കോസ്റ്റ്യൂം കണ്ടിന്യൂയിറ്റി കാത്തുസൂക്ഷിക്കുകയെന്നത് വെല്ലുവിളി ആയിരുന്നു. ഇക്കാര്യത്തിൽ സാധാരണ സിനിമയിൽ ഉള്ളതിനേക്കാൾ അധ്വാനം വേണ്ടിവന്നു.

ഐടി മേഖലയിൽനിന്നാണ് നീലേഷ് ഇ.കെ. എന്ന ചെറുപ്പക്കാരന്റെ വരവ്. ഫോട്ടോഗ്രാഫർകൂടിയായ നീലേഷ് ഇനി ചലച്ചിത്ര സംവിധായകനാണ്. ഫെയ്സസ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഫെയ്സസ് എന്ന തന്റെ ആദ്യ ചിത്രത്തേക്കുറിച്ചും ഭാവിതീരുമാനങ്ങളെക്കുറിച്ചും നീലേഷ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ഫോട്ടോഗ്രാഫറായ നീലേഷ് സിനിമ സ്വപ്നം കണ്ടുതുടങ്ങിയതെന്നുമുതലാണ്?
ഐടി പശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. ബിടെക് കഴിഞ്ഞ് കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. ഫോട്ടോഗ്രഫി അതിനുമുന്നേ തന്നെ ചെയ്യുന്നുണ്ട്. മൊബൈൽ ഫോണിൽപ്പോലും ഫോട്ടോഗ്രഫി ചെയ്യാറുണ്ട്. പിന്നീട് സ്വന്തമായി ക്യാമറ വാങ്ങിയശേഷമാണ് ഫോട്ടോഗ്രഫിയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. കൊച്ചിയിൽ ജോലിക്കായി വന്ന ശേഷമാണ് ഷൂട്ടിങ് അടുത്തുകാണാനുള്ള സാഹചര്യമുണ്ടായത്. അങ്ങനെയാണ് സിനിമ ചെയ്യാനുള്ള ആഗ്രമുണ്ടായത്. ചെറുപ്പം മുതൽ സിനിമ ഇഷ്ടമാണ്. അച്ഛൻ ശിവാജി ഗണേശന്റെ വലിയ ആരാധകനാണ്.
‘ഫെയ്സസി’ന്റെ തിരക്കഥയാണോ ആദ്യമെഴുതിയത്?
അല്ല. യഥാർത്ഥത്തിൽ വേറെ ഒന്നുരണ്ട് സബ്ജെക്ടുകളുണ്ടായിരുന്നു. ഒരു ക്രൈം ത്രില്ലർ ചെയ്യാനുള്ള പരിപാടിയുണ്ടായിരുന്നു. അത് ഏതാണ്ട് നടക്കും എന്ന രീതിയിൽ കാര്യങ്ങളെത്തിയിരുന്നുവെങ്കിലും വഴിമാറിപ്പോവുകയായിരുന്നു. അതിനിടെ കോവിഡും സംഭവിച്ചു. വലിയ താരങ്ങളില്ലാതെ, വ്യത്യസ്തമായ ഒരു ചിത്രം ചെയ്യാനായി ഒരു നിർമാതാവുമായി തുടർച്ചയായി ചർച്ചകൾ നടത്തിയിരുന്നു. അങ്ങനെയാണ് ഒരിക്കൽ ഫെയ്സസിന്റെ സഹരചയിതാവായ സുമൻ പറഞ്ഞ ത്രെഡിൽനിന്ന് ഈ ചിത്രം വികസിപ്പിച്ചെടുക്കുന്നത്. ഒരുമാസം കൊണ്ട് തിരക്കഥ പൂർത്തിയാക്കി. ഉടൻതന്നെ ചിത്രീകരിക്കുകയും ചെയ്തു.
ഹന്നയും കലേഷും ഈ പ്രോജക്ടിന്റെ ഭാഗമാകുന്നതെങ്ങനെ?
കയ്യിൽ ഒതുങ്ങുന്ന താരങ്ങളെ വേണമെന്നായിരുന്നു ആദ്യത്തെ തീരുമാനം. കൂടാതെ പ്രധാനതാരങ്ങൾ രണ്ടുപേരും നമ്മുടെ കൂടെ സെറ്റിൽ മുഴുവൻസമയവും ഉണ്ടാകണമായിരുന്നു. കലേഷിന്റെ കഥാപാത്രം എങ്ങനെയാണെന്ന് സിനിമ കണ്ടാൽ മനസിലാകും. കലേഷിനെയും ഹന്നയെയും എനിക്ക് നേരത്തേ അറിയാം. ഹന്നയെ എനിക്ക് ഫോട്ടോഗ്രാഫി ചെയ്യുന്ന സമയം തൊട്ട് അറിയാം. ഞാൻ താരം എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ അവിടെ കലേഷ് ഓഡിഷന് വന്നിട്ടുണ്ട്. അന്നുമുതലുള്ള പരിചയമാണ്. രണ്ടുപേരും കഥ കേട്ടയുടനെ ചെയ്യാമെന്ന് സമ്മതിച്ചു.
സിംഗിൾ ഷോട്ട് സിനിമയായാണോ ഫെയ്സസ് ആദ്യം പ്ലാൻ ചെയ്തത്?
അതേ. പക്ഷേ, ബജറ്റ് പരിഗണിച്ച് ആ തീരുമാനം മാറ്റുകയായിരുന്നു. പ്രീ പ്രൊഡക്ഷൻ പകുതി ആകുന്നവരെയും സിംഗിൾ ഷോട്ട് എന്ന ഈ ആലോചന ഉണ്ടായിരുന്നു. പിന്നെ അത് വിടുകയായിരുന്നു. ഒന്നാമത്തെ കാരണം ഈ സിനിമയുടെ പ്രമേയം അങ്ങനെയുള്ള ഒന്നാണ്. പിന്നെ, ഒരു മാസത്തോളമെടുത്ത് മുഴുവൻ സിനിമയും ചിത്രീകരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയുള്ള ചില കാരണങ്ങൾകൊണ്ടാണ് സിംഗിൾ ഷോട്ട് സിനിമ എന്ന ആശയം വേണ്ടെന്നുവെച്ചത്.
നായകന്റെ കോസ്റ്റ്യൂം ഒരു വെല്ലുവിളി ആയിരുന്നോ?
തീർച്ചയായും. കോസ്റ്റ്യൂം കണ്ടിന്യൂയിറ്റി കാത്തുസൂക്ഷിക്കുകയെന്നത് വെല്ലുവിളി ആയിരുന്നു. ഇക്കാര്യത്തിൽ സാധാരണ സിനിമയിൽ ഉള്ളതിനേക്കാൾ അധ്വാനം വേണ്ടിവന്നു. ഏത് കഥാപാത്രങ്ങളുമായാണ് കലേഷിന്റെ പോയിന്റ് ഓഫ് വ്യൂ ഷോട്ട് എടുക്കേണ്ടത് എന്ന് ആദ്യം തീരുമാനിച്ചു. എന്നിട്ട് അവരുടെ കോസ്റ്റ്യൂം തിരഞ്ഞെടുക്കുകയും അതിന്റെ കലേഷിന് ഫിറ്റ് ആകുന്ന അഡീഷണൽ കോസ്റ്റ്യൂം തയ്യാറാക്കുകയുമായിരുന്നു. പിന്നെ മിക്ക സീനുകളിലും കലേഷ് ഉണ്ട്. മറ്റു കഥാപാത്രങ്ങളുടെ മാനറിസം പിടിച്ച് ചെയ്യേണ്ട രംഗങ്ങളുമുണ്ട്. മറ്റുള്ള കഥാപാത്രങ്ങളുടെ അതേ കോസ്റ്റ്യൂം കലേഷിന് വേണ്ടിയും തുന്നിയിരുന്നു.
മൈക്കൽ എന്ന നായക കഥാപാത്രത്തെ ചിത്രകാരൻ ആക്കാം എന്ന തീരുമാനം ഉണ്ടായതെങ്ങനെ?
ഹന്ന അവതരിപ്പിക്കുന്ന നിത്യ എന്ന കഥാപാത്രത്തിന്റെ ചുറ്റുമുള്ള ആളുകൾ മൈക്കൽ വരയ്ക്കുന്ന ചിത്രങ്ങൾ പോലെ ഒരുപാട് നിറങ്ങളുള്ള പലതരം ഷെയ്ഡുകൾ ഉള്ള കഥാപാത്രങ്ങളാണ്. കൂടാതെ ഹന്ന അവതരിപ്പിക്കുന്ന കഥാപാത്രം ഒരു നാട്ടിൻപുറത്തുനിന്നും നഗരജീവിതത്തിലേക്ക് വരുന്നയാളാണ്. അപ്പോൾ അവരുടെ ജീവിതത്തിൽ ഒരു നിറംമാറ്റമുണ്ടാവുകയാണ്. അവരുടെ കളർഫുൾ ലൈഫ് എന്ന ആശയം മനസിലുണ്ടായിരുന്നു. അതെല്ലാംകൊണ്ടാണ് നായകകഥാപാത്രത്തെ ചിത്രകാരനാക്കിയത്. മാത്രമല്ല, നിത്യ ചെറുപ്പംതൊട്ടേ ചിത്രരചനയോട് താത്പര്യമുള്ളയാളുമാണ്.
ഗോപി സുന്ദറിന്റെ ആരാധകനാണോ?
പണ്ടുമുതലേ ഗോപി സുന്ദറിന്റെ ആരാധകനാണ്. അദ്ദേഹം ചെയ്ത പാട്ടുകളെല്ലാം ഇഷ്ടമാണ്. പിന്നെ ഫോട്ടോഗ്രഫി ചെയ്യുന്ന കാലത്തേ അദ്ദേഹത്തെ പരിചയമുണ്ട്. ഇപ്പോഴത്തെ എന്റെ ബന്ധങ്ങളെല്ലാം ഫോട്ടോഗ്രഫി സമ്മാനിച്ചതാണ്. പാട്ടൊഴികെ ബാക്കിയെല്ലാം ചിത്രീകരിച്ചിരുന്നു. അതിന്റെ റഫ്കട്ട് ഒരു ടാബിലാക്കി ഗോപി സുന്ദറിനെ കാണിച്ചു. ഒന്ന് ഓടിച്ചുകണ്ടപ്പോഴേക്കും അദ്ദേഹത്തിന് ഇഷ്ടമായി. രണ്ട് പാട്ടിന്റെ സിറ്റുവേഷൻ അദ്ദേഹത്തോട് പറഞ്ഞു. അതുകഴിഞ്ഞ് ഏറ്റവും അവസാനമാണ് ഇംഗ്ലീഷ് സോങ് ഉൾപ്പെടുത്തുന്നത് തീരുമാനിച്ചത്. സംഭാഷണങ്ങൾ ഒന്നും ഇല്ലാതെ വിഷ്വൽസിലൂടെ എല്ലാം റിവീൽ ചെയ്തു പോകുന്ന രീതിയിൽ നമുക്ക് ഫിലിം നിർത്തണം. തിയേറ്ററിൽനിന്ന് ഇറങ്ങി വരുന്നവർക്കും ആ ട്രാക്ക് മനസ്സിൽ ഓടിക്കളിക്കണം. അതാണ് ഇംഗ്ലീഷ് ഗാനമായി പരിണമിച്ചത്.
നിത്യ എന്ന കഥാപാത്രത്തിന്റെ ജീവിത സാഹചര്യത്തിനനുസരിച്ച് ദൃശ്യങ്ങളുടെ കളർ ടോൺ മാറ്റിയിട്ടുണ്ടല്ലോ?
തീർച്ചയായും. അത് ആളുകൾ തിരിച്ചറിയുന്നു എന്നുപറയുന്നതിൽ സന്തോഷമുണ്ട്. ഭൂതകാലവും വർത്തമാനകാലവും രണ്ട് ടോണിലാണ് കാണിച്ചിരിക്കുന്നത്. സെക്കൻഡ് ഹാഫിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഇത് രണ്ടുംകൂടി ചേർന്ന ഒരു ടോണിലേക്ക് കഥ പോകുന്നുണ്ട്. ക്ലൈമാക്സ് രംഗത്തിലെ വയലൻസിലും കളർ ടോൺ ശ്രദ്ധിച്ചിട്ടുണ്ട്.
ഫോട്ടോഗ്രാഫറാണെങ്കിലും സിനിമ ചെയ്തപ്പോൾ വലിയ ഗിമ്മിക്കുകൾക്ക് ശ്രമിച്ചിട്ടില്ലല്ലോ?
അത് ബോധപൂർവം ചെയ്തതാണ്. സിനിമാറ്റിക് ഷോട്ട് ഉൾപ്പെടുത്താതിരുന്നത് തിരക്കഥ ആവശ്യപ്പെടുന്നത് അങ്ങനെയായതുകൊണ്ടാണ്. നിത്യ എന്ന കഥാപാത്രം കാണുന്ന കാഴ്ചകൾ മാത്രമേ പ്രേക്ഷകരും കാണുന്നുള്ളൂ. അതിന് പുറത്തുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ട്രാക്കോ അല്ലെങ്കിൽ മറ്റൊരു കഥാപാത്രത്തിന്റെ പേഴ്സണൽ ട്രാക്കോ ഈ സിനിമയിൽ ഇല്ല. അതുകൊണ്ട് തന്നെ അങ്ങനെ ഒരു ഒരു സിനിമാറ്റിക് ഷോട്ടിന് സാധ്യത ഇല്ല. കഥയ്ക്ക് വേണ്ട ഷോട്ട് മാത്രമേ എടുത്തിട്ടുള്ളൂ. പക്ഷേ, സിനിമാറ്റിക് ആയ ഷോട്ടുകൾ എടുക്കാൻ വലിയ ആഗ്രഹമാണ്.
സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണല്ലോ?
സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഉദ്ദേശിച്ച വിഭാഗം പ്രേക്ഷകരിലേക്ക് സിനിമ എത്തി. സിനിമയെക്കുറിച്ച് നല്ല ചർച്ചകൾ നടക്കുന്നു എന്നത് സംതൃപ്തി തരുന്ന കാര്യമാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന ആളുകൾ അതേക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നത് നല്ലതാണ്. ഞാനും അങ്ങനെ സിനിമ കണ്ട് സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്നയാളാണ്. തിയേറ്ററിനുവേണ്ടി ഡിസൈൻ ചെയ്ത സിനിമയാണിത്. സിനിമ സംവിധാനം ചെയ്ത് മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം.
Content Highlights: Neelesh E.K. transitions from IT/Photography to film direction with 'Faces'., The film's unique visual style uses color grading to reflect character growth., Strategic use of music by Gopi Sundar to enhance narrative without dialogue., Focus on grounded storytelling rather than cinematic gimmicks.
Published: 11 Mar 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented