ഒറ്റപ്പാട്ട് കൊണ്ട് മലയാളികളുടെ ഹൃദയത്തിലിടം നേടിയ സംഗീതസംവിധായകരുടെ കൂട്ടത്തിൽ ഉറപ്പായും ഉൾപ്പെടുത്താവുന്ന പേരാണ് ശ്രീജിത്ത് എടവനയുടേത്. നെഞ്ചോട് ചേർത്ത് എന്ന പാട്ടിലെ നിവിന്റെയും നസ്രിയയുടെയും കുട്ടിത്തം കലർന്ന പ്രണയത്തിന് ആ ഗാനത്തിന്റെ പിന്നണി കൂടി ചേർന്നപ്പോൾ ഒരു സിനിമാപ്പാട്ടോളം വൻ ഹിറ്റായി. പിന്നീട് മധുരനാരങ്ങയിലേയും ശിക്കാരി ശംഭുവിലേയും ഗാനങ്ങളും സംഗീതപ്രണയികൾ ഏറ്റെടുത്തു. താരം പതിപ്പിച്ച കൂടാരമൊക്കെ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഗാനങ്ങളുടെ പട്ടികയിലേക്ക് ഇടം നേടി. തമിഴിലാണ് ശ്രീജിത്ത് എടവനയുടെ സിനിമായാത്ര ആരംഭിച്ചത്. പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കും പ്രവർത്തനമേഖല വ്യാപിച്ചു. മികച്ച ഗായകൻ കൂടിയായ ശ്രീജിത്ത് ഈണം നൽകിയ ആറ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഓസ്കറിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ഈ സംഗീതജ്ഞന്റെ പ്രതിഭ വെളിപ്പെടുത്തുന്നു. മാത്രമല്ല സംഗീതത്തിന് പ്രാധാന്യം നൽകിയ സിക്കാഡ എന്ന ചിത്രത്തിന്റെയും മ്യൂസിക് ആൽബങ്ങളുടേയും സംവിധായകക്കുപ്പായവും ശ്രീജിത്ത് അണിഞ്ഞു. മറ്റൊരു സിനിമയുടെ പണിപ്പുരയിലാണിപ്പോൾ. ജനാവർ എന്ന ക്രൈം സീരിസിന് നൽകിയ പശ്ചാത്തലസംഗീതത്തിന് മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം ഹിന്ദിയിൽ നിന്നുള്ള പ്രോജക്ടുകളും. കൂടുതൽ വിശേഷങ്ങൾ ശ്രീജിത്ത് പങ്കുവെക്കുന്നു.

To advertise here,

യുവ് (Yuvvh) ആണല്ലോ ശ്രീജിത്ത് എടവന എന്ന സംഗീതസംവിധായകനെ പരിചയപ്പെടുത്തിയത്. യുവ് ഒരു മ്യൂസിക് ആൽബം ആയിരുന്നല്ലോ. എങ്ങനെയാണ് അത് വർക്ക് ഔട്ട് ആയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അത് വർക്ക് ഔട്ട് ആയത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ആൽബത്തിലെ നെഞ്ചോട് ചേർത്ത് എന്ന പാട്ടാണ് ഏറ്റവും ഹിറ്റായത്. എനിക്ക് ഒരു ലേബൽ ഉണ്ടാക്കിത്തന്നതും ആ പാട്ടാണ്. ആ ആൽബത്തിൽ അതിനേക്കാൾ നല്ല കുറെ പാട്ടുകൾ ഉണ്ട്. ആ പാട്ടിലെ വിഷ്വൽ മാജിക് ആയിരിക്കാം, അല്ലെങ്കിൽ പെട്ടെന്ന് ആൾക്കാർക്ക് പാടാൻ പറ്റുന്ന ഒരു പാട്ട് ആയതുകൊണ്ടായിരിക്കാം അത് പെട്ടെന്ന് ഹിറ്റ് ആകാൻ കാരണം. ഞാൻ ഒരു സൗണ്ട് എൻജിനീയർ ആയതുകൊണ്ട് അതിന്റെ സൗണ്ടിങ്ങിൽ ചിലപ്പോൾ പുതുമ കൊണ്ടുവന്നിട്ടുണ്ടാകാം, ആ പാട്ടിൽ കേൾക്കുന്നവർക്ക് പുതുമ തോന്നിയിട്ടുണ്ടാകാം. അങ്ങനെ പല ഫാക്ടേഴ്സ് ഉണ്ടാകും. പിന്നെ നിവിനും നസ്രിയയും ആദ്യമായി വന്നതും ഒരു ഘടകമായിട്ടുണ്ടാകും. അൽഫോൺസിന്റെ ആദ്യത്തെ ഹിറ്റ് പ്രോജക്ട് . അങ്ങനെ ആൾക്കാർക്ക് ഇഷ്ടപ്പെടാനാകുന്ന കുറേ പുതുമകൾ ആ സമയത്ത് ആ പ്രോജക്ടിനുണ്ടായിരുന്നതാകും വലിയ സ്വീകാര്യത ലഭിച്ചതിനു കാരണം എന്നാണ് കരുതുന്നത്. സൗണ്ട് എൻജിനീയറായി പ്രവർത്തിക്കുന്ന സമയത്ത് ഇടയ്ക്ക് എന്തെങ്കിലും ട്യൂണൊക്കെ കമ്പോസ് ചെയ്തു വെക്കും. അവയിൽ നിന്ന് ഫിൽറ്റർ ചെയ്ത കുറച്ച് പാട്ടുകളാണ് യുവ്വിലേക്കെത്തിയത്.

ശ്രീജിത്തിന്റെ ലേറ്റസ്റ്റ് വർക്ക് ജനാവർ, അതിനെക്കുറിച്ച് ? അതിന് നല്ല രീതിയിലുള്ള പ്രതികരണവും ലഭിക്കുന്നുണ്ടല്ലോ.

എന്റെ കുറച്ച് പാട്ടുകൾ കേട്ടാണ് ജനാവറിന്റെ ഡയറക്ടർ എന്നെ വിളിച്ച് ഈ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുന്നത്. മുംബൈയിൽ നിന്നുള്ള ഡയറക്ടറാണ്, സചീന്ദ്ര- ആദ്യം വിളിച്ച് കഥ പറ‍ഞ്ഞു. സൗത്ത് ഇന്ത്യൻ ഫ്ലേവർഡ് ആയിട്ടുള്ള ഒരു മ്യൂസിക് ഡയറക്ടർ വേണം എന്നായിരുന്നു അവർക്ക്. അങ്ങനെയാണ് എന്നിലേക്ക് എത്തുന്നത്. ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണ് സ്കോറിങ് തുടങ്ങിയത്. പക്ഷെ സൗത്ത് ഇന്ത്യൻ ഫ്ലേവർ സീരീസിന് മാച്ച് ആകുന്നില്ല എന്നെനിക്ക് തോന്നിത്തുടങ്ങി. നാലഞ്ച് ദിവസം ഇതിനുവേണ്ടി നാഷ്ടപ്പെടുത്തി. പിന്നീട് ഷൂട്ടിങ് നടന്ന സ്ഥലങ്ങളിൽ, ട്രൈബ്സൊക്ക സീരിസിൽ വരുന്നുണ്ട്, അപ്പോൾ അവരുടെ നാട്, സംസ്കാരം എന്നിവയൊക്കെ പോയി നേരിട്ടുകണ്ട് മനസ്സിലാക്കി. അവിടുത്തെ സൗണ്ട്സ് ക്യാപ്ചർ ചെയ്തുവന്നതിനുശേഷം ആ ടോൺസ് ഒക്കെ വെച്ചാണ് റീ റെക്കോർഡിങ് സ്റ്റാർട്ട് ചെയ്തത്. സൗത്ത് ഇന്ത്യൻ ഫ്ലേവറും ചേർത്തിട്ടുണ്ട്. ഒരു ക്രൈം ത്രില്ലറിന് വേണ്ടതെല്ലാം അതിലേക്ക് കൊണ്ടുവന്നുവെന്നാണ് വിശ്വാസം. 15-20 ദിവസം മാത്രമെടുത്താണ് അത് തീർത്തത്, അത്ര സമയമേ ഉണ്ടായിരുന്നുള്ളൂ. ജനാവറിനെ കുറിച്ച് നല്ല അഭ്രിപായങ്ങൾ വരുന്നുണ്ട്. അതിനുശേഷം ഹിന്ദിയിൽ നിന്ന് മൂന്നാല് പ്രോജക്ട് വന്നിട്ടുണ്ട്.

