ഇന്ത്യൻ സിനിമയ്ക്ക് വലിയ സംഭാവനകൾചെയ്ത എ.ആർ. റഹ്‌മാന്റെ ലഗസിയെ താറടിച്ചുകാണിച്ചത് എന്നെ ഞെട്ടിച്ചു. വന്ദേമാതരവും മറ്റും ഒരുക്കിയ റഹ്‌മാനെ എത്ര പെട്ടെന്നാണ് രാജ്യവിരുദ്ധനായി ചിത്രീകരിച്ചത്.

റഹ്‌മാൻ വിവാദം, ഐ.എഫ്.എഫ്.കെ.യിൽ ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചത്, മാറുന്ന കാലം... ഓസ്കർ ജേതാവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ റസൂൽ പൂക്കുട്ടി മാതൃഭൂമിയോട് സംസാരിക്കുന്നു...
സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് എ.ആർ. റഹ്‌മാൻ പറഞ്ഞത് വലിയ വിവാദമായല്ലോ. സിനിമാലോകം രണ്ടുപക്ഷമായി തിരിഞ്ഞ് സംസാരിച്ചതിനെക്കുറിച്ച്...
ഇന്ത്യൻ സിനിമയ്ക്ക് വലിയ സംഭാവനകൾചെയ്ത എ.ആർ. റഹ്‌മാന്റെ ലഗസിയെ താറടിച്ചുകാണിച്ചത് എന്നെ ഞെട്ടിച്ചു. വന്ദേമാതരവും മറ്റും ഒരുക്കിയ റഹ്‌മാനെ എത്ര പെട്ടെന്നാണ് രാജ്യവിരുദ്ധനായി ചിത്രീകരിച്ചത്.
റഹ്‌മാന്റെ പരാമർശമല്ല അതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണ് എന്നെ അമ്പരപ്പിച്ചത്. കുറച്ച് വർഷമായി സിനിമയിൽ തനിക്ക് അവസരങ്ങൾ വരാത്തതിനെക്കുറിച്ച് പറഞ്ഞുകേട്ട കാര്യങ്ങൾ എന്ന നിലയിലാണ് റഹ്‌മാൻ സംസാരിച്ചത്. ഒരുപക്ഷേ, വർഗീയ കാരണങ്ങളാൽ ആകാം എന്ന് ഉദാസീനമായി അഭിപ്രായവും പറഞ്ഞു. അപ്പോഴേക്കും വിവാദങ്ങൾ വന്നു. ഒരു കലാകാരന് സംസാരിക്കാൻ ആവാത്ത സ്ഥിതിയാണോ രാജ്യത്തുള്ളത് എന്നു തോന്നി.
ഐ.എഫ്.എഫ്.കെ.യിൽ ചില സിനിമകൾ ഒഴിവാക്കിയല്ലോ. അതേക്കുറിച്ച് താങ്കൾക്ക് എതിരേയും കടുത്ത ആരോപണങ്ങൾ വന്നു.
ഐ.എഫ്.എഫ്.കെ.യിൽ ചില ചിത്രങ്ങൾ ഒഴിവാക്കിയപ്പോൾ കടുത്ത ഇടതുപക്ഷക്കാർ എനിക്കെതിരേ നടത്തിയ ആരോപണങ്ങളെല്ലാം പൂർണമായും തെറ്റാണ്. ആ വർഷത്തെ ചലച്ചിത്ര അക്കാദമിയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചശേഷമാണ് ഞാൻ ചെയർമാനായി എത്തുന്നത്. മുൻകൂട്ടി പറഞ്ഞ ജോലികൾ ഉണ്ടെന്ന് ഞാൻ സാംസ്കാരിക മന്ത്രിയോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല എന്ന് അദ്ദേഹവും പറഞ്ഞു. 184 ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആവില്ല എന്ന് കേന്ദ്രസർക്കാർ പറയുന്ന സമയത്താണ് ഞാനിവിടെ എത്തുന്നത്. പിന്നെ പലരെയും വിളിച്ചു. പലതലത്തിൽ ആളുകളോട് ബന്ധപ്പെട്ടു. എല്ലാ ജോലിയും മാറ്റിവെച്ച് ഡൽഹിയിൽപ്പോയി സംസാരിച്ചു. മേളയിൽ പങ്കെടുക്കാൻവരുന്ന കുറെ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ല. ലണ്ടനിൽ ഇരുന്നും ഒരുപാട് ആളുകളോട് ഞാൻ സംസാരിച്ചിരുന്നു. ശശി തരൂർ, ജയ്‌ശങ്കർ എന്നിവരെല്ലാം എല്ലാം ശരിയാകാൻ ഒരുപാട് സഹായിച്ചു. തുടർന്ന് ചിത്രങ്ങളുടെ എണ്ണം 13-ൽ എത്തി. ഒടുവിൽ ആറ് സിനിമകളിൽ അത് എത്തി.
