ലോകപ്രശസ്ത പോപ്പ് ബാന്‍ഡായ 'സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്'-ന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് ബാന്‍ഡിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിപ്പുനല്‍കിയത്. 

To advertise here,

വേദിയിലെ സാങ്കേതിക കാരണങ്ങളാല്‍ ഷോ റദ്ദാക്കുന്നതായാണ് 'സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്' നല്‍കിയ വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാന്‍ഡ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. 

അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതില്‍ ആരാധകര്‍ നിരാശയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു. ഷോ റദ്ദാക്കിയതിലുള്ള അമര്‍ഷം പങ്കുവെയ്ക്കാനും ആരാധകര്‍ മറന്നില്ല. ബെംഗളൂരുവിലെ പ്രാദേശിക ഭരണകൂടത്തെയാണ് ഷോ റദ്ദാക്കിയതില്‍ ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. സാമൂഹികമാധ്യമങ്ങളിലടക്കം ഇത്തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. 

ഷോ റദ്ദാക്കിയതിനാല്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അധികൃതരും 'സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സും' അറിയിച്ചു. എട്ടോ പത്തോ പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ മുഴുവന്‍തുകയും റീഫണ്ട് ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. 

ജനുവരി 24-ന് ഗുരുഗ്രാമിലും ജനുവരി 25-ന് മുംബൈയിലും 'സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്' ഷോ അവതരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച ബെംഗളൂരുവിലെ ഷോയും നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഷോ അവസാനനിമിഷം റദ്ദാക്കി. തങ്ങളുടെ ലോകപര്യടനത്തിന്റെ ഭാഗമായാണ് 'സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്'  ഇന്ത്യയിലും ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇനി ദുബായിലാണ് ബാന്‍ഡിന്റെ അടുത്ത ഷോകള്‍.