കുട്ടിക്കാലത്ത് പാടുമായിരുന്നുവെങ്കിലും സംഗീതപഠനത്തിൽ താൽപര്യം കുറവായിരുന്നുവെന്ന് ഒരഭിമുഖത്തിൽ പങ്കുവെക്കുന്നതു കേട്ടിരുന്നു. എപ്പോഴാണ് സംഗീതമാണ് പ്രവർത്തനമേഖല എന്ന തിരിച്ചറിവ് വന്നത് ?

ആദ്യമൊക്കെ വലിയ മടിയായിരുന്നു. പതിയെയാണ് സംഗീതത്തിൽ താൽപര്യം വന്നുതുടങ്ങിയത്. ഒൻപതാം ക്ലാസിലൊക്കെ എത്തിയപ്പോൾ സിനിമാഗാനങ്ങൾ ഉൾപ്പെടെ കൂടുതലായി കേൾക്കാൻ തുടങ്ങി. ഡിഗ്രികാലം ആയപ്പോഴേക്കും പാട്ടുകളെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത് സംഗീതത്തിലേക്ക് വലിയ താൽപര്യം വന്നു. എ.ആർ. റഹ്മാന്റെ ഗാനങ്ങൾ കൂടുതലായി വന്നുതുടങ്ങിയ കാലമാണ്. ഇന്നേവരെ കേൾക്കാത്ത സൗണ്ടിങ് ഒരു എവല്യൂഷൻ സിനിമാഗാനങ്ങളിൽ ഉണ്ടായ സമയം. ജെന്റിൽമാനും കാതലനും ഒക്കെ വന്നു. മൊത്തത്തിൽ ഒരു സൗണ്ട് ട്രാൻസ്ഫോർമേഷൻ സംഭവിച്ച കാലം. ഉപയോഗിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ്സിലും സൗണ്ടിങ്ങിലുമൊക്കെ വലിയ മാറ്റം തോന്നി. ഈ പാട്ടൊക്കെ എങ്ങനെ ഉണ്ടാക്കുന്നുവെന്നുള്ള കൗതുകമുണ്ടായി. ആ സമയത്ത് ഇറങ്ങുന്ന എല്ലാ കാസറ്റുകളും വാങ്ങുമായിരുന്നു. അക്കാലത്തൊക്കെ പാട്ട് കേൾക്കാൻ നമുക്ക് ലിമിറ്റഡ് സോഴ്സസ് ആണല്ലോ ഉണ്ടായിരുന്നത്. പാട്ടുകൾ ആവർത്തിച്ച് കേൾക്കണമെങ്കിൽ കാസറ്റുകൾ വാങ്ങണമായിരുന്നു. കാസറ്റുകൾ കേട്ടുകേട്ട് സംഗീതത്തോടുള്ള താൽപര്യമേറി. ബിരുദപഠന കാലത്ത് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളുടെ ഒരു ബൂം ഉണ്ടായ സമയമായിരുന്നു. ചില പ്രോജക്ടുകളുടെ ടൈറ്റിൽ സോങ്സ് ചെയ്യാനുള്ള അവസരം കിട്ടിയതോടെ താൽപര്യമായി. പരിപാടി, സ്റ്റുഡിയോ, റെക്കോഡിങ്...ആഹാ കൊള്ളാലോ എന്ന ഒരു ഫീലിലേക്ക് വന്നു. ഡിഗ്രി കഴിഞ്ഞ സമയത്തുതന്നെ ജോലി കിട്ടി. പക്ഷെ അപ്പോഴേക്കും സംഗീതമാണ് എന്റെ മേഖല എന്നൊരു തീരുമാനം മനസ്സിലുറച്ചിരുന്നു. അതോടെ ജോലി വിട്ടു.

വീട്ടിൽ അമ്മ നന്നായി പാടുമെന്നല്ലാതെ ഒരു മ്യൂസിക്കൽ ഫാമിലി എന്നു പറയാനില്ല. പക്ഷെ അച്ഛനും അമ്മയ്ക്കും സംഗീതം വളരെ ഇഷ്ടമായതുകൊണ്ട് ചെറുപ്പത്തിൽത്തന്നെ എന്നെ പഠിപ്പിക്കാൻ ഒരു സാറിനെ ഏർപ്പാടാക്കിയിരുന്നു. ആഴ്ചയിൽ രണ്ടുദിവസം സാർ വരുമായിരുന്നു. പക്ഷെ ആ സമയത്ത് എനിക്ക് വലിയ മടിയായിരുന്നു. പിന്നീട് താൽപര്യമുണ്ടായതോടെ അധികവും സ്വയം പഠിച്ചെടുത്തതാണ്‌. എന്തുചെയ്യുമ്പോഴും ലിമിറ്റേഷൻസ് ഇല്ലാതെ ചെയ്യുന്നു എന്നതാണ് മാത്രമാണ് അതിന്റെ പോരായ്മയായി തോന്നിയിട്ടുള്ളത്. റഹ്മാൻ സാറിന്റെ പാട്ടുകൾ കൂടുതൽ കേട്ടിരുന്നതിനാൽ അതിൽ കൂടുതൽ ഇൻഫ്ളുവൻസ്ഡ് ആയിട്ടുണ്ടോയെന്ന് സംശയം തോന്നാറുണ്ട്. ടെക്നിക്കലായി കൂടിതൽ ശ്രദ്ധിച്ചിരുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളായിരുന്നു. എന്റെ രണ്ടു മൂന്ന് പാട്ടുകളിൽ റഹ്മാൻ ടച്ചുണ്ടെന്ന് പറഞ്ഞുകേട്ടു. അത് ചിലപ്പോൾ ഈ സ്വാധീനത്തിൽ ഉണ്ടായതാകണം.

സിനിമാരംഗത്ത് പതിനേഴ് കൊല്ലങ്ങൾ കടന്നിരിക്കുന്നു. ആ യാത്രയുടെ തുടക്കവും തുടർച്ചയും പങ്കുവെക്കാമോ?

2008 ലാണ് കരിയര്‍ ആരംഭിച്ചത്. സൗണ്ട് റെക്കോഡിസ്റ്റായിട്ടായിരുന്നു തുടക്കം. അതിനുശേഷം ഒട്ടേറെ സിനിമകള്‍ക്ക് വേണ്ടി ഫൈനല്‍ മിക്‌സും മാസ്റ്ററിങ്ങും ചെയ്തു. ഔസേപ്പച്ചന്‍ സാര്‍, എം. ജയചന്ദ്രന്‍ സാര്‍, രഘു ദീക്ഷിത് സാര്‍ തുടങ്ങിയ സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായി. സൗണ്ട് എന്‍ജിനീയറായി തമിഴിലും തെലുങ്കിലും ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. ആദ്യത്തെ സ്വതന്ത്ര സംഗീതസംവിധാനം യുവ്വിലൂടെയായിരുന്നു. യുവ്വിന്റെ ഡിസ്ട്രിബ്യൂഷന്‍ സോണിയായിരുന്നു ചെയ്തത്. സോണി വിതരണം ഏറ്റെടുക്കുന്ന ആദ്യ മലയാളം ആല്‍ബം എന്ന ലേബല്‍ കൂടി യുവ്വിന് കിട്ടിയിരുന്നു. യുവ്വിന് ശേഷം ചെയ്തത് രജിത് മേനോന്‍ (ഗോള്‍ മൂവി ഫെയിം) ചെയ്ത ലവ് പോളിസി എന്ന ആല്‍ബമായിരുന്നു. അതിനുശേഷമായിരുന്നു സിനിമയിലേക്കുള്ള എന്‍ട്രി. തമിഴ്, തെലുങ്ക് ഭാഷകളിലെ ഒരു ചിത്രമായിരുന്നു അത്- ശിവാനി. 2016 ലാണ് മധുരനാരങ്ങ ചെയ്യുന്നത്, എന്റെ ആദ്യത്തെ മലയാളം സിനിമ. അതിനുശേഷം മ്യാവൂ എന്ന തമിഴ് സിനിമ. പിന്നീട് കണ്ണൂഞ്ചല്‍ എന്ന ആല്‍ബം. അക്കാലത്ത് കണ്ണൂഞ്ചല്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വെഡ്ഡിങ് ആല്‍ബങ്ങളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും ഒരുപാട് പേരിലേക്കെത്തിയെന്നത് സന്തോഷം തരുന്നു. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സിനിമകള്‍ ചെയ്തു, ചെയ്തു കൊണ്ടിരിക്കുന്നു.

ശ്രീജിത്തിന്റെ ചില പാട്ടുകൾ കാലങ്ങൾക്ക് ശേഷം ആളുകൾ ഏറ്റെടുക്കുകയും ആവർത്തിച്ച് കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ?

അത് വലിയ അനുഗ്രഹമാണ്, ആക്ച്വലി വളരെ സന്തോഷവും മുന്നോട്ടുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യമാണത്. നീ ഒരു കാര്യം ചെയ്യ്, ഇപ്പോൾ ഇറക്കി കഴിഞ്ഞാൽ ഹിറ്റാകും, അല്ലാതെ 10 വർഷം കഴിഞ്ഞിട്ട് ഹിറ്റ് ആയിട്ട് കാര്യമില്ല എന്ന് ചിലരൊക്കെ എന്നോട് പറയാറുണ്ട്, എന്നോടുള്ള സ്നേഹവും അടുപ്പവും കൊണ്ട് പറയുന്നതാണ്. പക്ഷെ എനിക്ക് അങ്ങനെ ചെയ്യാൻ അറിയില്ല. പെട്ടെന്നൊരു ഹിറ്റ് എന്ന് വിചാരിച്ചല്ല ഞാൻ ചെയ്യുന്നത്. സാവധാനം, സമാധാനമായി ചെയ്യുന്നതാണ് എനിക്കിഷ്ടവും സംതൃപ്തി ലഭിക്കുന്നതും. ഇൻസ്റ്റന്റ് ആയി കൊടുക്കാനുള്ള പാട്ടുകളും ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് പടങ്ങളിലൊക്കെ അങ്ങനെയായിരുന്നു ചെയ്തത്. നമ്മൾ ചെയ്തു കഴിഞ്ഞ് മറന്നുപോയ പാട്ടിനെക്കുറിച്ചൊക്കെ കൊല്ലങ്ങൾ കഴിഞ്ഞ് ആരെങ്കിലുമൊക്കെ ഓർത്തെടുത്ത് ചോദിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്.

വിഭിന്ന ഭാഷകളിൽ ഒരേസമയം പ്രവർത്തിക്കേണ്ടി വരുന്നുണ്ട്. സംവിധാനത്തിലും ശ്രദ്ധിക്കുന്നു. സിനിമകൾക്കും സീരീസിനും ഇൻഡിപെൻഡന്റ് മ്യൂസിക്കിനുമായി സമയം കണ്ടെത്തുന്നു. എത്തരത്തിലാണ് മാനേജ് ചെയ്യാനാകുന്നത്?

തിരക്കാണോ എന്നു ചോദിച്ചാൽ അല്ല എന്നു പറയാനാണ് ഇഷ്ടം. അത്രയധികം താൽപര്യവും ഇഷ്ടവുമുള്ളവ ചെയ്യുന്നത് സന്തോഷമുള്ള സംഗതിയല്ലേ. നിലവിൽ ബോബി ഡിയോൾ ഉൾപ്പെടെയുള്ള താരങ്ങൾ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലാണ്. മൂന്നുനാല് തമിഴ്, മലയാളചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഡയറക്ട് ചെയ്യുന്ന പടത്തിന്റെ വർക്കും നടക്കുന്നുണ്ട്. ഒന്നിച്ച് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയം സ്വാഭാവികമാണ്. വളരെയധികം സപ്പോർട്ട് തരുന്ന ഒരു ടീം ഒപ്പമുണ്ട്. ഒരു ഓർഗനൈസേഷൻ പോലെയാണ് ഞങ്ങൾ കൊണ്ടുപോകുന്നത്. അതുകൊണ്ട് എനിക്ക് വർക്ക് പ്രഷർ ഇല്ല, പ്രൊഡക്ഷൻ കമ്പനി പാർട്ണറുണ്ട്, ഓരോ കാര്യങ്ങളും ഡീൽ ചെയ്യാൻ പ്രത്യേകം ആൾക്കാരുണ്ട്. അതുകൊണ്ട് മാനേജ്മെൻറ് പ്രഷറും ഇല്ല എന്നു പറയാം. ഇവരെല്ലാവരും കൂടിയാണ് കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്നത്. കമ്പോസ് ചെയ്യുന്നതും സ്ക്രിപ്റ്റ് എഴുതുന്നതും ഡയറക്ട് ചെയ്യുന്നതും എൻജോയ് ചെയ്യുന്ന നിമിഷങ്ങളാണ്.

കാമസൂത്ര 3 ഡിയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയത് 12 ഗാനങ്ങള്‍, ശ്രീജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ സിക്കാഡയ്ക്ക് വേണ്ടി 24 ഗാനങ്ങള്‍. ഇത്രയധികം പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് അല്‍പം പ്രയാസകരമല്ലേ?

ഇതുവരെ പഠിക്കാത്തതും ചെയ്യാത്തതുമായ യോണറുകളിലുള്ള പാട്ടുകളാണ് കാമസൂത്ര 3 ഡിയ്ക്ക് വേണ്ടി ചെയ്തത്. അതിന്റെ നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരമാണ് അത്രയും പാട്ടുകളിലേക്കെത്തിച്ചത്. ഒരു വര്‍ഷത്തോളമാണ് പാട്ടുകള്‍ ചിട്ടപ്പെടുത്താനായി ചെലവിട്ടത്. ഈ പന്ത്രണ്ട് ഗാനങ്ങള്‍ക്കായി 35 പാട്ടുകളാണ് ചെയ്തത്. മിക്കവാറും സിനിമകള്‍ക്ക് വേണ്ടി പല ഈണങ്ങളില്‍ പാട്ടുകള്‍ ചെയ്യുന്നത് സ്വാഭാവികമാണ്. സംവിധായകനും നിര്‍മ്മാതാവിനുമൊക്കെ ഇഷ്ടപ്പെടുന്നവയാണ് സിനിമയിലേക്ക് ഉപയോഗിക്കുന്നത്. ആ സിനിമയ്ക്ക് വെസ്‌റ്റേണ്‍ ക്ലാസിക്കല്‍ സോങ്‌സ് വേണമായിരുന്നു. അതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. പാട്ടുകള്‍ ചെയ്യാനായി റിസര്‍ച്ച് ചെയ്തു, പഠിച്ചു. പന്ത്രണ്ട് പാട്ടുകളില്‍ ആറെണ്ണം 2013 ലെ ഓസ്‌കര്‍ കണ്ടന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നുള്ളത് വളരെ സര്‍പ്രൈസിങ് ആയിരുന്നു, അതില്‍ ഏറെ സന്തോഷമുണ്ട്. സിനിമയുടെ ബാക്ഗ്രൗണ്ട് സ്‌കോറും ആ കാറ്റഗറിയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പല പല ഫോക്ക് യോണേഴ്‌സ് സിക്കാഡയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ പ്രൊഡ്യൂസറും ഞങ്ങളുടെ ടീമും നല്‍കിയ സപ്പോര്‍ട്ടാണ് ആ സിനിമയില്‍ അത്രയും പാട്ടുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതിന്റെ പ്രധാനകാരണം.

ശ്രീജിത്തിന്റെ ഹിന്ദി ഗാനങ്ങളെ കുറിച്ച്, ഹിന്ദിയിൽ ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ചില മലയാളം പാട്ടുകളിൽ പോലും ഹിന്ദി വരികൾ ചേർത്തിട്ടുണ്ട്?

ഉണ്ട്. കുറച്ചുകാലങ്ങൾക്ക് മുമ്പ്. ആ സമയത്തൊക്കെ അത് രസമായിരുന്നു. കോളേജ് കാലത്തൊക്കെ ബോളിവുഡിനോട് കൂടുതൽ താൽപര്യമുണ്ടാകുന്നത് സ്വാഭാവികമാണല്ലോ. 2016 ൽ ധുൻ എന്ന ആൽബം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയായിരുന്നു അതിന്റെ ഡിസ്ട്രിബ്യൂഷൻ ചെയ്തത്. ആറ് പാട്ടുകളുള്ള ആൽബം എനിക്ക് നല്ല അപ്രിസിയേഷൻ നേടിത്തന്നു. കുറേ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. നല്ലപാട്ടുകൾ ചെയ്താൽ ഏതു ഭാഷയിലായാലും ഹിറ്റാകും, എന്റെ അനുഭവമാണത്. ചെയ്യുന്ന സമയത്ത് ചില ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയാലും ഏതെങ്കിലും കാലത്ത് വലിയ സ്വീകാര്യത നേടുമെന്നുള്ളത് വാസ്തവമാണ്. എന്റെ അനുഭവവും അതാണ്. ഹിന്ദിയിൽ ഒരു പുതിയ പ്രോജക്ടിന്റെ കമ്പോസിങ് പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു. ബോബി ഡിയോൾ ഒക്കെ അഭിനയിക്കുന്ന ഒരു ബിഗ് ബജറ്റ് സിനിമയാണ്. അതിന്റെ കാര്യങ്ങൾ പുരോഗമിക്കുന്നു.

സൗഹൃദങ്ങളുടെ പേരിൽ കുറേ പ്രോജക്ടുകൾ ചെയ്തുവല്ലോ?

ഒട്ടുമിക്കവരുടേയും കാര്യത്തിൽ സൗഹൃദം ഒരു ഘടകം തന്നെയാണ്. മധുരനാരങ്ങയിലേക്ക് ഞാനെത്തിപ്പെടുന്നത് രജിത്തുമായുള്ള സുഹൃദ് ബന്ധത്തിലൂടെയാണ്. രജിത്താണ് സുഗീതിനെ പരിചയപ്പെടുത്തുന്നത്. പിന്നീട് സുഗീതിന്റെ മറ്റു ചില പടങ്ങളും ചെയ്തു. ഞാൻ ആദ്യം സംവിധാനം ചെയ്ത സിക്കാഡ എന്ന ചിത്രത്തിൽ രജിത്തിനെയാണ് ഞാൻ നായകവേഷം ഏൽപ്പിച്ചത്. എന്നിരുന്നാലും എന്നെത്തേടി വന്ന ഭൂരിഭാഗം വർക്കുകളും അങ്ങനെയല്ല. പ്രൊഫഷണലായി നേരിട്ട് സമീപിക്കുന്നവരാണ് കൂടുതലും.

മെയിൻ സ്ട്രീമിലില്ലാത്ത ഒട്ടേറെ ഗായകർക്ക് ശ്രീജിത്ത് അവസരം നൽകുന്നതായി കാണുന്നു. അതെങ്ങനെ വരുന്നു?

ഡിഗ്രി കഴിഞ്ഞ സമയത്ത് സൗണ്ട് എൻജിനീയറിങ് ചെയ്തത് ചെന്നൈയിലായിരുന്നു. അതുകഴിഞ്ഞ് അവസരം തേടി കൂറേ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ചെന്നൈയിലുള്ള സമയത്ത് റഹ്മാൻ സാറിന്റെ സ്റ്റുഡിയോ തൊട്ടടുത്തായിരുന്നു. റഹ്മാൻ സാറിന്റെ ഒരു മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും സ്റ്റുഡിയോയുടെ തൊട്ടടുത്തായിരുന്നു. ഇപ്പോൾ ആ ഇൻസ്റ്റിറ്റ്യൂട്ട് വേറെ സ്ഥലത്താണ്. അവിടെ ധാരാളം കുട്ടികൾ പഠിക്കാൻ വരും, ചെന്നൈയിൽ നിന്നുള്ളവർക്കൊപ്പം നോർത്തിൽ നിന്നൊക്കെയുള്ള കുട്ടികളുണ്ട്. ഭൂരിഭാഗം പേരും അമേസിങ് സിങ്ങേഴ്സ് ആണ്. ഇവരൊക്കെ എന്തെങ്കിലും വർക്കിനായി നമ്മുടെ സ്റ്റുഡിയോയിൽ വരും. ഇങ്ങനെ വരുന്നവരിൽ എനിക്ക് ഇഷ്ടപ്പെട്ട ഒത്തിരി വോക്കൽസ് ഉണ്ടായിരുന്നു. അത്തരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടവരിൽ ഒരാളാണ് ശാശ്വത് സിങ്. ആദ്യമായി ശാശ്വത് സിങ് ഒരു ഫിലിമിൽ പാടുന്നത് എനിക്കുവേണ്ടിയാണ്. പിന്നെ, നികിത ഗാന്ധി. ഇതുപോലെ കുറച്ചുപേരെ അവിടെനിന്ന് ചൂസ് ചെയ്യാൻ പറ്റിയിട്ടുണ്ട്.

നാട്ടിൽ എന്നോട് ചാൻസ് ചോദിച്ചുവരുന്ന ഒട്ടേറെ പേരുണ്ട്. പക്ഷെ എന്താണെന്നറിയില്ല, അവരിൽനിന്ന് എനിക്കിതുവരെ ആരേയും പിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ഒരാൾ ഏതെങ്കിലും പാട്ട് റെക്കോഡ് ചെയ്യുന്നത് കാണുമ്പോൾ, അല്ലെങ്കിൽ വെറുതെ ഒരാൾ ഇരുന്ന് പാടുന്ന കേൾക്കുമ്പോൾ ഒക്കെ ആയിരിക്കും ഈ വോയിസ് കൊള്ളാലോ എന്ന് തോന്നുന്നത്. ശ്രീജിത്ത് എടവന റെക്കോഡ്സ് എന്ന പേരിൽ ഞങ്ങൾ ഒരു റെക്കോഡ് ലേബൽ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. അതിലൂടെ ഇൻഡിപെൻഡന്റ് ട്രാക്ക്സ് ആണ് റിലീസ് ചെയ്യുന്നത്. പുതിയ കുറേ സിങ്ങേഴ്സിനെ ആ പ്ലാറ്റ്ഫോമിലൂടെ ഇൻട്രൊഡ്യൂസ് ചെയ്യുന്നുണ്ട്.

ഒരു കലാകാരന് സമൂഹത്തോട് പ്രതിബദ്ധതയില്ലേ, എന്താണ് ശ്രീജിത്തിന്റെ അഭിപ്രായം?

കലാകാരനെന്ന നിലയിൽ സോഷ്യൽ കമ്മിറ്റ്മെന്റുണ്ട്. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയണം, പക്ഷേ വളരെ ജെനുവിൻ ആയിട്ടുള്ള കാര്യമായിരിക്കണം പറയേണ്ടത്. അല്ലാതെ കഴിഞ്ഞുപോയ, ഒരാളുടെ ജീവിതത്തിൽ സംഭവിച്ച മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി അതിനെ കലാസൃഷ്ടിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. പോസിറ്റീവ് ആയ സംഗതികൾ അല്ല പലപ്പോഴും ഹൈലൈറ്റ് ചെയ്യപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു കലാകാരൻ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണ്. കാരണം ഒരു സാധാരണ മനുഷ്യനെക്കാളും ആൾക്കാരെ പ്രചോദിപ്പിപ്പിക്കുന്നത് ഒരു കലാകാരനോ ഒരു സാമൂഹിക പ്രവർത്തകനോ മറ്റോ ആയിരിക്കും. അപ്പോൾ പോസിറ്റീവ് ആയ കാര്യങ്ങൾ ഫോക്കസ് ചെയ്തിട്ടുള്ള സൃഷ്ടികൾക്ക് കലാകാരൻമാർ ശ്രദ്ധ നൽകേണ്ടതുണ്ട്. എന്റെ അഭിപ്രായം മാത്രമാണിത്. യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഇപ്പോൾ റാപ്പിന് ഭയങ്കരമായിട്ടുള്ള ഒരു ബൂമുള്ള സമയമാണ്. റാപ്പിന് ഒത്തിരി ഫോളോവേഴ്സ് ഉണ്ട്. റാപ്പിന് നന്നായി ആൾക്കാരെ ഇൻഫ്ലുവൻസ് ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷെ ചില റാപ്പുകൾ നെഗറ്റീവ് ഇഫക്ട് ഉണ്ടാക്കുന്നില്ലേ എന്ന് തോന്നാറുണ്ട്.