
ജോലിയും പാഷനും ഒരേ രീതിയില്‍ കൊണ്ടുപോവുന്നത് അത്ര ചില്ലറ കാര്യമല്ല. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരിക്കുമ്പോഴും സിനിമ എന്ന മോഹം കൈവിട്ടിട്ടില്ല ബി.ടി. അനില്‍കുമാര്‍. ജോലിത്തിരക്കുകള്‍ക്കിടയിലും സിനിമയ്ക്കായി പാട്ടുകളെഴുതുന്നുണ്ട് അദ്ദേഹം. ദിലീപ് നായകനാവുന്ന തങ്കമണിയിലെ പെണ്ണിന്റെ പേരല്ല എന്നുതുടങ്ങുന്ന അനില്‍കുമാര്‍ രചിച്ച ഗാനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അനില്‍കുമാര്‍ തിരക്കഥയെഴുതിയ പൃഥ്വിരാജ് ചിത്രം കാളിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമാഗാനരചനയിലേക്കും തിരക്കഥാരചനയിലേക്കും എത്തിയത് എങ്ങനെയെന്നും പുത്തന്‍ ചിത്രങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ബി.ടി.അനില്‍കുമാര്‍.
വായനയിലാണ് തുടങ്ങിയത്
വായനയിലേക്കാണ് ആദ്യം വന്നത്. എല്ലാവരേയും പോലെ ബാലപ്രസിദ്ധീകരണങ്ങള്‍ വായിച്ച് എഴുത്തിലേക്ക് കടക്കുകയായിരുന്നു. ആറ്-ഏഴാംതരം എത്തിയപ്പോഴാണ് കവിതയെഴുത്തിലാണ് കമ്പം എന്നു മനസിലായത്. സ്ഥിരമായി രചനാമത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങുമായിരുന്നു. എഴുതാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത് എന്നുപറയാം. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ത്തന്നെ ചില പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പിലൊക്കെ എഴുതിത്തുടങ്ങിയിരുന്നു. ചെറിയ ഫീച്ചറുകളോ പ്രമുഖരുമായുള്ള അഭിമുഖമോ ഒക്കെയായിരുന്നു അവയെല്ലാം. ഞങ്ങളുടെ നാട്ടില്‍ ആ ഫീച്ചറുകളൊക്കെ സാഹിത്യം പോലെയാണ് സ്വീകരിച്ചിരുന്നത്. പിന്നെ മാധ്യമപഠനം നടത്തി ദൃശ്യമാധ്യമ രംഗത്തേയ്ക്ക് വരികയായിരുന്നു.
ഒറ്റ രാത്രിയില്‍ എഴുതിയ 'ഓട്ടര്‍ഷ'യിലെ പാട്ട്
ഓട്ടര്‍ഷ സിനിമയിലേക്ക് പാട്ടെഴുതാന്‍ വരുന്നത് യാദൃച്ഛികമായാണ്. ആ ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. അദ്ദേഹം പഠിച്ചിരുന്ന കോളേജില്‍ നാടകം പരിശീലിപ്പിക്കാന്‍ പോയിട്ടുണ്ട് ഞാന്‍. സുജിത് അന്നൊരു നടനായിരുന്നു. ജെയിംസ് ആന്‍ഡ് ആലീസാണ് സുജിത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രം കുറച്ച് വ്യത്യസ്തമാവണമെന്നായിരുന്നു സുജിത്തിന്റെ ആഗ്രഹം. അതിന്റെ തിരക്കഥ റെഡിയായപ്പോഴും അദ്ദേഹത്തിനൊപ്പം ഞാനുണ്ടായിരുന്നു. ഓട്ടര്‍ഷയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് എനിക്ക് രണ്ട് ഈണങ്ങള്‍ അയച്ചുതന്നു. അതിലൊന്ന് സംഗീതസംവിധായകന്‍ ശരത്തേട്ടന്‍ പാടിയ അക്കാപെല്ല ശൈലിയിലായിരുന്നു. എന്നോട് പാട്ടെഴുതാന്‍ ആവശ്യപ്പെട്ടല്ല സുജിത് ആ ഈണങ്ങള്‍ അയച്ചുതന്നതെന്നാണ് ഞാന്‍ അന്നുമിന്നും വിശ്വസിക്കുന്നത്. ആ ഈണത്തിനനുസരിച്ച് വരികളെഴുതട്ടേ എന്ന് ഞാന്‍ ചോദിച്ചു. താന്‍ മറ്റു ചിലരേക്കൂടി ഈ ഈണങ്ങള്‍ കേള്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി അയച്ചു. ഞാന്‍ അന്ന് രാത്രിതന്നെ രണ്ടിനും വരികളെഴുതി അയച്ചു. അത്ര മനോഹരമായ ഈണമായിരുന്നു രണ്ടും. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ശരത്തേട്ടന്റെ വിളിയെത്തി. പുതുചെമ്പാ എന്ന പാട്ടിനേക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുകയാണെന്നും ഇന്ദുലേഖാ വാര്യരാണ് പാടുന്നതെന്നും പറഞ്ഞു. പാട്ടിലെ ഒരു വാക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. കൂടാതെ വരികളേക്കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് അങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കാനും ആദ്യസിനിമയില്‍ പ്രവര്‍ത്തിക്കാനായതും സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.
ആംബുലന്‍സിന്റെ സൈറണിന്റെ താളത്തില്‍ ഒരു പാട്ട്
സുജിത്ത് വാസുദേവ് ഓട്ടര്‍ഷ ചെയ്യുന്ന അതേസമയത്തുതന്നെ ലൈക്ക എന്നൊരു പടം എന്റെ മറ്റൊരു സുഹൃത്തും ദന്തരോഗ വിദഗ്ധനുമായ ഡോ. ആഷാഡ് ശിവരാമന്‍ ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദംകൊണ്ട് ആ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാനും ഒപ്പമുണ്ടായിരുന്നു. ഈയിടെ തിയേറ്ററുകളിലെത്തിയ താള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ സാഗര്‍ ആണ് എനിക്ക് പാട്ടെഴുത്തിലും താത്പര്യമുണ്ടെന്ന് ആഷാഡിനോട് പറഞ്ഞത്. തുടര്‍ന്ന് ലൈക്കയുടെ സംഗീതസംവിധായകന്‍ സതീഷ് രാമചന്ദ്രന്‍ ഒരു ട്യൂണ്‍ തന്നു. അതായിരുന്നു തനിയേ തനിയേ എന്ന ഗാനം. തിരുവനന്തപുരത്തെ സുഹൃദ് നാടകക്കളരി എന്ന കുട്ടികളുടെ നാടകസംഘം നടത്തുന്ന സുധാകരന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. സമയയാത്ര എന്ന ആ ചിത്രത്തില്‍ രണ്ടുപാട്ടുകളുണ്ടായിരുന്നു. ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ സുധാകരന്‍ പാട്ടെഴുത്ത് എന്നെയേല്പിക്കാം എന്ന് ഉറപ്പുനല്‍കിയിരുന്നു. ആംബുലന്‍സിന്റെ സൈറണിന്റെ താളത്തില്‍ ഒരു പാട്ടെഴുതാന്‍പറ്റി എന്നതാണ് സമയയാത്ര നല്‍കിയ മറക്കാനാവാത്ത അനുഭവം. സതീഷ് രാമചന്ദ്രന്‍ തന്നെയായിരുന്നു സംഗീതസംവിധാനം.
മാധ്യമപ്രവര്‍ത്തന കാലം, സിനിമാ ചര്‍ച്ചകള്‍
ഞാന്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത് സൂര്യ ടി.വിയിലായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് ജീവന്‍ ടി.വിയുടെ ബ്യൂറോ ചീഫായി. പിന്നീട് അമൃതാ ടി.വിയിലെത്തി. രണ്ടുവര്‍ഷം അവിടെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. തുടര്‍ന്ന് കോഴിക്കോട് റീജ്യണൽ ബ്യൂറോ ചീഫായും വന്നു. ഈ സമയത്ത് ചാനലില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചു. ബെസ്റ്റ് സിറ്റിസണ്‍ ജേണലിസ്റ്റ് എന്നായിരുന്നു ആ പരിപാടിയുടെ പേര്. ആ ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം നേടിയ ചെറുപ്പക്കാരനായിരുന്നു ഇപ്പോഴത്തെ ചലച്ചിത്ര സംവിധായകന്‍ രതീഷ് രഘുനന്ദന്‍. പിന്നീട് കോഴിക്കോട്ടുനടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ രതീഷും എത്തിയിട്ടുണ്ടായിരുന്നു. അവിടെവെച്ചുതന്നെ രതീഷുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു. ഞാന്‍ പിന്നെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോളേക്കും രതീഷിന്റെ ഉദ്ദേശം സിനിമയാണെന്ന് എനിക്ക് മനസിലായിരുന്നു. ഞങ്ങള്‍ മാത്രമുള്ള അവസരങ്ങളിലെല്ലാം ചര്‍ച്ച സിനിമയേക്കുറിച്ചായിരുന്നു. അന്നേ രതീഷ് നിരന്തരം വണ്‍ലൈന്‍ സ്റ്റോറികള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്. പിന്നെ ഞാന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കും പോന്നു രതീഷ് മറ്റൊരു ചാനലിലേക്കും പോയി.
നീണ്ടുപോയ 'സത്യന്‍ ബയോപിക്'
ഇടക്കാലത്ത് രതീഷ് ദുബായിലേക്ക് പോയിരുന്നു. ഇതിന് തൊട്ടുമുമ്പ് ഞാനും രതീഷും ചേര്‍ന്ന് ഒരു തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള ആ ചിത്രത്തിന് നിര്‍മാതാവ് അഡ്വാന്‍സ് തന്നിരുന്നു. ആ പടം നടക്കും എന്ന ഘട്ടത്തിലാണ് രതീഷ് ദുബായിലേക്ക് പോയത്. കാരണം ജോലി ചെയ്ത് കുറച്ച് സാമ്പത്തികഭദ്രത കൈവരിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഞാനുംകൂടി പ്രോത്സാഹിപ്പിച്ചിട്ടാണ് രതീഷ് വിമാനം കയറിയത്. ആ സിനിമ പിന്നെ നടന്നില്ലെങ്കിലും ആ സൗഹൃദം ഇന്നും പഴയതുപോലെ നിലനില്‍ക്കുന്നു. രതീഷ് ഉടല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനുമുമ്പ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് നടന്‍ സത്യന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. കെ.ജി. സന്തോഷ് എന്ന മറ്റൊരു മാധ്യമരംഗത്തെ സുഹൃത്തും സത്യന്റെ ജീവിതകഥ സിനിമയാക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കി അദ്ദേഹത്തേയും ഒപ്പംചേര്‍ത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് പിന്നീട് ജയസൂര്യയെ വായിച്ചുകേള്‍പ്പിച്ചു. ആദ്യകേള്‍വിയില്‍ത്തന്നെ അദ്ദേഹം ഓ.കെ പറഞ്ഞു. സത്യന്റെ ഒരു ജന്മവാര്‍ഷികത്തിന് തിരുവനന്തപുരത്തെ ഒരു സദസിന് മുന്നില്‍ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോയി.
ഉടലിലെ പാട്ടെഴുതിയ കഥ
കോവിഡ് വരികയും ഓ.ടി.ടി ട്രെന്‍ഡ് ആവുകയും ചെയ്തല്ലോ. എന്തുചെയ്യണമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് രതീഷ് ഉടല്‍ എന്ന ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത്. വളരെ വേഗത്തില്‍ രതീഷ് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് ഉടലിന്റേത്. ഈ സിനിമയില്‍ പാട്ടിന് യാതൊരു ഇടവുമുണ്ടായിരുന്നില്ല ആദ്യം. കാരണം ആ തിരക്കഥ ഞാന്‍ പലതവണ വായിച്ചതാണ്. സിനിമ പൂര്‍ത്തിയായി അതിന്റെ റീ റെക്കോര്‍ഡിങ് നടക്കുമ്പോള്‍ സംഗീതസംവിധായകന്‍ വില്ല്യംസാണ് ഒരു സന്ദര്‍ഭത്തില്‍ പശ്ചാത്തലസംഗീതത്തിന് പകരം പാട്ടിന് പറ്റിയ ഒരീണം ഉണ്ടാക്കിയെടുത്തു. അതിനനുസരിച്ച് വരി കിട്ടിയാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ പടം ഇറങ്ങാന്‍ കുറച്ചുനാളുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രതീഷ് ആ ട്യൂണ്‍ എനിക്ക് അയച്ച് തരികയായിരുന്നു. മെഴുതിരിപോല്‍ ഇടനെഞ്ചില്‍ എന്ന ഗാനം പിറന്നത് അങ്ങനെയാണ്.
'തങ്കമണി' സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയെടുത്ത ഫിക്ഷന്‍
തങ്കമണി എന്ന ചിത്രത്തിന് ആസ്പദമായ സംഭവം മാധ്യമങ്ങളെല്ലാം അന്ന് ചര്‍ച്ച ചെയ്തതാണ്. 1986-ല്‍, അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുകയാണ്. പല രാഷ്ട്രീയ വിവാദങ്ങളുംപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഹൈപ്പില്‍ നിന്ന ഒന്നായിരുന്നു തങ്കമണിയിലെ പോലീസ് നരനായാട്ട്. ഏവരേയും വേദനിപ്പിച്ച ഒന്നായിരുന്നു ഈ സംഭവം. അതിലൊരു സിനിമയുടെ സാധ്യത അന്ന് പലരും ആലോചിച്ചിട്ടുണ്ടായിരുന്നു. പി.ജി. വിശ്വംഭരന്‍ ഒരു സിനിമ ചെയ്തിട്ടുണ്ടെന്നാണ് ഓര്‍മ. രതീഷ് ഏറെ കാലമായി കൊണ്ടുനടന്നിരുന്ന സിനിമയാണ് തങ്കമണി. സത്യന്‍ ബയോപിക്കിനും ഉടലിനുമെല്ലാം മുമ്പേ രതീഷ് തങ്കമണി എന്ന ആശയം പങ്കുവെച്ചിരുന്നു. തങ്കമണി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയെടുത്ത ഫിക്ഷനാണ് പുറത്തുവരാനിരിക്കുന്ന സിനിമ.
'തങ്കമണി'യിലെ പാട്ടിന്റെ വരികളില്‍ അതിശയോക്തിയില്ലെന്നാണ് വിശ്വാസം
ദിലീപാണ് തങ്കമണി സിനിമയില്‍ നായകന്‍. ദിലീപ് നായകനാവുന്നതുകൊണ്ടുതന്നെ ആളുകള്‍ പല പ്രതീക്ഷകളും വെച്ചുപുലര്‍ത്തും. സിനിമയുടെ പേര് തങ്കമണി എന്നാവണമെന്ന് രതീഷ് ആദ്യമേതന്നെ തീരുമാനിച്ചിരുന്നു. ഈ പേര് കേള്‍ക്കുമ്പോള്‍ അതെങ്ങനെ ആളുകള്‍ സ്വീകരിക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഈ സിനിമയില്‍ ഒരു പ്രണയഗാനം മാത്രമാണ് പദ്ധതിയിലുണ്ടായിരുന്നത്. തങ്കമണിയുടെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. എന്റെ മകന്‍ ഈ ചിത്രത്തില്‍ ഒരു ചെറിയവേഷത്തിലുണ്ട്. ഈ സിനിമയേക്കുറിച്ച് ആളുകളോട് പറയുമ്പോള്‍ ആ സംഭവത്തിന്റെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കാന്‍ പറ്റുന്ന ഒരു പാട്ടുണ്ടെങ്കില്‍ നന്നായിരുന്നു എന്ന് രതീഷ് പറഞ്ഞിരുന്നു. അതിന് റെഫറന്‍സ് തന്നത് ആ സംഭവം നടന്ന സമയത്ത് ആ പ്രദേശത്ത് മുഴങ്ങിക്കേട്ട ചില മുദ്രാവാക്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പാട്ടിന്റെ വരികളില്‍ അതിശയോക്തി ഇല്ലെന്നാണ് വിശ്വാസം. ആ നാട്ടുകാര്‍ അവരുടെ വേദനയില്‍ നിന്ന് പറഞ്ഞ വാക്കുകളില്‍ നിന്നാണ് ഈ പാട്ടിന്റെ പിറവി. തങ്കമണിയുടെ സെറ്റില്‍വെച്ചാണ് പാട്ടെഴുതിയത്. സാധാരണ വരി കണ്ടാല്‍ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കുന്ന രതീഷിന് ഈ പാട്ട് ഒറ്റ വായനയില്‍ ഇഷ്ടപ്പെട്ടു.
വരികളെഴുതിയ ശേഷമാണ് 'തങ്കമണി'യിലെ പാട്ടിന് ഈണമിട്ടത്
വില്യംസാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. വില്യംസും ഞാനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തങ്കമണി. ഉടലിന് ശേഷം പാസ്വേഡ് എന്നൊരു ചിത്രത്തിനായും ഞങ്ങള്‍ ഒന്നിച്ചിരുന്നു. അപ്പോഴെല്ലാം ഈണമിട്ടതിനുശേഷമായിരുന്നു വരികളെഴുതിയത്. എന്നാല്‍ തങ്കമണിയില്‍ വരികള്‍ എഴുതിയശേഷമാണ് ഈണമിട്ടത്. ഒറ്റദിവസംകൊണ്ട് ഈണം തയ്യാറായി. ഈ പാട്ട് ആരുപാടും എന്ന് കുറേ ആലോചിച്ചിരുന്നു. കാരണം വില്യംസിന്റെ ശബ്ദത്തിലുള്ള പാട്ടാണ് ദിലീപേട്ടനും ഞാനും രതീഷുമെല്ലാം കേട്ടത്. പ്രശസ്തരായ പിന്നണിഗായകരേയും നാടന്‍പാട്ട് കലാകാരന്മാരേയും ചെറുപ്പക്കാരായ കവികളേയുമെല്ലാം ആലോചിച്ചു. പലരേയും ബന്ധപ്പെടുകയും അതില്‍ ചിലരേക്കൊണ്ട് പാടിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആ പാട്ട് വില്യംസിന്റെ ശബ്ദത്തില്‍ത്തന്നെ മതി എന്ന് എല്ലാവരും ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു.
'കാളിയ'നുവേണ്ടി നന്നായി പഠനം നടത്തിയിരുന്നു
എന്റെ എല്ലാ സിനിമകളും സൗഹൃദത്തില്‍നിന്ന് സംഭവിച്ചതാണെന്നതാണ് സത്യം. തിരുവനന്തപുരത്തെ മാധ്യമസുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഡോ. എസ്. മഹേഷ്. തെക്കന്‍പാട്ടുകളെ ആസ്പദമാക്കി മഹേഷ് ഒരു ഹ്രസ്വചിത്രം ചെയ്തിരുന്നു. ആ കഥാസന്ദര്‍ഭവും അതിനടിസ്ഥാനമായിട്ടുള്ള കഥയും അറിഞ്ഞപ്പോള്‍ അതൊരു സിനിമയായാല്‍ കൊള്ളാമെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതൊരു പൂര്‍ണമായ തിരക്കഥയാക്കാന്‍ പറ്റിയ ആരെങ്കിലുമുണ്ടോയെന്ന് മഹേഷും അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നോടും അന്വേഷിച്ചിരുന്നു. ഈ ഹ്രസ്വചിത്രം സിനിമയാക്കാന്‍ ആരാണ് നല്ലതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാനായിരിക്കും നല്ലതെന്നായിരുന്നു എന്റെ മറുപടി. മലബാര്‍ മേഖലയിലുള്ളവര്‍ക്ക് വടക്കന്‍പാട്ടുകള്‍ എത്രത്തോളം പ്രധാനമാണോ അതുപോലെയാണ് തെക്കന്‍ജില്ലക്കാര്‍ക്ക് തെക്കന്‍പാട്ടുകള്‍. വില്‍പാട്ടുകളാണവ. വളരെ രസകരമായ കലാരൂപമാണത്. നമ്മുടെ കഥാപ്രസംഗത്തിന്റെ പൂര്‍വരൂപം എന്നുപറയാം. അങ്ങനെയുള്ള ഒരുപാട് വില്‍പാട്ട് കഥകളിലൊന്നാണ് ഇരവിക്കുട്ടിപ്പിള്ള പോര്. അതിലെ ഒരു സന്ദര്‍ഭത്തില്‍ നിന്നാണ് കാളിയന്റെ പൂര്‍ണമായ തിരക്കഥ വികസിപ്പിച്ചത്. ഇരവിക്കുട്ടിപ്പിള്ള അന്നത്തെ കാലത്ത് വലിയൊരു നായകനാണ്. അദ്ദേഹത്തിനുപിന്നില്‍ നിഴലുപോലെയുണ്ടായിരുന്ന മറ്റൊരു കഥാപാത്രത്തെയാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. അതാണ് കാളിയന്‍. ലോജിക്കലായി ആലോചിക്കുമ്പോഴും ഇത് ശരിയാണല്ലോ എന്ന് പ്രേക്ഷകനും തോന്നുമെന്നാണ് ഞങ്ങളും വിചാരിക്കുന്നത്. ധാരാളം വായിക്കുകയും യാത്രകള്‍ നടത്തുകയും പഠിക്കുകയുമൊക്കെ ചെയ്തിരുന്നു.
തിരക്കഥ പെട്ടന്നുതന്നെ പൂര്‍ത്തിയാക്കാനായി
റിസര്‍ച്ചിന് ശേഷം തിരക്കഥ പെട്ടന്നുതന്നെ പൂര്‍ത്തിയാക്കാനായി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. കാസ്റ്റിങ് കോള്‍ നടത്തിയിരുന്നു. യോദ്ധാക്കളായി കുറേ ചെറുപ്പക്കാരെ വേണമായിരുന്നു. അതിനായി കേരളത്തില്‍ നാലുമേഖലകളിലായി ഓഡിഷന്‍ നടത്തി 500-ഓളം പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് പാട്ടുകളുടെ റെക്കോര്‍ഡിങ് നടത്തി. രവി ബസ്രുര്‍ ആണ് സംഗീതസംവിധാനം. പക്ഷേ പാട്ടുകളെഴുതിയത് ഞാനല്ല, ഞങ്ങളുടെ നിര്‍മാതാവ് കൂടിയായ രാജീവ് ഗോവിന്ദാണ്. ഇനിയും പാട്ടുകളുണ്ടാവും.
ഈ ഹൈപ്പിനെ പോസിറ്റീവായാണ് കാണുന്നത്
കാളിയന്‍ അനൗണ്‍സ് ചെയ്ത സമയത്ത് ഒരു വീഡിയോ ആണ് പുറത്തുവിട്ടത്. പൃഥ്വിരാജിന്റെ സംഭാഷണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ പോലെയുള്ള വീഡിയോ അന്ന് നല്ല പുതുമയായിരുന്നു. ഹീറോയിക് ആയ കഥാപാത്രമാണ് നായകനായ കാളിയന്‍. ആ വീഡിയോ വന്നതിന് ശേഷമാണ് ചിത്രത്തിന് ഹൈപ്പ് വന്നത്. അന്ന് ഈ ചിത്രം സംഭവിച്ചിരുന്നെങ്കില്‍ വലിയ ബജറ്റില്‍ ചെയ്യേണ്ടിവരില്ലായിരുന്നു. ഇന്ന് പാന്‍ ഇന്ത്യന്‍-ഹിസ്റ്റോറിക്കല്‍ മൂവികളുടെ സമയം ആയതുകൊണ്ടുതന്നെ ഈ ഹൈപ്പിനെ പോസിറ്റീവായാണ് കാണുന്നത്. നമ്മള്‍ വിചാരിക്കുന്നതുപോലെ പൂര്‍ത്തീകരിക്കാന്‍ സാധിക്കണം എന്നുള്ളിടത്തുമാത്രമാണ് ടെന്‍ഷന്‍ കിടക്കുന്നത്. അതല്ലാതെ ഇതിന്റെ വിഷയത്തേക്കുറിച്ചോ പ്രധാനകഥാപാത്രത്തേക്കുറിച്ചോ വിജയസാധ്യതയേക്കുറിച്ചോ യാതൊരു ആശങ്കയുമില്ല. ഓരോ ചരിത്ര സിനിമകള്‍ ഇറങ്ങുമ്പോളും അതുമായി സമാനതകള്‍ ഉണ്ടാവാതിരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അമ്പത് തവണയോളം പുതുക്കിയശേഷമുള്ള കാളിയന്റെ തിരക്കഥയാണ് കയ്യിലുള്ളത്. സത്യത്തില്‍ ഞങ്ങളുടെ മനസില്‍ കാളിയന്റെ രൂപം ഉണ്ടാവുമ്പോളും ആളുകളെ കണ്ട് സംസാരിക്കുമ്പോളുമൊന്നും ബാഹുബലി ആദ്യഭാഗംപോലും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

മനസിലുള്ള തിരക്കഥകള്‍ എഴുതിത്തീര്‍ക്കണമെന്നുണ്ട്
ജോലിയും എഴുത്തും ഒരേ രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുന്നുണ്ട്. എല്ലാം നമ്മുടെ താത്പര്യത്തിന് അനുസരിച്ചാണിരിക്കുന്നത്. യഥാര്‍ഥത്തില്‍ താത്പര്യമുണ്ടെങ്കില്‍ അതിലേക്ക് എത്തിപ്പെടാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. ഞാനും രതീഷുമെല്ലാം ദൃശ്യമാധ്യമരംഗത്തേക്ക് വന്നത് സിനിമ എന്ന സ്വപ്‌നത്തോടുകൂടിയാണ്. ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ക്കൊന്നും തറയില്‍ നില്‍ക്കാനുള്ള സമയം കിട്ടിയിട്ടില്ല. വാര്‍ത്തയ്ക്ക് പിന്നാലെയുള്ള പരക്കംപാച്ചിലായിരുന്നു. നേരംവെളുക്കുന്നതും രാത്രിയാവുന്നതും മാത്രമറിയാവുന്ന കാലമായിരുന്നു. സിനിമയുടെ വണ്‍ലൈന്‍ എഴുതിവെയ്ക്കുന്നതും സിനിമയേക്കുറിച്ച് സംസാരിക്കുന്നതും മാത്രമേ നടക്കൂ. വിഷ്വല്‍ മീഡിയയില്‍ വന്നാല്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധമുണ്ടാക്കാമെന്നും അതുവഴി പിടിച്ചുകയറാമെന്നും വിചാരിച്ചെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊന്നും യാഥാര്‍ഥ്യമായില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ തിരക്കിനകത്ത് മുഴുകിയിരുന്നുകൊണ്ട് ചെയ്യാവുന്നതല്ല സിനിമ. എനിക്ക് മനസിലുള്ള തിരക്കഥകള്‍ എഴുതിത്തീര്‍ക്കണമെന്നുണ്ട്. അത്രയുംതന്നെ താത്പര്യമുള്ളതാണ് പാട്ടെഴുത്ത്. അതിനുള്ള അവസരങ്ങള്‍ കൂടുതലുണ്ടാവട്ടേ എന്നാണ് ആഗ്രഹിക്കുന്നത്.
എം.ബി.എസ് യൂത്ത് ക്വയര്‍
വലിയ പാട്ടുകാരനല്ലെങ്കിലും പാടാനും പാട്ടുകേള്‍ക്കാനും താത്പര്യമുള്ളയാളാണ്. തിരുവനന്തപുരത്തായിരിക്കുമ്പോള്‍ സംഗീത സംവിധായകന്‍ എം.ബി ശ്രീനിവാസിന്റെ പേരിലുള്ള എം.ബി.എസ് യൂത്ത് ക്വയര്‍ അംഗമായിരുന്നു. അന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഇതിലംഗമായിരുന്നു. ഞാന്‍ പാട്ടെഴുതും. എം.ജയചന്ദ്രനും മാത്യു.ടി. ഇട്ടിയും ഈണമിടും. ഞങ്ങളെല്ലാം എം.ബി ശ്രീനിവാസിന്റെ ശിഷ്യന്മാരാണ്. ഇപ്പോഴും എല്ലാ കാലത്തേയും പാട്ടുകള്‍ കേള്‍ക്കും. ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്. ഒരുപാട് പാട്ടുകള്‍ക്കിടയില്‍ എന്റെ പാട്ടുകള്‍കൂടി വരുന്നതിനേക്കുറിച്ച് എപ്പോഴും ആലോചിക്കാറുണ്ട്.
Content Highlights: script writer and lyricist bt anilkumar interview, bt anilkumar about kaaliyan and thankamani
Published: 04 Jan 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented