'കാണാന്‍ ആയിരം കണ്‍വേണ്ടും, മുരുഗനൈ കാണാന്‍ ആയിരം കണ്‍വേണ്ടും...' ഭക്തമനസ്സിനെ ആത്മവിസ്മൃതിയുടെ തലത്തിലേക്ക് ഉയര്‍ത്തുന്ന വരികള്‍. വരികള്‍ക്കിണങ്ങുന്ന സംഗീതം. പക്ഷേ, പാട്ടെഴുതിയത് ഇസ്ലാം മതവിശ്വാസിയാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണയ്യങ്കാരുടെ മുഖം കറുത്തു. ''ശരിയാവില്ല. ഹിന്ദുക്കളാരും ഈ പാട്ടിന്റെ റെക്കോഡ് വാങ്ങില്ല. വെറുതെ എന്തിന് വടികൊടുത്ത് അടിവാങ്ങണം?'' ഗ്രാമഫോണ്‍ കമ്പനി ജനറല്‍ മാനേജരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചിരുന്നു സംഗീതസംവിധായകരായ ജയവിജയന്മാര്‍.

To advertise here,

1960-കളുടെ അവസാനമാണ്. അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജയവിജയന്മാര്‍ സംഗീത ലോകത്ത് ശ്രദ്ധേയരായി വരുന്ന സമയം. ആയിടക്കൊരിക്കല്‍ കച്ചേരിക്കായി സിംഗപ്പൂരില്‍ ചെന്നപ്പോള്‍ യാദൃച്ഛികമായി ഖാദര്‍ എന്നൊരാളെ പരിചയപ്പെടുന്നു അവര്‍. സിംഗപ്പൂരിലും ഇന്ത്യയിലുമായി മണി ചെയ്ഞ്ചിങ് ബിസിനസ് നടത്തിവരികയാണ് ഖാദര്‍. ചെന്നൈയിലെ തന്റെ ഓഫീസ് മാനേജരായിരുന്ന ഫാറൂഖിനെ ജയവിജയന്മാര്‍ക്ക് പരിചയപ്പെടുത്തിയത് ഖാദറാണ്. ചില്ലറക്കാരനല്ല ഈ ഫാറൂഖ്. നല്ല സംഗീതാസ്വാദകന്‍. സഹൃദയനും. പോരാത്തതിന് തമിഴില്‍ നന്നായി കവിതയെഴുതും. ''വളരെ പെട്ടെന്ന് ഫാറൂഖ് ഞങ്ങളുടെ സുഹൃത്തായി. ഇടയ്ക്കിടെ കടയില്‍ച്ചെന്ന് അദ്ദേഹത്തെ കാണും. സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ആ ദിവസങ്ങളിലൊന്നിലാണ് എഴുതിവെച്ച ഒരു ഗാനം ചിട്ടപ്പെടുത്താന്‍വേണ്ടി അദ്ദേഹം ഞങ്ങളെ ഏല്പിച്ചത്.

ഹൃദയസ്പര്‍ശിയായ ഒരു മുരുക ഭക്തിഗീതം: 'സന്തനമും ജവ്വാദും സേര്‍ന്ത് മണം കമഴ് പാലഭിഷേകമുടന്‍ വെട്രിത്തിരുനീരണിന്ത്, ഭക്തര്‍പ്പടൈ സൂഴന്ത് തങ്കരഥത്തേരിനിലെ , വള്ളിദേവയാനയുടന്‍ കാഴ്ചി തരും ഉന്നഴകൈ, കാണാന്‍ ആയിരം കണ്‍ വേണ്ടും, മുരുഗനൈ...' അത്ഭുതംതോന്നി. സുബ്രഹ്‌മണ്യ ക്ഷേത്രാന്തരീക്ഷം അതീവഹൃദ്യമായി പകര്‍ത്തിയിരിക്കുന്നു പാട്ടിന്റെ വരികളില്‍ ഫാറൂഖ്. പാട്ടുചിട്ടപ്പെടുത്തി യേശുദാസിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു ജയവിജയന്മാരുടെ ആഗ്രഹം. ആ മോഹമാണ് കണ്ണയ്യങ്കാര്‍ ഒരൊറ്റ നിമിഷം കൊണ്ട് തകര്‍ത്തുകളഞ്ഞത്. അന്യമതസ്ഥരുടെ ഭക്തിഗാനങ്ങള്‍ എഴുതി ഹിറ്റാക്കിയ കവികള്‍ സിനിമയില്‍ ഏറെയുണ്ടെങ്കിലും ചലച്ചിത്രേതര ആല്‍ബങ്ങളില്‍ അതൊരു അപൂര്‍വ പ്രതിഭാസമായിരുന്നു അന്ന്. എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല ജയവിജയന്മാര്‍. ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞ് അവര്‍ വീണ്ടും അയ്യങ്കാരെ കാണുന്നു. അതിനകം അയ്യങ്കാര്‍ അവരുടെ അടുത്ത സുഹൃത്തായിക്കഴിഞ്ഞിരുന്നു. ഇത്തവണ യേശുദാസിന് പാടാന്‍വേണ്ടി ഒരു മുരുകഭക്തി ഗാനം ഇങ്ങോട്ട് ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. തെല്ലും സംശയിക്കാതെ ഫാറൂഖിന്റെ പഴയപാട്ടുതന്നെ ഒന്നുകൂടി എടുത്തുകൊടുത്തു ജയവിജയന്മാര്‍. ഭാഗ്യത്തിന് പഴയ കഥയെല്ലാം മറന്നുപോയിരുന്നു കണ്ണയ്യങ്കാര്‍. പാട്ട് വായിച്ചുനോക്കിയതും അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. ''പ്രമാദമാന പാടല്‍. ഇത് ആരെഴുതി?'' അദ്ദേഹത്തിന്റെ ചോദ്യം. ഒരു നിമിഷം മുഖത്തോടുമുഖം നോക്കിയിരുന്ന ശേഷം ജയവിജയന്മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞു: ''അരുളവന്‍. നാഗപട്ടണത്തിനടുത്ത മായാവരം സ്വദേശിയാണ്.''

ഞങ്ങള്‍ നേരത്തേ ആസൂത്രണംചെയ്ത ഒരു പദ്ധതിയുടെ ഭാഗമായിരുന്നു അത്.'' ജയന്‍ ചിരിക്കുന്നു. '' എഴുതിയത് മുസ്ലിം ആണെന്നുപറഞ്ഞാല്‍ അയ്യങ്കാര്‍ ഒഴിഞ്ഞുമാറും. അപ്പോള്‍പ്പിന്നെ ഫാറുഖിന് ഇങ്ങനെയൊരു തൂലികാനാമം കിടക്കട്ടെ എന്നുവിചാരിച്ചു.'' ഇനിയാണ് രസം. അരുളവനെക്കുറിച്ച് നേരത്തെതന്നെ കേട്ടിട്ടുണ്ടെന്ന മട്ടിലാണ് അയ്യങ്കാരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: ''പുകള്‍പെറ്റ കവിഞ്ജറല്ലേ. ഇത്രയും ഭക്തിപൂര്‍ണമായി മുരുകനെക്കുറിച്ച് എഴുതാന്‍ അരുളവനേ പറ്റൂ. നമുക്കിത് ഉടന്‍തന്നെ റെക്കോഡായി ഇറക്കണം.'' പിന്നെയെല്ലാം പെട്ടെന്നുനടന്നു. അടുത്തയാഴ്ച ചെന്നൈയിലെ എച്ച്.എം.വി. സ്റ്റുഡിയോയില്‍ റെക്കോഡിങ്. യേശുദാസിനും വളരെ ഇഷ്ടപ്പെട്ടു. ആഭേരി രാഗസ്പര്‍ശമുള്ള ആ ഗാനം. പാട്ട് ഗ്രാമഫോണ്‍ ഡിസ്‌കായി പുറത്തിറങ്ങിയതും ലക്ഷക്കണക്കിന് വിറ്റുപോയതും പിന്നീടുള്ള ചരിത്രം. ഇന്നും ഏറ്റവുമധികം ആവശ്യക്കാരുള്ള മുരുകഭക്തിഗാനങ്ങളില്‍ ഒന്നാണത്. മാത്രമല്ല പഴനി ഉള്‍പ്പെടെയുള്ള തെന്നിന്ത്യയിലെ പ്രധാന സുബ്രഹ്‌മണ്യക്ഷേത്രങ്ങള്‍ എല്ലാ ദിവസവും ഉറക്കമുണരുന്നതും ആ ഗാനം കേട്ടുകൊണ്ടുതന്നെ. ''അരുളവന്‍ എന്നൊരു കവിയാണ് അതെഴുതിയത് എന്നല്ലാതെ അദ്ദേഹം ഒരു മുസ്ലിം ആണെന്നോ യഥാര്‍ഥ പേര് ഫാറൂഖ് ആണെന്നോ അധികമാര്‍ക്കും അറിയില്ല. കണ്ണയ്യങ്കാര്‍തന്നെ അതറിഞ്ഞത് ഏറെക്കാലം കഴിഞ്ഞു ഞങ്ങള്‍ നേരിട്ടു പറഞ്ഞപ്പോഴാണ്. സത്യം മറച്ചുവെച്ചതില്‍ ചെറിയൊരു പരിഭവം പ്രകടിപ്പിച്ചെങ്കിലും അതിനകം ഗ്രാമഫോണ്‍ കമ്പനിക്ക് ഏറ്റവുമധികം വരുമാനമുണ്ടാക്കിയ പാട്ടുകളില്‍ ഒന്നായി മാറിയിരുന്നല്ലോ കാണാന്‍ ആയിരം കണ്‍ വേണ്ടും...''

യേശുദാസിന്റെ ശബ്ദത്തിലാണ് പ്രശസ്തമായതെങ്കിലും പല പ്രമുഖ സംഗീതജ്ഞരും കച്ചേരികളില്‍ ഈ ഗാനം സ്ഥിരമായി പാടാറുണ്ട്. നിത്യശ്രീ മഹാദേവനെപ്പോലുള്ളവര്‍ അത് പാടി കാസറ്റുകള്‍വരെ പുറത്തിറക്കി. പാട്ടെഴുതിയതും ചിട്ടപ്പെടുത്തിയതും അരുളവന്‍ എന്നാണ് ഈ റെക്കോഡുകളില്‍ കാണുക. സംഗീതം നല്‍കിയ ജയവിജയന്മാരെക്കുറിച്ച് എങ്ങുമില്ല പരാമര്‍ശം. ''ഇന്നും ആ പാട്ടുകേള്‍ക്കുമ്പോള്‍ ഫാറൂഖ് എന്ന ആ നല്ല മനുഷ്യനെ ഓര്‍മവരും. എത്ര അര്‍ഥപൂര്‍ണമായ വരികളാണ് അദ്ദേഹം രചിച്ചിരിക്കുന്നത്. ഹിന്ദു പുരാണങ്ങളില്‍ നല്ല ഗ്രാഹ്യമുള്ള ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ.'' ജയന്‍ പറയുന്നു. സംഗീതത്തിന്റെ മതാതീത സ്വഭാവത്തിന് ഏറ്റവും ഉദാത്തമായ ഉദാഹരണമായി നിലനില്‍ക്കുന്നു ആ ഗാനം. എഴുതിയത് മുസ്ലിം, ഈണമിട്ടത് ഹിന്ദു സഹോദരര്‍, പാടിയത് ക്രിസ്തീയ മതവിശ്വാസിയും.