ്പാട്ട് പാടി എന്നുപറഞ്ഞപ്പോൾ ഒറ്റനിമിഷംകൊണ്ട് അത് നേരേ തിരിഞ്ഞു. നന്ദഗോവിന്ദം ഭജൻ എന്ന് പറഞ്ഞാൽ കുന്തിരിക്കാ ഭജൻ എന്നോ ഒക്കെ പറഞ്ഞ് ഇപ്പോൾ കേരളം മൊത്തം രണ്ടുദിവസമായി ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്',- പന്തളം ബാലൻ പറഞ്ഞു.

'നമ്മുടെ നാട് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. വളരേ ഗൗരവതരമായി പ്രതികരിക്കാത്ത ഒരു ജനവിഭാഗം ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. 15 ദിവസത്തോളമായി നിതിന്റെ മരണം കഴിഞ്ഞിട്ട്. ഇതിന്റെ കാരണക്കാരായി, പ്രതികളായി, കുറ്റാരോപിതരായി ഇരിക്കുന്നവരേയൊന്നും നിയമത്തിന് മുന്നിലേക്കുകൊണ്ടുവരാൻ നമുക്ക് സാധിച്ചില്ല എന്നുപറയുമ്പോൾ വളരേ വിഷമമുണ്ട്. പ്രത്യേക പ്രിവിലേജ് ഇല്ലാത്ത വിഭാഗമാണ് ദളിതർ എന്നതിന്റെ കാര്യഗൗരവം മനസിലാക്കണം. മനുഷ്യരെല്ലാം തുല്യരാണെന്നും ഹിന്ദു ഇസ്ലാം ക്രൈസ്തവനും സിഖും ദളിതനുമെല്ലാം മനുഷ്യരാണെന്ന് ചിന്തിക്കാനുള്ള പൊതുബോധം സമൂഹത്തിന് ഇല്ലാതായിപ്പോയി', അദ്ദേഹം കൂട്ടിച്ചേർത്തു.