ടോക്സിക് (Toxic: A Fairy Tale For Grown Ups) എന്ന ചിത്രത്തിന് ഒരുവിഭാഗം പ്രേക്ഷകരിൽ നിന്നും സമ്മിശ്രവും വലിയ തോതിൽ നെഗറ്റീവുമായ പ്രതികരണങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ, നായകൻ യഷിന് പരസ്യ പിന്തുണയുമായി കന്നഡ സൂപ്പർതാരം കിച്ച സുദീപ് രംഗത്ത്. വലിയ വിജയം കൈവരിച്ച ഒരു ചിത്രത്തിനുശേഷം സാധാരണയായി ചെയ്യാറുള്ള പതിവ് കൊമേഴ്സ്യൽ ഫോർമുലകളിൽ നിന്നും മാറി സഞ്ചരിക്കാൻ ധൈര്യം കാണിച്ച യഷിന്റെ തീരുമാനത്തെ സുദീപ് പ്രശംസിച്ചു. ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ അസാമാന്യ ധൈര്യംതന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

തന്റെ എക്സ് (X) ഹാൻഡിലിലൂടെയാണ് യഷിനെ പിന്തുണച്ചുകൊണ്ട് കിച്ച സുദീപ് കുറിപ്പ് പങ്കുവെച്ചത്. തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തുവാൻ യഷ് ആത്മാർത്ഥമായി ശ്രമിച്ചുവെന്ന് സുദീപ് കുറിച്ചു. ഇത്തരമൊരു വേറിട്ട വഴി തിരഞ്ഞെടുക്കുന്നതിന് വലിയ തോതിലുള്ള ചിന്താഗതിയും ഉറച്ച വിശ്വാസവും, അതിലുപരിയായി കടുത്ത ധൈര്യവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇതുപോലൊന്ന് പരീക്ഷിക്കാൻ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയും ബോധ്യവും, ഏറ്റവും പ്രധാനമായി ധൈര്യവും ആവശ്യമാണ്. ടോക്സിക് ഒരു അസാധാരണവും അഭിനന്ദനാർഹവുമായ ശ്രമമാണ്. തീർച്ചയായും കൗതുകമുണർത്തുന്നതും വലിയ സംവാദങ്ങൾക്കും ചർച്ചകൾക്കും പഠനത്തിനും വഴിയൊരുക്കുന്നതുമായ നിരവധി ഭാഗങ്ങൾ ചിത്രത്തിലുണ്ട്. പരീക്ഷണങ്ങൾ നടത്താനും പരമ്പരാഗത ശൈലിയിൽ നിന്ന് മാറിനടക്കാനും കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ," കിച്ച സുദീപിന്റെ വാക്കുകൾ.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുഗ്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽഎൽപിയുടെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പോർച്ചുഗീസ് കൊളോണിയൽ കാലഘട്ടത്തിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. മാറുന്ന ലോകത്തിൽ ഒരു ഗ്യാങ്സ്റ്ററുടെ വളർച്ചയും തളർച്ചയുമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ബോക്സ് ഓഫീസിൽ ചിത്രം കളക്ഷൻ നേടുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ മീമുകളിലൂടെയും പ്രതികരണങ്ങളിലൂടെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. യഷിന്റെ മുൻപത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'കെ.ജി.എഫ്: ചാപ്റ്റർ 2'-ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ റിലീസായ 'ടോക്സിക്', മുൻ ചിത്രങ്ങളിലെ ആക്ഷൻ നിറഞ്ഞ ശൈലിയിൽ നിന്നുമുള്ള വലിയൊരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.