സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത 'പദ്മാവത്' എന്ന ചിത്രത്തിലെ 'ജോഹർ' രംഗത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി സ്വര ഭാസ്‌കർ. റാണി പദ്മാവതിയെയോ ജോഹർ അനുഷ്ഠിച്ച മറ്റ് രാജ്പുത് സ്ത്രീകളെയോ താൻ ഭീരുക്കളെന്ന് വിളിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സ്വര നിലപാട് വ്യക്തമാക്കിയത്.
തിങ്കളാഴ്ച ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന 'വുമൺ, ലൈഫ്, ഫ്രീഡം' എന്ന പരിപാടിയിലാണ് സ്വര ഭാസ്‌കർ സംസാരിച്ചത്. പദ്മാവത് കണ്ടതിന് ശേഷം ബൻസാലിക്ക് തുറന്ന കത്തെഴുതാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് മറുപടി നൽകവേ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് താരം പറഞ്ഞു. റാണി പദ്മാവതിയും മറ്റ് സ്ത്രീകളും ഭീരുക്കളാണെന്ന് താൻ പറഞ്ഞതായി തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും സ്വര ഭാസ്‌കർ പറഞ്ഞു.
ചിത്രത്തിലെ ജോഹർ രംഗം അവതരിപ്പിച്ച രീതിയെയാണ് താൻ വിമർശിച്ചതെന്ന് സ്വര വ്യക്തമാക്കി. 'ലൈംഗിക അതിക്രമ അതിജീവിതർക്ക് അതിനുശേഷവും ജീവിക്കാൻ അവകാശമുണ്ടെന്ന പ്രാഥമിക ചിന്ത പോലും സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകളെ ചൊടിപ്പിക്കുന്നത് അത്ഭുതകരമാണ്,' സ്വര അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ ലൈംഗിക അതിക്രമ സംഭവങ്ങൾ വ്യാപകമായി നടക്കുമ്പോൾ, സ്വന്തം മാനം കാക്കാൻ ആത്മഹത്യ ചെയ്യാത്ത അതിജീവിതർ ഭീരുക്കളാണെന്ന തെറ്റായ സന്ദേശമാണോ ഇത്തരം രംഗങ്ങളിലൂടെ നൽകുന്നതെന്ന് സ്വര ചോദിച്ചിരുന്നു. മാനം കാക്കാൻ ജീവനൊടുക്കുന്നതാണ് ധീരത എന്ന ധാരണ സൃഷ്ടിക്കുന്നത് അപകടകരമാണ്. ലൈംഗിക അതിക്രമം നേരിടുന്നത് സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമല്ലെന്നും താരം ചൂണ്ടിക്കാട്ടി.
2018-ൽ 'പദ്മാവത്' റിലീസ് ചെയ്ത സമയത്തും സ്വര, ബൻസാലിക്ക് തുറന്ന കത്തെഴുതിയിരുന്നു. സതി, ജോഹർ തുടങ്ങിയ ആചാരങ്ങളെ മഹത്വവത്കരിക്കുന്നതിനെ വിമർശിച്ച സ്വര, ഭർത്താവോ സംരക്ഷകരോ മരിച്ചാലും ലൈംഗിക അതിക്രമങ്ങൾ ഇരയായാലും സ്ത്രീകൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് കത്തിൽ വ്യക്തമാക്കി.
ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'പദ്മാവത്'. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകൾ തീയിൽച്ചാടി സ്വയം ജീവനൊടുക്കുന്നതിനെയാണ് ജോഹർ എന്ന വിശേഷിപ്പിക്കുന്നത്.
Content Highlights: Swara Bhasker clarifies she never called Rani Padmavati or Rajput women cowards. The actress emphasizes that sexual assault survivors have the right to live. She addresses the controversy surrounding the Jauhar scene in Sanjay Leela Bhansali's Padmaavat.
Published: 02 Sept 2026, 11:57 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented