
നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവുമെന്നും അതിലൊന്നും അധികം ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്നും നടൻ ഷെയ്ൻ നിഗം. വിവാദങ്ങളിലൂടെയും മറ്റുമുള്ള യാത്ര ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും പലപ്പോഴും നോക്കി നിൽക്കാനേ സാധിച്ചിരുന്നുള്ളൂ എന്നും ഷെയ്ൻ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്കോമുമായി പങ്കുവെക്കുകയാണ് ഷെയ്ൻ നിഗം.
ആർഡിഎക്സിന് ശേഷം വീണ്ടും ഷെയ്ൻ-മഹിമ കോമ്പോ
മഹിമയുടെയും എന്റെയും കോമ്പോ ഇത്രയധികം പ്രേക്ഷകർ സ്വീകരിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ആർഡിഎക്സിൽ ഞങ്ങളുടെ കെമിസ്ട്രി നന്നായിരുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം. എന്റെ ഒരു ഗാനത്തിന് ആളുകൾ ചുവട് വെക്കണമെന്ന് എനിക്കേറെ ആഗ്രഹമുണ്ടായിരുന്നു. ആർഡിഎക്സിലൂടെ ആ ആഗ്രഹവും സാധിച്ചു. റീൽസിലൂടെയും മറ്റും നീലനിലവേ എന്ന ഗാനവും ട്രെൻഡിങ്ങായി. ലിറ്റിൽ ഹാർട്സിലൂടെ വീണ്ടും ഞങ്ങൾ ഒന്നിക്കുന്നത് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ എനിക്കും സന്തോഷമുണ്ട്. ആർഡിഎക്സിന്റെ അതേ ജോണറിൽ അല്ലാതെ, വ്യത്യസ്തമായ കഥയും കഥാപശ്ചാത്തലവും കഥാപാത്രവുമാണ് ലിറ്റിൽ ഹാർട്സിലേത്. അത് തന്നെയാണ് ഈ സിനിമ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും.

മഹിമ സത്യത്തിൽ മലയാള നടിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. തമിഴിലെ നടിയാണെന്നാണ് കരുതിയിരുന്നത്. തമിഴിലാണല്ലോ കൂടുതലും ചിത്രങ്ങൾ. പക്ഷേ ഈ നമ്പ്യാരെന്ന പേര് കൺഫ്യൂഷനാക്കി. മറ്റ് ഭാഷയിലെ താരത്തിന് കൊടുക്കുന്ന ബഹുമാനം വെച്ചാണ് സംസാരിച്ചതെല്ലാം. ഞങ്ങൾക്കൊന്നും സംസാരിക്കാനില്ലായിരുന്നു. എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. സിനിമയിലെ കെമിസ്ട്രി ഞങ്ങൾക്കിടയിൽ ആർഡിഎക്സ് ഷൂട്ട് സമയത്ത് ഇല്ലായിരുന്നു. ലിറ്റിൽ ഹാർട്സിന്റെ ഷൂട്ടിനിടയിലാണ് ആ മഞ്ഞുരുകിയത്.
സീരിയസ് വേഷത്തിൽ നിന്നൊരു മോചനം
ഒരു സമയം വരെ ഞാൻ സീരിയസ് സിനിമകളും കഥാപാത്രങ്ങളും മാത്രമേ ചെയ്യൂ എന്ന് ആളുകൾക്ക് പൊതുവേയൊരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. സത്യത്തിൽ എന്നെ തേടി വന്ന കഥകളിൽ നിന്ന് എനിക്ക് വർക്ക് ആകുന്ന കഥകളും ടീമുമാണ് ഞാൻ തിരഞ്ഞെടുത്തിരുന്നത്. ഇപ്പോഴാണ് കുറച്ചുകൂടി ലൈറ്റ് ആയുള്ള കഥകൾ എന്നെ തേടി വരുന്നതും ഞാനവ ശ്രദ്ധിക്കുന്നതും. ലിറ്റിൽ ഹാർട്സ് അത്തരത്തിലൊരു ചിത്രമാണ്. ഇടുക്കിക്കാരൻ അച്ചായൻ കഥാപാത്രമാണ് ലിറ്റിൽ ഹാർട്സിലേത്. സിബി എന്നാണ് പേര്. കുറച്ച് കോമഡി ഒക്കെയുള്ള നിഷ്കളങ്കനായ, ടെക്നോളജിയുമായൊന്നും ബന്ധമില്ലാതെ വളരെ ഓർത്തഡോക്സ് ആയ, ദൈവവിശ്വാസിയായ കഥാപാത്രം. ആദ്യമായാണ് അത്തരത്തിലൊരു വേഷം ഞാൻ ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷമുണ്ട്.
ഔട്ട് ഡേറ്റഡ് മകനും ന്യൂജെൻ അച്ഛനും
നല്ലൊരു അച്ഛൻ-മകൻ കോമ്പോ ചിത്രത്തിലുണ്ട്. ബാബുരാജേട്ടനാണ് അച്ഛൻ വേഷത്തിലെത്തുന്നത്. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് വരെ വ്യക്തിപരമായി അടുപ്പമുള്ള രണ്ട് പേരായിരുന്നില്ല ഞങ്ങൾ . ഷൂട്ട് തുടങ്ങി ആ കഥാപാത്രങ്ങളിലേക്ക് ഞങ്ങൾ സ്വാഭാവികമായി മാറുകയായിരുന്നു. കാശ് ഷെയർ ഇട്ട് മദ്യപിക്കുന്ന അച്ഛനും മകനുമാണ് ഇവർ. ആ കെമിസ്ട്രി പതിയേ ഞങ്ങൾക്കിടയിലും ഉണ്ടായി. സിബിയുടെ നേരെ വിപരീത സ്വഭാവമാണ് ചേട്ടന്റെ ബേബി എന്ന കഥാപാത്രത്തിനുള്ളത്. ന്യൂ ജനറേഷൻ ആകാൻ ആഗ്രഹിച്ച് നടക്കുന്ന അച്ഛനും ഔട്ട്ഡേറ്റഡ് ആയുള്ള മകനും. ബാബുരാജേട്ടന്റെ അടിപൊളി റൊമാന്റിക് മുഖം ചിത്രത്തിൽ കാണാം. ചേട്ടൻ റൊമാൻസ് ചെയ്യുന്നത് പലർക്കും അത്ഭുതം ആയി തോന്നിക്കാണും. ഇതേ അത്ഭുതമായിരുന്നു സാൾട് ആൻഡ് പെപ്പറിൽ കോമഡി ചെയ്തപ്പോൾ. ചേട്ടൻ ഇത്ര നന്നായി കോമഡി ചെയ്യുമെന്ന് അന്നേ വരെ ആരും തിരിച്ചറിഞ്ഞില്ല. അതേ പോലെ തന്നെയാണ് ഇതിലെ ബേബി.
കൊച്ചി ഭാഷയിൽ നിന്ന് ഇടുക്കിക്കാരനിലേക്ക്
കിസ്മത്തിൽ പൊന്നാനി സ്ലാങ്ങ് സംസാരിക്കാൻ ശ്രമിച്ചിരുന്നു, ഈടയിൽ കണ്ണൂർ ഭാഷയും. അതിന് ശേഷം ഞാൻ ചെയ്ത ചിത്രങ്ങളിൽ തൊണ്ണൂറ് ശതമാനവും ഫോർട്ട് കൊച്ചിക്കാരനോ എറണാകുളത്തുകാരനോ ആയിട്ടാണ്. അതുകൊണ്ട് തന്നെ കൊച്ചി സ്ലാങ്ങ് മാത്രമേ വഴങ്ങൂ എന്ന വിമർശനം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റൊരു സ്ലാങ്ങ് സംസാരിക്കാൻ കിട്ടിയ അവസരം കൂടിയാണ് ലിറ്റിൽ ഹാർട്സ്. അത് വൃത്തിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
അച്ഛന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള അഭിനയം, വൈകാരിക അനുഭവം
അച്ഛന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം അഭിനയിക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. ജാഫറിക്കയുടെ (ജാഫർ ഇടുക്കി ) കാര്യം പ്രത്യേകം പറയണം. ഇഷ്ഖിൽ ഞങ്ങൾ കുറേ നാൾ ഒന്നിച്ചുണ്ടായിരുന്നു. എനിക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ്. എന്നെ ചെറുപ്പത്തിൽ എടുത്തുകൊണ്ട് നടന്നിട്ടുള്ള ആളാണ്. വാപ്പച്ചി പണ്ട് അവ്വൈ ഷൺമുഖൻ എന്ന പരിപാടി ചെയ്തിരുന്നപ്പോൾ അതിൽ പ്രധാന വേഷം ചെയ്തത് ജാഫറിക്കയാണ്. ആ സമയം വീട്ടിൽ ഇവരെല്ലാം കാണും. എന്റെ ചെറുപ്പത്തിലേ നല്ലൊരും പങ്കും ഇവരുടെ റിഹേഴ്സൽ ക്യാമ്പിലായിരുന്നു. കുറേ നല്ല ഓർമകളുണ്ട് ഇവരുടെയൊക്കെ ഒപ്പം.
വിമർശിച്ചവർ തന്നെ കയ്യടിക്കുന്ന, പുകഴ്ത്തുന്ന നിമിഷങ്ങൾ
അങ്ങനെയുള്ള കാര്യങ്ങളൊന്നും അധികം ശ്രദ്ധിക്കാറില്ല. എല്ലാത്തിൽ നിന്നും കുറേയൊക്കെ അകന്നു നിൽക്കുകയാണ് ഇപ്പോൾ. കമന്റുകളൊന്നും അങ്ങനെ നോക്കാറില്ല. നമ്മളുടെയൊക്കെ ഒരു സമയം ആണ്. നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും. അതിലൊന്നും ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. പറ്റുന്നപോലെ നമ്മുടെ ജോലി ചെയ്ത് മുന്നോട്ട് പോവുക. ഈ വിവാദങ്ങളുണ്ടായി അതിന് ശേഷം വന്ന ആർഡിഎക്സ് വിജയച്ചില്ലായിരുന്നുവെങ്കിൽ ഞാൻ എന്ത് ചെയ്തേനെ. എന്റെ വിധി തന്നെ വേറെ ആകുമായിരുന്നില്ലേ.അപ്പോൾ അത് എനിക്ക് വേണ്ടി ദൈവം ചെയ്തു തന്നതല്ലേ. എനിക്ക് മാത്രമല്ല ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി. ഞാൻ അന്നും ഇന്നും ഇനി എന്നും ദൈവം സഹായിക്കുന്നിടത്തോളം എന്റെ ജോലി ആത്മാർഥമായി ചെയ്യും. പക്ഷേ ഈ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്. കാരണം, ഇതൊരു വ്യക്തിയും വലിയ സംഘടനകളോ കമ്പനികളോ അല്ലെങ്കിൽ എന്നേക്കാൾ പവർഫുള്ളായ അൾക്കാരുമായുള്ള കലഹമാണ്. അത് വലിയ വലിയ പ്രശ്നങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് നോക്കി നിൽക്കാനേ സാധിക്കൂ. എല്ലായിപ്പോഴും നമ്മുടെ ഭാഗം വിശദീകരിക്കാൻ സാധിക്കില്ല. പണ്ട് ഞാൻ അത് ചെയ്തിട്ടുണ്ട് എന്റെ മുടി മുറിക്കൽ പ്രശ്നത്തിലൊക്കെ എന്റെ ഭാഗം പറയാൻ ശ്രമിച്ചിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല എന്നിട്ടും. അതുകൊണ്ട് പിന്നീട് ഞാൻ സൈലന്റായി ഇരുന്നു. നടക്കുന്നിടത്തോളം നടക്കട്ടെ, പറയുന്നവർ പറയട്ടെ.. ഒരുനാൾ പറഞ്ഞ് തീരുമല്ലോ അന്നേരം നോക്കാം.
ആത്മീയത ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടോ
പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്. ഒരു ലിമിറ്റിനപ്പുറത്തേക്ക് ഒന്നിനും നമ്മളെ സ്വാധീനിക്കാനാവില്ലെന്ന് തിരിച്ചറിയും. കുറച്ച് ബുദ്ധിമുട്ടേറിയതാണ് ഈ വഴി. കാരണം നമ്മളാഗ്രഹിക്കുന്ന ആ ഒരു സമാധാനം ആദ്യം ലഭിക്കണമെന്നില്ല. സമയമെടുക്കും. പക്ഷേ മെഡിറ്റേഷൻ, പ്രാർഥന, നമസ്കാരം എന്നിങ്ങനെ ഓരോ മതവും പേരിട്ട് വിളിക്കുന്ന വഴികളിലൂടെ അവസാനം ആ പാതയിലെത്തിയാൽ പിന്നെ ഈ പറഞ്ഞതെല്ലാം എളുപ്പമാണ്. ജീവിതത്തിൽ വേണ്ടത് സമാധാനമാണ്. സന്തോഷം നമ്മൾക്ക് പങ്കുവെച്ച് കിട്ടുന്നതാണ്. പക്ഷേ സമാധാനം ഉള്ളിൽ നിന്ന് ഉണ്ടാവേണ്ടതും. എല്ലാ മതവും പറഞ്ഞുവെക്കുന്നത് ഒന്ന് തന്നെയാണ് . മനുഷ്യരാണ് അതിൽ വേർതിരിവ് ഉണ്ടാക്കുന്നത്. അടയാളങ്ങളിൽ വിശ്വസിക്കാൻ പോയതാണ് പ്രശ്നമായത്. മറിച്ച് അവ പറയുന്ന കാര്യങ്ങൾ മനസിലാക്കിയാൽ എല്ലാം ഒന്നാണെന്ന് തിരിച്ചറിയും.
Content Highlights: little hearts movie actor shane nigam interview
Published: 28 May 2024, 09:36 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented