ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്കൊണ്ട് പ്രേക്ഷന്റെ ഉള്ളുതൊടുന്ന കൊച്ചു ചിത്രമാണ്, വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ സംവിധാനംചെയ്ത 'റിവോൾവർ റിങ്കോ'. കുട്ടിക്കൂട്ടം ഒരു സൂപ്പർഹീറോ ചിത്രം നിർമിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇവർക്കൊപ്പം സിനിമാ മോഹിയായ, വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രിയേഷ് എന്ന കഥാപാത്രവും ചേരുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ചിത്രത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് സംവിധായകൻ കിരൺ നാരായണൻ.

To advertise here,

എന്താണ് റിവോൾവർ റിങ്കോ?

ഇതൊരു സൂപ്പർ ഹീറോ സിനിമയല്ല, ചില സൂപ്പർ ഹീറോ എലമെന്റ്‌സ് ഉണ്ടെന്നുള്ളത് ശരിയാണ്. ഒരു സൂപ്പർ ഹീറോ സിനിമ പിടിക്കുന്നതിനെ പറ്റിയുള്ള കഥയാണ്. 10-12 വയസ്സുള്ള കുട്ടികളുടെ ആഗ്രഹത്തിന്റെ കൂടെ ഒരു മുതിർന്നയാളും സഞ്ചരിക്കുന്ന കഥയാണിത്. അതിനകത്ത് ചില സൂപ്പർ ഹീറോ എലമെന്റ്‌സ് വരുന്നുണ്ടെന്നേയുള്ളൂ, അല്ലാതെ സൂപ്പർ ഹീറോ ചിത്രം എന്ന് പൂർണ്ണമായി പറയാൻ പറ്റില്ല. അങ്ങനെ ഒരു ആഗ്രഹത്തിന് പുറകെ മുതിർന്ന ഒരാൾ പോകുമ്പോൾ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളാണ് സിനിമ പറയുന്നത്. അത് പ്രേക്ഷകർ സ്വീകരിച്ചു എന്നാണ് എന്റെ വിശ്വാസം. തിയേറ്ററിൽ കണ്ടവരിൽനിന്ന് വരുന്ന പ്രതികരണങ്ങളും അങ്ങനെതന്നെയാണ്.

‘റിവോൾവർ റിങ്കോ’ എന്നത് പണ്ട് മലയാളത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രകഥയുടെ പേരാണ്. 80-കളിലൊക്കെ ഒരുപാട് കോമിക്‌സുകൾ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. ഇന്നത്തെപ്പോലെ അന്ന് കുട്ടികൾക്ക് മറ്റ് വിനോദങ്ങൾ ഒന്നുമില്ല. പ്രധാനമായി ബാലരമ, പൂമ്പാറ്റ, മലർവാടി, ബാലമംഗളം, അമ്പിളി അമ്മാവൻ പോലുള്ള ചിത്രകഥാ പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് മെയിൻസ്ട്രീം കോമിക്‌സ് ആയിരുന്നു.

ഇതൊന്നുമല്ലാതെ രണ്ടാംനിരയിൽ ഒരുപാട് കോമിക്‌സുകൾ പുറത്തിറങ്ങിയിരുന്നു. വളരെ ചെറിയ സൗകര്യങ്ങളിൽ, ഒരു മുറിക്കകത്തുനിന്നൊക്കെ പിറവിയെടുത്തവ. വളരെ ചെറിയ സൗകര്യത്തിൽ പാലക്കാടുനിന്ന് കണ്ണാടി വിശ്വനാഥൻ എന്ന ചിത്രകഥാകാരൻ പുറത്തിറക്കിയ കോമിക്‌സുകളിൽ ഒന്നിന്റെ പേരാണ് ‘റിവോൾവർ റിങ്കോ’. അദ്ദേഹം തന്നെയാണ് സി.ഐ.ഡി. മൂസ, ഇരുമ്പുകൈ മായാവി തുടങ്ങിയ ചിത്രകഥകളും പുറത്തിറക്കിയത്. ഇങ്ങനെയുള്ള ചിത്രകഥകളിലായിരുന്നു നമ്മൾ പലപ്പോഴും കളിയാക്കാനായി ഉപയോഗിക്കാറുള്ള 'വെടിയുണ്ടയാണല്ലേ മാറി കളയാം', 'ഠേ ഠേ രണ്ടു വെടി പൊട്ടി', പോലുള്ള സംഭാഷണങ്ങൾ ഉണ്ടായിരുന്നത്. കണ്ണാടി വിശ്വനാഥന്റെ ചിത്രകഥകളിൽ ഒന്നിൽനിന്നാണ് ‘റിവോൾവർ റിങ്കോ’ ഉണ്ടാവുന്നത്.

പ്രചോദനം ഇൻഡ്യാന ജോൺസ്‌

ഇൻഡ്യാന ജോൺസ് പരമ്പരയിൽ 1981-ൽ പുറത്തിറങ്ങിയ ആദ്യത്തെ ചിത്രം, റൈഡേഴ്‌സ് ഓഫ് ദ ലോസറ്റ് ആർക്ക് ആണ് റിവോൾവർ റിങ്കോയുടെ പ്രചോദനം. അതൊരു ഗ്ലോബൽ ഹിറ്റ് ആയിരുന്നു. യുഎസിലെ മൂന്ന് കൗമാരപ്രായക്കാർ ചേർന്ന് ചിത്രത്തിന് ഒരു അഡാപ്‌റ്റേഷൻ ഒരുക്കി. ഏതാണ്ട് ഏഴു വർഷത്തോളമെടുത്തു അവർക്കത് പൂർത്തിയാക്കാൻ. അവർക്ക് സിനിമാ നിർമാണത്തിൽ യാതൊരു മുൻപരിചയവുമുണ്ടായിരുന്നില്ല. ലഭ്യമായ ക്യാമറയും മറ്റ് ഉപകരണങ്ങളുമെല്ലാം ചേർത്താണ് അവർ ആ സിനിമ പൂർത്തിയാക്കിയത്.

യഥാർഥ ചിത്രത്തിന്റെ സീൻ ബൈ- സീൻ അഡാപ്‌റ്റേഷൻ അവർ നിർമിച്ചു. വളരെക്കുറഞ്ഞ പ്രേക്ഷകർക്കു മുന്നിൽ ചിത്രം പ്രദർശിപ്പിച്ചു. 2000-ത്തിന് ശേഷം ചിത്രം പൂർണ്ണമായി പുറത്തുവരികയും അതിനൊരു കൾട്ട് ഫോളോയിങ് ഉണ്ടാവുകയും ചെയ്തു. ആ കൗമാരക്കാർ ഇങ്ങനെയൊരു അഡാപ്‌റ്റേഷൻ ചെയ്തതും ഓരോ സീനുകളും അതുപോലെ തന്നെ ചിത്രീകരിച്ചതും പ്രേക്ഷകർക്ക് കൗതുകമായി. അതിലെ നിഷ്‌കളങ്കതയും രസവുമാണ് ചിത്രത്തെ ഹിറ്റാക്കിയത്. അതുതന്നെയായിരുന്നു ‘റിവോൾവർ റിങ്കോ’യുടേയും പ്രചോദനം. കുറച്ച് കുട്ടികൾ ചേർന്ന് സൂപ്പർ ഹീറോ സിനിമ ചെയ്യാൻ ശ്രമിക്കുന്നു എന്ന കഥാതന്തു അങ്ങനെയാണ് ഉണ്ടായത്.

പ്രേക്ഷകർ സ്വീകരിച്ചു

കൂടുതലും മികച്ച അഭിപ്രായമാണ് ‘റിവോൾവർ റിങ്കോ’യ്ക്ക് ലഭിക്കുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. ചിത്രത്തിന്റെ അവസാനഭാഗം കണ്ട് പലരും കണ്ണീരണിഞ്ഞു എന്ന് വിളിച്ചറിയിക്കുന്നുണ്ട്. ക്ലൈമാക്‌സ് എഴുതുമ്പോഴോ ചിത്രീകരിക്കുമ്പോഴോ ഇത്രയും വൈകാരിക പ്രതികരണമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പ്രേക്ഷകർക്ക് അത്രയേറെ ആ ഭാഗങ്ങൾ സ്വീകാര്യമായി എന്നറിയുന്നത് ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

കോഴിക്കോടൻ പശ്ചാത്തലം

പശ്ചാത്തലമായി കോഴിക്കോട് തിരഞ്ഞെടുത്തത് സ്വാഭാവികമായിരുന്നു. നായകൻ ആൽബം- ഹോം സിനിമ പശ്ചാത്തലത്തിൽനിന്ന് വരുന്ന വ്യക്തിയാണ്.

2000-ത്തിന് ശേഷം 2010 വരെ ആൽബങ്ങളും ഹോം സിനിമയുമൊക്കെ പിറന്നിരുന്നത് മലബാർ കേന്ദ്രീകരിച്ചാണ്. അവിടെ ഹോം സിനിമകളുടേയും ആൽബങ്ങളുടേയും ഒരു സമാന്തരലോകം തന്നെയുണ്ടായിരുന്നു. മലബാറിന് പുറത്ത് പലർക്കും ഇത് അറിയില്ലായിരുന്നു. അന്നൊക്കെ ഒരു സാധാരണ സി.ഡി. കടയിൽപോയാൽ, സിനിമയുടേതിനേക്കാൾ ആൽബങ്ങളുടെ പോസ്റ്ററുകളാണ് കാണാൻ കഴിഞ്ഞിരുന്നത്. അത് അവിടുത്തെ പൊതുസ്വഭാവമായിരുന്നു. നായകന്റെ പശ്ചാത്തലവുമായി കോഴിക്കോടിനാണ് പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയുക. അതാണ് കോഴിക്കോട് കേന്ദ്രീകരിച്ച് കഥപറഞ്ഞത്.

കഥാപാത്രങ്ങളിലേക്ക്‌

ചിത്രത്തിന്റെ ആലോചനാ സമയത്തേ മനസിലുണ്ടായിരുന്ന ഒരു താരം ശ്രീപഥ് ആയിരുന്നു. ശ്രീപഥിന്റേതായിരുന്നു ആദ്യത്തെ കാസ്റ്റിങ്. അതിനുശേഷമാണ് മറ്റ് താരങ്ങളിലേക്ക് എത്തുന്നത്. കുട്ടികളുടെ കൂടെ കെമിസ്ട്രി വർക്ക് ഔട്ട് ആവുന്ന നടനെയായിരുന്നു നായകനായി വേണ്ടിയിരുന്നത്. അങ്ങനെ അന്വേഷിച്ചപ്പോഴാണ് വിഷ്ണു ഉണ്ണികൃഷ്ണനിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ അമ്മാവനായിട്ടാണ് ലാലു അലക്‌സിനെ കാസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റേത് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമാണ്. അത്തരം കഥാപാത്രങ്ങൾ അദ്ദേഹം മുമ്പ് മനോഹരമായി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ ആ വേഷത്തിനായി തിരഞ്ഞെടുക്കുക എന്നതും എളുപ്പമായിരുന്നു.

വിഷ്ണുവിന്റെ കോഴിക്കോടൻ സ്ലാങ്

സിനിമകളിൽ പലപ്പോഴും ഉപയോഗിക്കുന്ന ലൗഡ് ആയിട്ടുള്ള കോഴിക്കോടൻ ഭാഷ സാധാരണക്കാർ പറയുന്നതല്ല. പല സിനിമകളിലും ഉപയോഗിക്കുന്ന ഭാഷയ്ക്ക് നാട്ടുകാർ സംസാരിക്കുന്നതുമായി യാതൊരു സാമ്യവുമില്ലാത്താണ്.

വളരേ ലൈറ്റ് ആയിട്ടുള്ള കോഴിക്കോടൻ ഭാഷാഭേദം ഉപയോഗിക്കാമെന്നായിരുന്നു ഞാൻ വിഷ്ണുവിനോട് പറഞ്ഞിരുന്നത്. വിഷ്ണുവിന് ഒരുപാട് കോഴിക്കോടൻ സുഹൃത്തുക്കളുണ്ട്. അവരുടെയൊക്കെ ഭാഷ വിഷ്ണു ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്റെ വീട് കോഴിക്കോട്- മലപ്പുറം ബോർഡറിലാണ്. എനിക്കും പരിചയമുള്ള ഭാഷയായതിനാൽ പറഞ്ഞുകൊടുക്കാനും എളുപ്പമായിരുന്നു.

വലിയ ചിത്രങ്ങൾക്കിടയിലെ റിങ്കോ

ലൈറ്റ്- ഹാർട്ടഡായ, ഫീൽ ഗുഡ് ചിത്രമാണ് റിവോൾവർ റിങ്കോ. വലിയ ചിത്രങ്ങൾക്കൊപ്പമായിരുന്നു ‘റിവോൾവർ റിങ്കോ’യുടെ റിലീസ്. പ്രേക്ഷകർക്ക് എപ്പോഴും വലിയ സിനിമകൾ മാത്രം പോരല്ലോ? മറ്റ് ടെൻഷനുകളൊന്നുമില്ലാതെ, ശാന്തമായി കണ്ടിരിക്കാൻ കഴിയുന്ന ചിത്രങ്ങളും വേണ്ടേ?. ആ വിശ്വാസത്തിലാണ് ഒരു ഫീൽ ഗുഡ് സിനിമയുമായി ഞങ്ങൾ പ്രേക്ഷകരെ സമീപിച്ചത്.

അവയെല്ലാം അനുഭവങ്ങൾ

ചിത്രത്തിൽ പറയുന്ന പല കാര്യങ്ങളും നേരിട്ട് കണ്ടതും വ്യക്തിപരമായി അനുഭവിച്ചതുമാണ്. അതൊന്നും ഒട്ടും അന്യമായിരുന്നില്ല. ചിത്രത്തിൽ പറയുന്ന അനുഭവങ്ങളെല്ലാം, അറിയാവുന്ന പലരുടെയും, ചിലതൊക്കെ നമ്മളുടേയും തന്നെയാണ്. അത് എഴുതുന്നതും ഫലിപ്പിക്കുന്നതും ചിത്രീകരിക്കുന്നതും എളുപ്പമായിരുന്നു.

വെല്ലുവിളികൾ

‘റിവോൾവർ റിങ്കോ’യുടെ ഏറ്റവും വലിയ വെല്ലുവിളി, കുട്ടികളെ വെച്ച് ഒരു സിനിമ ചെയ്ത് തീർക്കുക എന്നതുതന്നെയായിരുന്നു. ചെറിയ കുട്ടികളാണ്. അവരെപ്പോഴും നമ്മൾ മനസിൽ കാണുന്നതുപോലെയോ, പറഞ്ഞു കൊടുക്കുന്ന വിധത്തിലോ ചെയ്തുകൊള്ളണമെന്നില്ല. നമ്മൾ വളരെ ക്ഷമയോടെ കുട്ടികളെ അതിന്റെ ഭാഗമാക്കി, അവരെക്കൊണ്ട് അഭിനയിപ്പിക്കുക എന്നുള്ളതായിരുന്നു ശ്രമകരം. അതൊരു വലിയ വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് നാലു കുട്ടികൾ ഒരുമിച്ച് വരുമ്പോൾ. അവർ പലപ്പോഴും കളിചിരിയിലൊക്കെയായിരിക്കും. ആക്ഷൻ പറഞ്ഞാലും അവർക്ക് അതിന്റേതായ ഗൗരവമോ ഒരുപാട് പണം മുടക്കിയാണ് നമ്മൾ നിൽക്കുന്നത് എന്ന ചിന്തയോ ഉണ്ടാവില്ല. നമ്മൾ അതൊന്നും മനസിൽ വെക്കാതെ അവരെ പരമാവധി കംഫർട്ട് ആക്കി അഭിനയിപ്പിച്ചെടുക്കണം. അതൊരു വലിയ വെല്ലുവിളിയായിരുന്നു. ഒരു പരിധി വരെ അതിൽ വിജയിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

മുതിർന്ന താരങ്ങൾക്കൊപ്പം

മുതിർന്ന താരങ്ങളുടെ കൂടെ പ്രവർത്തിക്കാൻ പറ്റുക എന്നത് വലിയ ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവമാണത്. ഒരുപാടുകാലത്തെ അനുഭവപരിചയമുള്ളവരാണ് ഈ അഭിനേതാക്കൾ. ഞാൻ ജനിക്കുന്നതിന് മുമ്പേ സിനിമയെ അറിയുന്നവരാണ്. ഇതിനുമുമ്പ് നെടുമുടി വേണു ചേട്ടൻ, മാമുക്കോയ തുടങ്ങിയ മുതിർന്ന അഭിനേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്നു. അവർ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തും.

നമ്മൾ ഒരു കഥാപാത്രത്തെ മനസിൽ എങ്ങനെ കണ്ടോ, അതിനും മുകളിലുള്ള പ്രകടനമാവും അവർ തിരികെ നൽകുക. അവരുടെ നിർദേശങ്ങൾ, മുൻ അനുഭവങ്ങൾ, അവർ ചെയ്യുന്ന ചെറിയ സഹായങ്ങൾ എല്ലാം വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഇനിയും അങ്ങനെ മുതിർന്ന താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ പറ്റും എന്നാണ് എന്റെ വിശ്വാസം. ഇതുവരെ കൂടെ പ്രവർത്തിച്ച എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്.

ടീം റിവോൾവർ റിങ്കോ

ചിത്രത്തിന്റെ അണിയറിൽ പ്രവർത്തിച്ചവരെല്ലാം എന്നെക്കാൾ അനുഭവസമ്പത്തുള്ളവരാണ്. അതെനിക്ക് ഒരുപാട് ഗുണം ചെയ്തു. ഞാൻ പതറിപ്പോകുന്നു, എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുവരുന്നു, സങ്കേതികമായ പ്രശ്‌നങ്ങൾ വരുന്നു എന്നുവരുമ്പോഴെല്ലാം അവർ കൂടെ നിന്നിട്ടുണ്ട്. എന്റെ ഭാഗത്തുള്ള പോരായ്മകളെ ഇല്ലാതാക്കി, ചിത്രം കൂടുതൽ നന്നാക്കാൻ വേണ്ട സഹായങ്ങൾ എപ്പോഴും ചെയ്തിട്ടുണ്ട്. അവരുടെ കൂടെ പ്രവർത്തിക്കാൻ പറ്റിയത് എന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്.

വിമർശനങ്ങൾ

ചിത്രത്തെ കുറിച്ചുള്ള വിമർശനങ്ങളാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. എല്ലാ അഭിപ്രായവും കേൾക്കണമല്ലോ. നല്ല അഭിപ്രായങ്ങൾ മാത്രം നോക്കിയിട്ട് കാര്യമില്ല. വിമർശനങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഞാൻ അത് മനസിൽ വെച്ചിട്ടുണ്ട്. അടുത്ത സിനിമ ചെയ്യുമ്പോൾ അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.

സിനിമയിലേക്കുള്ള വഴി

അണ്ണാ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഇന്ത്യയിൽ തന്നെ മികച്ച എൻജിനിയറിങ് കോളേജുകളിൽ ഒന്നായ, ചെന്നൈയിലെ കോളേജ് ഓഫ് എൻജിനിയറിങ് ഗണ്ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ് പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് തിരിയുന്നത്. ആദ്യം തമിഴിൽ എ.എൽ. വിജയ്‌യുടെ മദ്രാസിപട്ടണം എന്ന ചിത്രത്തിൽ കുറഞ്ഞ കാലമുണ്ടായിരുന്നു. സംവിധാന സഹായി എന്ന നിലയിലല്ല, അദ്ദേഹത്തിന്റെ അനുമതി വാങ്ങി എന്നും ലൊക്കേഷനിൽ പോവും. സംവിധാനം പഠിക്കണമെന്ന ആഗ്രഹത്തിന് പുറത്താണ് അങ്ങനെ ചെയ്തത്. അതുകഴിഞ്ഞ ജയരാജ് സാറിന്റെ രണ്ട് ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഏതാനും സുഹൃത്തുക്കളുടെ ചിത്രങ്ങളിലും പ്രവർത്തിച്ചു.

പിന്നീടാണ് സ്വതന്ത്രസംവിധാനത്തിലേക്ക് തിരിയുന്നത്. ആ യാത്ര നീണ്ടതായിരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല. ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മറ്റ് പരിചയങ്ങളില്ലാത്ത, പുതിയൊരാൾക്ക് സിനിമയിൽ നിൽക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. ഒരു അഭിനേതാവിന്റെ ഡേറ്റ് കിട്ടാനൊക്കെ കഷ്ടപ്പെടേണ്ടി വരും. ഒരുപാട് തവണ പറ്റിക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ ഒരിക്കലും ആ യാത്ര എളുപ്പമായിരുന്നില്ല. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ ഒരു രസമുണ്ട്.

‘റിവോൾവർ റിങ്കോ’ വരെ എത്തി നിൽക്കുമ്പോൾ ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. എന്നാലും ആ യാത്രയ്ക്ക് എവിടെയൊക്കെയോ ഒരു രസമുണ്ട്, ചെറുതായി ഒരു ഭംഗിയൊക്കെയുണ്ട്. ‘റിവോൾവർ റിങ്കോ’ വരെ എത്താൻ സാധിച്ചു, ഇത്രയും പടങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നുള്ളതിൽ അഭിമാനിക്കുന്നു.

റിങ്കോയ്ക്കുശേഷം

‘റിവോൾവർ റിങ്കോ’ ചെയ്യുന്നതിന് മുമ്പും മനസ്സിൽ ഒരുപാട് പ്രൊജക്റ്റുകളുണ്ട്. ചിലതൊക്കെ സ്‌ക്രിപ്റ്റ് പൂർത്തിയാക്കി, ചിലത് പലതവണ ചർച്ചകൾ കഴിഞ്ഞു. നമ്മളെപ്പോലെ താരതമ്യേന പുതിയ ഒരാൾക്ക് താരങ്ങളുടെ ഡേറ്റ് കിട്ടുക എന്നുള്ളത് എപ്പോഴും വെല്ലുവിളിയാണ്. അടുത്ത തവണ കുറച്ചുകൂടി നല്ല ഒരു ചിത്രവുമായി വരാൻ കഴിയുമെന്നാണ് വിശ്വാസം.