പ്രധാന കഥാപാത്രങ്ങളിലൊന്നിന്റെ ശരീരത്തിലേക്ക് ആത്മാവ് കയറുന്ന ഒരു സംഗതിയുണ്ട്. അതുതന്നെയായിരുന്നു കഥയുടെ ത്രെഡ്. അതെന്റെ ഭാര്യ പറഞ്ഞ ഒരു തമാശക്കഥയാണ്. ആ കഥയിൽനിന്നാണ് ഈ സിനിമ ഉണ്ടായത്.

ആദ്യചിത്രത്തിൽനിന്ന് ഏറെ വ്യത്യസ്തമായ രണ്ടാമത്തെ ചിത്രമൊരുക്കുക എന്നത് പല സംവിധായകരും നേരിടുന്ന വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിരിക്കുകയാണ് വിജേഷ് പാണത്തൂർ. നദികളിൽ സുന്ദരി യമുന എന്ന കന്നിച്ചിത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുമാറി ഹൊറർ ജോണറിൽ വിജേഷ് ഒരുക്കിയ പ്രകമ്പനം മികച്ച പ്രേക്ഷകപ്രീതിയോടെ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. യുവതാരങ്ങൾ അണിനിരന്ന ചിത്രം പിറന്ന വഴി വിജേഷ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
പ്രകമ്പനം എന്ന സിനിമയുടെ ആശയം കുറെ എത്ര നാളായി മനസ്സിലുണ്ട്?
2023-ലോ 24-ലോ ആണ് പ്രകമ്പനം എന്ന ചിത്രത്തിന്റെ ആശയം ലഭിച്ചത്. അത് മനസിലിട്ടുവെച്ചേ ഉണ്ടായിരുന്നുള്ളൂ. കാരണം ഞാൻ ആ സമയത്ത് വേറൊരു ചിത്രത്തിന്റെ ആലോചനകളിലായിരുന്നു. അതൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. അതിന്റെ ജോലികൾ കുറച്ച് വൈകിയപ്പോൾ ആറുമാസംകൊണ്ട് ചെയ്ത ചിത്രമാണ് പ്രകമ്പനം. 2016-ലാണ് നദികളിൽ സുന്ദരി യമുന എഴുതിയത്. പല താരങ്ങളുടെ അടുത്തുപോയി, ഏറ്റവും ഒടുവിലാണ് ധ്യാനിലേക്കും അജുവിലേക്കും എത്തിയത്. ആ ചിത്രം 2022-ലാണ് ഷൂട്ട് ചെയ്തത്. റിലീസ് ചെയ്തത് 2023-ലായിരുന്നു.
ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവരെ തിരഞ്ഞെടുത്തതെങ്ങനെ?
കണ്ണൂർ പശ്ചാത്തലമുള്ള ഒരാൾ വേണമായിരുന്നു ഒരു കഥാപാത്രം ചെയ്യാൻ. ആ ഭാഷാശൈലി വളരെ പ്രധാനമാണ്. ഗണപതിയുടെ സ്വദേശം പയ്യന്നൂർ ആണ്. അദ്ദേഹത്തിന് ആ സംസാരശൈലി അറിയാം. ഗണപതിയെ നമ്മൾ നേരത്തേതന്നെ പറഞ്ഞുവെച്ചിരുന്നു. ശങ്കരൻ എന്ന കഥാപാത്രം കൊല്ലം ശൈലിയിൽ സംസാരിക്കുന്നയാളാണ്. അതാണ് അമീനെ തിരഞ്ഞെടുക്കാൻ കാരണം. സാഗറിന്റെ ആ ക്യാരക്ടർ വേറെയും പല നടന്മാരോടും സംസാരിച്ചിരുന്നു. അവർക്കൊക്കെ സ്ക്രിപ്റ്റ് ഇഷ്ടമായെങ്കിലും എല്ലാവരും പിന്മാറി. സാഗറിനും കഥ ഇഷ്ടപ്പെട്ടെങ്കിലും ഒരുമാസം കഴിഞ്ഞാണ് ചെയ്യാമെന്ന് പറഞ്ഞത്. ഇതിനിടെ സാഗറിന്റെ കഥാപാത്രം ഗണപതിക്ക് നൽകിയിട്ട് ഗണപതിയുടെ സ്ഥാനത്ത് വേറെ ആരെയെങ്കിലും നോക്കാമെന്ന് വിചാരിച്ചിരുന്നു. എന്നാൽ, സാഗർ വന്നശേഷം ഞങ്ങൾ വീണ്ടും പഴയ പ്ലാനിലേക്ക് തിരിച്ചുപോയി.
കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി സാഗറിന് പ്രത്യേക പരിശീലനം നൽകിയിരുന്നോ?
സാഗറിന് കളരി പരിശീലനം നൽകിയിരുന്നു. പല തരത്തിൽ നമ്മൾ അദ്ദേഹത്തെ മോൾഡ് ചെയ്ത് എടുത്തിട്ടുണ്ട്. വലിയ വെല്ലുവിളിയാണ് സാഗർ ഏറ്റെടുത്തത്. അദ്ദേഹമത് നല്ല രീതിയിൽ ചെയ്തു. പ്രേക്ഷകർ ആ കഥാപാത്രം ഏറ്റെടുക്കുകയും ചെയ്തു.
ചെമ്പകത്തമ്മയായി മല്ലിക സുകുമാരനെ തിരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ടോ?
എല്ലാവർക്കും പരിചിതമായ ശബ്ദമുള്ള ഒരാൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. കെ.പി.എ.സി. ലളിത ചേച്ചി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവരായിരിക്കുമായിരുന്നു ചെമ്പകത്തമ്മ എന്ന കഥാപാത്രം. അവരിപ്പോൾ നമ്മുടെ കൂടെയില്ല. അതുപോലെ ഒരു ശബ്ദമാണ് മല്ലികാമ്മയുടേത്. ഞങ്ങൾ വിശ്വസിച്ചതുപോലെ മല്ലികാമ്മ ആ വേഷം ഗംഭീരമാക്കി. അതുപോലെ തന്നെയായിരുന്നു അസീസ് നെടുമങ്ങാടിന്റെ തിരഞ്ഞെടുപ്പും. സീരിയസായി സംസാരിച്ച് ചിരിപ്പിക്കുന്ന ഒരാളെന്ന നിലയിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്.
കലാഭവൻ നവാസിനെ ഈയവസരത്തിൽ ഓർമിക്കുന്നതെങ്ങനെ?
എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഒരിക്കലും മറക്കാൻ പറ്റാത്ത അവസ്ഥ തന്നെയാണ്. നമ്മുടെ കൂടെ കളിച്ചും ചിരിച്ചും ഉണ്ടായിരുന്ന വ്യക്തി പെട്ടന്നാണ് വിട്ടുപോയത്. സെറ്റിൽനിന്ന് പോയി അരമണിക്കൂറിനുള്ളിലാണ് എല്ലാം സംഭവിച്ചത്. അന്ന് ഏകദേശം വൈകീട്ട് ആറരയോടെ ഷൂട്ട് കഴിയും. കുഞ്ഞിക്കൃഷ്ണൻ മാഷിന്റെ ഒരു ഭാഗം ചിത്രീകരിക്കാനുണ്ടായിരുന്നു. അപ്പോഴാണ് നവാസിക്ക രണ്ടുദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് പോയത്. അദ്ദേഹത്തിന്റെ ഒരു സീൻ കൂടി എടുക്കാനുണ്ടായിരുന്നു. അതാകട്ടെ ഈ സിനിമയിൽ ഇക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനും. അത് വേറൊരു സ്ഥലത്താണ് ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ചത്. രണ്ടു ദിവസം കഴിഞ്ഞാൽ അതിന്റെ സെറ്റ് വർക്ക് തീരും. അതിനിടയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ആ രംഗം ചെയ്യാൻ സാധിച്ചില്ലെന്ന വിഷമം ബാക്കി കിടക്കുകയാണ്. അതുണ്ടായിരുന്നെങ്കിൽ തിയേറ്ററിൽ ഇന്ന് കിട്ടുന്ന ചിരിക്ക് മുകളിൽ ഒരു കയ്യടിയും കിട്ടിയേനെ. അത്രയും നല്ലൊരു സീൻ ആയിരുന്നു. രണ്ടു ദിവസം വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞിട്ട് യാത്ര പറഞ്ഞുപോയ മനുഷ്യനാണ്. കണ്ണൂർ സംസാരശൈലിയൊക്കെ ഇക്ക പഠിച്ചുവെച്ചിരുന്നു. മേക്കപ്പിട്ടു കഴിഞ്ഞാൽ അദ്ദേഹം ആരോടും സംസാരിക്കില്ല. അത്രയും തയ്യാറെടുപ്പുകൾ അദ്ദേഹം നടത്തിയിരുന്നു.
കഥാപാത്രങ്ങളുടെ പേടി കാണിച്ചാണല്ലോ ചിരിയുണ്ടാക്കിയിരിക്കുന്നത്?
പ്രേതസാന്നിധ്യം തിരിച്ചറിയുമ്പോൾ കഥാപാത്രങ്ങൾക്കുണ്ടാകുന്ന പേടിയാണ് ഹാസ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ മൊത്തം അങ്ങനെതന്നെയാണ് കൊണ്ടുപോയിട്ടുള്ളത്. സിറ്റുവേഷൻ കോമഡിയാണ്. അത് തിയേറ്ററിൽ വിജയിച്ചു എന്നാണ് വിശ്വാസം.
ശ്രീഹരി എങ്ങനെയാണ് പ്രകമ്പനത്തിന്റെ തിരക്കഥാകൃത്ത് ആയത്?
എന്റെ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കുന്നയാളായിരിക്കണം എന്റെ സിനിമയുടെ തിരക്കഥാകൃത്ത് എന്ന് നിർബന്ധമുണ്ട്. ‘നദികളിൽ സുന്ദരി യമുന’ കഴിഞ്ഞപ്പോൾ അങ്ങനെയൊരാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഫിലിം എഡിറ്റർ രതിൻ രാധാകൃഷ്ണൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം പറഞ്ഞ് കുറേ തിരക്കഥാകൃത്തുക്കൾ വന്നെങ്കിലും പറ്റിയ ആളെ കിട്ടിയില്ല. ഒടുവിലാണ് ശ്രീഹരി വന്നത്. എന്റെ നാട്ടുകാരൻ തന്നെയാണ് അദ്ദേഹം. ഞാൻ രണ്ടാമത് ചെയ്യാനിരുന്ന വേറൊരു പടത്തിന്റെ രചനയ്ക്കായാണ് ശ്രീഹരി വന്നത്. ഞങ്ങൾ തിരക്കഥ എഴുതാനായി ബെംഗളൂരുവിൽ കുറച്ച് മാസങ്ങൾ തള്ളിനീക്കി. ആ സിനിമ തുടങ്ങാൻ പിന്നെയും വൈകുകയാണ്. അപ്പോൾ ഞാൻ ശ്രീഹരിയോട് പറഞ്ഞു, എന്റെ കയ്യിൽ ഇങ്ങനെയൊരു ഹൊറർ സബ്ജക്ട് ഉണ്ടെന്ന്. അതാണ് ‘പ്രകമ്പനം.’ ശ്രീഹരി തിരക്കഥ പൂർത്തിയാക്കി ആറുമാസംകൊണ്ട് പടം തീർത്തു.
മെൻസ് ഹോസ്റ്റലും പ്രേതവും എന്ന വിഷയം വീണ്ടും മലയാളത്തിൽ എന്നത് വെല്ലുവിളിയായിരുന്നോ?
ആദ്യം ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. കാരണം ഹൊറർ കോമഡി ജോണർ ആലോചിക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് ഹോസ്റ്റലാണ്. വേറെ ഏതെങ്കിലും പശ്ചാത്തലത്തിൽ ഈ കഥ പറയാൻ പറ്റുമോയെന്ന് ആലോചിച്ചിരുന്നു. ഒന്നും പൂർണമായി സംതൃപ്തി കിട്ടിയില്ല. അതുകൊണ്ടാണ് ഞങ്ങൾ ഈ ഹോസ്റ്റൽ പശ്ചാത്തലം വീണ്ടും തിരഞ്ഞെടുത്തത്. പിന്നെ മൂന്ന് യുവാക്കളുടെ കഥ നടക്കുമ്പോൾ കുറച്ചുകൂടി ഈസി ആയിട്ട് വർക്ക് ഔട്ട് ചെയ്ത് എടുക്കാൻ പറ്റുന്ന ഒരു ഏരിയ കോളേജ് ഹോസ്റ്റൽ തന്നെയാണ്. ഇതിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിന്റെ ശരീരത്തിലേക്ക് ആത്മാവ് കയറുന്ന ഒരു സംഗതിയുണ്ട്. അതുതന്നെയായിരുന്നു കഥയുടെ ത്രെഡ്. അതെന്റെ ഭാര്യ പറഞ്ഞ ഒരു തമാശക്കഥയാണ്. ആ കഥയിൽനിന്നാണ് ഈ സിനിമ ഉണ്ടായത്.
പ്രേതാനുഭവം ഉണ്ടായിട്ടുണ്ടോ?
കുറച്ച് വർഷങ്ങൾക്കുമുൻപ് കുറച്ച് വിദ്യാർത്ഥികൾ താമസിക്കുന്ന ഒരു വീട്ടിൽ എനിക്ക് താമസിക്കേണ്ടതായി വന്നു. അവർ ഒൻപത് പേരായിരുന്നു. എല്ലാവരും ഹാളിൽ പായവിരിച്ച് ഒരുമിച്ചാണ് കിടക്കുക. ഒരു മുറി മാത്രം അവർ തുറക്കില്ല അങ്ങോട്ട് കയറുകയുമില്ല. അതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ വല്ലപ്പോഴുമോ തുറക്കാറുള്ളൂവെന്നും ചേട്ടൻ വേണമെങ്കിൽ അവിടെ കിടന്നോളൂ എന്നും പറഞ്ഞു. ഞാൻ അതിനകത്ത് കയറിക്കിടന്നു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ അതിന്റെ തൊട്ടുമുകളിലുള്ള മുറിയിൽനിന്നു കുറച്ച് പാസ്റ്റർമാർ പ്രാർത്ഥിക്കുന്നതുകേട്ടു. ഞാൻ പുറത്തിറങ്ങി നോക്കുമ്പോൾ ഒമ്പതുപേരും ഹാളിൽ സുഖമായി ഉറങ്ങുന്നു. ഞാൻ തിരികെ മുറിയിൽ പോയി കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ ആ കുട്ടികൾ ചോദിച്ചു എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് അവർ വേറെ ഒരു കാര്യം പറഞ്ഞത്. ആ വീടിന്റെ എതിർവശത്തുള്ള വീട്ടിൽ കുറേ പേർ മരിച്ചതാണ്. അതുകൊണ്ട് ഈ വീട്ടിൽ ആരും താമസിക്കില്ല. സത്യത്തിൽ എന്നെ ഒറ്റയ്ക്ക് ആ റൂമിൽ ഇട്ട് അവർ പരീക്ഷിക്കുകയായിരുന്നു.
രാജേഷ് മാധവൻ അവതരിപ്പിച്ച സ്റ്റാൻസിലാവോസ്കി എന്ന കഥാപാത്രത്തെ നായകനാക്കി സിനിമയ്ക്ക് സാധ്യതയില്ലേ?
തീർച്ചയായും ഉണ്ട്. ഈ കഥാപാത്രത്തെക്കുറിച്ചും വേറെ ചിലരോട് പറഞ്ഞിരുന്നു. ഒടുവിലാണ് രാജേഷ് മാധവനിലേക്ക് എത്തിയത്. ആ കഥാപാത്രത്തിന് ഒരു ഭൂതകാലമുണ്ട്.
പുതിയ ചിത്രങ്ങൾ?
‘പ്രകമ്പന’ത്തിന്റെ സ്ഥാനത്ത് ചെയ്യേണ്ടിയിരുന്ന ഒരു സിനിമയുണ്ട്. വലിയ ക്യാൻവാസിൽ വരുന്ന ചിത്രമാണ്. അതിന്റെ തിരക്കഥയെല്ലാം കഴിഞ്ഞു. അത് തുടങ്ങണം. ഫെബ്രുവരി അവസാനത്തോടെ അതിന്റെ ജോലികൾ തുടങ്ങണം. ഇപ്പോൾ പ്രകമ്പനത്തിന് ലഭിച്ച സ്വീകരണത്തിന്റെ സന്തോഷത്തിലാണ്.
Content Highlights: Director Vijesh Panathoor discusses the success of his horror-comedy `Prakambanam`, moving from `Nadikalil Sundari Yamuna`. Learn about casting & production.
Published: 07 Feb 2026, 09:55 am IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented