ലയാളികൾ ഒന്നടങ്കം ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മലയാളികളുടെ സ്വന്തം മോഹൻലാൽ ഇന്നേവരെ കാണാത്ത വേഷപ്പകർച്ചയിൽ എത്തുന്നു എന്നത് തന്നെയാണ് പ്രധാന കാരണം. കന്നഡയിലെ പ്രശസ്ത യുവസംവിധായകനായ നന്ദകിഷോർ ആണ് ‘വൃഷഭ’ ഒരുക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന തന്റെ പാൻ ഇന്ത്യൻ ചിത്രത്തേക്കുറിച്ചും മോഹൻലാൽ എന്ന സൂപ്പർതാരത്തിനൊപ്പം പ്രവർത്തിച്ചതിനേക്കുറിച്ചും നന്ദകിഷോർ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

എന്താണ് വൃഷഭ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത് ?

വൃഷഭ എന്നത് പരമശിവന്റെ പോരാളിയാണ്. എങ്ങനെയാണ് വൃഷഭ ഒരു യോദ്ധാവായതെന്ന നിലയിലുള്ള കൃത്യമായ ഒരു പശ്ചാത്തലം വൃഷഭയ്ക്ക് പറയാനുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ നായകന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. വൃഷഭ എന്ന ചിത്രത്തിലെ നായകൻ ഒരു യോദ്ധാവാണ്.

എത്ര നാളായി ഈ തീം മനസിലുണ്ട്?

ഞാൻ തരക്കേടില്ലാതെ വായിക്കുന്ന ഒരാളാണ്. എനിക്ക് കൂടുതൽ ഇഷ്ടം ഫാന്റസികളാണ്. ചരിത്രവും ഇഷ്ടമാണ്. അതുപോലെ സോഷ്യൽ ഫാന്റസി ഡ്രാമകളും പീരിയഡ് ഫാന്റസി ഡ്രാമകളും. അതുകൊണ്ട്, എനിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാൻ വലിയ താത്പര്യമാണ്. അങ്ങനെ ഒരുപാട് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ ആശയം കിട്ടിയത്. അത് വികസിപ്പിച്ചപ്പോൾ, ഒരേ സമയം ഒരു യോദ്ധാവും അച്ഛനും വൈകാരികമായി ദുർബലനും എന്നാൽ കരുത്തനുമാകാൻ കഴിയുന്ന ഒരു താരത്തെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അപ്പോൾ എൻ്റെ മനസ്സിൽ മോഹൻലാൽ സാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഷൂട്ടിംഗ് തയ്യാറെടുപ്പുകൾ എങ്ങനെയായിരുന്നു?

ഏകദേശം 80 മുതൽ 85 ദിവസം വരെയായിരുന്നു ഷൂട്ടിംഗ്. പക്ഷേ, അതിൻ്റെ തയ്യാറെടുപ്പുകൾക്ക് രണ്ട് വർഷമെടുത്തു. ഒരുപാട് താരങ്ങളെ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ലൊക്കേഷനുകൾ, അങ്ങനെ പല കാര്യങ്ങളും ഉണ്ടായിരുന്നു. നിങ്ങൾക്കറിയാമല്ലോ മോഹൻലാൽ എത്ര തിരക്കുള്ള ആളാണെന്ന്. അതുകൊണ്ട് ലാൽ സാറിൻ്റെ സൗകര്യത്തിനനുസരിച്ച് എല്ലാവരെയും ക്രമീകരിക്കുകയായിരുന്നു. ലാൽ സാറിനൊപ്പം പ്രവർത്തിച്ചത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു.

മോഹൻലാലിലേക്ക് എത്തിയതെങ്ങനെ?

എൻ്റെ ഒരു സുഹൃത്താണ് എന്നെ മോഹൻലാൽ സാറിൻ്റെ അടുത്തേക്ക് കൊണ്ടുപോയത്. ഈ സുഹൃത്തിനോട് ഞാൻ വൃഷഭയുടെ കഥ ചർച്ച ചെയ്തിരുന്നു. ഈ കഥ മോഹൻലാൽ സാറിനോട് പറയാൻ പറ്റുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ആ സമയത്ത് ഞങ്ങൾക്ക് ഈ ആശയത്തെ പിന്തുണയ്ക്കാൻ നിർമ്മാതാക്കളുണ്ടായിരുന്നില്ല. എന്റെ ആഗ്രഹം മനസിലാക്കിയ ആ സുഹൃത്താണ് എന്നെ മോഹൻലാലിൻ്റെ അടുത്തേക്ക് കൊണ്ടുപോയത്. അദ്ദേഹം അത്രയ്ക്ക് വിനയാന്വിതനായാണ് സംസാരിച്ചത്. അതുപോലൊരു മാന്യനെ ഞാൻ കണ്ടിട്ടേയില്ല. ആ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ല.

"സ്ക്രിപ്റ്റ് റെഡിയാണെങ്കിൽ നാളെ വരൂ, ഞാൻ മുഴുവനായി കേൾക്കട്ടെ." എന്നാണ് മോഹൻലാൽ സാർ പറഞ്ഞത്. അങ്ങനെ ഞാൻ അദ്ദേഹത്തോട് സ്ക്രിപ്റ്റ് മുഴുവനും പറഞ്ഞു. അദ്ദേഹം അത് മുഴുവൻ കേട്ട ശേഷം അന്നുതന്നെ ഓക്കേ പറഞ്ഞു. അതിനുശേഷം ഞങ്ങൾ നിർമ്മാണത്തിലേക്ക് കടന്നു, കാര്യങ്ങളെല്ലാം പെട്ടെന്ന് സംഭവിച്ചു. എല്ലാം നല്ലതിനായിരുന്നു, കാരണം അതെല്ലാം അങ്ങനെ സംഭവിക്കേണ്ടതായിരുന്നു.

വൃഷഭയിലെ മറ്റു താരങ്ങൾ ആരെല്ലാം? അവരെ തിരഞ്ഞെടുത്തത് എങ്ങനെ?

സമർജിത് ലങ്കേഷാണ് വൃഷഭയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമർജിത് ഒരു പുതുമുഖമാണ്. അപ്പോൾ അഭിനയത്തിന്റെ ദൈവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളുടെ കൂടെ അഭിനയിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പിടിച്ചുനിൽക്കണമല്ലോ. അതുകൊണ്ട് മോഹൻലാലിനും അദ്ദേഹത്തിന്റെ ഊർജ്ജത്തിനും പ്രഭാവലയത്തിനും ഒപ്പമെത്താൻ സമർജിത്തും ഒരുപാട് പരിശ്രമിച്ചു. ഒരുപാട് പഠിച്ചു. അവൻ അതിനായി ഒരുപാട് ഊർജ്ജം ചിലവഴിച്ചു. പക്ഷേ, അവസാനം അവനത് സാധിച്ചെടുത്തു. ഈ സിനിമയുടെ ഉള്ളടക്കം തന്നെയായിരിക്കും ഏറ്റവും വലിയ ശക്തിയെന്ന് ഞങ്ങൾക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്. സിനിമയുടെ ഉള്ളടക്കത്തിലാണ് ഞങ്ങളെല്ലാവരും വിശ്വസിക്കുന്നത്. പുറമേക്ക് ഇതൊരു കൊമേഴ്സ്യൽ പാക്കേജിംഗ് ആണെങ്കിലും ഉള്ളടക്കമാണ് ഈ സിനിമയുടെ ഹൃദയം.

നന്ദകിഷോർ എന്ന സംവിധായകൻ മോഹൻലാൽ എന്ന നടനെ വിലയിരുത്തുന്നതെങ്ങനെ?

മോഹൻലാൽ സാറിനെ കണ്ടുമുട്ടിയ അന്നുമുതൽ ഇന്നുവരെ, ഓരോ ദിവസവും അമ്പലത്തിൽ പോകുന്നതുപോലെയാണ്, സാക്ഷാൽ ദൈവത്തെ കാണുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. ദൈവികമായ അനുഭവമാണ് അദ്ദേഹത്തെ കാണുമ്പോൾ. വളരെ സത്യസന്ധമായി പറഞ്ഞാൽ, മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു സിംഹത്തെപ്പോലെ അദ്ദേഹം സിനിമാ ഇൻഡസ്ട്രിയെ അടക്കിവാഴുകയാണ്. അതിനാൽ ഒരു സംവിധായകൻ എന്ന നിലയിൽ സാറിനെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അധികാരമോ പദവിയോ ഇല്ല. ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അതൊരു അനുഗ്രഹമാണ്. ഞാനല്ല മോഹൻലാൽ സാറിന്റെ അഭിനയത്തേക്കുറിച്ച് അഭിപ്രായം പറയാൻ അർഹതയുളളയാൾ. ഞാൻ മോഹൻലാൽ സാറിനെ വിലയിരുത്തുകയോ, അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയുകയോ, മറ്റെന്തെങ്കിലും പറയുകയോ ചെയ്യില്ല. കാരണം അദ്ദേഹത്തിനുമുന്നിൽ ഞാൻ വളരെ ചെറിയൊരാളാണ്.

മോഹൻലാൽ ഫാൻ ആണോ? അദ്ദേഹത്തിന്റെ ഏത് ചിത്രമാണ് ഏറ്റവും ഇഷ്ടം?

