ണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരം, നാല്  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മറ്റനവധി പുരസ്‌കാരങ്ങളും. 25 കൊല്ലത്തിലേറെയായി, വ്യത്യസ്ത ഇന്ത്യൻ ഭാഷാ സിനിമകളിൽ സൗണ്ട് ഡിസൈനറായി യാത്ര തുടരുകയാണ് എം.ആർ. രാജാകൃഷ്ണൻ. ശബ്ദവും  സംഗീതവും കഥയും ഒരുമിച്ച് വരുമ്പോഴാണ് സിനിമ നന്നായി വരുന്നതെന്ന് പറയുകയാണ് അദ്ദേഹം. മലയാളികൾ ഭയങ്കര അടിപൊളിയാണ്. എല്ലായിടത്തും ടോപ്പിൽ മലയാളികൾ ഉണ്ട്. ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് നമ്മുടെ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സിനിമാക്കാരുടെയും എഡിറ്റിംഗ് ടേബിളിൽ റെഫറൻസ് പറയുന്നത് മലയാള സിനിമകളാണ്. ഈ മലയാളസിനിമയുടെ ഫീൽ ആണ് എനിക്ക് വേണ്ടത് എന്നുപറഞ്ഞാണ് എനിക്ക് റെഫറൻസ് തരുന്നത്. 25, 26 കൊല്ലം മുമ്പ് ചെന്നൈയിൽ വന്ന ആളാണ് ഞാൻ. മലയാളി എന്നുപറഞ്ഞ് പണ്ട് പലരും കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഞാൻ ചെയ്ത പടങ്ങൾ തന്നെ എനിക്ക് റെഫറൻസായി കിട്ടുന്നു. നമ്മൾ മലയാളം സിനിമ ചെയ്യുന്ന ആളുകളാണെന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാളൻ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

കാട്ടാളനിൽ ശബ്ദത്തിനുള്ള പ്രാധാന്യം എത്രമാത്രമുണ്ട്?

ക്യൂബ്സ് എന്റർടെയ്ന്മെന്റ്സുമായുള്ള ബന്ധം മാർക്കോ മുതലാണ്. സൗണ്ടിന് അത്രയും പ്രാധാന്യം ഉള്ളതുകൊണ്ടാണ് അവർ നമ്മളെപ്പോലുള്ള ടെക്നീഷ്യൻസിനെ തിരഞ്ഞെടുത്തത്. ഈ പടത്തിന്റെ പ്രൊഡ്യൂസർ ആണെങ്കിലും സംവിധായകനാണെങ്കിലും സിനിമയുടെ ആദ്യഘട്ടത്തിലേ വന്ന ടെക്നീഷ്യൻസിൽ ഒരാളാണ് ഞാൻ. അതിന്റെ കാരണംതന്നെ സൗണ്ടിന് അത്രയ്ക്കും പ്രാധാന്യം ഉള്ളതുകൊണ്ടാണ്. സൗണ്ട് എന്നതിനേക്കാളും കാട്ടാളൻ എന്നതൊരു മ്യൂസിക്കൽ ട്രീറ്റ്മെന്റ് ആണ്. അപ്പോൾ തീയേറ്റർ എക്സ്പീരിയൻസ് സൃഷ്ടിക്കുക എന്ന് പറയുന്നത് പ്രധാനമാണ്. എല്ലാത്തിലുമുപരി ഒരു തീയേറ്ററിൽ എക്സ്പീരിയൻസ് സൗണ്ടിലും മ്യൂസിക്കിലും കൂടെ ഒരുമിച്ച് കൊണ്ടുവരാൻ പറ്റണം. സിനിമയുടെ ഒരു ബേസിക് ലൈൻ തന്നെ അതിലാണ്.

ഒരു സൗണ്ട് ഡിസൈനർക്ക് സംഗീത സംവിധായകരുമായുള്ള ആശയവിനിമയം എങ്ങനെയാണ്?

സംഗീത സംവിധായകരുമായി നല്ല രീതിയിൽ ആശയവിനിമയം നടത്താറുണ്ട്. സലാറിലാണ് ഞാനും രവി ബസ്രൂറും ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. പിന്നെ മാർക്കോ ചെയ്തു. ഞങ്ങളൊരുമിച്ചുള്ള മൂന്നാമത്തെ പടമാണ് കാട്ടാളൻ. അതിനുശേഷം പ്രശാന്ത് നീലിന്റെ ഡ്രാഗൺ എന്ന ചിത്രം ചെയ്തു. അതിന്റെ ടീസർ അടുത്തിടെ വന്നിരുന്നു. എന്റെ ജോലി എന്നുപറയുന്നത് എപ്പോഴും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തുവേണം, വേണ്ട എന്നുള്ള തർക്കങ്ങൾ പോലും ഉണ്ടാവാറുണ്ട്. പക്ഷേ, പലപ്പോഴും ഈ പടത്തിന് അങ്ങനെ ഒരു തർക്കം ഉണ്ടായിട്ടില്ല. ഞാൻ, സംവിധായകൻ പോൾ ജോർജ്, നിർമാതാവ് ഷരീഫ്, രവി ബസ്രൂർ.. എല്ലാവരും നാല് സ്ഥലത്തിരുന്നാണ് ജോലി ചെയ്തത്. ഒരുമിച്ചിരിക്കാൻ പറ്റിയിരുന്നില്ല. പക്ഷേ, ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടായിരുന്നു. രവി ബസ്രൂർ മൈസൂരിലായിരുന്നു. അദ്ദേഹം വർക്ക് ചെയ്ത് എനിക്കയച്ചുതരും. ഞാൻ ചെന്നൈയിലിരുന്ന് മിക്സ് ചെയ്ത് കൊച്ചിയിലുള്ള നിർമാതാവിന് അയച്ചുകൊടുക്കും. സംവിധായകനുള്ളത് മൈസൂരായിരുന്നു. പക്ഷേ, ഫൈനൽ പ്രോഡക്റ്റിൽ നിർമാതാവുൾപ്പെടെ എല്ലാവരും ഹാപ്പിയാണ്.

കാട്ടാളൻ എത്രമാത്രം വെല്ലുവിളി ഉയർത്തി?

ഈ സിനിമയുടെ അവതരണശൈലിയാണ് ഏറ്റവും വെല്ലുവിളിയായത്. പലപ്പോഴും നമ്മുടെ നാട്ടിൽ സിനിമ ആസ്വദിക്കുമ്പോഴുള്ള ഒരു വലിയ പ്രശ്നം ലൗഡ്നെസ്സ് ആണ്. തിയേറ്ററിന്റെ അകത്ത് ശബ്ദം കൂടുതലാണ്, സിനിമയ്ക്ക് ഒച്ച കൂടിയതിനാൽ ചെവിയിൽ കൂടെ രക്തം വരുന്നു എന്നൊക്കെ പറയുന്ന അവസ്ഥകൾ പലപ്പോഴും തമാശയായിട്ടും അല്ലാതെയും പറയുന്നത് കേൾക്കാം. ഒരു ആക്ഷൻ പടത്തിന്റെ കാര്യമെടുത്താൽ പാട്ടും പശ്ചാത്തലസംഗീതവും പാട്ടുമെല്ലാമുണ്ടാകും. ഒരു സിനിമയെ വാണിജ്യപരമായി സമീപിക്കുമ്പോൾ സ്വാഭാവികമായും ബഹളമായിപ്പോകാനുള്ള സാധ്യത വലുതായിട്ടുണ്ട്. ഒരു ബഹളം ഉണ്ടാവാതെ എന്നാൽ പ്രേക്ഷകർക്ക് കിട്ടേണ്ട കൊമേഴ്സ്യൽ വാല്യൂ കൊടുത്ത് വൃത്തിയായി അതിനെ അവതരിപ്പിക്കുക എന്ന് പറയുന്നതാണ് നമ്മുടെ ജോലി. കാട്ടാളനിൽ കാടിനകത്താണ് കഥ നടക്കുന്നത്. ശരിക്കും കാട്ടിനകത്ത് ഇരിക്കുന്ന പോലെ ഒരു തോന്നൽ ആൾക്കാർക്ക് ഉണ്ടാവണം. അതോടൊപ്പം സംഗീതവും കഥയും ആസ്വദിക്കാൻ പറ്റണം. ഈ മൂന്ന് കാര്യങ്ങൾ ഒരുമിച്ച് വരുമ്പോഴാണ് സിനിമ നന്നായി വരുന്നത്. അതിനുവേണ്ടി എല്ലാവരും എല്ലാവരും നന്നായിട്ട് ശ്രമിച്ചിട്ടുണ്ട്. നിർമാതാവിന്റെ സംഭാവന എന്നൊക്കെ പറയുന്നത് ഒരു സപ്പോർട്ട് ആണ്. അദ്ദേഹത്തിന് നമ്മളിലുള്ള ഒരു വിശ്വാസത്തിലാണല്ലോ നമ്മൾ ഇതിനകത്തോട്ട് വരുന്നത്. എല്ലാംകൊണ്ടും ഗംഭീരമായിട്ടുള്ള ഒരു പ്രോഡക്റ്റ് എല്ലാരും കൂടെ ചേർന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നാണ് വിശ്വാസം.

കഴിഞ്ഞ വർഷംചെയ്ത കാന്താരയും കാടുമായി ബന്ധപ്പെട്ട സിനിമയാണല്ലോ? കാന്താരയിലും കാട്ടാളനിലും കാടിന്റെ ഭാവവും ശബ്ദവും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

കാന്താരയിലുള്ളത് കാട് എന്നതിനേക്കാളും കാടിനോട് ചേർന്നുള്ള കുറെ നാട്ടുകാരുടെ കഥയാണ്. കാന്താരയിൽ മ്യൂസിക് വരുന്നുണ്ടെങ്കിലും മ്യൂസിക് ഓറിയന്റഡ് സിനിമയല്ല. സംഗീതത്തിനുള്ളതുപോലെ പ്രാധാന്യം കാടിനും അതിനകത്തുള്ള മൃഗങ്ങൾക്കും ഉണ്ട്. കാരണം ആ ചിത്രം ഒരു മൃഗവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. കാട്ടാളനും അതുപോലെയാണ്. കാന്താര കുറച്ചുകൂടി സ്പിരിച്വൽ ആണ്. കാട്ടാളനിൽ കാടിനെ ചൂഷണംചെയ്യുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് കാട്ടാളനിലെ ശബ്ദവും സംഗീതവും രണ്ടും രണ്ടാണ്. കാട്ടാളനിലെ സംഗീതം മോഡേൺ മ്യൂസിക് ആണെങ്കിൽ കാന്താരയിലുള്ളത് നാടൻ ഉപകരണങ്ങളും ശബ്ദങ്ങളുമാണ്. പിന്നെ കാട്ടാളൻ ഒരു ഹീറോ ബിൽഡപ്പുള്ള ചിത്രമാണ്. കാന്താരയിൽനിന്ന് വ്യത്യസ്തമായാണ് കാട്ടാളനിൽ കാടിനെ അവതരിപ്പിച്ചിരിക്കുന്നത്. ഞാൻ കൂടുതലും കാടിന്റെ ശബ്ദം കേൾപ്പിച്ചിട്ടുള്ളത് ചിലപ്പോൾ കാന്താരയിൽ ആയിരിക്കും. കാട്ടാളനിലേക്ക് വരുമ്പോൾ കാടിന്റെ ശബ്ദത്തേക്കാളും മുകളിൽ വരുന്നത് മ്യൂസിക് ആയിരിക്കും. ഒരു കമേഴ്ഷ്യൽ ആസ്പെക്ടും ഇതിനകത്ത് കിടക്കുന്നുണ്ട്.

സൗണ്ട് ഡിസൈൻ എങ്ങനെ വേണമെന്നാണ് സംവിധായകൻ പോൾ ജോർജിന്റെ മനസിലുണ്ടായിരുന്നത്?

സൗണ്ട് ഡിസൈൻ എങ്ങനെ വേണമെന്ന് സിനിമയുടെ തുടക്കംമുതൽ നല്ല ധാരണയുള്ള പുലർത്തുന്നയാളാണ് പോൾ ജോർജ്. കാട്ടാളൻ ട്രെയ്​ലറിന് ഒരു പ്രത്യേകതയുണ്ട്. മൂന്ന് പശ്ചാത്തലസംഗീതത്തിലാണ് ആ ട്രെയ്​ലർ ഇറങ്ങിയത്. ഇന്ത്യയിൽത്തന്നെ ഇങ്ങനെയൊന്ന് വേറെ ആരും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അതിൽത്തന്നെ ഈ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീക്ഷണം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കാം. ഒരെണ്ണംകൊണ്ട് അദ്ദേഹം തൃപ്തനായില്ല. വ്യത്യസ്തമായ സംഭവങ്ങൾ വേണം എന്നുള്ളതുകൊണ്ടാണ് പോൾ ആ മൂന്ന് ഓപ്ഷനിൽ വന്നത്. പിന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒന്ന് മെയിൻ ആയിട്ട് വെക്കും. ഒരു ആനയുടെ ശബ്ദമാണെങ്കിൽപ്പോലും പല ശബ്ദങ്ങൾ കേട്ടിട്ടായിരിക്കും ആ ഒരെണ്ണത്തിലേക്ക് പോൾ ജോർജ് ഫോക്കസ് ആകുന്നത്.

കാന്താരയിലെ അലർച്ച സൃഷ്ടിച്ചതാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ എന്തെങ്കിലും കാട്ടാളനിൽ ഉണ്ടോ?

ഒരു ശബ്ദം ഉണ്ടാക്കണമെന്ന സാഹചര്യത്തിലാണ് കാന്താരയിലെ ആ അലർച്ച ഉണ്ടാക്കിയെടുത്തത്. ആ രംഗത്തിലെ വസ്ത്രവും അതിലുള്ള അലങ്കാരങ്ങൾ പോലും ഏറെ പ്രധാനമാണ്. അങ്ങനെ ഒരു പഠനത്തിന്റെ ഭാഗമായാണ് ആ ശബ്ദം ഉണ്ടാക്കിയെടുത്തത്. ആ കോലത്തിന്റെ വസ്ത്രത്തിലുള്ള ചെറിയ കുലുക്കം പോലും നമ്മൾ രണ്ടാമത് റെക്കോർഡ് ചെയ്തെടുത്തതാണ്. കാരണം ആ കുലുക്കത്തിന്റെ ശബ്ദംപോലും കേൾക്കേണ്ടിയിരുന്നു. കാട്ടാളനിലേക്ക് വരുമ്പോൾ ആനയുടെ സാന്നിധ്യം വളരെ പ്രധാനമാണ്. ബാക്കിയെല്ലാം അതിനു ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ്. കാട്ടാളനിൽ അങ്ങനെ പ്രത്യേകമായി ഒന്നും ഉണ്ടാക്കിയെടുത്തിട്ടില്ല. സ്റ്റോറി ടെല്ലിങ്ങിനൊപ്പം സഞ്ചരിക്കുക എന്നുള്ളതാണ്. നേരത്തെ പറഞ്ഞപോലെ കാടിന്റെ ശബ്ദവും സംഗീതത്തിനുമൊപ്പംചേർന്ന് നമ്മൾ സഞ്ചരിക്കുക. ജനങ്ങളിലേക്ക് കൃത്യമായി ആ സിനിമയുടെ കഥ ചേർക്കുക. കഥയിൽ എന്താണോ ഉള്ളത് അത് വൃത്തിയായി അവതരിപ്പിക്കുക എന്നുള്ളതാണ് ചെയ്തിരിക്കുന്നത്.

സൗണ്ട് ഡിസൈനിങ്ങിന് മലയാള സിനിമയിൽ വന്നിട്ടുള്ള വികാസം എത്രമാത്രമാണ്?

ശബ്ദവും വെളിച്ചവും ആണ് സിനിമ എന്ന് ഞാൻ എപ്പോഴും പലയിടത്തും പറയുന്ന കാര്യമാണ്. ഈ ശബ്ദത്തിലും വെളിച്ചത്തിലും ആണ് നമ്മൾ മലയാളികൾ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നത്. പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ എന്ന് അറിയില്ല, മുംബൈയിൽ ഞാനിപ്പോൾ ഒരു ബോളിവുഡ് പടം മിക്സ് ചെയ്യാൻ വേണ്ടി വന്നിരിക്കുകയാണ്. കോക്ടെയ്ൽ 2 എന്ന ഷാഹിദ് കപൂർ നായകനായ പടമാണത്. ഇവിടെയുള്ള എൻജിനീയേഴ്സിന്റെ കണക്കും അല്ലെങ്കിൽ ഡിസൈനേഴ്സിന്റെ കണക്കും എടുത്തു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉള്ളത് മലയാളികളാണ്. അതേപോലെ തന്നെ ക്യാമറാമാന്മാരുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ ഇവരൊക്കെ മലയാളികളായിരുന്നോ എന്ന് നമ്മൾ അറിയാതെ ചോദിച്ചുപോകും. മലയാളികൾ ഭയങ്കര അടിപൊളിയാണ്. സൗണ്ടിൽ ഓസ്കർ വാങ്ങിയ റസൂൽ പൂക്കുട്ടിതന്നെ അതിനുദാഹരണം. എല്ലായിടത്തും ടോപ്പിൽ മലയാളികൾ ഉണ്ട്. അപ്പോൾ നമ്മുടെ സിനിമ മോശമാകുമോ? ഒരിക്കലും മോശമാവില്ല. ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് നമ്മുടെ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മറ്റുഭാഷാ ചിത്രങ്ങൾക്ക് മലയാള സിനിമ എങ്ങനെയാണ് ഒരു റഫറൻസ് ആകുന്നത്?

ഞാൻ മറ്റു സിനിമകളിൽ ജോലി ചെയ്യുന്ന ആളാണ്. എനിക്ക് അറിയാം മലയാളത്തിന്റെ വില എന്താണെന്ന്. കാരണം എല്ലാ ഭാഷയിലും പോയി ജോലി ചെയ്യുന്ന സമയത്ത് മലയാളിയാണോ എന്ന് ചോദിച്ചുകഴിഞ്ഞാൽ നമുക്ക് മാത്രമായി ഒരു കസേരയുണ്ട്. അതാണ് മലയാളത്തിന്റെ വില. മലയാള സിനിമ റഫറൻസ് ആണ്. മലയാള സംഗീതം റെഫറൻസ് ആണ്. എല്ലാ സിനിമക്കാരുടെയും എഡിറ്റിംഗ് ടേബിളിൽ നമ്മൾ റെഫറൻസ് പറയുന്നത് മലയാള സിനിമകളാണ്. ഈ മലയാളസിനിമയുടെ ഫീൽ ആണ് എനിക്ക് വേണ്ടത് എന്നുപറഞ്ഞാണ് എനിക്ക് റെഫറൻസ് തരുന്നത്. 25, 26 കൊല്ലം മുമ്പ് ചെന്നൈയിൽ വന്ന ആളാണ് ഞാൻ. മലയാളി എന്നുപറഞ്ഞ് പണ്ട് എന്നെ പലരും കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ ചെയ്ത പടങ്ങൾ തന്നെ എനിക്ക് റഫറൻസായി കിട്ടുന്നു. നമ്മൾ മലയാളം സിനിമ ചെയ്യുന്ന ആൾക്കാരാണെന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ പറ്റും.

സൗണ്ടുകൾ നേരത്തേ എടുത്തുവെച്ചശേഷം സിനിമയിൽ ഉപയോഗിക്കാൻ പറ്റുമോ? താങ്കൾ അങ്ങനെ ഉപയോഗിച്ചിട്ടുണ്ടോ?

ഉദാഹരണം പറയുകയാണെങ്കിൽ ഒരു സിനിമയിൽ യമഹ ബൈക്കിന്റെ സൗണ്ട് നമ്മൾ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ അതൊരു സ്റ്റോക്ക് ആണ്. അപ്പോ നമ്മൾ എവിടെയൊക്കെ ഏതൊക്കെ സിനിമയിൽ ഈ സൗണ്ട് വരുന്നുണ്ടോ അതൊക്കെ നമ്മൾ ഉപയോഗിക്കും. പക്ഷേ, അതിന് ഒരു യമഹ സൗണ്ട് മാത്രം പറ്റില്ല. യമഹയുടെതന്നെ വ്യത്യസ്തമായ ഒരു ശബ്ദശേഖരം നമുക്കുണ്ടായിരിക്കണം. അതുണ്ടാക്കുന്നതാണ് പ്രധാനം. നമ്മൾ ഒരു സൗണ്ട് ഡിസൈനർ നമ്മുടെ കയ്യിൽ നമ്മുടെ സ്വന്തം ശബ്ദം ഉണ്ടാവണം. നെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് മിടുക്കേ അല്ല. സ്വന്തമായി ശബ്ദം റെക്കോർഡ് ചെയ്തേ വർക്ക് ചെയ്യാവൂ എന്നാണ് ഞാൻ പലരോടും പറഞ്ഞിട്ടുള്ള കാര്യം. ഇപ്പോൾ മൈക്ക് എടുത്ത് നമ്മൾ നിൽക്കുന്ന സ്ഥലത്തിന് പുറത്തിറങ്ങിയാൽ നിറയെ ശബ്ദമല്ലേ നമുക്ക് ചുറ്റും. കാടിന്റെ ശബ്ദമെടുക്കണമെങ്കിൽ കാട്ടിൽ പോകുകയാണ് വേണ്ടത്. അത് റെക്കോർഡ് ചെയ്ത് അതുപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ സംതൃപ്തി വേറെയാണ്.
പലയിടങ്ങളിലും പോകുമ്പോൾ കേൾക്കുന്ന ശബ്ദങ്ങൾ ഫോണിൽ ആണെങ്കിലും ഞാൻ വെറുതേ റെക്കോർഡ് ചെയ്യും. പല സമയത്ത് പല റെക്കോർഡിങ് ആണ് കിട്ടുന്നത്. എവിടെ ഏത് സിനിമയ്ക്ക്, എവിടെ ഉപയോഗിക്കാൻ പറ്റും എന്ന് നമുക്ക് അറിയാൻ പറ്റില്ല. നമുക്ക് നമ്മുടേതായ സ്റ്റോക്ക് ഉണ്ടാകും. നമ്മൾ റെക്കോർഡ് ചെയ്യുമ്പോൾ നമ്മൾ മനസിൽ ഉറപ്പിച്ചാൽ മതി. എവിടെയെങ്കിലുമൊക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റും. ഞാൻ എത്രയോ പടങ്ങളിൽ ഇങ്ങനെ റെക്കോർഡ് ചെയ്ത ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. ഫ്ലൈറ്റിന്റെ അകത്തുള്ള അനൗൺസ്മെന്റ്സൊക്കെ ഞാൻ വെറുതേ റെക്കോർഡ് ചെയ്യും. അപ്പോൾ പടത്തിലൊക്കെ നമുക്ക് എവിടെയെങ്കിലും ഒക്കെ ഉപയോഗിക്കാൻ പറ്റും. ഉദാഹരണത്തിന് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ ഫ്ളൈറ്റ് സീനിന്റെ പശ്ചാത്തലത്തിൽ കേൾക്കുന്ന ഫ്ളൈറ്റ് സൗണ്ട് ഞാൻ എപ്പോഴോ നടത്തിയ ഒരു യാത്രയ്ക്കിടെ റെക്കോർഡ് ചെയ്തതാണ്. ഇതൊന്നും നമുക്ക് ഡബ്ബിങ് ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിക്കാൻ പറ്റില്ലല്ലോ. ഫ്ലൈറ്റിൽ കേൾക്കുന്ന ആ ശബ്ദം നമ്മുടെ മനസ്സിലുണ്ട്. അത് കറക്റ്റായി സിനിമയിൽ വന്നാൽ മാത്രമേ അത് വർക്ക് ഔട്ട് ആവുകയുള്ളൂ. അല്ലെങ്കിൽ അത് ഏച്ചുകെട്ടിയതുപോലെ തോന്നിക്കും.

പ്രേക്ഷകർ സൗണ്ട് ഡിസൈനിനെക്കുറിച്ച് ഇപ്പോൾ കൂടുതലായിട്ട് ചർച്ച ചെയ്യുന്നുണ്ടല്ലോ. ആളുകൾ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തുതുടങ്ങി എന്നല്ലേ അതിൽനിന്ന് മനസ്സിലാക്കേണ്ടത്?

സൗണ്ട് ഡിസൈനിങ് ആളുകൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ശബ്ദം എന്താണ് സംഗീതം എന്താണെന്ന് ആളുകൾക്ക് തിരിച്ചറിവ് വന്നിട്ടുണ്ട്. പണ്ട് ആളുകൾ വിചാരിച്ചുകൊണ്ടിരുന്നത് മ്യൂസിക് ഡയറക്ടർ തന്നെയല്ലേ എല്ലാം ചെയ്യുന്നത് എന്നാണ്. അതിൽനിന്നൊരു മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഈ ഇന്റർവ്യൂ തന്നെ നോക്കാം, സിനിമയുടെ നിർമാതാവും അണിയറപ്രവർത്തകരും എനിക്കുതരുന്ന പ്രാധാന്യം ആണത്. ഇത് ഭാവിയിലേക്കുള്ള ഒരു റെക്കോർഡ് ആണ്. എന്റെ വാക്കുകൾ ഒരാൾ വായിച്ചാൽ മതി. ആ ഒരാൾ സിനിമ കാണാൻ പോയാൽ, അയാൾ അത് ശ്രദ്ധിച്ചാൽ ഒരാളിൽ തുടങ്ങി 100 പേരിൽ പോയി ലക്ഷക്കണക്കിനാളുകളിൽ അതുചെന്നെത്തും. ഇതൊരു തുടക്കം മാത്രമാണ്.

ഒരു സൗണ്ട് ഡിസൈനർക്ക് എങ്ങനെയാണ് ആവർത്തനം വരാതെ ജോലി ചെയ്യാൻ പറ്റുന്നത്?

പ്രവൃത്തി പരിചയം എന്നാണ് അതേക്കുറിച്ച് പറയാനുള്ളത്. ഞാൻ കാട്ടാളൻ ചെയ്യുമ്പോൾ അതിന് സമാന്തരമായി ഞാൻ ചെയ്തുകൊണ്ടിരുന്ന സിനിമ കേട്ടാൽ നിങ്ങൾ ഞെട്ടും. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ പദയാത്ര. ആ സിനിമയുടെ ജോലികൾ കഴിയുന്നതിനു മുമ്പ് തന്നെ ഞാൻ കാട്ടാളനിൽ ജോയിൻ ചെയ്തു. രണ്ടും രണ്ട് തലത്തിൽ നിൽക്കുന്ന സിനിമകളാണ്. പദയാത്രയിൽ ഒരു ചെറിയ സൗണ്ട് അധികം കയറിയാൽ സാർ ചോദിക്കും എന്തിനാണിത്രയും എന്ന്. അപ്പോൾത്തന്നെ കട്ട് ചെയ്യാൻ പറയും. കാട്ടാളനിൽ ഇതിന്റെ നേരെ വിപരീതമായിരുന്നു. സൗണ്ട് പോരാ കൂട്ടിക്കോ, കുറച്ചുകൂടി കയറട്ടെ എന്നാണ് പറയാറ്. ഈ രണ്ട് ജോണറിന് ഇടയിൽ നമുക്ക് നിൽക്കാൻ പറ്റണം. 26 വർഷത്തെ അനുഭവത്തിൽനിന്നാണ് ഇതെല്ലാം സാധിക്കുന്നത്.

‘ഡ്രാഗണ’ല്ലാതെ ഏതൊക്കെയാണ് പുതിയ ചിത്രങ്ങൾ?

ഞാൻ ഇപ്പോൾ ചെയ്ത കോക്ടെയ്ൽ 2 ജൂൺ 14-ാം തിയതി റിലീസ് ആണ്. തമിഴിൽ പരിമളം ആൻഡ് കോയും അന്നുതന്നെയാണ് റിലീസ് ചെയ്യുന്നത്. രാം ചരണിന്റെ പെദ്ധി ജൂൺ അഞ്ചിനാണ് റിലീസ്.