ദൃശ്യം 3-ക്ക് മുൻപ് വരുന്ന ജീത്തു ജോസഫ് ചിത്രം എന്ന രീതിയിൽ ശ്രദ്ധനേടുന്ന ചിത്രമാണ് വലതുവശത്തെ കള്ളൻ. ബിജു മേനോനും ജോജു ജോർജും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ബാബുരാജ് നായകനായ 'കൂദാശ'യുടെ സംവിധായകൻ എന്ന നിലയിലാണ് ഡിനുവിനെ ഇതിനുമുൻപ് മലയാളികൾക്ക് പരിചയം. മലയാളസിനിമയുടെ ഹിറ്റ്‌മേക്കർക്കൊപ്പം ആദ്യമായി, അതും തിരക്കഥാകൃത്തായി പ്രവർത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് ഡിനു. വലതുവശത്തെ കള്ളൻ എന്ന ചിത്രം ദൃശ്യം 3-ക്ക് മുൻപേ വരുന്നു എന്നത് യാദൃച്ഛികമാണെന്ന് ഡിനു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കുടുംബസമേതം ഇരുന്നാണ് ജീത്തു ജോസഫ് ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടത്. വലതുവശത്തെ കള്ളൻ എന്ന പേരുമിട്ടാണ് തിരക്കഥ അദ്ദേഹത്തിനോട് വിവരിച്ചത്. നായകന്മാരായ ബിജു മേനോനും ജോജു ജോർജും തങ്ങളുടെ കഥപാത്രങ്ങളോട് പൂർണമായും നീതി പുലർത്തിയെന്നും ഡിനു പറഞ്ഞു.

To advertise here,

കൂദാശയ്ക്കുശേഷം ഇത്രയധികം ഇടവേള വന്നതെങ്ങനെ?

കാത്തിരിപ്പ് എന്ന് പറയാനാവില്ല. വലതുവശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ ത്രെഡ് പത്ത്, പതിനൊന്ന് വർഷമായി മനസിലുണ്ടായിരുന്നതാണ്. കൂദാശ തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഒടിടി ഇറങ്ങിയതിനുശേഷം കുറച്ച് നല്ല അഭിപ്രായങ്ങൾ വന്നിരുന്നു. ഒരിക്കൽ പ്രൊഡക്ഷൻ കൺട്രോളർ ഷബീർ ഇക്ക എന്നെ വിളിച്ച് പുതിയ എന്തെങ്കിലും സ്റ്റോറി ഐഡിയ ഉണ്ടോയെന്ന് അന്വേഷിച്ചു. അപ്പോഴാണ് ഞാൻ വലതുവശത്തെ കള്ളൻ എന്ന കഥ അവതരിപ്പിച്ചത്. പിന്നീട് ഏകദേശം ഒരാഴ്ചകൊണ്ട് തിരക്കഥ തയ്യാറായി. ഷബീർ ഇക്കയാണ് എന്നെ നിർമാതാവ് ഷാജി നടേശന്റെ അരികിലെത്തിച്ചത്. അദ്ദേഹത്തിനും തിരക്കഥ ഇഷ്ടമായി.

സിനിമയായിവരാൻ പിന്നെയും സമയമെടുത്തോ?

ആദ്യത്തെ സിനിമ തിയേറ്ററിൽ വലിയൊരു വിജയമാക്കാൻ പറ്റാതെ പോയ ഒരു ഡയറക്ടർ ആണ് ഞാൻ. അതുകൊണ്ട് തന്നെ വലതുവശത്തെ കള്ളൻ സിനിമ ആക്കാൻ ഞങ്ങൾ കുറച്ച് സമയമെടുത്തു. അതിനിടയിൽ കൊറോണയും സംഭവിച്ചു. കോവിഡിന് ശേഷമാണ് എനിക്കിത് മുന്നോട്ടുകൊണ്ടുപോകാൻ പറ്റിയത്. നിർമാതാവ് ഷാജി നടേശനാണ് ഈ തിരക്കഥയുമായി ജീത്തു ജോസഫ് സാറിനെ കാണാൻപോയാലോ എന്ന് പറഞ്ഞത്. ഞാൻ ഭയങ്കര എക്‌സൈറ്റഡ് ആയി. കാരണം കൂദാശ കണ്ട് നല്ലൊരു അഭിപ്രായം പറഞ്ഞ ഒരാളായിരുന്നു ജീത്തു സാർ. അന്ന് അദ്ദേഹം കൂദാശയ്ക്ക് പിന്തുണയറിയിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ജീത്തു ജോസഫിനോട് തിരക്കഥ പറഞ്ഞ ആ നിമിഷം, എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം?

ഷാജിയേട്ടന്റെ നിർദേശമനുസരിച്ച് ഞാൻ ജീത്തു സാറിനെ കാണാൻ പോയി. ആശ്ചര്യത്തിനൊപ്പം ചെറിയ ടെൻഷനും എനിക്കുണ്ടായിരുന്നു. ജീത്തു സാർ കുടുംബത്തിനൊപ്പമിരുന്നാണ് തിരക്കഥ കേട്ടത്. രണ്ടുമണിക്കൂറെടുത്താണ് തിരക്കഥ പറഞ്ഞുകേൾപ്പിച്ചത്. തിരക്കഥ ഇഷ്ടപ്പെട്ടെന്നുപറഞ്ഞ അദ്ദേഹം അത് അയച്ചുകൊടുക്കാൻ പറഞ്ഞു. നമുക്കിത് ചെയ്യാമെന്ന് പിന്നാലെ അദ്ദേഹം അറിയിച്ചു. ഒന്നര വർഷം മുൻപാണ് ഇതെല്ലാം നടന്നത്. കഴിഞ്ഞ മേയിലാണ് ചിത്രീകരണം ആരംഭിച്ചത്.

ദൃശ്യം 3-ക്ക് മുന്നോടിയായി വരുന്ന ജീത്തു ജോസഫ് ചിത്രം എന്ന സോഷ്യൽ മീഡിയാ ചർച്ച ശ്രദ്ധിച്ചിരുന്നോ?

തീർച്ചയായും. ദൃശ്യത്തിന് വർഷങ്ങൾക്ക് മുൻപാണ് ജീത്തു സാർ മെമ്മറീസ് ചെയ്തത്. പക്ഷേ പ്രിവിലിജ് ജോണറിൽ പെട്ട ഒരു സിനിമയാണ് വലതുവശത്തെ കള്ളൻ എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇമോഷണൽ ക്രൈം ഡ്രാമ എന്ന് വിശേഷിപ്പിക്കാം. കുറച്ച് കഥാപാത്രങ്ങളുടെ ഇമോഷനിലൂടെ പോകുന്ന യാത്രയാണിത്. ദൃശ്യം-3ക്ക് മുൻപേ ഇറങ്ങുന്നു എന്നത് യാദൃഛികമായി സംഭവിച്ചതാണ്. മെമ്മറീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് സാം എന്നാണ്. വലതുവശത്തെ കള്ളനിൽ ജോജു ചേട്ടന്റെ പേരും ഇതുതന്നെയാണ്. അതും സംഭവിച്ചുപോയതാണ്. ഒന്നും മുൻകൂട്ടി നിശ്ചയിച്ചതല്ല.

നായകന്മാരായി ബിജു മേനോനും ജോജു ജോർജും എത്തിയതെങ്ങനെ?

രണ്ട് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന കഥയാണിത്. സാം, ആന്റണി എന്നിവരെ യഥാക്രമം ജോജുവും ബിജു മേനോനും അവതരിപ്പിക്കുന്നു. ഈ രണ്ടുകഥാപാത്രങ്ങളെ ആരെല്ലാം അവതരിപ്പിക്കണമെന്ന് പല ചർച്ചകളും നടത്തി. ഒടുവിൽ ജീത്തു സാർ ആണ് ഇപ്പോഴുള്ള കോമ്പിനേഷനെക്കുറിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾത്തന്നെ നല്ലൊരാശയമാണല്ലോ എന്ന് എനിക്കും തോന്നി. കാരണം മത്സരിച്ച് അഭിനയിക്കുന്നവരാണ് രണ്ടുപേരും. പട്ടാളം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും നായകന്മാരായി ഒരു ചിത്രത്തിൽ വന്നിട്ടില്ല. രണ്ടുപേരും സിനിമ നന്നായി വരാനായി നല്ല പിന്തുണ നൽകി. രണ്ടുപേരും ആ ഒരു കഥാപാത്രത്തോട് 100% നീതി പുലർത്താൻ വേണ്ടി, അവർക്ക് എന്തൊക്കെ സംഭാവന ചെയ്യാൻ പറ്റുമോ, അതിനെല്ലാം അവർ രണ്ടുപേരും വളരെയധികം ശ്രമിച്ചിട്ടുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇതെല്ലാം എന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. കെ.ആർ. ഗോകുൽ, ലെന, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ്, ഇർഷാദ് തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.
 

വലതുവശത്തെ കള്ളൻ എന്ന പ്രയോഗത്തിന് ബൈബിളുമായി ബന്ധമുണ്ടല്ലോ?

കുട്ടിക്കാലം മുതലേ കേൾക്കുന്ന ബൈബിൾ കഥയാണിത്. അതുകൊണ്ട് അതിന്റെ ഒരു മനോഹാരിത തിരക്കഥയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ഇതിനെ അതിനെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല. വലതുവശത്തെ കള്ളൻ എന്ന് പേരിട്ടുതന്നെയാണ് നിർമാതാവിന്റെയും സംവിധായകന്റെയും അടുത്ത് തിരക്കഥ പറയാൻ പോയത്. അവർക്കും സ്വീകാര്യമായ പേരായിരുന്നു ഇത്. മാത്രമല്ല, ആ സമയത്ത് ഇറങ്ങിയ ചിത്രങ്ങൾക്ക് ഇംഗ്ലീഷ് പേരുകളായിരുന്നു ഉണ്ടായിരുന്നത്. അതിൽനിന്നൊരു മാറ്റവും കൊണ്ടുവരാൻ സാധിച്ചു.

തിരക്കഥയാണോ സംവിധാനമാണോ താത്പര്യം?

എഴുത്താണ് എനിക്ക് കൂടുതൽ ഇഷ്ടം. സംവിധായകൻ ആയിത്തന്നെ ഇരിക്കണം എന്നാഗ്രഹമുള്ള ഒരു വ്യക്തി അല്ല. പക്ഷേ സംവിധായകൻ ആകില്ല എന്നല്ല. നല്ല സിനിമകളുടെ ഭാഗമാവുക എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. എഴുത്ത് ഞാൻ വളരെയധികം ആസ്വദിക്കാറുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചാൽ തന്നെ ഒരു ഭാഗ്യമായിട്ട് കരുതും. ഞാൻ എഴുതിയ സിനിമകൾ മാത്രമേ ഞാൻ ഡയറക്ട് ചെയ്യൂ. അങ്ങനെ ഒരവസരം വന്നാൽ ആ ഉത്തരവാദിത്വം ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കും. അങ്ങനെയുള്ള ചിവല ചർച്ചകൾ നടക്കുന്നുണ്ട്.