തീർച്ചയായും ഞാനൊരു മോഹൻലാൽ ആരാധകനാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ എപ്പോഴും വീണ്ടും വീണ്ടും കാണുന്ന ഒരു സിനിമ പവിത്രമാണ്. അതിൽ അദ്ദേഹം ആ പെൺകുട്ടിയെ വളർത്തുന്നതും, അദ്ദേഹം അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളും, ക്ലൈമാക്സിൽ അദ്ദേഹത്തിന് മാനസികനില തെറ്റുന്നതും, ആ ഉത്കണ്ഠയും... അദ്ദേഹം അവിടെ കാഴ്ചവെച്ച അഭിനയത്തിന്റെ റേഞ്ച്, അതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല, ലോകോത്തരമെന്നുതന്നെ പറയണം. നിങ്ങൾ ദശരഥം എടുത്തുനോക്കൂ, അതിൽ ലാൽ സാർ അവതരിപ്പിച്ചിരിക്കുന്നത് ഒരു വ്യത്യസ്ത കഥാപാത്രമാണ്. പുലിമുരുകൻ എടുത്തുനോക്കൂ, അത് വേറൊരു കഥാപാത്രം.

വൃഷഭയുടെ ചിത്രീകരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു ?

അതൊരു യാത്രയായിരുന്നു. ഓരോ ദിവസവും ഒരു വെല്ലുവിളിയാണ്, എന്നാൽ അതിനെ അതിജീവിക്കുന്നതാണ് ജീവിതം. അതുകൊണ്ട് വെല്ലുവിളികളെക്കുറിച്ചോ മറ്റോ എനിക്ക് പരാതിപ്പെടാനാവില്ല. ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർസ്റ്റാറിനൊപ്പമാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് എല്ലാ ദിവസവും ഞങ്ങൾക്ക് ഞങ്ങളുടെ പരമാവധി ഊർജ്ജവും പ്രയത്നവും നൽകേണ്ടതുണ്ടായിരുന്നു. ഞാൻ കഴിഞ്ഞ 15 വർഷമായി സിനിമാ രംഗത്തുണ്ട്. ഇക്കാലത്തിനിടയിൽ എട്ട് സിനിമകൾ ചെയ്തു. അതിൽ ആറെണ്ണം വൻ വിജയങ്ങളായിരുന്നു. തുടർച്ചയായി വിജയങ്ങൾ, പക്ഷേ ഞങ്ങൾക്ക് സ്വയം നവീകരിക്കേണ്ടതുണ്ടായിരുന്നു. ഭാഷ, സംസ്കാരം അങ്ങനെ എല്ലാം ഞങ്ങൾ സ്വയം പഠിക്കണമായിരുന്നു. അതുകൊണ്ട് ഇത് എന്റെ ആദ്യ സിനിമയാണെന്ന് ഞാൻ കരുതുന്നു. ഈ ചിത്രം വളരെ സത്യസന്ധമായി ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും.

പുരാണങ്ങളും, ഐതിഹ്യങ്ങളും, കഥകളും ആസ്വദിക്കുന്ന ഒരാളാണോ നന്ദകിഷോർ?

ഞാൻ എല്ലാ ഇതിഹാസങ്ങളുടെയും ആരാധകനാണ്. അത് രാമായണമാകാം, മഹാഭാരതമാകാം, ഗീതയാകാം. ആ ഇതിഹാസ ചരിത്രങ്ങളിൽ ഇല്ലാത്ത ഒരു കഥയുമില്ല. നമ്മുടെ ചരിത്രം അത്ര ശക്തമാണ്. ഈ ലോകത്ത് സങ്കൽപ്പിക്കാൻ കഴിയുന്ന ഏതൊരു കഥയും ആ പുസ്തകങ്ങളിലുണ്ട്.

വൃഷഭയേക്കുറിച്ചുള്ള പ്രതീക്ഷകൾ

സത്യം പറഞ്ഞാൽ, വൃഷഭയ്ക്കുവേണ്ടി ഞാൻ ആത്മാർത്ഥമായി പ്രയത്നിക്കുകയും അതിനായി ഊർജ്ജവും നൽകിയിട്ടുണ്ട്. ഈ സിനിമ പൂർത്തീകരിക്കാൻ എന്റെ ടീം മുഴുവൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമ പ്രേക്ഷകരെ തീർച്ചയായും തൃപ്തിപ്പെടുത്തുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്, കാരണം പ്രതീക്ഷ എന്നത് ശരിയായ വാക്കല്ല. ലാൽ സർ ഉണ്ടാക്കിയെടുത്ത, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ പ്രേക്ഷകർ നിശ്ചയിച്ച നിലവാരത്തിനൊത്ത് ഞങ്ങൾക്ക് സിനിമ ചെയ്യേണ്ടിയിരുന്നു. അതിനാൽ മലയാള സിനിമയിലെ ഒരു പുതുമുഖം എന്ന നിലയിൽ പ്രേക്ഷകരുടെ അനുഗ്രഹം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇവിടെ സിനിമകൾ ചെയ്യാനും ഇവിടെത്തന്നെ തുടരാനുമാണ് വന്നിരിക്കുന്നത്.