
മലയാളത്തിൽ അവസരങ്ങൾ കുറവെങ്കിലും അന്യഭാഷയിൽ തുടരെ കൈയടി നേടുകയാണ് നടി സ്വാസിക. ‘ലബ്ബർ പന്തി’ലും ‘നൂറുസാമി’യിലും നായികയായപ്പോൾ, 'ഇരുമുടി'യിൽ രവി തേജയുടെ വില്ലത്തിയായി. ഇപ്പോഴിതാ തെലുങ്കിൽനിന്നെത്തി വീണ്ടും പ്രേക്ഷകരുടെ മനംകവരുകയാണ് സ്വാസിക. ദുൽഖർ നായകനായി പവൻ സാദിനേനി ഒരുക്കിയ 'ആകാശംലോ ഒക താര' എന്ന ചിത്രത്തിൽ, നായകന്റെ ചേച്ചിയായ സരസ്വതി എന്ന വേഷത്തിലാണ് സ്വാസിക. മലയാളത്തിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച്, അന്യഭാഷകളിലെ മികച്ച വേഷങ്ങളെക്കുറിച്ച്, ദുൽഖറിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് നടി മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
സ്വാസികയുടെ ഒടുവിലിറങ്ങിയ മികച്ച മൂന്ന് ചിത്രങ്ങളെടുത്താൽ അതിൽ 'ഇരുമുടി', 'നൂറുസാമി', 'എ.ഒ.ടി' എന്നിവയുണ്ടാകും. 'ഇരുമുടി'യിൽ വില്ലൻ വേഷവും 'നൂറുസാമി'യിൽ നായികാപ്രാധാന്യമുള്ള കഥാപാത്രവുമാണ്. എന്നാൽ, 'എ.ഒ.ടി'യിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച നായകന്റെ ചേച്ചിയുടെ വേഷമാണ്. എങ്ങനെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്?
ഒരു കഥ കേൾക്കുമ്പോൾ എനിക്ക് കൗതുകം തോന്നുന്ന വിഷയങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. വില്ലത്തിയാണോ, പോസിറ്റീവ് കഥാപാത്രമാണോ, മുഴുനീള വേഷമാണോ എന്നിങ്ങനെ ഇമേജ് നോക്കാറില്ല. എനിക്ക് ആ കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. കിട്ടുന്ന കഥാപാത്രത്തിന് നമ്മുടേതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഒരൊറ്റ സീനെങ്കിലുമുണ്ടെങ്കിൽ ആ സിനിമ തിരഞ്ഞെടുക്കും.
സംവിധായകൻ പവൻ സാർ ‘എ.ഒ.ടി’യുടെ കഥ പറഞ്ഞപ്പോൾ തന്നെ ചേച്ചിയും അനിയനും തമ്മിലുള്ള ആത്മബന്ധം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് സ്വന്തമായി ഒരു അനിയനുള്ളതുകൊണ്ട് ആ വികാരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു. അതുകൊണ്ടാണ് ഈ സിനിമയുടെ ഭാഗമാകണമെന്ന് തീരുമാനിച്ചത്. ഇപ്പോൾ പ്രേക്ഷകർക്കൊപ്പം ഇരുന്ന് സിനിമ കാണുമ്പോൾ അവർക്കും ആ വികാരങ്ങൾ അനുഭവിക്കാൻ സാധിച്ചുവെന്ന് അറിയുന്നതിലും നിങ്ങളുടെയൊക്കെ നല്ല അഭിപ്രായങ്ങൾ കേൾക്കുന്നതിലും വലിയ സന്തോഷമുണ്ട്. നമ്മൾ എടുത്ത തീരുമാനം തെറ്റിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ദുൽഖറിന്റെ തെലുങ്ക് ചിത്രം. എങ്ങനെയാണ് 'എ.ഒ.ടി'യിൽ അവസരം ലഭിക്കുന്നത്?
'ലബ്ബർ പന്ത്' എന്ന സിനിമ കണ്ടിട്ടാണ് 'എ.ഒ.ടി'യുടെ നിർമാതാക്കൾ എന്നെ വിളിക്കുന്നത്. ലുക്ക് ടെസ്റ്റ് നടത്തി. സാരിയൊക്കെ ഉടുത്ത് വേഷമിട്ടു വന്നപ്പോൾ ദുൽഖറിന്റെ ചേച്ചിയാകാൻ ഞാൻ അനുയോജ്യയാണെന്ന് അവർക്ക് തോന്നി. അങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 'ലബ്ബർ പന്ത്' എന്ന സിനിമ കാരണമാണ് അവസരം ലഭിച്ചത്. ആ സിനിമ കഴിഞ്ഞ ഉടനെ ഞാൻ കരാറൊപ്പിട്ട രണ്ട് ചിത്രങ്ങൾ 'മാമനും' മറ്റൊന്ന് 'എ.ഒ.ടി'യും ആയിരുന്നു.
ഈ കഥ ഏതൊരു അഭിനേതാവിനോടോ സാങ്കേതിക പ്രവർത്തകരോടോ പറഞ്ഞാലും അവരുടെ മനസ്സിൽ തട്ടും. അത്രയ്ക്ക് ശക്തമായ തിരക്കഥയാണ്. ഡേറ്റിന്റെയോ പ്രതിഫലത്തിന്റെയോ പ്രശ്‌നങ്ങളില്ലെങ്കിൽ ആരും ഈ സിനിമ വേണ്ടെന്നുവയ്ക്കില്ല. ഇതിന് ഭാഷ ഒരു തടസ്സമല്ല. സ്വപ്‌നം കാണുക, അതിനെ പിന്തുണയ്ക്കുക എന്നത് ഏത് ഭാഷയിലും വിജയിക്കുന്ന സാർവത്രികമായ വികാരമാണ്.
സിനിമയിൽ സ്വാസികയുടെ ഇൻട്രോ സീൻ കാണുമ്പോൾ തന്നെ നെഗറ്റീവ് റോൾ ആണെന്ന് തോന്നും. 'ഇരുമുടി'യിലെ പോലൊരു വില്ലത്തിയാവുമോ എന്ന് ആകാംക്ഷ തോന്നി. പക്ഷേ, പിന്നീട് ആ കഥാപാത്രത്തിന് മാറ്റമുണ്ടാകുന്നുണ്ട്. എങ്ങനെയാണ് സരസ്വതി എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടത്?
കഥ കേട്ടപ്പോൾ തന്നെ, നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇപ്പോഴും കാണുന്ന തരത്തിലുള്ള സ്ത്രീയാണ് സരസ്വതി എന്ന എന്റെ കഥാപാത്രമെന്ന് മനസിലായി. അനിയൻ വിവാഹം കഴിഞ്ഞ് ഭാര്യയും കുട്ടികളുമായി കൃഷിയും വീടുമായി ജീവിച്ചാൽ മതി എന്നതാണ് അവരുടെ കാഴ്ചപ്പാട്. എന്റെ നാട്ടിലും ഞാൻ അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരെ വില്ലത്തിയെന്ന് വിളിക്കാനാകില്ല. പുറംലോകം അധികം കാണാത്ത, ഗ്രാമത്തിൽമാത്രം ജീവിക്കുന്ന ഒരാൾക്ക് ഉണ്ടാകാവുന്ന ചെറിയൊരു കുശുമ്പും അനിയനോടുള്ള അമിതമായ സ്‌നേഹവും പരിഭവവുമാണ് അവർക്കുള്ളത്. അത് തിരിച്ചറിയാൻ സഹായിക്കുന്ന പല സാഹചര്യങ്ങളും സിനിമയിലുണ്ട്.
എന്നാൽ, ഒരുഘട്ടത്തിൽ അനിയൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോഴാണ് 'ഓ, ഇങ്ങനെയും ചിന്തിക്കാമല്ലേ' എന്ന് അവർക്ക് മനസിലാവുന്നത്. മനുഷ്യർ പൊതുവേ അങ്ങനെയാണല്ലോ. മറ്റുള്ളവർ പറഞ്ഞു തരുമ്പോഴോ മറ്റുള്ളവരുടെ ജീവിതം കാണുമ്പോഴോ നമ്മളിലും മാറ്റങ്ങൾ വരാറുണ്ട്. എന്റെ ജീവിതത്തിലും അങ്ങനെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഈ കഥാപാത്രവുമായി എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞു.
കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും വേണ്ടിവന്നില്ലേ?
വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടിവന്നില്ല. ദുൽഖറിന്റെ ചേച്ചിയാണെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുക എന്നതായിരുന്നു പ്രധാനം. കഥ കേട്ട് ഓക്കേ പറഞ്ഞെങ്കിലും, ദുൽഖറിനെപ്പോലെയൊരു വലിയ താരത്തിനൊപ്പം എങ്ങനെ അഭിനയിക്കും എന്നൊരു പേടി എനിക്കുണ്ടായിരുന്നു. സെറ്റിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ആദ്യത്തെ സീൻ തന്നെ ഞാൻ ദുൽഖറിന്റെ കഥാപാത്രത്തോട് ദേഷ്യപ്പെടുന്നതായിരുന്നു.
ചേച്ചിയും അനിയനും തമ്മിലുള്ള അടുപ്പം കാണിക്കുമ്പോൾ തൊട്ടും പിടിച്ചുമൊക്കെ അഭിനയിക്കേണ്ടി വരുമല്ലോ, ക്യാമറയിൽ അപ്പോൾ അകലം വരാൻ പാടില്ലല്ലോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, ആദ്യ ദിവസം തന്നെ ദുൽഖർ വന്ന് സംസാരിച്ച് എല്ലാം എളുപ്പമാക്കി. ലൊക്കേഷനിൽ വന്നപ്പോൾ തന്നെ 'തനിക്ക് എത്ര പ്രായമായി?' എന്ന് ചോദിച്ചു. ഞാൻ പ്രായം പറഞ്ഞപ്പോൾ 'സാരമില്ല, വിഷമിക്കണ്ട' എന്ന് തമാശയായി പറഞ്ഞു. എനിക്ക് വിഷമമൊന്നുമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാനും പറഞ്ഞു. അങ്ങനെ സംസാരിച്ച് അദ്ദേഹം നമ്മളെ കംഫർട്ടബിൾ ആക്കിയതുകൊണ്ട് നല്ലൊരു സൗഹൃദം ഉണ്ടായി. അഭിനേതാക്കളോട് മാത്രമല്ല, സാങ്കേതിക പ്രവർത്തകരോടും മുഴുവൻ അണിയറപ്രവർത്തകരോടും വളരെ വിനയത്തോടെയാണ് ദുൽഖർ പെരുമാറിയത്. ഒരു വലിയ താരമാണെന്ന ഭാവമേ ഉണ്ടായിരുന്നില്ല. ഷോട്ട് കഴിഞ്ഞാൽ അവിടെത്തന്നെ ഇരിക്കുകയും ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയുമൊക്കെയായിരുന്നു.
സ്വാസിക വളരെ അനായാസമായിട്ടാണ് ഈ വേഷം ചെയ്തിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലും അത്ര എളുപ്പമായിരുന്നോ?
പ്രത്യേകിച്ച് ഹോംവർക്കൊന്നും ചെയ്തില്ല. ആ വികാരങ്ങൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ട് ദുൽഖർ സാറുമായുള്ള വൈകാരികരംഗങ്ങളിൽ ഗ്ലിസറിൻ പോലും അധികം ഉപയോഗിക്കേണ്ടി വന്നില്ല. നമ്മളെല്ലാവരും പലപ്പോഴും സ്വപ്‌നങ്ങൾ കണ്ട് നിരസിക്കപ്പെട്ടവരാണല്ലോ. 'ഇത് നിങ്ങളുടെ കൂടി സ്വപ്‌നമാണ്' എന്ന് ആരെങ്കിലും പറയുമ്പോൾ നമ്മുടെ ഉള്ളിൽ നിന്ന് സ്വാഭാവികമായി സങ്കടം വരും. അതുതന്നെയാണ് ആ രംഗത്തിലുമുണ്ടായത്.
മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ അഭിനയിച്ചു. പക്ഷേ, ദുൽഖറിനൊപ്പം അഭിനയിക്കുന്നത് തെലുങ്കിലാണ്. ആ അനുഭവം എങ്ങനെയായിരുന്നു?
തെലുങ്ക് സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാമോജി ഫിലിം സിറ്റിയിൽ 'ലക്കി ഭാസ്‌കർ' സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി ഞാൻ അവിടെയുണ്ടായിരുന്നു. അന്ന് ദൂരെനിന്ന് അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ മാനേജർ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ വിശേഷങ്ങൾ ചോദിച്ചു. ദുൽഖറിന്റെ അടുത്ത സിനിമ ഏതാണെന്ന് ചോദിച്ചപ്പോൾ 'ആകാശംലോ ഒക താര' എന്ന പേര് പറയുകയും, ഒരു പോസ്റ്റർ കാണിച്ചു തരികയും ചെയ്തു. ആ പേരും പോസ്റ്ററും കണ്ടപ്പോൾ 'ഇങ്ങനെയൊരു നല്ല സിനിമയിൽ അവസരം കിട്ടിയിരുന്നെങ്കിൽ...' എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചു. ഏകദേശം മൂന്നാല് മാസം കഴിഞ്ഞപ്പോഴാണ് എനിക്ക് ഈ സിനിമയിലേക്കുള്ള വിളി വരുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിക്കുമെന്നോ ഇത്രയും നല്ലൊരു കഥാപാത്രം ലഭിക്കുമെന്നോ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വലിയ സന്തോഷം തോന്നി.
സ്വാസിക തുടങ്ങിയത് തമിഴ് ചിത്രത്തിലാണ്. പക്ഷേ, അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അവിടുത്തെ സംസ്‌കാരം നമുക്ക് അപരിചിതമായിരിക്കുമല്ലോ. 'എ.ഒ.ടി'യുടെ പശ്ചാത്തലത്തിലേക്ക് എങ്ങനെയാണ് ഇഴുകിച്ചേർന്നത്?
പ്രധാനമായും സംവിധായകൻ നൽകുന്ന നിർദ്ദേശങ്ങളാണ് സഹായിക്കുന്നത്. പശുവിന് വെള്ളം കൊടുക്കുന്ന രീതി, സാരി ഉടുക്കുന്ന രീതി, നടക്കുന്ന രീതി എന്നിവയെല്ലാം അവർ പറഞ്ഞുതരും. 'നൂറുസാമി' ചെയ്തപ്പോൾ അവിടുത്തെ ആളുകളുമായി ഇടപഴകി. വർക്ക്‌ഷോപ്പുകളും ഉണ്ടായിരുന്നു.
സാരി ഉടുക്കുന്നത് എനിക്ക് വളരെ എളുപ്പമാണ്. സാരി ഉടുത്ത് വേണമെങ്കിൽ മരം കയറാനും മതിൽ ചാടാനും എനിക്ക് പറ്റും. അതുകൊണ്ട് വസ്ത്രധാരണം എനിക്ക് ഒരു തടസ്സമേ ആയിരുന്നില്ല. അവിടുത്തെ സംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംവിധായകൻ പറയുന്നത് പോലെ പിന്തുടരുക മാത്രമാണ് ചെയ്തത്.
മറ്റ് ഭാഷകൾ ഇപ്പോൾ മലയാളം പോലെ എളുപ്പമായോ?
തമിഴ് പോലെ തെലുങ്ക് അത്രയ്ക്ക് വഴങ്ങിയിട്ടില്ല. തമിഴ് ഇപ്പോൾ അത്യാവശ്യം സംസാരിക്കാൻ പറ്റും. തെലുങ്ക് ഡയലോഗുകൾ കാണാതെ പഠിച്ചിട്ട് ഒരൊറ്റ വാക്ക് മറന്നുപോയാൽ ഞാൻ ആകെ പെട്ടുപോവും. പകരം ഏത് വാക്ക് ഉപയോഗിക്കണമെന്ന് അറിയില്ല. എങ്കിലും ഇപ്പോൾ മറ്റുള്ളവർ സംസാരിക്കുന്നത് കേട്ടാൽ ഏകദേശം മനസിലാകും.
കരയുന്നതോ ദേഷ്യപ്പെടുന്നതോ ആയ വൈകാരികരംഗങ്ങളിൽ നമ്മുടെ സ്വന്തം ഭാഷയിലുള്ളതു പോലൊരു സ്വാതന്ത്ര്യം കിട്ടില്ല. സ്വന്തം ഭാഷയാണെങ്കിൽ നമുക്ക് കൈയിൽനിന്ന് വാക്കുകൾ കൂട്ടിച്ചേർക്കാൻ പറ്റും. അന്യഭാഷയാകുമ്പോൾ അതിന് കഴിയില്ല, അതുകൊണ്ട് നല്ല തയ്യാറെടുപ്പ് വേണം. എനിക്ക് കരയുമ്പോഴും ദേഷ്യപ്പെടുമ്പോഴും ഭാഷ മാറി മലയാളം കടന്നുവരാറുണ്ട്. പിന്നെ അവർ പരിശീലിപ്പിച്ചാണ് അത് ശരിയാക്കിയെടുത്തത്.
ജെൻ-സി ഭാഷയിൽ പറഞ്ഞാൽ, ജീവിതത്തിൽ പങ്കാളിയായി ഒരു 'ഗ്രീൻ ഫോറസ്റ്റ്' തന്നെ വേണമെന്നാണ് 'എ.ഒ.ടി.' പറയുന്നത്. വ്യക്തിജീവിതത്തിൽ അങ്ങനെയൊരു അനുഭവമുണ്ടോ?
വ്യക്തിജീവിതത്തിൽ എനിക്ക് കിട്ടിയിരിക്കുന്നത് ഒരു 'ഗ്രീൻ ഫോറസ്റ്റ്' തന്നെയാണ്. വിവാഹത്തിന് മുൻപ് അത് എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലല്ലോ. പക്ഷേ, എനിക്ക് വിവാഹശേഷമാണ് കൂടുതൽ സിനിമകൾ ചെയ്യാൻ സാധിച്ചത്. മലയാളത്തിൽ സിനിമകൾ കുറവായിരുന്ന സമയത്ത് ഒരു ഡാൻസ് ക്ലാസ് തുടങ്ങാമെന്നും വിവാഹം കഴിക്കാമെന്നും തീരുമാനിക്കുകയായിരുന്നു.
എന്നാൽ, വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. കൂടുതൽ സിനിമകൾ, നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. അതിനെ പിന്തുണയ്ക്കാൻ ഒരാൾ ഉള്ളതുകൊണ്ടാണ് എനിക്കിത് സാധിക്കുന്നത്.
പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീയുണ്ടെന്ന് പറയുന്നതുപോലെ, സ്ത്രീയുടെ പിന്നിലും പിന്തുണയ്ക്കാൻ ഒരാളുണ്ടാകണം. ഇനി ആരുമില്ലെങ്കിലും നമ്മുടെ സ്വപ്‌നം ശക്തമാണെങ്കിൽ നമുക്ക് അത് നേടിയെടുക്കാൻ സാധിക്കും.
തെലുങ്ക്, തമിഴ് സിനിമകളിലും ഇപ്പോൾ മലയാളത്തിന് സമാനമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടല്ലോ. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെ എങ്ങനെ കാണുന്നു?
വലിയ മാറ്റങ്ങളാണ് മറ്റ് ഇൻഡസ്ട്രികളിൽ നടക്കുന്നത്. ഇപ്പോൾ തമിഴിൽ മലയാളത്തിലേതുപോലെ ജോലി സമയത്തിൽപ്പോലും മാറ്റങ്ങൾക്ക് ആളുകൾ തയ്യാറാണ്. 'ഇരുമുടി'യിലൊക്കെ പുലർച്ചെ രണ്ട് മണിവരെ ഷൂട്ട് ചെയ്തിട്ട് രാവിലെ എട്ടരയ്ക്ക് വീണ്ടും സെറ്റിൽ എത്തുമായിരുന്നു.
മലയാള സിനിമയെ മാതൃകയാക്കി മറ്റ് ഇൻഡസ്ട്രികളിലും മാറ്റങ്ങൾ നടക്കുന്നുണ്ട്. എങ്ങനെയാണ് ഇത്ര ചുരുങ്ങിയ സമയത്തിൽ, ചെറിയ ബജറ്റിൽ നല്ല സിനിമകൾ ജനിക്കുന്നത് എന്ന് അവർ ചിന്തിക്കാൻ തുടങ്ങി.
അഭിനയത്തിന്റെ കാര്യത്തിലും ഈ മാറ്റമുണ്ട്. 'ലബ്ബർ പന്ത്' ചെയ്യുമ്പോൾ ഞാൻ അല്പം ഓവറായി അഭിനയിച്ചപ്പോൾ 'വേണ്ട, മലയാളത്തിൽ ചെയ്യുന്നതുപോലെ ലളിതമായി ചെയ്താൽ മതി' എന്നാണ് സംവിധായകൻ പറഞ്ഞത്.
മലയാള സിനിമയെ ആളുകൾ നോക്കിക്കാണുന്ന രീതി മാറിയിട്ടുണ്ട്. കോവിഡിനുശേഷം എല്ലാവരും മലയാള സിനിമകൾ കാണാൻ തുടങ്ങി.
അന്യഭാഷകളിൽ ഇത്രയധികം സജീവമാകുമ്പോഴും മലയാളത്തിൽ സ്വാസികയെ അധികം കാണുന്നില്ലല്ലോ?
മലയാളത്തിൽ അവസരങ്ങൾ ലഭിക്കുന്നില്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ മുൻപ് പ്രവർത്തിച്ച സംവിധായകർക്കും നിർമാതാക്കൾക്കും നായകന്മാർക്കുമെല്ലാം 'എന്തെങ്കിലും വേഷമുണ്ടെങ്കിൽ പറയണേ' എന്ന് ഇപ്പോഴും മെസേജ് അയക്കാറുണ്ട്. പക്ഷേ, മലയാളത്തിൽ ആരും അത് ശ്രദ്ധിക്കാറില്ല. വിളിക്കാതിരിക്കാൻ അവരുടേതായ കാരണങ്ങളുണ്ടാവും.
ഇവിടെ ചെയ്ത സിനിമകളുടെ അനുഭവംകൊണ്ടാണ് അവിടെ എളുപ്പമാവുന്നത്. മറ്റ് ഭാഷകളിൽ ചെയ്യുന്ന വേഷങ്ങൾക്ക് ഇപ്പോൾ ശരിയായ പ്രായമാണെന്ന് തോന്നുന്നു. മുപ്പതുകളിൽനിൽക്കുമ്പോൾ കുറച്ചുകാര്യങ്ങൾ പരീക്ഷിക്കാൻ എനിക്ക് പറ്റുന്നു.
'വാസന്തി'യിലൂടെ സംസ്ഥാന അവാർഡ് ലഭിച്ചു. 'എ.ഒ.ടി'യുടെ പ്രീ-റിലീസ് ഇവന്റിൽ വലിയൊരു ആഗ്രഹം ചോദിച്ചപ്പോൾ 'ദേശീയ അവാർഡ് വേണം' എന്നാണ് സ്വാസിക പറഞ്ഞത്. 'നൂറുസാമി'യിലെ അഭിനയത്തിന് ദേശീയ അവാർഡുവരെ ലഭിച്ചേക്കാമെന്ന് വിജയ് ആന്റണിയും പറഞ്ഞിരുന്നു. ആ സ്വപ്‌നത്തെക്കുറിച്ച്?
സിനിമാമോഹം തുടങ്ങിയ കാലം മുതലേ എനിക്കുള്ള സ്വപ്‌നമാണ് ദേശീയ അവാർഡ്. ആ സ്വപ്‌നത്തിലേക്കുള്ള യാത്രയിൽ ഇത്തരം സിനിമകൾ എനിക്ക് മുതൽക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നു. ദേശീയ അവാർഡ് ലഭിക്കാൻ പ്രത്യേക പ്രായമോ സിനിമയോ ഒന്നുമില്ലല്ലോ. ഇനി വരുന്ന സിനിമകളിലൂടെ അത് യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു.
'എ.ഒ.ടി'യിലെ കഥാപാത്രത്തിനും സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയെ എങ്ങനെ കാണുന്നു?
കൊച്ചിയിൽ തിയേറ്റർ വിസിറ്റിന് പോയപ്പോൾ സാധാരണ സിനിമകൾക്ക് ലഭിക്കുന്നതുപോലുള്ള ഒറ്റവാക്കിലുള്ള മറുപടികളല്ല പ്രേക്ഷകരിൽനിന്ന് ലഭിച്ചത്. പ്രേക്ഷകർ അവരുടെ വികാരങ്ങൾ തുറന്നുപറയുകയാണ്. പലരും കണ്ണുനിറഞ്ഞുകൊണ്ടാണ് അഭിപ്രായം പറയുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളെയും പുതുതലമുറയെയും ഈ സിനിമ നിർബന്ധമായും കാണിക്കണമെന്ന് അവർ പറയുന്നു. വലിയ സിനിമയുടെ ഭാഗമായി എന്നതിലുപരി, വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന ഒരു മനോഹര സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് സന്തോഷം.
Content Highlights: In an interview, Swasika discussed playing Saraswathi, the protagonist's sister, in Pavan Sadineni's Aakasamlo Oka Tara starring Dulquer Salmaan. She noted that she landed Aakasamlo Oka Tara and Maaman after makers saw Lubber Pandhu, and shared her experience working with Dulquer Salmaan and adapting to Telugu. Swasika said she still messages Malayalam filmmakers asking for roles despite fewer opportunities at home, while calling her post-marriage life a "green forest" supported by her partner. She also spoke about her dream of winning a National Award and the emotional audience response during a Kochi theater visit for the film.
Published: 28 Nov 2026, 11:33 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented