മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം മലയാള സിനിമ ഒരുപാട് കണ്ടതാണ്. എന്നാൽ വന്യമൃഗങ്ങളുടെ കൂട്ടിലേയ്ക്ക് ഒരാൾ എടുത്തുചാടിയാലോ ? സിംഹക്കൂട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന രണ്ടുപേരുടെ രസകരമായ കഥയുമായി പ്രദർശനത്തിന് ഒരുങ്ങുകയാണ് ജയകൃഷ്ണൻ (ജയ്. കെ) സംവിധാനം ചെയ്ത 'ഗർർർ..'. കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

To advertise here,

പൃഥ്വിരാജ് നായകനായെത്തിയ ​'എസ്ര​'യെന്ന ഹൊറർ ചിത്രം മലയാളികൾക്ക് സമ്മാനിച്ച് സംവിധായകനാണ് ജയകൃഷ്ണൻ. പിന്നീട് അതേചിത്രം ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ബോളിവുഡിൽ ഒരുക്കി. ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിൻ്റെയും ഭാഗമായി. പരസ്യചിത്രങ്ങളിലൂടെ സിനിമയിലെത്തിയ ജയകൃഷ്ണൻ തൻ്റെ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു. 

ഒരുപാട് സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ​'ഗർർർ..'.

കോവിഡിന് മുൻപ് ചെയ്യാൻ ഉദ്ദേശിച്ച പ്രോജക്ടായിരുന്നു ​'ഗർർർ..'. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റും നടന്നിരുന്നു. വിദേശ രാജ്യത്തൊക്കെ ഷൂട്ട് ഉണ്ടായിരുന്നതിനാൽ കോവിഡ് വന്നതോടെ ചിത്രീകരണം വെെകി. പിന്നെയൊന്നും ചെയ്യാൻ സാധിക്കാതെയായി. ആ സമയം മുന്നൊരുക്കത്തിനായി ഉപയോ​ഗിക്കുകയായിരുന്നു. 

നടന്ന ഒരുപാട് സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. ലോകത്തും, പ്രത്യേകിച്ച് ഇന്ത്യയിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഒരുപാട് ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. വെള്ളമടിച്ചിട്ടും മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടും ഒക്കെ നിരവധിപ്പേർ മൃഗങ്ങളുടെ കൂട്ടിലേയ്ക്ക് ചാടിയിട്ടുണ്ട്. തിരുവനന്തപുരത്തും വിശാഖപ്പട്ടണത്തും ഡൽഹിയിലുമൊക്കെ ഈയടുത്ത് ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ നടന്നു. ആ സംഭവങ്ങളിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ സിനിമ ഒരുക്കിയത്. 

ഒരു കോമഡി എന്റർടെയിനറർ ആയിട്ട് തന്നെയാണ് ചിത്രം എഴുതിയതും ചിത്രീകരിച്ചതും പുറത്തിറങ്ങാൻ പോകുന്നതും. കഥാപാത്രത്തിന് അനുസരിച്ച് താരങ്ങളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു കാസ്റ്റിങ് പ്രോസസ്. ഭാ​ഗ്യവശാൽ കുഞ്ചാക്കോ ബോബനും സുരാജിനും കഥ കണക്ട് ആയി. അങ്ങനെയാണ് പ്രോജക്ട് ഓൺ ആയത്.

സങ്കീർണമായ പ്രോസസ്, സൗത്ത് ആഫ്രിക്കയിലെ ചിത്രീകരണം

വി.എഫ്.എക്സും അനിമാട്രോണിക്സും ഒക്കെയുള്ള സങ്കീർണ്ണമായ ചിത്രീകരണമായിരുന്നു സിനിമയുടേത്. എത്രത്തോളം മുന്നൊരുക്കമുണ്ടോ അത്രത്തോളം നല്ലതാണല്ലോ. കോവിഡ് സമയം ഒരു അനു​ഗ്രഹം പോലെ വിനിയോ​ഗിച്ചു. തിരുവനന്തപുരം, കണ്ണൂർ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 

സിംഹമുള്ള ഭാ​ഗം സൗത്ത് ആഫ്രിക്കയിലാണ് ചിത്രീകരിച്ചത്.  ഒരാഴ്ചകൊണ്ടാണ് അവിടുത്തെ ഭാ​ഗങ്ങൾ ചെയ്തത്. അനിമാട്രോണിക്സ്, റിയൽ, വി.എഫ്.എക്സ് എന്നിവയുടെ കൂടിച്ചേരലാണ് ചിത്രത്തിൽ കാണുന്നത്. ഒരു ഷോട്ടിൽ തന്നെ മൂന്നുംകൂടിയുള്ളതുമുണ്ട്. 

ചിത്രീകരണത്തിനിടയിലെ സുരാജിൻ്റെ 'ദേഹാസ്വാസ്ഥ്യം' 

ചിത്രീകരണത്തിനിടയ്ക്ക് ചെറിയ മാന്തലും പൊട്ടലും ഒക്കെ താരങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇതൊരു വന്യമൃ​ഗമല്ലേ. അതിന്റേതായ റിസ്ക് ഉണ്ടായിരുന്നു. കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ ഒക്കെ എടുത്തിരുന്നു. 

സിംഹവുമായുള്ള ഭാ​ഗങ്ങൾ ആദ്യം ഷൂട്ട് ചെയ്തത് സുരാജിന്റേതായിരുന്നു. രണ്ട് ഷോട്ട് കഴിഞ്ഞതും സുരാജിന് ദേഹാസ്വാസ്ഥ്യം പോലെ വന്നു. സുരാജ് നേരെ ഹോട്ടലിലേയ്ക്ക് പോയി. സുരാജ് തിരിച്ചെത്താൻ വെെകിയതുകൊണ്ട് ചാക്കോച്ചനെ വെച്ച് ചിത്രീകരണം പൂർത്തിയാക്കി. പിന്നീടാണ് കാര്യം അറിയുന്നത്. സുരാജിന് ദേഹാസ്വാസ്ഥ്യം ഒന്നുമല്ലായിരുന്നു, പേടിച്ചിട്ടാണ് പുള്ളി പോയത്. ഞങ്ങൾ എയർപോർട്ടിലേയ്ക്ക് തിരിച്ചുപോകാൻ സമയത്താണ് പുള്ളി പിന്നീട് ഹോട്ടലിന് പുറത്തിറങ്ങുന്നത്. 

placeholder
ചിത്രത്തിൻ്റെ പോസ്റ്റർ

ചാക്കോച്ചനും പേടിയുണ്ടായിരുന്നു. ചാക്കോച്ചനുമായുള്ള ഷൂട്ടിങ് സമയത്ത് സിംഹം വലിയ കുഴപ്പമില്ലായിരുന്നു. സുരാജുമായുള്ള ഭാ​ഗത്ത് കുറച്ച് വയലന്റ് രം​ഗങ്ങളുണ്ടായിരുന്നു. സുരാജിന്റെ സ്ഥാനത്ത് ചാക്കോച്ചനായാലും ഞാൻ ആയാലും വേറെ ആരാണെങ്കിലും പേടിക്കും. അതുകൊണ്ട് സുരാജിനെ കുറ്റപ്പെടുത്താനുമാവില്ല. ഒരിക്കൽ പേടി വന്നാൽ പിന്നെ ഒന്നും ചെയ്യാനാകില്ല. 

ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ റിസ്ക് എടുക്കാൻ തയാറാകണം. വേറെ മാർ​ഗമില്ലല്ലോ. യഥാർഥ സിംഹവുമായി ഷൂട്ട് ഉണ്ടാവുമെന്നൊക്കെ സുരാജിനോടും ചാക്കോച്ചനോടും പറഞ്ഞിരുന്നു. അവർ ഒരുപാട് സമയമെടുത്ത് ആലോചിച്ച ശേഷമാണ് തീരുമാനം അറിയിച്ചത്. ഈ സിനിമയുടെ റിസ്ക്കിനെക്കുറിച്ച് ഇരുവർക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. സുരാജ് പേടിച്ചുമാറിയ ആ ഒരു സംഭവം ഒഴിച്ചുനിർത്തിയാൽ രണ്ടാൾക്കും വേറെ മനംമാറ്റം ഒന്നും വന്നിട്ടില്ല.  

എപ്പോഴാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് സിംഹമാണ് തീരുമാനിക്കുന്നത്

ഒരുപാട് ടെെറ്റിലുകൾ ആലോചിച്ചിരുന്നു. 'സൂ സ്റ്റോറി' എന്നൊക്കെയുള്ള ടെെറ്റിലുകൾ ആലോചനയിലുണ്ടായിരുന്നു. പിന്നീടാണ് ശബ്ദത്തിലേയ്ക്ക് എത്തിയത്. ഒടുവിൽ '​ഗ്ർർർ..' എന്ന് മതിയെന്ന് തീരുമാനിച്ചു. 

മോജോ എന്നായിരുന്നു സിംഹത്തിൻ്റെ പേര്. മോജോയുടെ സൗകര്യം അനുസരിച്ചാണ് ഷൂട്ട് പ്ലാൻ ചെയ്തത്. സിംഹത്തിനെ വെച്ച് ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്നൊക്കെ നാലുമാസം മുൻപ് തന്നെ ട്രെയിനേഴ്സിന് അയച്ചുകൊടുത്തിരുന്നു. അവർ അതിന് അനുസരിച്ച് സിംഹത്തെ പരിശീലിപ്പിച്ചു. എപ്പോഴാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് സിംഹമാണ് തീരുമാനിച്ചത്. നമ്മൾ റെഡിയായി നിൽക്കും. സിംഹം കൂട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നമ്മൾ കൂട്ടിൽ കയറും. സിംഹത്തിൻ്റെ സൗകര്യം അനുസരിച്ചായിരുന്നു ഷൂട്ട് ചെയ്ത്. 

placeholder
ജയ് കെ | photo: instagram/jay k

സുരാജിനും ചാക്കോച്ചനും പുറമെ വലിയൊരു താരനിര ചിത്രത്തിലുണ്ട്. മഞ്ജു പിള്ള, ഷോബി തിലകൻ, രാജേഷ് മാധവൻ, അനഘ എന്നിവരൊക്കെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരൊക്കെ രസകരമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു കംപ്ലീറ്റ് ഫാമിലി എൻ്റർടെയിനറാണ് ചിത്രം. പ്രേക്ഷകർക്ക് സന്തോഷത്തോടെ ആസ്വദിച്ച് കാണാനാകുന്ന ചിത്രമായിരിക്കുമിത്. ഡോൺ വിൻസന്റ് ആണ് ചിത്രത്തിലെ രണ്ട് പാട്ടുകൾ ചെയ്തിരിക്കുന്നത്. ഒരു പാട്ട് കെെലാസ് മേനോൻ ചെയ്തിട്ടുണ്ട്. വേറെയൊരു പാട്ട് ചെയ്തിരിക്കുന്നത് ഒരു പുതിയ പയ്യനാണ്. 

മലയാളി ഫിലിം മേക്കർ എന്ന നിലയിലല്ല ബോളിവുഡ് എന്നെ സ്വീകരിച്ചത്, ഞാൻ അവരിൽ ഒരാൾ

പത്തിരുപത് വർഷമായി ഞാൻ മുംബെെയിലാണ്. ഒരുപാട് പരസ്യചിത്രങ്ങളിലൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ ‘എസ്ര’യുടെ റീമേക്കായ 'ഡിബുക്ക്' ചെയ്യുന്ന സമയത്ത് മലയാളി ഫിലിം മേക്കർ എന്ന നിലയിലല്ല അവരെന്നെ കണ്ടത്. അവരുടെ കൂടെയുള്ള ഒരാളായിരുന്നു ഞാൻ. എന്റെ വീടും ജോലിയും ഒക്കെ അവിടെയാണല്ലോ. ഞാൻ മുൻപ് വർക്ക് ചെയ്തിട്ടുള്ളവർക്കൊപ്പമാണ് ഈ ചിത്രവും ചെയ്തത്. 'എസ്ര' മലയാളത്തിൽ തന്നെ ചെയ്യാൻ ഉദ്ദേശിച്ച് ചിത്രമാണ്. 

placeholder
എസ്ര, ഡിബുക്ക് പോസ്റ്റർ

എനിക്ക് ഒരു ജോണറിനോടും പ്രത്യേക ഇഷ്ടക്കൂടുതലൊന്നുമില്ല. പ്രേക്ഷകരോട് പറയാൻ ഇൻ്ററസ്റ്റിങ് ആയിട്ടുള്ള കഥ വേണമെന്നേയുള്ളൂ. 

സിനിമയിൽ സംഭവിച്ച ഇടവേള മനപൂർവമായിരുന്നില്ല. കോവിഡിന് മുൻപെ നടക്കേണ്ട സിനിമയാണ് ​'ഗ്ർർർ..'. അന്നത് സംഭവിച്ചിരുന്നെങ്കിൽ അ‍ഞ്ചു വർഷത്തെ ഇടവേളയേ വരുമായിരുന്നുള്ളു. ഇതിനിടയ്ക്കാണ് ബോളിവുഡിൽ 'ഡിബുക്ക്' ചെയ്തത്. ഒരു ഹിന്ദി പടം ചെയ്യുമ്പോൾ ജീവിതത്തിൻ്റെ രണ്ടുവർഷം പോയിക്കിട്ടും. ഒന്നുരണ്ട് പ്രോജക്ടുകൾ പ്ലാനിലുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പങ്കുവെക്കാറായിട്ടില്ല.