
പത്മഭൂഷൺ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ താൻ വീൽ ചെയറിലിരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ഉയർന്നുവന്ന ആശങ്കകളിൽ വിശദീകരണവുമായി ഗായിക അൽക യാഗ്നിക്. ജൂൺ 23-ന് രാഷ്ട്രപതി ഭവനിൽ നടന്ന പത്മഭൂഷൺ പുരസ്‌കാര സമർപ്പണ ചടങ്ങിന് ശേഷമുള്ള ദൃശ്യങ്ങളിൽ ഗായികയെ വീൽ ചെയറിൽ വേദിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് തന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തത വരുത്തി ഗായിക രംഗത്തെത്തിയത്.
'നിങ്ങളുടെ സ്‌നേഹത്തിനും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ ഞാൻ കണ്ടു. ഞാൻ സുഖമായിരിക്കുന്നുവെന്നും എന്റെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതിയുണ്ടെന്നും എല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,' അൽക യാഗ്നിക് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നം കാരണമല്ല താൻ വീൽ ചെയർ ഉപയോഗിച്ചതെന്ന് അവർ വ്യക്തമാക്കി. 'പത്മ പുരസ്‌കാര ചടങ്ങിന്റെ അവിസ്മരണീയവും ദൈർഘ്യമേറിയതുമായ ദിവസത്തിന് ശേഷം എനിക്ക് കടുത്ത ക്ഷീണം തോന്നിയിരുന്നു, അതിനാലാണ് മടങ്ങുന്ന സമയത്ത് ഞാൻ വീൽചെയർ ആവശ്യപ്പെട്ടത്,' അവർ വിശദീകരിച്ചു.
'ദയവായി ആരും വിഷമിക്കരുത്. ആരോഗ്യപ്രശ്‌നങ്ങൾ സുഖപ്പെട്ട് വരികയാണ്. എന്നെ കൂടുതൽ ശക്തയാക്കുന്ന നിങ്ങളുടെ പ്രാർഥനകൾക്കും പിന്തുണയ്ക്കും എപ്പോഴും കടപ്പെട്ടിരിക്കുന്നു,' അവർ കൂട്ടിച്ചേർത്തു.
തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി പൊതുവേദികളിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു അൽക യാഗ്നിക്. പൊതുവേദികളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന അൽക യാഗ്നിക്കിന്റെ പത്മഭൂഷൺ ചടങ്ങിലെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്ന് ഏറ്റുവാങ്ങിയ നിമിഷം തന്നെ ഏറെ വികാരഭരിതയാക്കിയെന്ന് ഗായിക പറഞ്ഞിരുന്നു.
2024-ലാണ് അൽക യാഗ്നിക് തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്. പെട്ടെന്നുണ്ടായ വൈറൽ ബാധയെത്തുടർന്ന് 'സെൻസറിന്യൂറൽ ഹിയറിങ് ലോസ്' (ശ്രവണശേഷി നഷ്ടപ്പെടുന്ന അപൂർവ രോഗം) എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥ അവരുടെ ആന്തരിക കർണ്ണത്തെയും ഓഡിറ്ററി നാഡീപഥങ്ങളെയും നേരിട്ട് ബാധിച്ചതിനെ തുടർന്നാണ് പൊതുവേദികളിൽനിന്ന് താൽക്കാലികമായി മാറിനിൽക്കേണ്ടി വന്നത്.
ഏറ്റവും ഒടുവിൽ ഇംതിയാസ് അലിയുടെ 'ചംകീല' എന്ന ചിത്രത്തിൽ എ.ആർ. റഹ്‌മാന്റെ സംഗീതസംവിധാനത്തിൽ 'നരം കാല്ജ' എന്ന ഗാനത്തിന് അൽക യാഗ്നിക് ശബ്ദം നൽകിയിരുന്നു. ദിൽജിത് ദോസഞ്ജ്, പരിനീതി ചോപ്ര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Renowned playback singer Alka Yagnik has issued a clarification regarding a viral video showing her leaving the Padma Bhushan ceremony in a wheelchair. She assured fans that she is doing well and using the wheelchair was not due to a sudden medical emergency but pure exhaustion after a long, memorable day at Rashtrapati Bhavan. Expressing her gratitude for the love and prayers, she requested her well-wishers not to worry as her health condition is steadily improving. The singer had been away from the public eye since 2024 after being diagnosed with a rare condition called sensorineural hearing loss following a viral attack. Receiving India's top civilian honor from President Droupadi Murmu was an emotional moment for her, having recently recorded the song 'Naram Kaalja' for the film 'Chamkila'
Published: 25 Jun 2026, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented