
ആകസ്മികതകളും യാദൃച്ഛികതകളും കോര്‍ത്തുവെച്ചാല്‍ ഒരു പാട്ടാകുമോ? അങ്ങനെയൊരു നിത്യഹരിത ഗാനമുണ്ട്. ഈണവും താളവും ഒരുപോലെ ഇഴചേര്‍ന്ന് പാടിപ്പതിഞ്ഞ ആ പാട്ടിന്റെ പേരാണ് ജയവിജയ. സംഗീതസംവിധായകന്‍ കെ.ജി. ജയനും സഹോദരന്‍ കെ.ജി.വിജയനും. അഞ്ചു മിനിറ്റിന്റെ മാത്രം വ്യത്യാസത്തില്‍ ജനിച്ച ഇരട്ടസഹോദരങ്ങള്‍. ഇതിഹാസങ്ങളായ ചെമ്പൈയുടെയും ഡോ. ബാലമുരളികൃഷ്ണയുടെയും ശിഷ്യരാണ്. പി.ലീല മുതല്‍ ജോളി അബ്രഹാം വരെയുള്ളവരെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മലയാളത്തിലും തമിഴിലുമായി വിരലിലെണ്ണാവും സിനിമകളേ ചെയ്തിട്ടുളളൂ. അമ്പതില്‍ താഴേ പാട്ടുകള്‍ക്ക് മാത്രമേ ഈണമിട്ടിട്ടുള്ളൂ. നക്ഷത്രദീപങ്ങള്‍, ഹൃദയം ദേവാലയം, ആരാരോ ആരിരാരോ, സ്വര്‍ണത്തിനെന്തിന് ചാരുഗന്ധം, ഈണം പാടി തളര്‍ന്നല്ലോ, പകല്‍ക്കിനാവൊരു പക്ഷി തുടങ്ങിയ സിനിമാഗാനങ്ങള്‍. രാധതന്‍ പ്രേമത്തോടാണോ, അണിവാകച്ചാര്‍ത്തില്‍, ഇഷ്ടദൈവമേ സ്വാമി, ശ്രീകോവില്‍ നട തുറന്നു, കാലം കാര്‍ത്തിക മാസം, നല്ലതു വരുത്തുക തുടങ്ങിയ ഭക്തിഗാനങ്ങള്‍... കാലാതിവര്‍ത്തിയായ ഒരു ഗാനം പോലെ അതിന്റെ സൃഷ്ടാക്കളയ ഇവരെ നെഞ്ചേറ്റാനും ഈ പാട്ടുകള്‍ ധാരാളമായിരുന്നു മലയാളത്തിന്.
ഒന്നിച്ചുള്ള ജനനം പോലെ തന്നെ അടിമുടി ആകസ്മികതകള്‍ നിറഞ്ഞതായിരുന്നു അവരുടെ സംഗീതയാത്രയും സിനിമാ, ഭക്തിഗാനങ്ങളായി ആ യാത്രയില്‍ പിറന്ന അവരുടെ ഗാനങ്ങളും. ആറാം വയസ്സില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയവരുടെ അരങ്ങേറ്റക്കച്ചേരി തന്നെ ഒരു നിയോഗമായിരുന്നു. ജന്മനാടായ കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍. അതും ദേവിയുടെ പള്ളിവേട്ടദിനമായ സ്വന്തം ജന്മനക്ഷത്രമായ ഭരണിനാളില്‍. എന്നാല്‍, വഴിത്തിരിവായത് അന്നത്തെ ആ അരങ്ങേറ്റമല്ല. വൈക്കത്തെ മറ്റൊരു കച്ചേരിയാണ്. ഡോ. ബാലമുരളീകൃഷ്ണ പാടുമ്പോള്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു, സംഗീതാസ്വാദകരായ സഹോദരങ്ങള്‍. പാടുന്നതിനിടെ ബാലമുരളീകൃഷ്ണയുടെ കണ്ണ് പലപ്പോഴും ഒരേവേഷം ധരിച്ചെത്തിയ, ഒരേ ഛായയുള്ള ജയ-വിജയന്മാരിലേയ്ക്ക് കൗതുകത്തോടെ പാളിവീണുകൊണ്ടിരുന്നു. പലപ്പോഴും ഇവരുടെ മുഖത്ത് നോക്കിക്കൊണ്ടായിരുന്നു രാഗവിസ്താരം.
പെട്ടെന്ന് മഴ വന്നു. കോരിച്ചൊരിഞ്ഞ മഴയില്‍ കച്ചേരി മുടങ്ങി. വേദിക്ക് മാത്രമായിരുന്നു അന്ന് ചോരാത്ത മേല്‍ക്കൂര ഉണ്ടായിരുന്നത്. ജയനും വിജയനും ഓടി വേദിയില്‍ കയറി. മഴ തകര്‍ത്തുകൊണ്ടിരിക്കെ ബാലമുരളീകൃഷ്ണ തമിഴിയില്‍ കുട്ടികളോട് കുശലം ചോദിച്ചു. അപ്പോള്‍ മൃദംഗവിദ്വാന്‍ മാവേലിക്കര കൃഷ്ണന്‍കുട്ടി നായരാണ് ഇവര്‍ വൈക്കത്ത് വന്ന് പാടാറുള്ള കഥ പറഞ്ഞത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ബാലമുരളീകൃഷണ അവരെ ഞെട്ടിച്ചുകൊണ്ട് ചോദിച്ചു: 'എന്റെ കൂടെ ആന്ധ്രയിലേയ്ക്ക് പോരുന്നോ? ഞാന്‍ പഠിപ്പിക്കാം നിങ്ങളെ.' എല്ലാവരും അങ്ങോട്ട് ചോദിക്കുന്ന ചോദ്യമാണ് ഒരു ഇതിഹാസം നിനയ്ക്കാതെ തിരിച്ച് ഇങ്ങോട്ട് ചോദിച്ചത്. വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല ആ വാക്കുകള്‍. ആലത്തൂര്‍ സഹോദരന്മാരില്‍ നിന്ന് പാട്ടു പഠിക്കാന്‍, പൊന്നുതമ്പുരാന്‍ വച്ചുനീട്ടിയ സ്വാതിതിരുന്നാള്‍ സംഗീത കോളേജിലെ അധ്യാപനജോലി വേണ്ടെന്നുവെച്ചവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വെച്ചുതാമസിപ്പിക്കാതെ വിജയവാഡയിലേയ്ക്ക് യാത്രതിരിച്ചു. കുറച്ചുകാലം അവിടെ സംഗീതാഭ്യസനവുമായി കഴിഞ്ഞു. പിന്നീട് ഗുരുവിനൊപ്പം ചെന്നൈയിലേയ്ക്ക് മാറി. അതായിരുന്നു വഴിത്തിരിവ്.
ഡോ. ബാലമുരളീകൃഷ്ണ ദൂരദിക്കുകളില്‍ കച്ചേരിക്ക് പോകുമ്പോള്‍ ഇവര്‍ ചെന്നൈയില്‍ തനിച്ചാകും. ഈ ഇടവേളകളില്‍ ഇരുവരും ചെറിയ ജോലികള്‍ തേടിയിറങ്ങും. അങ്ങനെയാണ് എച്ച്.എം.വിയിലെത്തുന്നതും ജനറല്‍ മാനേജരായിരുന്ന തങ്കയ്യയുമായി പരിചയത്തിലാവുന്നതും. തങ്കയ്യയാണ് പുതിയ ആല്‍ബങ്ങള്‍ ഇറക്കുന്നതിനെക്കുറിച്ച് പറയുന്നത്. അയ്യപ്പ ഭക്തിഗാനങ്ങളായാലോ എന്ന ആശയം മുന്നോട്ടുവെച്ചത് ജയവിജയന്മാരാണ്. അതൊരു ചരിത്രത്തിന്റെ തുടക്കമാവുമെന്ന് അന്ന് അവര്‍ പോലും അറിഞ്ഞിരിക്കാന്‍ വഴിയില്ല. തങ്കയ്യക്ക് സംശയമുണ്ടായില്ല. ആദ്യത്തെ അയ്യപ്പ ഭക്തിഗാന ആല്‍ബത്തിന് തങ്കയ്യ സമ്മതം മൂളി. വലിയ അയ്യപ്പഭക്തരായിരുന്നില്ല അക്കാലത്തെങ്കിലും ജയനും വിജയനും അതൊരു ചരിത്രനിയോഗമായി.
അന്ന് സ്റ്റുഡിയോ സന്ദര്‍ശിക്കാനെത്തിയ ഗാനരചയിതാവ് എം.പി.ശിവത്തോട് തങ്കയ്യ തന്നെ ഇക്കാര്യം പറഞ്ഞു. സംഗീത സംവിധായകന്‍ പുകഴേന്തി എന്ന വേലപ്പന്‍ നായരുടെ അമ്മാവന്‍ കൂടിയായ എം.പി.ശിവം പാട്ടെഴുതി. പി.ലീലയെകൊണ്ട് പാടിപ്പിക്കാമെന്ന ആശയം പറയുന്നതും തങ്കയ്യ തന്നെ. ഇഷ്ടദൈവമേ സ്വാമി. അങ്ങനെ 1972-ല്‍ ചരിത്രത്തിലെ ആദ്യത്തെ അയ്യപ്പ ഭക്തിഗാന എല്‍.പി റെക്കോഡ് പിറന്നു. പൊന്നമ്പലവാസന്‍. ആല്‍ബം വന്‍ഹിറ്റായി. ഇന്നും നിത്യഹരിതമായി തുടരുന്ന ട്രെന്‍ഡിന്റെ തുടക്കവുമായി. പിന്നീട് യേശുദാസിനെക്കൊണ്ട് ആദ്യത്തെ അയ്യപ്പഭക്തിഗാനം പാടിപ്പിക്കുന്നതും ജയവിജയന്മാര്‍ തന്നെ. ശബരിമല ശ്രീധര്‍മശാസ്തയെന്ന എം. കൃഷ്ണന്‍ നായര്‍ ചിത്രത്തിലെ 'ദര്‍ശനം പുണ്യ ദര്‍ശനം'. അതും അങ്ങനെ ഒരു ചരിത്രത്തിന്റെ തുടക്കമായി. യേശുദാസിന് മുന്‍പേ ഹരിവരാസനത്തിന് പാടി പ്രചാരം കൊടുത്തുവെന്ന ഖ്യാതിയും ജയവിജയന്മാര്‍ക്ക് സ്വന്തമാണ്. അയ്യപ്പ സുപ്രഭാതത്തിനുവേണ്ടിയായിരുന്നു അത്. പിന്നീടാണ് സ്വാമി അയ്യപ്പനില്‍ ഇന്നു നമ്മള്‍ കേള്‍ക്കുന്ന ഈണത്തില്‍ ജി.ദേവരാജന്‍ ഹരിവരാസനം ചിട്ടപ്പെടുത്തിയത്.

ചെന്നൈവാസം മറ്റൊരു വഴിത്തിരിവ് കൂടി സമ്മാനിച്ചു ഇവര്‍ക്ക്. ബാലമുരളീകൃഷ്ണയ്‌ക്കൊപ്പം താമസിച്ചിരുന്നത് ചെമ്പൈയുടെ വീടിന് സമീപത്തായിരുന്നു. ജോലിയൊക്കെ തേടി നടക്കുന്നതിനിടയില്‍ ഒരിക്കല്‍ ചെമ്പൈയുടെ ശിഷ്യന്‍ കൂടിയായ സംഗീതജ്ഞന്‍ ടി.വി. ഗോപാലകൃഷ്ണന്‍ ചോദിച്ചു: 'നിങ്ങള്‍ക്ക് ചെമ്പൈയുടെ കീഴില്‍ സംഗീതം പഠിക്കണമെന്ന് ആഗ്രഹുമുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് ചെന്ന് കണ്ടോളൂ'. അങ്ങനെ ഒരു ദിവസം ചെമ്പൈയെ ചെന്നു കണ്ടു. രണ്ടു വരി പാടി ഗൃഹസ്ഥശിഷ്യരുമായി. ഏറെക്കാലം ചെമ്പൈയുടെ ശിഷ്യരായിരുന്നു ഇരുവരും. ഗുരുവായൂരില്‍ വച്ച് സ്വരം നിലച്ചതും നടയില്‍ വച്ച് കരുണ ചെയ്‌വാന്‍ താമസം പാടുമ്പോള്‍ പിറകില്‍ നിന്ന് വലിയ മഠം നാരായണന്‍ നമ്പൂതിരി ചുമലില്‍ പിടിച്ച് എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് ചികിത്സിപ്പിച്ചതും പിന്നീട് ശബ്ദം തിരിച്ചുകിട്ടിയശേഷം അതേ നടയില്‍ വന്ന് നാരായണീയം ഉറക്കെ പാടിയ കഥയുമൊക്കെ ചെമ്പൈ തന്നെ നേരിട്ട് പറഞ്ഞ അനുഭവം ജയന്‍ പില്‍ക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. ഗുരുവുമായുള്ള ഈയൊരു അടുപ്പമാണ് ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തില്‍ മംഗളം പാടാനുള്ള അവസരം അവകാശം പോലെ ജയനെ തേടിയെത്താന്‍ കാരണം.
കവി അറിയാതെ പിറന്ന നക്ഷത്രദീപങ്ങള്‍
ചെമ്പൈയുമായുള്ള ഈയൊരു ഹൃദയബന്ധം തന്നെയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ചൊരു ഹിറ്റ് ഗാനത്തിന്റെ പിറവിക്കും വഴിവെച്ചത്. ജയവിജയന്മാരുടെ ജീവിതത്തിലെ മറ്റൊരു യാദൃച്ഛികത. മൈലാപ്പൂരില്‍ ചെമ്പൈയുടെ വീടിന് സമീപത്തെ മുരുഡീസ് ലോഡ്ജിലായിരുന്നു അന്നവര്‍ താമസം. പില്‍ക്കാലത്ത് സിനിമയില്‍ ബിച്ചു തിരുമലയായി മാറിയ, സുഹൃത്ത് ശിവശങ്കരന്‍ ഇടയക്ക് ലോഡ്ജില്‍ വരും. ഒരിക്കല്‍ കൈയിലെ ബാഗ് ജയവിജയന്മാരുടെ മുറിയില്‍ വച്ച് ബിച്ചു സമീപത്തെ കപാലീശ്വര ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ പോയി. മനസ്സില്‍ വിരിയുന്ന കവിതകള്‍ കൈയിലെ ഡയറിയില്‍ കുറിച്ചുവയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു ബിച്ചുവിന്. അതറിയുന്ന ജയവിജയന്മാര്‍ അനുവാദമില്ലാതെ തന്നെ ആ പുസ്തകമെടുത്ത് വെറുതെ മറിച്ചുനോക്കി. വെളിച്ചം കാണാത്ത അനേകം കവിതകളില്‍ ഒന്ന് അവരുടെ കണ്ണിലുടക്കി.
'നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി...' അതിലെ വരികളാണ് അവരുടെ ഹൃദയത്തെ കീഴടക്കിയത്. 'ചെമ്പട താളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി....' ഗുരുവിനെക്കുറിച്ചുള്ള ആ വരികള്‍ മനസ് കീഴടക്കിയപ്പോള്‍ അവരൊന്ന് തീരുമാനമെടുത്തു. ഈ വരികള്‍ക്ക് ഒന്ന് ഈണമിട്ടുനോക്കാം. അങ്ങനെ കവിയുടെ അനുമതിയില്ലാതെ തന്നെ ഇരുവരും ചേര്‍ന്ന ആ മുറിയിലിരുന്ന് നക്ഷത്രദീപങ്ങള്‍ക്ക് ഈണങ്ങളുടെ ആത്മാവ് നല്‍കി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ബിച്ചുവിനെ കാത്തിരുന്നത് ഒന്നാന്തരമൊരു സെമിക്ലാസിക്കല്‍ ഗാനം. കവിത പാട്ടായി പാടി കേട്ടപ്പോള്‍ ബിച്ചുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്നാണ് ഗാനനിരൂപകന്‍ രവി മേനോനോട് ജയന്‍ ഒരിക്കല്‍ പറഞ്ഞത്. എഴുതുമ്പോള്‍ എന്റെ മനസിലെ അതേ ഈണം, നിങ്ങളെങ്ങനെ അത് കണ്ടെത്തി എന്നായിരുന്നുവത്രെ വികാരാധീനനായി അന്ന് ബിച്ചു ചോദിച്ചത്. പക്ഷേ, പാട്ടിന് വെളിച്ചം കാണാന്‍ അന്നൊന്നും യോഗമുണ്ടായില്ല. സിനിമാമോഹം ഉള്ളില്‍ ഉള്‍ക്കടമായി ഉണ്ടെങ്കിലും സിനിമയ്ക്കുവേണ്ടി എഴുതിയ പാട്ടുമായിരുന്നില്ലല്ലോ അത്. തഞ്ചാവൂര്‍ നാല്‍രിലെ വടിവേലുവിന്റെ ജീവിതമായിരുന്നു ആ കവിതയുടെ പ്രേരണയെന്ന് ബിച്ചു തന്നെ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. 'ഭജഗോവിന്ദ'വും 'അക്കല്‍ദാമ'യും വഴി ബിച്ചു ഗാനരചനാരംഗത്തും ജയവിജയന്മാര്‍ തമിഴിലുമടക്കം തിരക്കിലായി. അപ്പോഴും 'നക്ഷത്രദീപങ്ങള്‍' കാണാമറയത്ത് തന്നെ കിടന്നു.
ഒടുവില്‍ വഴിത്തിരിവ് ഉണ്ടാക്കിയത് ഭീംസിങ്ങാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ തന്റെ ഭാഗപ്പിരിവിനൈ എന്ന തമിഴ് ചിത്രം മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യാനുളള ഒരുക്കത്തിലായിരുന്നു ഭീംസിങ്. ശിവാജി ഗണേശന്‍ മികച്ച അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ചിത്രം ഹിന്ദിയിലേയ്ക്കും കന്നഡയിലേയ്ക്കും തെലുങ്കിലേയ്ക്കും കൂടി ഭീംസിങ് റീമേക്ക് ചെയ്തിരുന്നു. അന്ന് താരതമ്യേന തുടക്കക്കാരനായിരുന്ന കമല്‍ഹാസിനും ശ്രീദേവിയുമായിരുന്നു മലയാളത്തില്‍ ശിവാജിയുടെയും ബി.സരോജാ ദേവിയുടെയും വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. അര ഡസനോളം പാട്ടുകളുള്ള ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കാനുള്ള നിയോഗം ജയവിജയന്മാരെയാണ് തേടിയെത്തിയത്. പാദപൂജ പോലുളള ഭീംസിങ്ങിന്റെ ചിത്രത്തില്‍ ഈണമൊരുക്കിയ ചരിത്രമുണ്ട് ജയവിജയന്മാര്‍ക്ക്. അങ്ങനെ 'നിറകുട'ത്തിന്റെ ചിത്രീകരണവേളയില്‍ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു. അതില്‍ പൊങ്കല്‍ പശ്ചാത്തലമായി ഒരു ഗാനമുണ്ട്. പാലൂട്ടി ഉഴവ്. ഇതെങ്ങനെ പൊങ്കലില്ലാത്ത മലയാളത്തിലേയ്ക്ക് മൊഴിമാറ്റും. അപ്പൊഴാണ് ജയന്‍ ഒരു പോംവഴി നിര്‍ദേശിച്ചത്. തമിഴിലെ പൊങ്കലിനെ മലയാളത്തില്‍ നവരാത്രിയാക്കാം. അതിന് പറ്റിയ ഒരു പാട്ട് തങ്ങളുടെ കൈവമുണ്ടെന്നു കൂടി പറഞ്ഞു. പാട്ട് കേട്ടപ്പോള്‍ ഭീംസിങ്ങിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിപോലും വന്നില്ല. ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു സംവിധായകന്‍. അങ്ങനെയെങ്കില്‍ ഈ പാട്ട് സിനിമയില്‍ യേശുദാസ് തന്നെ പാടി അഭിനയിക്കട്ടെ. ഗുരു ചെമ്പൈയെ കുറിച്ചുള്ള പാട്ടല്ലെ. യേശുദാസിനും സമ്മതം.
ഗാനചിത്രീകരണത്തിന് മുന്‍പ് ഈ പാട്ട് സാക്ഷാല്‍ ചെമ്പൈയെ പാടി കേള്‍പ്പിക്കണമെന്നൊരു മോഹമുണ്ടായിരുന്നു ജയ വിജയന്മാര്‍ക്ക്. റെക്കോഡിങ്ങിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെമ്പൈ പങ്കെടുത്ത ഒരു കച്ചേരിയില്‍ അത് സാധിച്ചു. നവരാത്രി മണ്ഡപത്തില്‍ പാടാനുള്ള യോഗമുണ്ടായില്ലെങ്കിലും ശിഷ്യന്റെ പാട്ടിന് ഗുരു തന്നെ നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തു.
ചെമ്പട താളത്തില്‍ എന്ന ഭാഗത്തിനും സ്വരങ്ങളുടെ ആലാപനത്തിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ കൈയടിയാണ് ലഭിച്ചതെന്ന് ജയന്‍ പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. യേശുദാസിന് വലിയ തിരക്കുകള്‍ തുടങ്ങുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള യാത്രയില്‍ ഒപ്പം സഞ്ചരിച്ചാണ് പാട്ട് പഠിപ്പിച്ചത്. ഗാനത്തിന്റെ റെക്കോഡിങ്ങിന് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നു ജയന്. പാട്ടില്‍ പരാമര്‍ശിക്കുന്നവരെല്ലാം ചെമ്പൈയും ചൗഢയ്യയും പാലക്കാട് മണി തുടങ്ങിയ ഇതിഹാസങ്ങള്‍. അപ്പോള്‍ പക്കമേളക്കാര്‍ ആരും മോശക്കാരാവരുത്. ഭീം സിങ് സമ്മതിച്ചു. അങ്ങനെ പാടാന്‍ ചെമ്പൈയുടെ പ്രിയശിഷ്യന്‍ യേശുദാസ്. വയലിനില്‍ ചൗഡയ്യയുടെ ഗുരു ബിഡാരം കൃഷ്ണപ്പയുടെ ശിഷ്യന്‍ കേശവമൂര്‍ത്തി, മൃദംഗം എട്ടാം വയസില്‍ ചെമ്പൈയ്ക്ക് മൃദംഗം വായിച്ച ഗുരുവായൂര്‍ ദൊരൈ. കോടീശ്വരറാവുവിന്റെ നേതൃത്വത്തില്‍ നാല്‍പത് പീസ് ഓര്‍ക്കസ്ട്രയുമായിട്ടായിരുന്നു ജെമിനി സ്റ്റുഡിയോയിലെ റെക്കോഡിങ്. ഇതൊന്നും എന്തായാലും പാഴായില്ല. സത്യത്തില്‍ ചെമ്പൈ നവരാത്രി മണ്ഡപത്തില്‍ പാടിയിട്ടില്ല. രണ്ടോ മൂന്നോ തവണ മാത്രമേ ചെമ്പൈ, ചൗഡയ്യ, പാലക്കാട് മണിയും ഒന്നിച്ച് കച്ചേരിയില്‍ അണിനിരന്നിട്ടുള്ളൂതാനും. ഇതെല്ലാം എന്റെ സ്വപ്നങ്ങള്‍ മാത്രമാണ് എന്നായിരുന്നു വസ്തുത ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പഴികള്‍ക്ക് ബിച്ചു തിരുമലയുടെ മറുപടി. പഴികളിലൊന്നും പതിരുണ്ടായില്ല. നക്ഷത്ര ദീപങ്ങള്‍ അടക്കമുള്ള അതിലെ പാട്ടുകള്‍ കൊണ്ടുതന്നെയാണ് 'നിറകുടം' ഇന്നും ജീവിക്കുന്നത്. കമല്‍-ശ്രീദേവി ജോഡി ഗംഭീരമാക്കിയ യേശുദാസിന്റെ ആരാരോ ആരാരോ ജീവിതമെന്നൊരു തൂക്കുപാലം, സുശീലയുടെ സ്വര്‍ണത്തിനെന്തിന് ചാരുഗന്ധം, യേശുദാസ്- എല്‍.ആര്‍. അഞ്ജലി ടീമിന്റെ ചിങ്ങവനത്താഴത്തെ തുടങ്ങിയ ഗാനങ്ങളും ഓള്‍ടൈം ഹിറ്റുകളായി.
വയറ്റത്തടിച്ച് ഹൃദയം ദേവാലയം
ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും കെ.എസ്. ഗോപാലകൃഷ്ണന്റെ 'തെരുവുഗീത'ത്തിലെ ഹൃദയം ദേവാലയമാണ് ജയവിജയ ടീമിന് മലയാളികളുടെ ഹൃദയം നേടിക്കൊടുത്ത മറ്റൊരു ഗാനം. രസകരമായ ഒരു സംഭവമുണ്ട് ഈ ഗാനത്തിന്റെ റെക്കോഡിങ്ങില്‍. തെരുവു ഗായകന്‍ പാടുന്നതായി ചിത്രീകരിക്കേണ്ടിയിരുന്ന ഈ പാട്ടിന്റെ തുടക്കത്തില്‍ വയറ്റത്തടിച്ചു പാടുന്ന ഒരു താളമുണ്ട്. ഇതെങ്ങനെ റെക്കോഡ് ചെയ്യും എന്നായിരുന്നു ജയവിജയന്മാരുടെ ആശങ്ക. അന്ന് ചെന്നൈയില്‍ ഐ.എസ്. മുരുകേഷ് എന്നൊരു വാദ്യകലാകാരനുണ്ടായിരുന്നു. പതിനാല് വാദ്യങ്ങള്‍ അനായാസം വായിക്കും. റെക്കോഡിങ്ങിന് വന്നപ്പോള്‍ ജയന്‍ കാര്യം മുരുകേഷിനോട് അവതരിപ്പിച്ചു. വയറ്റടിച്ച് പാടുന്ന ഒരു താളം ചെയ്യാനാവുമോ? ഉടനെ മുരുകേഷ് ടിഷര്‍ട്ട് പൊക്കി ഘടം പോലുള്ള വയറില്‍ താളം പിടിച്ചുതുടങ്ങി. ജയവിജന്മാര്‍ക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. അത് അതേപടി പാട്ടില്‍ ഉപയോഗിക്കുകയായിരുന്നു.
വേദനയില്‍ പിറന്ന മയില്‍പ്പീലി
പാതിയില്‍ മുറിഞ്ഞുപോയ പാട്ട് പോലെയായിരുന്നു ജയവിജയന്മാരുടെ സംഗീതജീവിതം. ഇരു ശരീരങ്ങള്‍ക്ക് ഒരൊറ്റ ശാരീരം പോലുള്ള ആ ജീവിതത്തെ വഴിപിരിച്ചത് 1989-ലാണ്. വിജയന്റെ ആകസ്മിക മരണമാണ്. ഒരു മകരജ്യോതിക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴായിരുന്നു, ശാസ്താഗാനങ്ങള്‍ മുഖമുദ്രയാക്കിയ വിജയന്റെ മരണം സഞ്ജയനം മകരസംക്രമംദിവസവും. ചിതാഭസ്മം നിമജ്ജനം ചെയ്തതാവട്ടെ ഒരുപാട് പാടിപ്പുകഴ്ത്തിയ പമ്പയിലും. ഇരട്ടസഹോദരന്റെ മരണം ജയനെയും ആകെ തകളര്‍ത്തിക്കളഞ്ഞു. ജനനം മുതല്‍ ഒന്നിച്ച് പാടി, ഒന്നിച്ചു കഴിഞ്ഞ സഹോദരന്റെ വേര്‍പാട് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു ജയന്. പാതിമെയ് തളര്‍ന്ന പോലെ സംഗീതമൊക്കെ ഉപേക്ഷിച്ച് സങ്കടക്കടല്‍ ഇരമ്പുന്ന വീട്ടില്‍ ഏകാന്തതയെ സ്വയം വരിക്കുകയായിരുന്നു. ഇടയ്ക്ക് സുഹൃത്ത് കവി രമേശന്‍ നായരുടെ വീട്ടില്‍ അഭയം തേടി താമസിച്ചു. അന്ന് രമേശന്‍ നായരാണ് ജീവാത്മാവായ പാട്ടിന്റെ വഴിയിലേയ്ക്ക് മടങ്ങാന്‍ സ്‌നേഹത്തോടെ ഉപദേശിച്ചത്. ഒന്നിച്ച് ഒരു പാട്ട് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ വീണ്ടും കച്ചേരികള്‍ക്ക് പോയിതുടങ്ങി. അങ്ങനെ ആകാശവാണിയില്‍ ഒരു കച്ചേരിക്ക് പോയതാണ് അടുത്ത വഴിത്തിരിവായത്.

കച്ചേരി കഴിഞ്ഞു മടങ്ങുംവഴി തരംഗിണിയില്‍ യേശുദാസിനെ കാണാന്‍ പോയി. സഹോദരന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നുള്ള മോചനമാര്‍ഗം പറഞ്ഞുകൊടുത്തത് ഗാനഗന്ധര്‍വനാണ്. ദു:ഖം മറക്കണം. ഉടനെ ഒരു കൃഷ്ണഭക്തിഗാനം ചെയ്യണം. ജയന്‍ നേരെ തരംഗിണിയുടെ തൊട്ടടുത്തുള്ള രമേശന്‍ നായരുടെ വീട്ടിലെത്തി. അങ്ങനെ ഒരു സന്ധ്യയ്ക്ക് ഇരുവരും ഒന്നിച്ചിരുന്നു. മുറിയില്‍ ഉലാത്തിക്കൊണ്ട് രമേശന്‍ നായര്‍ വരികളെഴുതി. ഈരടികള്‍ക്കോരാന്നിനും ജയന്‍ ഈണം മൂളി. സഹോദരനെ കൂടാതെ ജയന്‍ ആദ്യമായി തനിച്ചൊരുക്കിയ ഈണങ്ങള്‍. ഒരു പാട്ടിനു മാത്രം ജയന്‍ ആദ്യം ഈണമിട്ടു. അണിവാകച്ചാര്‍ത്തില്‍, ചന്ദനചര്‍ച്ചിത, ചെമ്പെയ്ക്കു നാദം നിലച്ചപ്പോള്‍, ഒരു പിടി അവിലുമായി, നീയെന്നെ ഗായകനാക്കി, യമുനയില്‍, ഹരികാംബോജി.... നേരം വെളുക്കുമ്പൊഴേയ്ക്കും ഒന്‍പത് ഗാനങ്ങള്‍ റെഡി.
പാട്ടെഴുത്തിന്റെ ഇടവേളയില്‍ രമേശന്‍ നായര്‍ വെറുതെ ടിവി വെച്ചു. അതിലൊരു ഗസല്‍. രാഗ് ബിംപ്ലാസിയില്‍ ചിട്ടപ്പെടുത്തിയ ഈ ഗസലിന്റെ ഛായയിലായാലോ അടുത്ത പാട്ടെന്ന് രമേശന്‍ നായര്‍ ചോദിച്ചു. ഒട്ടും താമസമുണ്ടായിട്ടില്ല, അതേ ഛായയിലുള്ള ആഭേരിയില്‍ ജയന്‍ പല്ലവി ഒരുക്കി. അടുത്ത ക്ഷണം രമേശന്‍ നായര്‍ എഴുതി.... രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ...? ഭക്തിഗാനത്തിന്റെ തലം കടന്ന് ഈണത്തിന്റെ ലാളിത്യവും രചനയുടെ സൗകുമാര്യവും കൊണ്ട് ഇന്നും ഏതൊരു റൊമാന്റിക് മെലഡിയെ സിനിമാഗാനത്തെയും ലളിതഗാനത്തെയും വെല്ലുന്ന ഗാനം. ഒന്‍പതാം ഗാനംകൂടി ജീവന്‍ വെച്ചതോടെ നേരം വെളുത്തു. ഒരൊറ്റ പാട്ടേ ജയന്‍ ഫോണിലൂടെ യേശുദാസിനെ കേള്‍പ്പിച്ചുള്ളൂ. ചന്ദനചര്‍ച്ചിത നീലകളേഭരം... ഗന്ധര്‍വന് സമ്മതം മൂളാന്‍ അത് ധാരാളമായിരുന്നു. അതോടെ പാട്ടുകളമായി ജയന്‍ തരംഗിണിയിലെത്തി. ഉടനെ റെക്കോഡിങ്. പത്താംനാള്‍ ആല്‍ബം റെഡി. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് കാസറ്റുകളാണ് വിറ്റുപോയത്. മുപ്പത്തിയാറ് കൊല്ലം മുന്‍പിറങ്ങിയ ഗാനമാണിതെന്ന് ഇന്നും വിശ്വസിക്കുക പ്രയാസം. ഈ പാട്ടുകള്‍ കാതിനെവന്നു തഴുകാത്ത ഒരു ദിവസം പോലുമുണ്ടാവില്ല മലയാളികള്‍ക്ക്.
Content Highlights: kg jayan passed away, devotional songs, Malayalam, Tamil, malayalam cinema
Published: 16 Apr 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented