“ബാഹുൽ എപ്പോഴും പറയും നമ്മൾ ഒരു പടം ചെയ്തിട്ട്, സിനിമകണ്ട് പ്രേക്ഷകർക്ക് വീട്ടിൽപ്പോയി ഒന്നുകൂടി ചിന്തിക്കാൻ പറ്റിക്കഴിഞ്ഞാൽ ഗംഭീരമായിരിക്കുമെന്ന്. ഇത്തരം ചർച്ചകൾ നടക്കുമെന്ന് അദ്ദേഹത്തിന് നേരത്തേ ഉറപ്പുണ്ടായിരുന്നു.”

തിയേറ്ററിൽ നേടിയ വിജയം ഒടിടിയിലും ആവർത്തിക്കുകയാണ് ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. ചിത്രത്തിൽ സോമൻ എന്ന പോലീസ് വേഷത്തിലെത്തിയത് യുവനടൻ രഞ്ജിത് ശേഖറാണ്. ചിത്രത്തിനൊപ്പം ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് അദ്ദേഹം. ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ് ചിത്രം പൂർത്തിയാക്കിയതെന്ന് രഞ്ജിത് പറയുന്നു. എക്കോയെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും രഞ്ജിത് ശേഖർ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
തിരക്കഥാകൃത്ത് ബാഹുൽ രമേശുമായി എങ്ങനെയാണ് പരിചയം?
കേരളാ ക്രൈം ഫയൽസിന്റെ ആദ്യ സീസണിന്റെ തിരക്കഥ കേൾക്കാൻ പോയപ്പോഴാണ് തിരക്കഥാകൃത്തായ ബാഹുൽ രമേശിനെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് വളരെ സാധാരണരീതിയിൽ പരിചയപ്പെട്ടു. നിങ്ങളെ എനിക്കറിയാം, നിങ്ങളുടെ പ്രൊഫൈൽ ആസിഫ് അലി അയച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. തലവനിൽ അഭിനയിച്ചപ്പോഴുള്ള പരിചയം ഉണ്ട്. പക്ഷേ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ഒന്നും ചെയ്യുന്നില്ല. ചിലപ്പോൾ എന്നെ ആയിരിക്കില്ല എന്ന് ഞാൻ പറഞ്ഞു. അല്ല എന്ന് പറഞ്ഞിട്ട് പുള്ളി ഇൻസ്റ്റാഗ്രാം എടുത്ത് കാണിച്ചു തന്നു. എന്റെ പ്രൊഫൈൽ തന്നെയാണ് ആസിഫ് അയച്ചിരിക്കുന്നത്. ഗുഡ് ആക്ടർ എനി ഓപ്ഷൻസ് എന്നാണ് ആ മെസേജിൽ പറഞ്ഞിരുന്നത്. അത് എനിക്ക് ഭയങ്കര സർപ്രൈസ് ആയിരുന്നു.
എക്കോയിലേക്ക് എത്തിയത് എങ്ങനെയാണ്?
കേരളാ ക്രൈം ഫയൽസ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഞാനും ബാഹുലും നല്ല സൗഹൃദത്തിലായി. അതിനുശേഷം എക്കോ തുടങ്ങിയെന്ന് ഞാൻ അറിഞ്ഞിരുന്നു. ചാൻസ് ചോദിച്ചാൽ മോശമാവും എന്നുകരുതി നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കേ ബാഹുൽ തന്നെ ഇങ്ങോട്ട് ചോദിച്ചു ഏപ്രിൽ മെയ് മാസങ്ങളിൽ നിങ്ങളുടെ പരിപാടി എന്താ എന്ന്. ഒരു പരിപാടിയും ഇല്ല. അങ്ങനെയാണെങ്കിൽ ഇങ്ങനെ ഒരു പരിപാടി ഉണ്ട് എന്നും നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ എന്നും ചോദിച്ചു. ഞാൻ റെഡിയാണ് എന്നും മറുപടി പറഞ്ഞു.
തിരക്കഥ വായിക്കാൻ തന്നിരുന്നോ?
തിരക്കഥ വായിക്കാൻ കിട്ടി എന്നതൊരു ഭാഗ്യമാണ്. ഒരു നടൻ എന്നതിലുപരി ഒരു ടെക്നീഷ്യൻ ആയി ബാഹുൽ എന്നെ കണ്ടു. പുള്ളിയുടെ കൂടെ തിരക്കഥ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതൊക്കെ എന്നെ എന്നെ ഭയങ്കരമായി സഹായിച്ചു. നമ്മൾ കണ്ട സിനിമ മൊത്തം അതിനകത്തുണ്ട്. മുള വലിച്ചെറിയുന്നതും കല്ലെറിയുന്നതും വരെയുള്ള പുള്ളി എഴുതി വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിൽ മുഴുവൻ സിനിമയാണ് നമുക്ക് കാണാൻ പറ്റുന്നത് പക്ഷേ ഇതിന്റെ ഫൈനൽ പ്രോഡക്റ്റ് എങ്ങനെയായിരിക്കും എന്നുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ക്ലൈമാക്സ് എന്താണെന്ന് തുറന്നുകാണിക്കാത്തതായിരിക്കും ബോൾഡായ തീരുമാനമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇങ്ങനെയൊരു പടം ആളുകൾ സ്വീകരിക്കുമോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പിന്നീടാലോചിച്ചപ്പോഴാണ് നമ്മുടെ പ്രേക്ഷകർ എത്രമാത്രം പുരോഗതി കൈവരിച്ചെന്ന് എനിക്ക് മനസിലായത്.
സോമൻ എന്ന കഥാപാത്രത്തെക്കുറിച്ച് ബാഹുൽ തന്ന ചിത്രം എത്തരത്തിലുള്ളതാണ്?
പ്രത്യേകിച്ച് ഒരു റഫറൻസും നോക്കേണ്ടെന്ന് ബാഹുൽ പറഞ്ഞിരുന്നു. ഒരു ലോറിക്കാരനും ലോറി ക്ലീനറും ഉണ്ട്, പഴയ ലോറി ആണ് എന്നാണ് പറഞ്ഞത്. പക്ഷേ എന്റെ മനസ്സിലേക്ക് ഓടി വന്നത് മഹായാനം എന്ന ചിത്രമാണ്. എനിക്ക് ഭയങ്കരമായി മനസ്സിൽത്തട്ടിയ ഒരു കഥയാണത്. പക്ഷേ ഇക്കാര്യം ഞാൻ പുള്ളിയോട് പറഞ്ഞില്ല, അത് എന്റെ മനസ്സിൽ കിടപ്പുണ്ട്. അത് ആയിരിക്കും ചിലപ്പോൾ ബാഹുലിന്റെ റഫറൻസും. എന്നെ പാമ്പ് കടിക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ. തിരക്കഥയിൽ അത് പാമ്പ് കടിക്കുന്നു എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ. അതുകഴിഞ്ഞ് അവിടെ എന്ത് ചെയ്യണം എന്നുള്ളത് എഴുതിയിട്ടുമില്ലായിരുന്നു. സോമൻ എന്ന കഥാപാത്രത്തിനപ്പുറം മുഴുവൻ സിനിമയാണ് ബാഹുൽ എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ സുകുമാരനും സോമനും മാത്രമേ നല്ല ആൾക്കാരുള്ളൂ എന്നാണ് തോന്നുന്നത്. ബാക്കി എല്ലാവരും നെഗറ്റീവ് ഷെയ്ഡുള്ള ആളുകളാണ്.
ഇത്രയും റിസ്കുള്ള സ്ഥലത്ത് സംഘട്ടനരംഗം എങ്ങനെയാണ് ചിത്രീകരിച്ചത്?
വാഗമൺ ഭാഗത്ത് ഉളുപ്പുണി എന്ന് പറയുന്ന സ്ഥലം ഉണ്ട്. പിന്നെ ഫൈറ്റ്സ് തന്നെ മൂന്നോ മൂന്നോ നാലോ സ്ഥലങ്ങളിലാണ് എടുത്തിരിക്കുന്നത്. ഉളുപ്പുണി, വാഗമൺ ഹൈറ്റ്സ് പോലെ പല സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. എനിക്ക് സന്ദീപുമൊത്തായിരുന്നു ഫൈറ്റ്. സെറ്റിൽച്ചെന്ന് വെള്ളം കുടിക്കേണ്ട എന്നുവിചാരിച്ച് കുറച്ച് തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. ഫൈറ്റ് ഭയങ്കര പ്രശ്നമാണ്. കാരണം ഇത് ഷൂട്ട് ചെയ്യുന്ന സമയങ്ങളിൽ മഴ പെയ്യും. അത് കഴിയുമ്പോൾ കോടമഞ്ഞ് വരും. ഒരു ഷോട്ട് എടുത്തിട്ട് കാത്തിരിക്കണം നമ്മൾ. എന്റെ ഫൈറ്റ് സീനെടുത്തത് ഒറ്റദിവസമാണ്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ. കാരണം കാടായതുകൊണ്ട് അഞ്ചുമണി കഴിഞ്ഞാൽ ലൈറ്റ് പോകും. ബിനു പപ്പു ചേട്ടനുള്ള ഫൈറ്റ് ഷൂട്ട് ചെയ്യാൻ രണ്ടര, മൂന്ന് ദിവസം എടുത്തു. ഒരു ദിവസം ബിനു ചേട്ടന് തീരെ വയ്യായിരുന്നു. എന്നിട്ടും പുള്ളി ഫൈറ്റ് ചെയ്തു.
നിങ്ങൾ മൂന്നുപേരും മലയിൽനിന്ന് തൂങ്ങിയിറങ്ങുന്ന സീൻ എങ്ങനെ ഷൂട്ട് ചെയ്തു?
അത് രണ്ട് ക്യാമറ ഉണ്ടായിരുന്നു. ആദ്യം ഒരു കയർ ഇട്ടശേഷം രണ്ടുപേർ ക്യാമറ തൂക്കി താഴേക്കിറങ്ങി. ഒരു ടീം പ്ലാറ്റ്ഫോം പോലുള്ള ഒരു കല്ലിന് മുകളിലായിരുന്നു നിന്നത്. രണ്ടാമത്തെ ടീം താഴെയും. ചിത്രീകരണത്തിനിടയിൽ ഞാൻ വീണു. ഒരു സ്ലോപ്പിലാണ് ഇറങ്ങേണ്ടത്. സീനിൽ ഞാൻ ഇറങ്ങിത്തുടങ്ങുന്നത് ഒരു കല്ലിന്റെ മുകളിൽനിന്നാണ്. എനിക്ക് ഒരിടത്തും പിടിക്കാൻ പറ്റിയില്ല. ഷോട്ട് എടുക്കുകയായിരുന്നതുകൊണ്ട് ഇറങ്ങാൻ പറ്റുന്നില്ലെന്ന് പറയാനും പറ്റുന്നില്ല. അങ്ങനെ ചാടിയപ്പോൾ വീണു. കാല് പാറയിൽ നന്നായി ഇടിച്ചു. സ്റ്റിച്ച് ഇടേണ്ടി വന്നില്ലെങ്കിലും നല്ല മുറിവായിരുന്നു. പിന്നെ അതുപോലൊരു സ്ഥലത്ത് അപകടമുണ്ടാവുമെന്ന് നേരത്തേ അറിയാം. അട്ടയും ചെളിയും വീഴ്ചയുമെല്ലാം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നു.
സംവിധായകൻ ദിൻജിത്തും ബാഹുൽ രമേശും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച്..
തിരക്കഥയിൽ എഴുതിവെച്ചത് അതിന്റെ തീവ്രത ചോരാതെ എങ്ങനെ എടുക്കും എന്നതാണ് പ്രധാന വെല്ലുവിളി. അതെല്ലാം മറികടന്ന് നന്നായിത്തന്നെ ദിൻജിത്തേട്ടൻ ചിത്രമെടുത്തു. എക്കോയുടെ എല്ലാ മേഖലയിലും രണ്ടുപേരും ഉണ്ടായിരുന്നു. ദിൻജിത്തേട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ആളുകളുടെ പ്രകടനത്തിലായിരുന്നെങ്കിൽ ബാഹുൽ ക്യാമറയ്ക്ക് പിന്നിലായിരുന്നു. ഡയലോഗ് തെറ്റിയാൽ ബാഹുൽ അത് കൃത്യമായി പറയും. പുള്ളി പറയുന്ന ഡയലോഗ് അങ്ങനെ തന്നെ പറയണം. അത് വേറൊന്നും കൊണ്ടല്ല. എന്തെങ്കിലും തെറ്റിയാൽ വേറെ സീനിലേക്കുള്ള കണക്ഷൻ ആയിരിക്കും പോകുന്നത്.
സന്ദീപ് എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?
ഇപ്പോഴത്തെ തലമുറ അഭിനേതാക്കളിൽ ഇത്രയും ടാലെന്റഡ് ആയിട്ടുള്ള വേറൊരാളില്ല. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നന്നായി സഹകരിച്ചു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എന്നെ പാമ്പ് കടിക്കുന്ന സീക്വൻസ്. പുള്ളി എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ളത് ഞാൻ നോക്കി ഇരിപ്പുണ്ടായിരുന്നു. തിരക്കഥ നമ്മൾ വായിച്ചതാണല്ലോ. ഒരു തുപ്പലൊക്കെ ഇങ്ങനെ തെറിക്കുന്നുണ്ട്. ഒരു ഭയങ്കരമായിട്ട് പാമ്പിന്റെ ഫീൽ തന്നെ പുള്ളി കൊടുക്കുന്നുണ്ട് അതിനകത്ത്. അതൊക്കെ പുള്ളി ഒറ്റ ടേക്കിൽ ചെയ്യുന്നതാണ്. അതേപോലെ പുള്ളി ഇങ്ങനെ ഒന്ന് തുപ്പിയിട്ട് വെള്ളം കലക്കി വിടുന്നുണ്ട്. അതൊക്കെ അവൻ കയ്യിൽനിന്നിട്ടതാണ്. മലയാള സിനിമ ഒരിക്കൽ ഇയാളാൽ അറിയപ്പെടും എന്നുള്ളതിന് എനിക്ക് സംശയം ഇല്ല, കാരണം സന്ദീപിന് എല്ലാവേഷവും ചെയ്യാൻ പറ്റും.
മ്ലാത്തി ചേടത്തിയുമായി പരിചയപ്പെടാൻ സാധിച്ചിരുന്നോ?
തീർച്ചയായും. ബിയാനാ മോമിൻ ആണ് ഈ വേഷം ചെയ്തത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു മാസം മുന്നേ അവർ ഇവിടെ വന്നിരുന്നു. നടി കൂടിയായ അഞ്ജലിയാണ് അവർക്ക് പരിശീലനം നൽകിയത്. പുള്ളിക്കാരി എന്നും രാവിലെ വരും. നമ്മുടെ ഷൂട്ട് ആണെങ്കിലും അവർ സെറ്റിൽ വന്ന് അവിടെ മൊത്തം നിന്നിട്ട് പിന്നെയാണ് പോകുന്നത്. ജോബിൻ എന്ന് പറയുന്ന ഒരു അസോസിയേറ്റ് ഉണ്ട്. അവൻ മലയാളവുമായി സാദൃശ്യമുള്ള ഇംഗ്ലീഷ് വാക്കുകൾ എഴുതിയുണ്ടാക്കും. അത് മ്ലാത്തിച്ചേടത്തിയെക്കൊണ്ട് ആ ഇംഗ്ലീഷ് വാക്കുകൾ പറയിപ്പിക്കും. കാരണം അവർ ചിലപ്പോൾ മലയാളത്തിൽ കോൺസെൻട്രേറ്റഡ് ആകുമ്പോൾ ചിലപ്പോൾ പെർഫോമൻസ് പാടായിരിക്കുമല്ലോ. അവർ ഭയങ്കര പെർഫോമൻസ് ആണ് കൊടുക്കുന്നത്. അതുകൊണ്ട് ബാഹുലും ജോബിനും കൂടെ. മ്ലാത്തിച്ചേടത്തിക്കുവേണ്ടി ഒരു ഭാഷതന്നെ ഉണ്ടാക്കി.
ചിത്രത്തിന്റെ ക്ലൈമാക്സിനേക്കുറിച്ച് വളരെയധികം ചർച്ചകളും വ്യാഖ്യാനങ്ങളും നടക്കുന്നുണ്ടല്ലോ?
സന്തോഷം ഉണ്ട് ശരിക്കും പറഞ്ഞാൽ. പീയൂസ് അടിച്ചുവാരുമ്പോൾ മുള കിട്ടുന്നതിന് ക്ലൈമാക്സിലേക്കുള്ള കണക്ഷൻ സിനിമ ഒടിടി വന്നപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. ആ ഡീറ്റെയിലിംഗ് ഒക്കെ കുറച്ചുകൂടി ആൾക്കാർക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത് എന്ന് തോന്നുന്നു. ബാഹുൽ എപ്പോഴും പറയും നമ്മൾ ഒരു പടം ചെയ്തിട്ട്, സിനിമകണ്ട് പ്രേക്ഷകർക്ക് വീട്ടിൽപ്പോയി ഒന്നുകൂടി ചിന്തിക്കാൻ പറ്റിക്കഴിഞ്ഞാൽ ഗംഭീരമായിരിക്കുമെന്ന്. ഇത്തരം ചർച്ചകൾ നടക്കുമെന്ന് അദ്ദേഹത്തിന് നേരത്തേ ഉറപ്പുണ്ടായിരുന്നു.
ഏതൊക്കെയാണ് പുതിയ സിനിമകൾ? കേരളാ ക്രൈം ഫയൽസ് പുതിയ സീസണിൽ ഉണ്ടോ?
കേരള ക്രൈം ഫൈൽസ് പുതിയ സീസണിൽ ഞാൻ ഉണ്ടോ എന്നറിയില്ല. അതിന്റെ എഴുത്ത് പരിപാടികൾ തുടങ്ങാൻ പോകുന്നതേ ഉള്ളൂ. ഇപ്പോൾ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു. ദിലീപാണ് നായകൻ. അതിന്റെ ഷൂട്ട് കഴിഞ്ഞു. രണ്ടു മൂന്നെണ്ണം സംസാരിച്ചിട്ടുണ്ട്. ഉറപ്പായിട്ടില്ല.
Content Highlights: "Echo" Star Renjith Shekar on Navigating Challenges and the Film's OTT Success
Published: 13 Jan 2026, 03:23 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented