കൊച്ചി: തലകുത്തിനിന്ന് ഒന്ന് ബാലൻസ്‌ചെയ്ത് നോക്കിയാലോ? അല്ലെങ്കിൽവേണ്ട മൂന്നുപന്തുകൾ ഒന്നിന് പിറകെ ഒന്നായി മുകളിലേക്കെറിഞ്ഞ് അതിലൊരെണ്ണം പോലും നിലത്തുവീഴാതെ ബാലൻസ്‌ചെയ്ത് പിടിച്ചു കൊണ്ടിരുന്നാലോ?...ഇത്തിരി വട്ടുപോലെ തോന്നുന്ന കാര്യങ്ങളൊക്കെ പക്ഷേ ‘ഋ’ കമ്യൂണിറ്റിക്ക് സിംപിളാണ്. മാതൃഭൂമി കപ്പ കൾച്ചറിന്റെ വേദിയിലേക്ക് ‘ഋ’ കമ്യൂണിറ്റി ഒട്ടേറെ ഗെയിമുകളുമായി കടന്നുവരുമ്പോൾ ആസ്വാദകർ ത്രില്ലടിക്കുമെന്നതിൽ സംശയം വേണ്ട. രസകരമായ ഗെയിമുകളുടെയും ആക്ടിവിറ്റികളുടെയും കൂടാരമാണ് ‘ഋ’ കമ്യൂണിറ്റി നിങ്ങൾക്കായി ഒരുക്കുന്നത്.

To advertise here,

സ്ലാക്ക്‌ലൈൻ, ബാലൻസിങ് ബോർഡ്, ബാലൻസിങ് ഡിസ്ക് തുടങ്ങി ഒട്ടേറെ ഗെയിമുകളാണ് കൾച്ചറിന്റെ വേദിയിൽ അണിനിരത്തുന്നതെന്നാണ് ‘ഋ’ കമ്യൂണിറ്റി ഫൗണ്ടറായ അസർ മുഹമ്മദ് പറയുന്നത്. “നിങ്ങളുടെ മനസ്സും ശരീരവും ഒരുപോലെ ഏകാഗ്രമാക്കി ഒരുബിന്ദുവിൽ കേന്ദ്രീകരിക്കാൻ കഴിയുമോയെന്നതിന്റെ അടയാളങ്ങളാണ് ഈ ഗെയിമുകളെല്ലാം. ഉരുളുന്ന ഒരു വീപ്പയ്ക്ക് മുകളിൽ മരത്തടി നിരത്തി അതിനുമേൽ കയറിനിന്ന് ബാലൻസ് ചെയ്യുന്നതാണ് ബാലൻസിങ് ബോർഡ് എന്ന ഗെയിം. നിങ്ങൾ അത്തരമൊരു ഗെയിമിലേക്ക് വരുമ്പോൾ നിങ്ങളുടെ ജീവിതത്തിലെ ടെൻഷനുകളെല്ലാം മറക്കും. കാരണം ടെൻഷൻ ഓർത്തുനിന്നാൽ നിങ്ങൾക്ക് കൃത്യമായി ബാലൻസ് ചെയ്യാനാകില്ല. അങ്ങനെ നിങ്ങൾ വീഴാതിരിക്കണമെങ്കിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുതന്നെ ആ ഗെയിമിൽ ബാലൻസ് ചെയ്യേണ്ടിവരില്ലേ. അപ്പോൾ പിന്നെ നിങ്ങൾ ടെൻഷൻ ഓർക്കുമോ, ബാലൻസ് ചെയ്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കുമോ.” അസറിന്റെ ചോദ്യത്തിൽ കൃത്യമായി ഉത്തരവുമുണ്ടായിരുന്നു.

ആർട്ടും ഡാൻസും ഗെയിംസും മൂവ്മെന്റും ഒക്കെയായി കൾച്ചറിൽ ഒരുക്കുന്ന ലോകങ്ങളോരോന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെയെല്ലാം ക്യൂറേറ്റർമാരും ആവേശത്തോടെയാണ് കൾച്ചറിന്റെ വിസ്മയലോകത്തെത്താൻ കാത്തിരിക്കുന്നത്. ‘ഋ’ കമ്യൂണിറ്റിയുടെ അണിയറക്കാരായ അസർ മുഹമ്മദും ആബിദ് നാസറും അനൂപ് പോളുമൊക്കെ അതേ ആവേശത്തിലാണ്. “കൾച്ചറിൽ ഒരുക്കുന്ന സോണുകളെല്ലാം വളരെയധികം ത്രില്ലും ചില്ലും നിറഞ്ഞതാണ്. ഞങ്ങളുടെ കമ്യൂണിറ്റിക്ക് ‘ഋ’ എന്ന പേരിട്ടതുതന്നെ അത് ബാലൻസുള്ള ഒരു അക്ഷരമായതുകൊണ്ടാണ്. 120 അംഗങ്ങളുള്ള ഋ കമ്യൂണിറ്റിയിലെ ഒരുപാടുപേർ ആക്ടിവിറ്റികളുമായി കൾച്ചറിന്റെ വേദിയിലെത്തുന്നുണ്ട്.” അസർ പറഞ്ഞു.

സംഗീതത്തിന്റെയും ആഘോഷത്തിന്റെയും ലഹരിനിറയുന്ന കപ്പ കൾച്ചറിൽ രസകരമായ ഗെയിമുകളും ആക്ടിവിറ്റികളും കൂടിയാകുമ്പോൾ ആസ്വാദകരെല്ലാം പ്രതീക്ഷകളുടെ ഹൈറേഞ്ചിലാണ്. കൾച്ചറിന്റെ വിസ്മയഭൂമിക തുറക്കാൻ ഇനി ഏതാനും ദിനങ്ങളുടെ കാത്തിരിപ്പുമാത്രം. ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടി പാലസിലാണ് കൾച്ചർ അരങ്ങേറുന്നത്. കൾച്ചറിന്റെ വിസ്മയഭൂമികയിലേക്കുള്ള ആസ്വാദകർക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ആദ്യദിനത്തിലെ പ്രവേശന ടിക്കറ്റിന് 2,000 രൂപയും അതിനടുത്ത ദിനങ്ങളിലേത് 2,500 രൂപ വീതവുമാണ്. മൂന്നുദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് മതിയാകും.