“ജിംനേഷ്യത്തിൽ തന്നെയായിരുന്നു ആറുമാസത്തിലേറെ എന്റെ ജീവിതം. ആറുമാസംകൊണ്ട് 15 കിലോയിലേറെയാണ് ശരീരഭാരം കുറച്ചത്. പല സീനുകളിലും നല്ല കരുത്ത് വേണ്ടതിനാൽത്തന്നെ ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള ഒരു സിനിമയായിരുന്നു അത്. മസ്തിഷ്കമരണം എന്ന സിനിമയിലെ കഥാപാത്രം എന്നോട് അതാവശ്യപ്പെട്ടതുകൊണ്ടു തന്നെയാണ് സന്തോഷത്തോടെ അതെല്ലാം ചെയ്തത്’’-ശരീരഭാരം കുറച്ച കഥ പറയുമ്പോൾ ഒരു സിനിമ സമ്മാനിച്ച കുറെ മികച്ച അനുഭവങ്ങൾ രജിഷ വിജയന് കൂട്ടുണ്ടായിരുന്നു. അനുരാഗ കരിക്കിൻവെള്ളം എന്ന ആദ്യ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ രജിഷ സിനിമയിൽ പത്തുവർഷം പൂർത്തിയാക്കുകയാണ്.

To advertise here,

മസ്തിഷ്കമരണം വ്യത്യസ്തമാണ്

മസ്തിഷ്കമരണം എന്ന സിനിമ എന്റെ കരിയറിലെത്തന്നെ വ്യത്യസ്തവും ത്രില്ലിങ്ങുമായ ഒരനുഭവമാണ്. ഇതൊരു സൈബർ പാത്ത് സയൻസ് ഫിക്‌ഷൻ കോമഡി സിനിമയാണ്. 2046-ൽ നടക്കുന്ന കുറെ സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്. ‘ആവാസവ്യൂഹം’ ഉൾപ്പെടെയുള്ള വ്യത്യസ്തങ്ങളായ സിനിമ ചെയ്തിട്ടുള്ള കൃഷാന്താണ് ഈ സിനിമയുടെ സംവിധായകൻ. എന്നോട് ഇതിന്റെ കഥ പറഞ്ഞപ്പോൾത്തന്നെ ഞാൻ വളരെ ത്രില്ലിലായിരുന്നു. ഈ അടുത്തകാലത്തൊന്നും ഇങ്ങനെ എന്നെ അതിശയപ്പെടുത്തിയ ഒരു ആശയം കേട്ടിട്ടില്ല. 2046-ൽ നടക്കുന്ന ഒരു സംഭവത്തിൽ സിനിമാനടിയായിട്ടുള്ള കഥാപാത്രമാണ് എനിക്ക് തന്നത്. ഫ്രീഡാ സോമൻ എന്ന ആ കഥാപാത്രത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് അതിന്റെ ആഴങ്ങളും രസങ്ങളും എനിക്ക് കൂടുതൽ മനസ്സിലായത്. 2046 എന്നത് ഐ.ഐ. ഒക്കെ വളരെ കൂടുതലായ ഒരു കാലമായിരിക്കും. ആ സമയത്തും ഇപ്പോഴത്തെപ്പോലെ സിനിമ ചെയ്യുന്ന ഒരു കഥാപാത്രമാണ് ഫ്രീഡാ സോമൻ.

ജിമ്മും വ്യത്യസ്ത ലുക്കും

മസ്തിഷ്കമരണത്തിലെ കഥാപാത്രത്തിനായി ശരീരഭാരം വളരെ കുറയ്ക്കേണ്ടതുണ്ടായിരുന്നു. ജിമ്മിൽത്തന്നെയായിരുന്ന ആറ് മാസത്തെ അധ്വാനത്തിലൂടെ 15 കിലോയിലേറെ ഭാരം കുറച്ചാണ് ഞാൻ ഫ്രീഡാ സോമൻ എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചേർന്നത്. സിനിമയ്ക്ക് ആവശ്യമെങ്കിൽ ശരീര പ്രകൃതി മാറ്റുന്നതിൽ എനിക്ക് നിറഞ്ഞ സന്തോഷമേയുള്ളൂ. ജൂൺ മുതലായ സിനിമകളിലെല്ലാം അങ്ങനെ തന്നെയാണ് ഞാൻ ചെയ്തത്. മസ്തിഷ്കമരണത്തിലെ എന്റെ എല്ലാ ലുക്കുകളും വ്യത്യസ്തമാണ്. ഒരു ഫോട്ടോഷൂട്ടിനുപോലും ഞാൻ ചെയ്യാത്ത തരത്തിലുള്ള ലുക്കുകൾ ഈ സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്. സംവിധായകൻ ആവശ്യപ്പെട്ട ലുക്കുകൾ എല്ലാം ആ സിനിമയ്ക്ക് വേണ്ടതാണെന്ന ബോധ്യത്തിൽ തന്നെയാണ് അങ്ങനെ ചെയ്തത്. ഇത്തരം കഥാപാത്രങ്ങളും ലുക്കുകളും ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്നതാണ്. അതുകൊണ്ടു തന്നെ വളരെ ആസ്വദിച്ചുതന്നെയാണ് ഞാൻ ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

സിനിമകൾ ഹാപ്പിയാണ്

പത്തുവർഷം മുൻപ്‌ അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയതു മുതൽ ഓരോ സിനിമയും കഥാപാത്രവും എനിക്ക് സമ്മാനിച്ചത് ഹാപ്പിയാണ്. അനുരാഗ കരിക്കിൻവെള്ളത്തിലെ എലി എന്ന എലിസബത്തിനെയും ജൂൺ സിനിമയിലെ ജൂൺ സാറ ജോയിയെയും ഫൈനൽ എന്ന സിനിമയിലെ ആലീസ് വർഗീസിനെയുമൊക്കെ അതേ രീതിയിൽത്തന്നെയാണ് ഞാൻ സമീപിച്ചത്. കഥാപാത്രങ്ങൾ നമ്മളെ തേടിവരുന്നു എന്നതാണ് പ്രധാനം. അങ്ങനെ തേടി വന്നാലല്ലേ നമുക്ക് അതിൽനിന്ന് സെലക്ട് ചെയ്യാൻ പറ്റുകയുള്ളൂ. കഴിഞ്ഞ പത്തുവർഷത്തെ സിനിമാ ജീവിത യാത്രയിൽ ഞാൻ അങ്ങേയറ്റം ഹാപ്പിയാണ്. ഈ പത്തുവർഷത്തിന്റെ പൂർത്തീകരണത്തിന് പറ്റിയ സിനിമ തന്നെയാണ് മസ്തിഷ്കമരണവും അതിലെ ഫ്രീഡാ സോമൻ എന്ന കഥാപാത്രവും.

അതിർത്തികൾ നിശ്ചയിക്കേണ്ട

മലയാളത്തിൽ പത്തുവർഷംമുൻപ്‌ അഭിനയിച്ചുതുടങ്ങിയ ഞാൻ ആ യാത്രയിൽ തമിഴും തെലുങ്കും ഹിന്ദിയുമൊക്കെ കൂടെേച്ചർത്തു. ഏതു ഭാഷയിലായാലും മികച്ച സിനിമകളും കഥാപാത്രങ്ങളും നമ്മളെ തേടിവരുന്നുണ്ടോയെന്നതാണ് പ്രധാനകാര്യം. ഏത് ഭാഷയിലായാലും അതിലേക്കുപോകാനോ പോകാതിരിക്കാനോ അതിർത്തികൾ നിശ്ചയിക്കണ്ട എന്ന വിശ്വാസക്കാരിയാണ് ഞാൻ. നല്ല സിനിമയും കഥാപാത്രവുമാണെങ്കിൽ ഏത് ഭാഷയിൽ ചെയ്യാനും ഞാൻ തയ്യാറാണ്. മലയാള സിനിമ കഥാപരമായി മറ്റു ഭാഷകളെ അപേക്ഷിച്ച് ഇപ്പോഴും ഏറെ കരുത്തോടെ മുന്നേറുന്ന മേഖലയാണ്. അതേസമയം, മറ്റു ഭാഷകളിലും മികച്ച കഥകളും കഥാപാത്രങ്ങളും വരുന്നുണ്ട് എന്നതാണ് എന്റെ അനുഭവം. അതുകൊണ്ടുതന്നെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഞാൻ യാതൊരു അതിർത്തിയും നിശ്ചയിച്ചിട്ടില്ല.

യാത്രകൾ തുടരണം

സിനിമ കഴിഞ്ഞാൽ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം യാത്രയാണ്. യൂറോപ്യൻ രാജ്യങ്ങൾ അടക്കം ഒട്ടേറെ സ്ഥലങ്ങൾ സമീപകാലത്ത് ഞാൻ സന്ദർശിച്ചിരുന്നു. ഓരോ യാത്രയും എന്നെ അത്രമേൽ നവീകരിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഓരോ രാജ്യത്ത് ചെല്ലുമ്പോഴും പുതിയ ശരികളും പുതിയ തെറ്റുകളും നമ്മൾ മനസ്സിലാക്കുന്നുണ്ട്. ഒരു യാത്ര സമ്മാനിക്കുന്ന വ്യത്യസ്ത അനുഭവങ്ങളിലൊന്ന് ഇത്തരം മനസ്സിലാക്കലുകൾ തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി എല്ലാ വർഷവും നാലോ അഞ്ചോ ട്രിപ്പുകൾ നടത്താൻ ഞാൻ ശ്രമിക്കാറുണ്ട്. യാത്ര ചെയ്യുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾ നന്നായി വികസിക്കും. ഓരോ യാത്രയും നമ്മളെ കൂടുതൽ കരുത്തോടെ സ്വയം കാര്യങ്ങൾ ചെയ്യാനുള്ള ആർജവം നൽകുന്ന അവസ്ഥകളിലെത്തിക്കും. അഭിനയം എന്നത് മരണംവരെ തുടരണമെന്ന ആഗ്രഹമുള്ള ഒരാളാണ് ഞാൻ. അതുപോലെത്തന്നെയാണ് യാത്രകളും, മരണംവരെ യാത്രകൾ തുടരാൻ കഴിഞ്ഞെങ്കിൽ എത്ര രസമായേനേ!