
ലണ്ടനിൽനിന്നൊരു സിംഹം ഓൺലൈനിൽ ഓഡിഷനെത്തിയപ്പോൾ ജെയ് കെയും കൂട്ടരും ത്രില്ലിലായിരുന്നു. ലണ്ടനിലെ 'സൂപ്പർ സ്റ്റാറി'നു പിന്നാലെ ദക്ഷിണാഫ്രിക്കയിൽനിന്നും അതുകഴിഞ്ഞ് മൗറീഷ്യസിൽനിന്നും രണ്ട് സൂപ്പർ സ്റ്റാറുകൾ. എല്ലാവരെയും ഓൺലൈൻ ഓഡിഷൻ ചെയ്‌ത ശേഷം ഇവരിൽ ആരെയാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം അഭിനയിപ്പിക്കേണ്ടതെന്ന കാര്യത്തിൽ ജെയ് കെയ്ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മോജോ തന്നെ. ഹോളിവുഡിലും ബോളിവുഡിലും താരമായ മോജോയുടെ അഭിനയ പാടവത്തെക്കുറിച്ച് ഒരു സംശയവുമില്ലല്ലോ. ഒടുവിൽ അഭിനയിക്കാനായി മോജോ എന്ന സിംഹം സെറ്റിലെത്തിയതോടെ രസകരമായ കുറേ വിശേഷങ്ങളുടെ കൂട്ടിലായിരുന്നു ജെയ് കെയും സംഘവും.
കൊച്ചിയിലെ ഓഡിഷൻ
ജെയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഗർർർ എന്ന സിനിമയിൽ അഭിനയിക്കാൻ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും റെ ഡിയായപ്പോഴും അണിയറ പ്രവർത്തകരുടെ ആശങ്ക സിനിമയിലെ സൂപ്പർ സ്റ്റാറിനെക്കുറിച്ചായിരുന്നു. 'സിംഹത്തിൻ്റെ കൂട്ടിലേക്ക് ചാടുന്ന ഒരാളുടെ കഥ പറയുന്ന സിനിമയിൽ അഭിനയിക്കാൻ സിംഹത്തെ എവിടെ നിന്ന് കൊണ്ടു വരുമെന്നായിരുന്നു ആദ്യത്തെ ചിന്ത. ഇന്ത്യയിൽ സിംഹത്തെ വെച്ച് ഷൂട്ടിങ് നടത്താൻ നിയമം അനുവദിക്കുന്നില്ല. പിന്നെ ലണ്ടനും മൗറീഷ്യസും ദക്ഷിണാഫ്രിക്കയുമൊക്കെയായി ചിന്തയിൽ അഭിനയിക്കാനുള്ള സിംഹത്തെ വേണമെന്നു പറഞ്ഞപ്പോൾ ഷൂട്ടിങ്ങിൻ്റെ രീതികളും ആവശ്യങ്ങളുമൊക്കെ വ്യക്തമാക്കാൻ ഇവിടത്തെ ആളുകൾ പറഞ്ഞു. നമ്മുടെ ഷൂട്ടിങ് ആവശ്യങ്ങൾ വ്യക്തമാക്കിയപ്പോൾ സിംഹത്തിൻ്റെ ഉടമകൾ മറുപടി തന്നു. അതനുസരിച്ച് മൂന്ന് രാജ്യങ്ങളിലെ സിംഹങ്ങളെയാണ് കൊച്ചിയിൽ ഇരുന്ന് ഓഡിഷൻ ചെയ്തത്. ഒടുവിൽ ലൂക്ക് കോർണൽ എന്നയാളുടെ ഫാമിലെ സിംഹമായ മോജോയെ തിരഞ്ഞെടുത്തു. പിന്നീട് ഞങ്ങളുടെ ആവശ്യമനുസരിച്ച് ലൂക്ക് മോജോയെ അവിടെ പരിശീലിപ്പിക്കുകയായിരുന്നു"- ജെയ് കെ പറഞ്ഞു.

കൂട്ടിലിരുന്ന് ഷൂട്ടിങ്
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലായിരുന്നു മോജോയും ചാക്കോച്ചനും സുരാജുമൊക്കെ തകർത്തഭിനയിച്ചത്. “സിംഹത്തിനൊപ്പം അഭിനയിക്കുകയെന്നു കേൾക്കുമ്പോൾത്തന്നെ പലർക്കും പേടി തോന്നും. മോജോയെ കൂട്ടിൽ നിന്നിറക്കിക്കൊണ്ടുവരുമ്പോൾ ട്രെയിനറായ ലൂക്ക് കൂടെയുണ്ടെങ്കിൽ പോലും എല്ലാവർക്കും ഒരു പേടി തോന്നും. സിംഹം സട കുലുക്കി ഒന്നു ഗർജിക്കുമ്പോൾ അത് വല്ലാത്തൊരു ഫീലാണ്. കൂട്ടിൽ കയറ്റിയ ശേഷം മറ്റൊരു വലിയ കൂട്ടിൽ ക്യാമറയും സെറ്റ് ചെയ്ത് ഞങ്ങൾ പത്തുപന്ത്രണ്ട് പേരിരിക്കും. ഞങ്ങൾ സുരക്ഷിതമായി കൂട്ടിൽ ഇരിക്കുന്നുവെന്ന് ഉറപ്പാകുമ്പോൾ കൂട് തുറന്ന് മോജോയെ പുറത്തിറക്കും. സുരാജും മോജോയും അടുത്തടുത്തു വരുന്ന സീൻ ഒക്കെ ഭയങ്കര പേടിയും ആശങ്കയും നിറഞ്ഞ നിമിഷങ്ങളി ലാണ് ചിത്രീകരിച്ചത്. മോജോ തിരികെ കൂട്ടിൽ കയറിയാൽ മാത്രമേ ഞങ്ങൾക്ക് കൂട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ" - ജെയ് കെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെച്ചു.
പട്ടിണി കിടന്ന 'നടൻ'
മോജോയെ മലയാളത്തിൻ്റെ വെള്ളിത്തിരയിലെത്തിക്കാൻ ലൂക്ക് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ വിചിത്രവും രസകരവുമായിരുന്നു. "ലൂക്ക് കോർണൽ എന്ന മനുഷ്യനെ പരിചയപ്പെട്ടപ്പോഴാണ് അയാളുടെ വ്യത്യസ്തമായ ജീവിതത്തെക്കുറിച്ച് മനസ്സിലായത്. സിംഹത്തോട് കൂട്ടുകൂടിയ ആ മനുഷ്യന് മോജോയുമായി വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞാൽ അതി നടുത്ത ദിവസം വിശ്രമം എന്ന കരാറിലായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. എന്നാൽ, മോജോയെ വിശ്രമിപ്പിക്കാനല്ല, പട്ടിണിക്കിടാനായിരുന്നു അവധിയെടുത്തതെന്ന കാര്യം പിന്നീടാണ് മനസ്സിലായത്. പട്ടിണി കിടന്ന് ഭയങ്കര വിശപ്പിലെത്തുന്ന മോജോ, ലൂക്ക് പറയുന്നതനുസരിച്ച് ഓരോ ഷോട്ടിലും വേഗം കാര്യങ്ങൾ ചെയ്യും. ഓരോ ഷോട്ട് കഴിയുമ്പോഴും മോജോയ്ക്ക് കുറച്ച് ഇറച്ചിയിട്ടുകൊടുക്കും. അതു കഴിച്ച ശേഷം അടുത്ത ഷോട്ട് വേഗത്തിൽ ചെയ്ത് ഇറച്ചി കഴിക്കാൻ മോജോ വരും. " അതായിരുന്നു ലൂക്കിൻ്റെ തന്ത്രം" - ജെയ് കെ മോജോ നടനായ കഥ പറഞ്ഞു.

വേഗം കയറെടാ മോനേ!
കൂട്ടിലിരുന്നുള്ള ഷൂട്ടിങ്ങിനിടയിലെ രസകരമായ വിശേഷങ്ങളും ഏറെയുണ്ടായിരുന്നു. "ഷൂട്ടിങ് വൈകുന്നേരം അഞ്ചുമണിയോടെ കഴിയുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരുന്നത്. അഞ്ചുമണിക്ക് മോജോ കൂട്ടിൽ കയറുന്നതോടെ ഞങ്ങൾ കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് മോജോ കൂട്ടിൽ കയറാൻ തയ്യാറാകാതെ അവിടെയൊക്കെ കറങ്ങിനടക്കാൻ തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവൻ കൂട്ടിൽ കയറുന്നില്ല. രാത്രി ഒൻപത് മണിയായിട്ടും മോജോ കറക്കം തുടർന്നതോടെ 'വേഗം കയറെടാ മോനേ' എന്നൊക്കെയുള്ള ഡയലോഗും പറഞ്ഞ് ഞങ്ങൾ കൂട്ടിൽ അവശരായിരുന്നു. ഒടുവിൽ അവനുതന്നെ തോന്നി പത്തുമണിയോടെ കൂട്ടിൽ കയറിയപ്പോഴാണ് ജീവനുംകൊണ്ട് ഞങ്ങൾ പുറത്തിറങ്ങിയത് - കൂട്ടിൽപ്പെട്ട കഥ പറയുമ്പോൾ ജെയ് കെ ഒരു ദീർഘശ്വാസം വിട്ടു.
Content Highlights: director jay k about grrr movie shooting experience
Published: 15 Jun 2024, 06:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented