നായകനായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം ഹിറ്റിൽനിന്ന് സൂപ്പർഹിറ്റിലേക്ക് കുതിക്കുന്ന സന്തോഷത്തിലാണ് നടൻ സാഗർ സൂര്യ. പണി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം ലഭിച്ചതിന് പിന്നാലെയാണ് പുതിയ നേട്ടം എന്നത് ഈ സന്തോഷത്തിന്റെ മാറ്റുകൂട്ടുന്നു. പ്രകമ്പനത്തിലെ പുണ്യാളൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും സാഗർ സൂര്യ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

ചെറിയ വേഷങ്ങളിൽനിന്ന് നായകനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

മിനിസ്ക്രീനിലെ തമാശ നിറഞ്ഞ വേഷങ്ങളിലൂടെയാണ് തുടക്കം. ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിലൂടെയാണ് ബിഗ്സ്ക്രീനിലെ അരങ്ങേറ്റം. ദുൽഖർ നിർമിച്ച ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്തത്. അതിനുശേഷം ചെയ്ത കുരുതി വേറൊരു മീറ്ററിലുള്ള പടമായിരുന്നു. ജോ ആൻഡ് ജോയിൽ വീണ്ടും ഹ്യൂമർ വേഷം. പക്ഷേ എനിക്ക് പണിയിലൂടെയാണ് കരിയറിൽ വലിയൊരു വഴിത്തിരിവുണ്ടായത്.

വില്ലൻ വേഷം ചെയ്യാൻ ആശങ്കയുണ്ടായിരുന്നോ?

വില്ലൻ കഥാപാത്രം ചെയ്യാൻ എനിക്ക് അങ്ങനെ പേടിയൊന്നും ഉണ്ടായിരുന്നില്ല. കാരണം ജോജു ചേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമ്മളെ പോലെയുള്ളവർക്ക് നല്ലൊരു വേഷം കിട്ടുന്നു. ഒരു നടന് കിട്ടുന്ന ഒരു ഇടമാണത്. അത് പരമാവധി നല്ല രീതിയിൽ ഉപയോഗിക്കുക. നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കിയെടുക്കുക എന്നതിലുപരി ആ സമയത്ത് മറ്റൊന്നും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വലിയ ഒരവസരമായാണ് ആ ചിത്രത്തെ കണ്ടത്. അത്രയും വലിയ പ്രൊഡക്ഷനിലും ടെക്നിക്കൽ ക്വാളിറ്റിയിലും ബജറ്റിലും ഇറക്കിയ സിനിമയായിരുന്നു പണി.

വില്ലന്മാരെ വെച്ച് അന്ന് കുറേ പോസ്റ്ററുകളും ഇറങ്ങിയിരുന്നല്ലോ?

കേരളത്തിലിന്ന് എത്രയോ സിനിമകൾ ഇറങ്ങുന്നു. ഒരു സിനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതും ശ്രദ്ധ കിട്ടുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മൾ കഠിനാധ്വാനം ചെയ്താലും ചില സിനിമകൾ ആരും ശ്രദ്ധിക്കില്ല. എന്നാൽ പണി എന്ന ചിത്രം എല്ലാ ഭാഷയിലും വലിയ ചർച്ചയായി. എന്റെയും ജുനൈസിന്റെയും കഥാപാത്രങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. ഞങ്ങൾ പറഞ്ഞ പല ഡയലോഗുകളും ആളുകൾക്ക് മനഃപാഠമാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇപ്രാവശ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ജൂറി പരാമർശം വരെ കിട്ടി. അതും വലിയ സന്തോഷമുള്ള കാര്യമാണ്.

'പണി'യിലെ പ്രകടനം ആണോ 'പ്രകമ്പന'ത്തിലേക്ക് വഴിയൊരുക്കിയത്?

തീർച്ചയായും. സംവിധായകൻ വിജേഷ് പാണത്തൂരിന് പുണ്യാളൻ എന്ന കഥാപാത്രം എന്നെവെച്ച് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പണിയിലെ ഡോൺ സെബാസ്റ്റ്യൻ പോലൊരു വില്ലനിൽനിന്ന് പുണ്യാളൻ എന്ന ഹ്യൂമർ കഥാപാത്രത്തിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് അതൊരു കൗതുകമായിരിക്കും. പക്ഷേ ക്ലിക്കായില്ലെങ്കിൽ ഭയങ്കര പ്രശ്നമാവുകയും ചെയ്യും എന്ന തരത്തിലുള്ള റോളായിരുന്നു അത്. ചെയ്യുന്നത് ഒരു മീറ്റർ കുറഞ്ഞാൽ സിനിമ തന്നെ പരാജയപ്പെട്ടേക്കാം. പക്ഷേ റിലീസ് ചെയ്തപ്പോൾ പുണ്യാളനെ എല്ലാവർക്കും ഇഷ്ടമായി.

വൈവിധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യാനാകും എന്ന വിലയിരുത്തൽ വന്നിട്ടില്ലേ?

പണി എന്ന ചിത്രത്തിനുശേഷം ചെയ്ത ചിത്രമാണ് പ്രകമ്പനം. പണിയിലെ വില്ലൻ ഇമേജിൽനിന്ന് പുറത്തുകടക്കാൻ സാധിച്ചു. ഇവനെല്ലാം ചെയ്യാൻ പറ്റും എന്നുള്ള രീതിയിൽ ജനങ്ങളിൽ ഒരു വിശ്വാസം വന്നിട്ടുണ്ട്. അക്കാര്യത്തിൽ സന്തോഷമുണ്ട്.

സംവിധായകൻ വിജേഷിനോട് സാഗർ ഓകെ പറഞ്ഞ ആ നിമിഷം ഏതായിരുന്നു?

‘പണി’യിലെ കഥാപാത്രത്തിൽനിന്ന് തീർത്തും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. കുറേ കഥകൾ കേട്ടു. പ്രകമ്പനത്തിൽ മാത്രമാണ് രസകരമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയത്. വിജേഷേട്ടൻ ഈ കഥ എന്നോട് പറയുമ്പോൾ പുണ്യാളൻ എന്ന കഥാപാത്രമായി അവരുടെ മനസിലുണ്ടായിരുന്നത് വേറെ ഒരു നടനായിരുന്നു. പക്ഷേ എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ വേഷം ചെയ്തോട്ടേ എന്ന് ഞാൻ ചോദിച്ചില്ല. ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ ഞാൻ സംവിധായകന് പടത്തെക്കുറിച്ച് അന്വേഷിച്ച് മെസേജ് അയച്ചു. തുടങ്ങിയിട്ടില്ലെന്ന് മറുപടി ലഭിച്ചപ്പോൾ പുണ്യാളനെ അവതരിപ്പിക്കാൻ റെഡ‍ിയാണെന്ന് ഞാൻ അറിയിച്ചു. ഇത് അദ്ദേഹത്തിനും പരിപൂർണ സമ്മതം.

‘പുണ്യാള’നെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?

ഈ കഥാപാത്രം കിട്ടിയപ്പോൾ മുതൽ എന്റേതായ രീതിയിൽ ഒരു പഠനം നടത്തുന്നുണ്ടായിരുന്നു. കൂടാതെ ഷൂട്ട് തുടങ്ങുന്നതിനുമുൻപ് മൂന്നുമാസത്തെ അഭിനയക്കളരി നടത്തിയിരുന്നു. പിന്നെ മല്ലികചേച്ചിയുടെ രീതിയിൽ സംസാരിക്കാൻ വേണ്ടി അവരുടെ കുറേ വീഡിയോകൾ കണ്ടു. നേരിട്ട് സംസാരിക്കുകയും ചെയ്തു. ആക്ഷൻ സീക്വൻസ് ചെയ്യാനായി കളരി അഭ്യസിച്ചിരുന്നു. പല വൈകാരികതലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമായതുകൊണ്ട് നല്ല രീതിയിൽ തയ്യാറെടുത്തിരുന്നു. അതിന് നല്ല ഫലം കിട്ടി. എല്ലാ അഭിനേതാക്കൾക്കും എപ്പോഴും ഇത്തരം കഥാപാത്രം കിട്ടില്ല. അത് നല്ല രീതിയിൽ പോകുന്നു എന്ന് പറയുമ്പോൾ ഒത്തിരി സന്തോഷം.

‘പുണ്യാള’ന്റെ ആദ്യ ട്രാൻസ്ഫർമേഷൻ സീനിലെ ഡയലോഗ് എത്ര നാളെടുത്താണ് പഠിച്ചത്?

ചിത്രീകരണം തുടങ്ങുന്നതിന് മുൻപേതന്നെ തിരക്കഥ വായിച്ച് സംഭാഷണങ്ങൾ മനഃപാഠമാക്കിയിരുന്നു. ഒഴിവുസമയങ്ങളിൽ അതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോഴും ഏത് ഉറക്കത്തിൽ ചോദിച്ചാലും ആ പ്രസംഗം ഞാൻ പറയും. ഇങ്ങനെ പഠിക്കാൻ എനിക്കിഷ്ടമാണ്. തിയേറ്ററിൽ ഈ രംഗം വന്നപ്പോൾ നല്ല ചിരി ഉണ്ടായിരുന്നു. പിന്നെ ചിതാഭസ്മത്തിന്റെ സീനും. ആ സീനിൽ യഥാർത്ഥത്തിൽ മൂക്കിൽ വലിച്ചത് ഗ്ലൂക്കോസ് പൊടിയായിരുന്നു.

ഗണപതിക്കും അമീനും ഒരുമിച്ചുള്ള പരസ്പരസഹകരണം എങ്ങനെയായിരുന്നു?

നല്ല പുതുമയുള്ള കോമ്പോ ആയിരുന്നു അത്. ജനങ്ങൾക്കത് നന്നായി ഇഷ്ടപ്പെട്ടു. ഗണപതി എത്രയോ വർഷമായി സിനിമയിലുള്ളയാളാണ്. കൂടാതെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചിദംബരത്തിന്റെ അടുത്ത ചിത്രമായ ബാലനിലും വർക്ക് ചെയ്തിട്ടുണ്ട്. ഗണപതിക്ക് ടെക്നിക്കൽ സൈഡ് നന്നായി അറിയാം. പ്രേക്ഷകരുടെ പൾസറിയുന്ന കലാകാരനാണ് അമീൻ. ഞങ്ങൾ മൂന്നുപേരും നന്നായിത്തന്നെ സഹകരിച്ചു. സിനിമയിലെ ഒരു തമാശപോലും മോശമായി വന്നിട്ടില്ല. കഥയും കഥാപാത്രങ്ങളും അണിയറപ്രവർത്തകരുമെല്ലാം ഒത്തുചേർന്ന് പ്രവർത്തിച്ചു. പിന്നെ സംവിധായകനായ വിജേഷ് പാണത്തൂർ നല്ല ഒരു നടൻകൂടിയാണ്.

മല്ലിക സുകുമാരൻ ചിത്രം കണ്ടിരുന്നോ?

തീർച്ചയായും. ഓൺലൈനിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കുറേ ചിരിച്ചു എന്നു പറഞ്ഞു. പിന്നെ ഇന്ദ്രേട്ടൻ (ഇന്ദ്രജിത് സുകുമാരൻ) സിനിമ കാണുന്നുണ്ട്. അവരും ഭയങ്കര ഹാപ്പിയാണ്. ഇങ്ങനത്തെ സിനിമകൾ വരണം. ഇത്തരം സിനിമകൾ വിജയിക്കുന്നത് ഇൻഡസ്ട്രിക്ക് ഒരുപാട് കഥകൾ എഴുതാനുള്ള വലിയൊരു പ്രചോദനമാണെന്നൊക്കെ പറഞ്ഞു. അത് വലിയ സന്തോഷമുള്ള കാര്യമാണ്. നമ്മളെപ്പോലുള്ള പയ്യന്മാര് വന്ന് ഒരു പടം ഇങ്ങനെ ഓടുകയാണെന്ന് പറയുന്നത് ചെറിയൊരു കാര്യമല്ല.

കുരുതി ഇറങ്ങിയപ്പോൾ സാഗറിനേയും നസ്ലിനേയും പൃഥ്വിരാജ് പ്രത്യേകം അഭിനന്ദിച്ചിരുന്നു...

‘കുരുതി’യിലെ ഞങ്ങൾ രണ്ടുപേരുടേയും പ്രകടനത്തെ ഒരുപാടുപേർ അഭിനന്ദിച്ചിരുന്നു. പക്ഷേ എനിക്ക് തുടർന്ന് നല്ല സിനിമകൾ അങ്ങനെ ലഭിച്ചില്ല. ചെറിയ വേഷങ്ങളാണ് പിന്നെ ചെയ്തതെല്ലാം. എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ കാര്യത്തിൽ രാജു ചേട്ടന്റെ കണക്കുകൂട്ടൽ തെറ്റിയോ എന്ന് തോന്നി. സർവൈവ് ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിൽ പങ്കെടുത്തത്. അതാണ് പണി എന്ന ചിത്രത്തിലേക്ക് അവസരം കിട്ടാനുള്ള കാരണം. പിന്നാലെ സ്റ്റേറ്റ് അവാർഡും കിട്ടി, പ്രകമ്പനം ഹിറ്റുമായി. ഇപ്പോൾ രാജു ചേട്ടൻ പറഞ്ഞത് ശരിക്കും ശരിയായി. കാരണം അവരെപ്പോലുള്ളവരുടെ വാക്കുകളാണ് നമുക്ക് ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള പ്രചോദനം. ഒന്നും കാണാതെ അവർ അങ്ങനെ പറയില്ലല്ലോ.

പുതിയ ചിത്രങ്ങൾ?

സജിൽ മങ്ങാട് സംവിധാനം ചെയ്യുന്ന ഡർബിയാണ് ഇനി വരാനുള്ളത്. അത്യാവശ്യം ഫൈറ്റും കാര്യങ്ങളുമൊക്കെയുണ്ട്. ഫൈറ്റ് ചെയ്യാൻ ഇഷ്ടമാണ്. ഇതുകൂടാതെ ഇപ്പോൾ കുറേ കഥകൾ വരുന്നുണ്ട്. ആളുകൾക്ക് ഇഷ്ടപ്പെടുന്നത് കൊടുക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. നല്ല തിരക്കഥകൾ തിരഞ്ഞെടുത്ത് ചെയ്യണം.