സൂര്യ നിർമിച്ച് നായകനായെത്തിയ ജയ് ഭീം പുറത്തിറങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ നിൽക്കുന്ന പ്രകടനം കാഴ്ച വെച്ച നടിയാണ് മലയാളിയായ ലിജോ മോൾ. നായികയായ സെങ്കിനിയായി നിറഞ്ഞാടുകയാണ് ലിജോ മോൾ.. സെങ്കിനി എന്ന ഇരുള വിഭാ​ഗത്തിൽപ്പെട്ട നിറവയറുള്ള നായിക നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ ആകെ തുക. ജയ് ഭീമിലേക്കും സെങ്കിനിയിലേക്കും എങ്ങനെയെത്തി എന്ന് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ലിജോ മോൾ.

വഴിത്തിരിവായ 'സിവപ്പ് മഞ്ചൾ പച്ചൈ'

ഓഡിഷൻ വഴിയാണ് ജയ് ഭീമിലേക്ക് വരുന്നത്. സിവപ്പ് മഞ്ചൾ പച്ചൈ എന്ന സിനിമ കണ്ടിട്ടാണ് സംവിധായകൻ ജ്ഞാനവേൽ വിളിക്കുന്നത്. ഓഡിഷന്റെ സമയത്ത് മലയാളത്തിലായിരുന്നു ഒരുരം​ഗം അഭിനയിച്ച് കാണിച്ചുകൊ‌ടുത്തത്. കാരണം എനിക്ക് തമിഴ് അത്ര വശമില്ലായിരുന്നു. പക്ഷേ മലയാളത്തിൽ ഡയലോ​ഗ് പറഞ്ഞ് ചെയ്തത് അദ്ദേഹത്തിനിഷ്ടപ്പെട്ടു. പിന്നെ കഥ പറഞ്ഞുതന്നു. യഥാർത്ഥ സംഭവമാണെന്ന് അന്ന് പറഞ്ഞിരുന്നു. പിന്നെ തിരക്കഥ മുഴുവൻ കേട്ടപ്പോൾ നല്ല ഡെപ്ത് ഉള്ള വേഷമാണെന്ന് മനസിലായി. നന്നായി ചെയ്യേണ്ട ഒന്നാണെന്ന് മനസിലായി. അങ്ങനെയാണ് ജയ് ഭീം ചെയ്യാൻ തീരുമാനിച്ചത്.

ഇരുളവിഭാ​ഗക്കാർക്കൊപ്പം പരിശീലനം

ജനുവരി പകുതി തൊട്ട് മാർച്ച് ആദ്യം വരെ ഞാനും മണികണ്ഠനും അവരു‌ടെ കൂടെ തന്നെയായിരുന്നു. ട്രെയിനിങ് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് അവരേയും അവർക്ക് ഞങ്ങളേയും അടുത്തറിയാനുള്ള സമയമായിരുന്നു. കാരണം ഇരുള വിഭാ​ഗത്തിൽപ്പെട്ട രണ്ടുപേരേയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. അപ്പോൾ അവരെപ്പറ്റി എന്തെങ്കിലുമൊക്കെ അറിയണമല്ലോ. എനിക്കും മണികണ്ഠനും അവരേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കാര്യങ്ങൾ പഠിക്കാനായി പരിശീലനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ആദ്യം തമിഴ് പഠനം

ആദ്യത്തെ ഒന്നുരണ്ടാഴ്ച തമിഴ് പഠിക്കാനാണ് ഞാൻ ചെലവഴിച്ചത്. എന്റെ തമിഴ് ഭയങ്കര മോശമായിരുന്നു. എനിക്ക് അവരോട് സംസാരിക്കണമെങ്കിൽ തമിഴ് പഠിക്കണമായിരുന്നു. തമിഴ് പഠിക്കാനും അവരോട് ഇടപഴകി വരാനും മണികണ്ഠൻ ഒരുപാട് സഹായിച്ചു. അങ്ങനെ അവരോട് സംസാരിക്കുകയും അവരുമായി ഒരു ബന്ധമുണ്ടാക്കിയെടുക്കുകയും ചെയ്തു. പിന്നെ അവരുടെ കുടിലുകളിലേക്ക് പോവുകയും അവർ ദിവസവും ചെയ്യുന്ന കാര്യങ്ങൾ ചെയ്ത് നമ്മളും അവരിൽ ഒരാളായി മാറുകയും ചെയ്യണമായിരുന്നു. 

ചില പരിശീലന കാര്യങ്ങൾ

അവർ സാരിയാണ് ധരിക്കുക. അപ്പോൾ ഞാനും സാരിയുടുക്കണമായിരുന്നു. അവർ ചെരിപ്പ് ഉപയോ​ഗിക്കാത്തതുകൊണ്ട് ട്രെയിനിങ് സമയത്തെല്ലാം ചെരിപ്പിടാതെയായിരുന്നു നടന്നിരുന്നത്. പിന്നെ വേട്ടയ്ക്ക് പോയി. പോവുന്നത് ഒരു ദിവസം രാത്രിയായിരിക്കും. ഏഴ് അല്ലെങ്കിൽ എട്ടുമണിക്കൊക്കെ തുടങ്ങിയാൽ കഴിയാൻ പിറ്റേദിവസം രാവിലെയൊക്കെയാവും. അപ്പോൾ അത്രയും ദൂരം ചെരിപ്പിടാതെ കാട്ടിലൂടെ നടക്കണം. അതെല്ലാം പുതിയ അനുഭവങ്ങൾ തന്നെയായിരുന്നു. കാരണം സിനിമയിൽ ഒരു ഷോട്ടിന് വേണ്ടി ചെരിപ്പൂരിയിട്ട് ചെയ്യുമ്പോൾ അതിന്റേതായ വ്യത്യാസം എന്തായാലും അറിയുമെന്ന് എന്നോട് പറഞ്ഞിരുന്നു. പരിശീലനം കിട്ടിയതുകൊണ്ട് ഷൂട്ടിന്റെ സമയത്ത് ചെരിപ്പില്ലാതെ തന്നെ നടന്ന് ശീലമായി.

വിഷചികിത്സ പഠിച്ചു

അവരുടെ സ്വഭാവം നിരീക്ഷിക്കാനുണ്ടായിരുന്നു. അവരുടെ സമുദായത്തിന് പുറത്തുള്ള ഒരാളോട് അവരെങ്ങനെയാണ് പെരുമാറുക, സമുദായത്തിനകത്ത് എങ്ങനെയാണ് പെരുമാറുന്നത് എന്നെല്ലാം നോക്കി പഠിച്ചു. അവരുടെ സ്ത്രീകൾ വീട്ടിൽ എന്താണ് ചെയ്യുന്നതെന്നാണ് എനിക്ക് പഠിക്കാനുണ്ടായിരുന്നത്. പിന്നെ പാമ്പിൻ വിഷത്തിനുള്ള മരുന്ന് കൊടുക്കുന്നതായിട്ടായിരുന്നു സിനിമയിൽ എന്റെ ജോലി. അതും പഠിച്ചു. മരുന്നുകളെല്ലാം പഠിക്കണമായിരുന്നു. പനിക്കും ചുമയ്ക്കും വരെയുള്ള മരുന്നുകൾ എന്തെല്ലാമാണെന്ന് പഠിക്കണമായിരുന്നു. സിനിമയിൽ അതൊന്നും വന്നിട്ടില്ലെങ്കിലും തികഞ്ഞ പരിചയമുള്ള ഒരാളെപ്പോലെ തന്നെ എല്ലാം ചെയ്യണമായിരുന്നു. മണികണ്ഠനാണെങ്കിൽ പാമ്പിനെ പിടിക്കുന്നതിനുള്ള പരിശീലനമാണ് ഉണ്ടായിരുന്നത്. സിനിമയിൽ വി.എഫ്.എക്സ് ആണെങ്കിലും ശരിക്കും അവർ എങ്ങനെയാണ് പാമ്പ് പിടിക്കേണ്ട‌തെന്ന് അദ്ദേഹത്തിന് പഠിക്കണമായിരുന്നു. പിന്നെ ചെങ്കൽച്ചൂളയിൽ ജോലിയും ചെയ്തു.

Lijomol

എലിയെ ശരിക്കും വേട്ടയാടിപ്പിടിച്ചു

അതെ, ശരിക്കും എലിയെ പിടിച്ചു. എലിയെ കറി വെച്ച് കഴിച്ചിട്ടുണ്ട്. ചിക്കൻ കഴിക്കുന്നതുപോലെയാണ് തോന്നിയത്. അവർ പണ്ടുതൊട്ടേ എലിവേട്ടയ്ക്ക് പോവുന്നതാണ്. വരപ്പെലി എന്നാണ് അവർ അതിനെ പറയുന്നത്. അതായത് വയലിൽ മാത്രം കാണുന്ന പ്രത്യേകതരം എലിയാണത്. എല്ലാ എലിയേയും അവർ കഴിക്കില്ല. അതുപോലെ അണ്ണാനേയും അവർ പിടിച്ച് കഴിക്കും. കഥാപാത്രം ചെയ്യുന്നതിന്റെ ഭാ​ഗമായി ഇതെല്ലാം നമ്മളും ചെയ്യണമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഞാനതിൽ നിന്നെല്ലാം വ്യത്യാസമുണ്ട് എന്നൊരു തോന്നലുണ്ടാവും. എല്ലാം അവരുടെ കൂടെ കഴിഞ്ഞ് ചെയ്തതുകൊണ്ട് ഞാൻ അവരിൽ നിന്ന് വ്യത്യസ്തയാണ് എന്ന് തോന്നിയിട്ടില്ല. 

എലിയെ കഴിച്ചത് വീട്ടിൽ പറഞ്ഞപ്പോൾ

എങ്ങനെ കഴിച്ചു എന്ന് ചോദിച്ചു. ആദ്യമൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. എലിയാണല്ലോ എന്നൊരു ചിന്തയൊക്കെ വന്നു. പിന്നെ അവരും നമ്മളെപ്പോലെ തന്നെയാണല്ലോ, വേറെ വ്യത്യാസമൊന്നും ഇല്ലല്ലോ. അവർക്ക് കഴിച്ചിട്ട് കുഴപ്പമൊന്നുമില്ല. പിന്നെ നമുക്കും കഴിക്കാമെന്ന് വിചാരിച്ചു. വീട്ടിൽ നിന്നാരും അയ്യേ, അങ്ങനെയൊക്കെ ചെയ്തോ എന്നല്ല ചോദിച്ചത്. കഴിക്കാൻ നേരം എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ എന്നാണ് ചോദിച്ചത്. 

സിനിമയിൽ സൂര്യയുണ്ടെന്ന് അറിഞ്ഞില്ല

സിനിമ നിർമിക്കുന്നത് സൂര്യയാണെന്ന് അറിയാമായിരുന്നു. ഓഡിഷൻ കഴിഞ്ഞ് സ്ക്രിപ്റ്റൊക്കെ കേട്ട് ചെയ്യാമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. നാട്ടിലെത്തി പിറ്റേദിവസം സംവിധായകൻ വിളിച്ചു. എന്നോട് അഡ്വ. ചന്ദ്രു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന് അറിയാമോ എന്ന് ഇങ്ങോട്ട് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോൾ ഒന്ന് ഊഹിച്ച് പറയാൻ പറഞ്ഞു. ഞാൻ കുറച്ച് പ്രായമുള്ള, പ്രകാശ് രാജിനേപ്പോലെയുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്. പക്ഷേ ഞാൻ പറഞ്ഞില്ല. ഒരാളെയും മനസിൽ വരുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് സൂര്യയാണെന്ന് പറഞ്ഞത്. ലിജോ മോളുടെ അടുത്ത് ഇത് നേരത്തേ പറയാതിരുന്നതാണ്. കാരണം സൂര്യ അഭിനയിക്കുന്നത് കൊണ്ട് അഭിനയിക്കാൻ സന്നദ്ധത കാണിക്കും എന്ന് വിചാരിച്ചാണ് പറയാതിരുന്നതെന്നും ജ്ഞാനവേൽ സാർ പറഞ്ഞു. കേട്ടപ്പോൾ നല്ല രീതിയിൽ അദ്ഭുതപ്പെട്ടു.

Lijomol

ആത്മാർത്ഥതയുള്ള സംവിധായകൻ

സംവിധായകനെന്ന നിലയിൽ ജ്ഞാനവേൽ സർ നല്ല ആത്മാർത്ഥതയുള്ള ആളാണ്. സൂര്യയാണ് ഹീറോ. അദ്ദേഹത്തിനായി പ്രത്യേകം നായികയോ പാട്ടോ മാസ് രം​ഗങ്ങളോ ഒക്കെ ഒരുക്കാമായിരുന്നു. പക്ഷേ അങ്ങനെയൊന്നും വേണ്ട എന്നത് അദ്ദേഹത്തിന്റെ കടുംപിടിത്തമായിരുന്നു. സത്യസന്ധമായാണ് എല്ലാം കാണിച്ചത്.

ഭാവി പദ്ധതികൾ

സെങ്കിനി പോലുള്ള കഥാപാത്രം ഇനി അടുത്ത കാലത്തൊന്നും ചെയ്യില്ല. അതിനൊപ്പം നിൽക്കുന്നതോ മുകളിൽ നിൽക്കുന്നതോ ആയ കഥാപാത്രങ്ങൾ വേണമെന്നൊന്നും ഇല്ല. ഒരേപോലുള്ള വേഷങ്ങളിൽ തളയ്ക്കപ്പെട്ട് നിൽക്കാനില്ല. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം. മലയാളത്തിലും പുതിയ സിനിമകൾ വരുന്നുണ്ട്.

content Highlights : Lijomol Jose Interview Jai Bhim Movie Suriya Gnanavel Rajisha Vijayan