മറ്റൊരു കാര്യമുണ്ട്. ഒരുഘട്ടം കഴിഞ്ഞപ്പോൾ സർക്കാർതരുന്ന ഒരു നിർദേശമായി അത് മാറി. അത് ലംഘിച്ചാൽ എന്നെ അറസ്റ്റുചെയ്യാം. അക്കാദമിയുടെ ആളുകളെ അറസ്റ്റുചെയ്യാം. ഈ കാര്യങ്ങൾ ആദ്യമായാണ് ഞാൻ പറയുന്നത്. ചിത്രങ്ങൾക്ക് അനുമതി കിട്ടാത്തത് ഉദ്യോഗസ്ഥതലത്തിലുള്ള ഒരു ഇടപെടൽകൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. കേന്ദ്ര നിർദേശങ്ങൾ പ്രകാരം നീങ്ങണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. സിനിമകൾ പ്രദർശിപ്പിക്കാമെന്ന് മന്ത്രിയും പറഞ്ഞു. ഞാൻ എന്തുചെയ്യും? ഇനി 31-മത് ഐ.എഫ്.എഫ്.കെ.യും തിരുവനന്തപുരത്ത് നടക്കേണ്ടതുണ്ട്. എല്ലാം ആലോചിച്ചാണ് ഞാൻ ആ തീരുമാനമെടുത്തത്. ദേശീയത പറഞ്ഞാൽ, നമ്മുടെ രാജ്യത്തിനോടു കൂറ് കാണിച്ചാൽ ഞാൻ സംഘിയാകുന്നത് എങ്ങനെ?
സ്വന്തം നാടിനെക്കുറിച്ച് പറയുമ്പോൾ ജാതിമതഭേദങ്ങൾ ഇല്ലാതെ വളർന്ന കാലത്തെക്കുറിച്ചു താങ്കൾ പറയാറുണ്ട്
വിളക്കുപാറ എന്ന എന്റെ ഗ്രാമത്തിലെ ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണം ജാതിമതഭേദമില്ലാതെ ഒന്നിച്ചുചേർന്നാണ് നടത്തിയത്. പുനരുദ്ധാരണക്കമ്മിറ്റിയുടെ ചെയർമാൻ എന്റെ ബാപ്പയായിരുന്നു. ഇന്നും അനൗൺസ് ചെയ്യുന്നത് ഒരു ജോൺ അച്ചായനാണ്. എന്റെ അരങ്ങേറ്റം അവിടെയായിരുന്നു. ഒരുപാട് മണ്ഡലകാലങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അവിടെ കൂടി പായസം കഴിച്ചിട്ടുണ്ട്. എത്രയോ ശിവരാത്രികൾ ഞാൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്.
പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഒരു ശിവരാത്രിക്കാണ് എനിക്ക് ഓസ്കർ അവാർഡും ലഭിച്ചത്. ആഴിമല ശിവക്ഷേത്രത്തിൽ ഈയടുത്ത് ഒരു അവാർഡ് നൽകാനായി എന്നെ ക്ഷണിച്ചു. അത് വാങ്ങി സംസാരിക്കുമ്പോൾ എന്റെ തൊണ്ടയിടറി. പഴയകാലങ്ങൾ എനിക്ക് ഓർമ്മവന്നു. 30 വർഷം മുൻപ് ഞാൻ ജനിച്ചുവളർന്ന ആ ഇന്ത്യയും കേരളവും അല്ല ഇന്ന്.
Content Highlights: Oscar winner Resul Pookutty speaks to Mathrubhumi about the AR Rahman controversy, IFFK film rejections, and the evolving cultural landscape in India.
Published: 24 Jan 2026, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented