സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇന്ദ്രൻസിന്റേത്. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിലെ വൈകാരിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം തമിഴ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. സിനിമയിലെ ഒരു നിർണായകരംഗത്തിൽ തനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന അദ്ദേഹത്തിന്റെ സംഭാഷണം വൈറലാണ്. തനിക്ക് യഥാർത്ഥജീവിതത്തിലും ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.

To advertise here,

താൻ സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂട്ടിയാണെന്ന് ഇന്ദ്രൻസ് വെളിപ്പെടുത്തി. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോഴും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഈയടുത്താണ് വാങ്ങിയത്. ഒരിക്കൽ എന്തോ കാര്യം പറയാനായി മമ്മൂട്ടി സാർ എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. 'എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?'. നീ എന്താ ഫോൺ എടുക്കാത്തത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് ഞാൻ സ്മാർട്ട്ഫോൺ വാങ്ങുന്നത്. പക്ഷേ എനിക്കിപ്പോഴും അത് നന്നായി ഉപയോഗിക്കാൻ അറിയില്ല', ഇന്ദ്രൻസ് പറഞ്ഞു.

അതേസമയം ആർജെ ബാലാജി സംവിധാനംചെയ്ത ചിത്രം ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ടു. നിർമാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പോസ്റ്ററും അവർ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷൻ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന നിയമവ്യവസ്ഥയ്ക്കുള്ളിലെ അഴിമതിക്കെതിരെ പോരാടാൻ അഭിഭാഷകന്റെ വേഷം ധരിക്കുന്ന വേട്ടക്കറുപ്പ് എന്ന കാവൽദൈവത്തെ ചുറ്റിപ്പറ്റിയാണ് കറുപ്പ് എന്ന ഫാന്റസി ആക്ഷൻ ഡ്രാമ നീങ്ങുന്നത്. ആർ.ജെ. ബാലാജി നാട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.