
കോടമഞ്ഞ് പൊതിഞ്ഞ പുഷ്പകണ്ടം എന്ന തനി നാട്ടിൻപുറം. അത്യാവശ്യം ഏലക്കൃഷിയും പള്ളിപ്പെരുന്നാളും ഇണക്കങ്ങളും ചെറിയ പിണക്കങ്ങളുമൊക്കെയായി കഴിയുന്ന സാധാരണക്കാരായ ഒരുപറ്റം മനുഷ്യർ. അവർക്കിടയിലേക്കാണ് ഇരട്ട സംവിധായകരായ എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ക്ഷണിക്കുന്നത്. വ്യത്യസ്തമായ മൂന്നു പ്രണയങ്ങളും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
പുഷ്പകണ്ടത്തെ ഏലക്കർഷകനായ ബേബി, മകൻ സിബി, സുഹൃത്ത് ഷാരോൺ എന്നിവരാണ് ലിറ്റിൽ ഹാർട്ട്സിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ മൂന്ന് പ്രണയ കഥകളിലെ നായകന്മാരും ഇവരാണ്. ഇവരുടെ പ്രണയങ്ങളിലെ ഉയർച്ച താഴ്ചകളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. വയസ് അൻപത്താറ് ആയെങ്കിലും പുതിയ തലമുറയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാനാണ് ബേബിക്ക് താത്പര്യം. എന്നാൽ ഇതിൽനിന്ന് നേർവിപരീതമാണ് മകൻ സിബിയുടെ കാര്യം. ഇവർ രണ്ടുപേരിൽനിന്നും വളരെയേറെ വ്യത്യസ്തമാണ് ഷാരോണിന്റെ പ്രണയം.
ഒരർത്ഥത്തിൽ ഷാരോണിന്റെ പ്രണയത്തിൽ സിബി ഇടപെടുന്നതോടെയാണ് ബേബിയുടെയും സിബിയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്ക് വഴിയൊരുക്കുന്നത്. വളരെ സാധാരണക്കാരായ കർഷകർ ജീവിക്കുന്ന തനിനാട്ടിൻപുറത്ത് ഷാരോണിന്റെ പ്രണയം ഉണ്ടാക്കുന്ന പൊല്ലാപ്പുകളെക്കുറിച്ചോർത്ത് സിബിയും ബേബിയും ആശങ്കപ്പെടുന്നുണ്ട്. ഈ ആശങ്ക പ്രേക്ഷകരിലേക്കും പകരാൻ എബി ട്രീസ-ആന്റോ ജോസ് പെരേര എന്നിവർക്ക് സാധിച്ചിട്ടുണ്ട്.
പതിവുരീതികളിൽ നിന്ന് മാറി തനി നാട്ടിൻപുറത്തുകാരനായ സിബിയായി കയ്യടിയർഹിക്കുന്ന പ്രകടനമാണ് ഷെയ്ൻ നിഗം കാഴ്ചവെച്ചത്. ബാബുരാജിനും മഹിമ നമ്പ്യാർക്കുമൊപ്പമുള്ള രംഗങ്ങൾ ചിരി പൊട്ടിക്കുന്നതാണ്. തനി പുഷ്പകണ്ടംകാരനായി മാറിയിട്ടുണ്ട് ഷെയ്ൻ. സിബിയുടെ അച്ഛനും മുൻ മിസ്റ്റർ പുഷ്പകണ്ടവുമായ ബേബിയെ ബാബുരാജ് മികവുറ്റതാക്കിയിട്ടുണ്ട്. ഇടികൊള്ളുന്ന ആ പഴയ ബാബുരാജിൽ നിന്ന് പ്രണയാതുരനായ മറ്റൊരു ബാബുരാജിനെ ലിറ്റിൽ ഹാർട്ട്സിൽ കാണാം. ഷൈൻ ടോം ചാക്കോയാണ് ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ഷാരോൺ എന്ന കഥാപാത്രമായെത്തിയത്. പ്രേക്ഷകർ കണ്ടുപരിചയിച്ചിട്ടുള്ള പൊട്ടിത്തെറിക്കുന്ന ഷൈനിനുപകരം വളരെ ശാന്തനായ ഒരാളെ ഈ ചിത്രത്തിൽ കാണാനാവും.
മഹിമ നമ്പ്യാർ, രമ്യ സുവി, രഞ്ജി പണിക്കർ, മാലാ പാർവതി, ജാഫർ ഇടുക്കി, ഷമ്മി തിലകൻ എന്നിവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. ബഹളങ്ങളൊന്നുമില്ലാത്ത ഒരു തനി നാട്ടിൻപുറച്ചിത്രം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ലിറ്റിൽ ഹാർട്ട്സിന് ടിക്കറ്റെടുക്കാം.
Content Highlights: little hearts malayalam movie review
Published: 07 Jun 2024, 02:44 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented