
1980-കളിൽ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ബസ് റൂട്ടുമായി ബന്ധപ്പെട്ട് നടന്ന ചെറിയൊരു തർക്കം കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരതകളിലൊന്നായിരുന്നു തങ്കമണി സംഭവം. ഇടുക്കി കാമാക്ഷിയിലെ ഒരു ഗ്രാമത്തിൽ നടന്ന തർക്കം, അന്നത്തെ കരുണാകരൻ സർക്കാരിനെ പോലും പിടിച്ചുലച്ച വിവാദമായി. ഈ സംഭവത്തെ അധികരിച്ച് രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രമാണ് തങ്കമണി.
1986 ഒക്ടോബർ 21-ന് ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ സർവീസ് നടത്തിയിരുന്ന എലൈറ്റ് എന്ന ബസിലെ ജീവനക്കാരും വിദ്യാർത്ഥികളുംതമ്മിൽ റൂട്ടിനെച്ചൊല്ലി ഒരു തർക്കം നടക്കുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട എന്ന സ്ഥലം കഴിയുമ്പോൾ ആളുകളെ ഇറക്കിവിടും. എന്നാൽ തങ്കമണി വരെയുള്ള പണം വാങ്ങുകയും ചെയ്യും. ഇത് ഒരു വിദ്യാർത്ഥി ചോദ്യംചെയ്തതായിരുന്നു തർക്കത്തിന് കാരണം. വിദ്യാർത്ഥിക്ക് മർദനമേറ്റതോടെ പ്രതിഷേധവുമായെത്തിയ നാട്ടുകാർ പിറ്റേന്ന് ബസ് പിടിച്ചെടുക്കുകയും തങ്കമണിയിലേക്ക് സർവീസ് നടത്തുകയും ചെയ്തു. ഇതിനേത്തുടർന്നുണ്ടായ സംഘർഷവും പോലീസ് വെടിവെപ്പും കേരളത്തെ പിടിച്ചുകുലുക്കി. വെടിവെപ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ കൊല്ലപ്പെട്ടു.
തങ്കമണി സംഭവത്തിൽ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ജനങ്ങൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പന്ത്രണ്ട് ദിവസം കൊണ്ട് മൂന്നൂറ് കിലോമീറ്റർ കാൽനട മാർച്ച് നടത്തിയാണ് തങ്കമണിയിലെ ജനങ്ങൾ ഗവർണർ പി രാമചന്ദ്രനെ കാണാനായി തലസ്ഥാനത്തെത്തിയത്. കോഴിമല അവറാച്ചന്റെ ശവകുടീരത്തിൽ നിന്നായിരുന്നു 25 അംഗ സംഘത്തിന്റെ കാൽനട യാത്ര ആരംഭിച്ചത്. അത് തലസ്ഥാനത്തെത്തിയപ്പോൾ സ്ത്രീകളും വിദ്യാർഥികളുമുൾപ്പെടെ നൂറുകണക്കിന് പേർ അതിലേക്ക് അണിചേർന്നു.
1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു തങ്കമണി സംഭവം നടന്നത്. തങ്കമണി സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി അന്ന് സർക്കാർ തന്നെ തുറന്നുസമ്മതിച്ചിരുന്നു. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം തങ്കമണി സംഭവം സർക്കാരിനെതിരെയുള്ള ആയുധമാക്കി. അന്ന് യുഡിഎഫിന് വേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർ കേരളത്തിലെത്തിയിരുന്നു. എന്നാൽ ആ പ്രചാരണങ്ങൾക്കൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ഫലമോ, സർക്കാർ താഴെ വീണു.
ഈ സംഭവങ്ങളെ അന്നത്തെ പോലീസ് വേട്ടയുടെ ഇരയാകേണ്ടിവന്ന ഒരാളുടെ വീക്ഷണകോണിൽ അവതരിപ്പിക്കുകയാണ് തങ്കമണിയിലൂടെ രതീഷ് രഘുനന്ദൻ. തങ്കമണി സംഭവത്തെ അതേപടി ആവിഷ്കരിക്കുകയല്ല ചിത്രത്തിൽ ചെയ്തിരിക്കുന്നത്. മറ്റു ചില സംഭവവികാസങ്ങളുടെ പശ്ചാത്തലമാണ് സിനിമയിലെത്തുമ്പോൾ തങ്കമണിയിലെ നരനായാട്ട്. അതേസമയം യഥാർത്ഥ സംഭവത്തിന്റെ തീവ്രത ചോരുന്നുമില്ല എന്നിടത്താണ് രതീഷ് രഘുനന്ദൻ എന്ന സംവിധായകന്റെ വിജയം.
സൗഹൃദവും പ്രതികാരവും പ്രണയവും കുടുംബബന്ധങ്ങളും അധികാരക്കൊതിയും രാഷ്ട്രീയ കരുനീക്കങ്ങളുമെല്ലാം തങ്കമണി പ്രേക്ഷകന് മുന്നിലെത്തിക്കുന്നു. സർക്കാരിനെ താഴെയിടാൻ പ്രതിപക്ഷം തങ്കമണി സംഭവത്തെ എങ്ങനെ ഉപയോഗിച്ചു എന്നും ചിത്രം കാട്ടിത്തരുന്നുണ്ട്. ഒരു കുറ്റാന്വേഷണ കഥ സമാന്തരമായി പോകുന്നുണ്ടെങ്കിലും തങ്കമണി ബസ് കത്തിക്കലും തുടർസംഭവങ്ങളുംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 1986-ൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമം അശാന്തിയിലമർന്നത് എങ്ങനെയെന്ന് അത്രമേൽ ഭീകരമായിത്തന്നെ ആവിഷ്കരിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.
ആബേൽ ജോഷ്വാ മാത്തൻ എന്ന കഥാപാത്രമായി രണ്ട് ലുക്കിലാണ് ദിലീപ് എത്തുന്നത്. അർപ്പിത ഐ.പി.എസ് എന്ന പോലീസ് ഉദ്യോഗസ്ഥയായി പ്രണിതാ സുഭാഷ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. അനിതയായി നീതാ പിള്ളയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോൺ വിജയ്, സമ്പത്ത് റാം, മനോജ് കെ ജയൻ, കോട്ടയം രമേഷ്, ജെയിംസ് ഏലിയാ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, അജ്മൽ അമീർ, മാളവികാ മോഹൻ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി.
മനോജ് പിള്ളയുടെ ഛായാഗ്രഹണവും വില്യം ഫ്രാൻസിസിന്റെ സംഗീതവും ചിത്രത്തിന് ഊർജമേകുന്നുണ്ട്. ഗാനങ്ങളിൽ പെണ്ണിന്റെ പേരല്ല തങ്കമണി എന്ന ഗാനത്തിനാണ് മുൻതൂക്കം. സംഗീതമായും പശ്ചാത്തലസംഗീതമായും പലയിടങ്ങളിലായി ഗാനം കടന്നുവരുന്നുണ്ട്. തങ്കമണിയിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയും ചിത്രത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരു സർക്കാരിനെത്തന്നെ വീഴ്ത്താൻ ഇടയാക്കിയെന്നത് ഒരുവശം. അതിലപ്പുറം ആ സംഭവത്തിനുശേഷം തങ്കമണിയെന്ന നാടിനെ മറ്റുനാട്ടുകാർ എങ്ങനെ നോക്കിക്കണ്ടുവെന്നും അത്തരമൊരു സാഹചര്യത്തിൽനിന്ന് തങ്കമണി എന്ന ഇടുക്കിയിലെ മലയോരഗ്രാമം എങ്ങനെ പുറത്തുകടന്നു എന്നും ചിത്രം തുറന്നുകാട്ടുന്നു.
Content Highlights: dileep new movie thankamani malayalam movie review
Published: 07 Mar 2024, 01:51 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented