ടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് 'ജയ് ഭീം'. ലോകത്തെ വലിയ ജനാധിപത്യ രാജ്യത്തെ അസമത്വവും അനീതിയും വിളിച്ച് പറഞ്ഞ 'ജയ് ഭീം' എന്ന ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസ് ചെയ്തു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ കഥ തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. സിനിമയില്‍ സൂര്യ അവതരിപ്പിച്ചത് ചന്ദ്രു എന്ന അഭിഭാഷക കഥാപാത്രത്തെയാണ്. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് സിനിമയുടെ ഇതിവൃത്തം. ജസ്റ്റിസ് ചന്ദ്രു ഇന്ന് ചെന്നൈയിലുണ്ട്. അദ്ദേഹവുമായി അനൂപ് ദാസ് സംസാരിക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group


1993ല്‍ അല്ലേ സിനിമയ്ക്ക് ആസ്പദമായ സംഭവം നടന്നത്?

അതെ, 28 വര്‍ഷം മുന്‍പാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഞാന്‍ കടലൂരിലെ നെയ് വേലിയില്‍ പോയതായിരുന്നു. അപ്പോള്‍ ഒരു സ്ത്രീവന്നു. കൂടെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനും ഉണ്ടായിരുന്നു. എനിക്ക് ചെന്നൈയിലേക്കുള്ള ബസ് 5.30ന് ആണ്. അഞ്ച് മണിയായി ആ സ്ത്രീയെ കാണുമ്പോള്‍. സമയമില്ലാത്തതിനാല്‍ അവരോട് ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞ് എന്റെ കാര്‍ഡ് കൊടുത്തു. അവര്‍ ചെന്നൈയില്‍ എത്തി നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. അതിനെത്തുടര്‍ന്ന് രാജാക്കണ്ണിനെ തിരഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. രാജാക്കണ്ണിന്റെ സഹോദരന്റെ മക്കള്‍ രണ്ടു പേര്‍ എവിടെയാണ് എന്നതും പ്രധാന വിഷയമായി.

justice chandru
ജസ്റ്റിസ് ചന്ദ്രുവും ലേഖകനും

ഹര്‍ജി കോടതിയില്‍ എത്തിയപ്പോള്‍, മെനഞ്ഞ കഥയുമായി പോലീസ് വന്നു. എല്ലാവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു പോയി എന്നായിരുന്നു പോലീസിന്റെ കഥ. എന്നാല്‍ രാജാക്കണ്ണിന്റെ സഹോദരന്റെ മക്കള്‍ കേരളത്തില്‍ ഉണ്ട് എന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചു. സംഭവം നടന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം മുതല്‍ രാജാക്കണ്ണിന്റെ സഹോദരന്റെ വീട്ടിലേക്ക് മണിയോര്‍ഡറുകള്‍ ലഭിച്ചിരുന്നു. അതില്‍ പക്ഷേ കൃത്യമായ അഡ്രസില്ല. ആ മണിയോഡറുകള്‍ പരതി രണ്ടു പേരെ കണ്ടെത്തി. അവരെ കോടതിയില്‍ ഹാജരാക്കിയതാണ് കേസില്‍ നിര്‍ണായകമായത്. പോലീസിന്റെ അതിക്രൂര മര്‍ദ്ദനത്തേയും കൊലപാതകത്തേയും കുറിച്ച് ഇരുവരും കോടതിയില്‍ പറഞ്ഞു. ഇനി ഈ ഭാഗത്തൊന്നും കണ്ടു പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കി പോലീസ് ഇരുവരേയും വിട്ടയച്ചെന്നും ശേഷം കേരളത്തിലെ കൊല്ലം ജില്ലയില്‍ ഒരിടത്ത് വീട്ട് ജോലി ചെയ്ത് ജീവിക്കയായിരുന്നുവെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിനായി ഐ.ജി പെരുമാള്‍ സ്വാമിയെ കോടതി നിയോഗിച്ചു. 30 ദിവസം നീണ്ട അന്വേഷണത്തില്‍ കസ്റ്റഡി കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചു. പോലീസുകാര്‍ കുറ്റക്കാരാണ് എന്ന് വ്യക്തമായതോടെ ഹൈക്കോടതി കേസ് കടലൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. രാജാക്കണ്ണിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും വീടും നല്‍കാനും കോടതി ഉത്തരവിട്ടു. കേസ് വാദിച്ച എനിക്ക് 5000 രൂപ പോലീസ് നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. ഞാനത് നിഷേധിച്ചെങ്കിലും കോടതി ഉത്തരവ് മാറ്റിയില്ല. ഏഴ് വര്‍ഷത്തിന് ശേഷം ആ പണം പോലീസ് എനിക്ക് തന്നു. ഞാനാ പണം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കൈമാറി. അവര്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെ? അതുകൊണ്ടാണ് പണം അവര്‍ക്ക് നല്‍കിയത്. സെഷന്‍സ് കോടതിയിലെ നടപടികള്‍ നീണ്ടെങ്കിലും പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചു.

പിന്നെ എപ്പോഴാണ് ഈ സംഭവം സിനിമയാക്കാം എന്ന ചര്‍ച്ച ആരംഭിച്ചത്?

Surya with justice chandru
സൂര്യ ജസ്റ്റിസ് ചന്ദ്രുവിനൊപ്പം

ഏറ്റവും പ്രധാനപ്പെട്ട കേസ് ഏത് എന്ന ചോദ്യത്തിന് പല തവണ ഈ കേസ് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പത്രങ്ങളിലും മറ്റും വന്നതുമാണ്. എന്നാല്‍ അതെല്ലാം ആളുകള്‍ വായിച്ചു വിട്ടു എന്നല്ലാതെ കാര്യമായ ചര്‍ച്ചയുണ്ടായില്ല. ഇടയ്ക്ക് സംവിധായകന്‍ ജ്ഞാനവേലുവുമൊത്ത് നെയ്വേലിയിലേക്ക് ഒരു പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായി യാത്ര നടത്തിയിരുന്നു. അന്ന് പഴയ സംഭവങ്ങള്‍ ഞാന്‍ വിശദീകരിച്ചു. ''ഇവിടെ വെച്ചാണ് ആ സ്ത്രീയെ ആദ്യം കണ്ടത്, ഇവിടെയാണ് രാജാക്കണ്ണ് കൊല ചെയ്യപ്പെട്ടത്, മൃതദേഹം ഈ സ്ഥലത്താണ് ഉണ്ടായിരുന്നത്'' തുടങ്ങി എല്ലാം വിശദമായി പറഞ്ഞു. എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂട എന്ന ചിന്ത ജ്ഞാനവേലിനുണ്ടായി. അതിനായി കേസിന്റെ രേഖകള്‍ തിരഞ്ഞു.

ഈ സിനിമകൊണ്ട് ആര്‍ക്ക് ഗുണംവരണം എന്ന ചിന്ത ഉറപ്പായും ഉണ്ടായിരുന്നു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് സിനിമയെടുക്കാം, ഒരു സമൂഹത്തെ കേന്ദ്രീകരിച്ചും എടുക്കാം. വലിയ ബുദ്ധിമുട്ടും പ്രതിസന്ധിയും നേരിടുന്ന ജന വിഭാഗമാണ് ഇരുളര്‍. ഇരുളരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിണ്ടിഗലിലെ പ്രൊഫ. കല്യാണിയെ എനിക്ക് പരിചയമുണ്ട്. ഇരുള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന വലിയ ചുമതല അവര്‍ ഏറ്റെടുത്ത് നടത്തുന്നു. ഇക്കാര്യമെല്ലാം പരിഗണിച്ചാണ് കുറവ വിഭാഗത്തില്‍പ്പെട്ട രാജാക്കണ്ണിന്റെ കഥ ഇരുളരുടെ കഥയായി മാറുന്നത്.

സിനിമ ആരു ചെയ്യും എന്നതായിരിക്കുമല്ലോ അടുത്ത വിഷയം?

ചെറിയ ബജറ്റില്‍ ഒരു സിനിമ എന്ന ആലോചനയാണ് ആദ്യമുണ്ടായത്. എന്നാല്‍ അത് ഡോക്യുമെന്റെറി പോലെയാകുമെന്ന് തോന്നി. അങ്ങനെയാണ് നിര്‍മ്മാണത്തിനുവേണ്ടി, കഥയുമായി സംവിധായകന്‍ സൂര്യയെ സമീപിച്ചത്. '' ഈ സിനിമയില്‍ ഞാന്‍ തന്നെ അഭിനയിക്കാം'' എന്ന് ചര്‍ച്ചകള്‍ക്കിടെ സൂര്യ പറഞ്ഞു. സിനിമയില്‍ പറഞ്ഞ 95 ശതമാനം കാര്യങ്ങളും നടന്നതാണ്. സിനിമയ്ക്ക് വേണ്ടി ചില കാര്യങ്ങളില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യം നടന്നത് പിന്നെ പറഞ്ഞു എന്നതുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍.

ഈ സിനിമയുടെ വിജയ കാരണങ്ങളായി അങ്ങ് വിലയിരുത്തുന്നവ എന്തൊക്കൊയാണ്?

ശരിയായ കഥ പറഞ്ഞു എന്നതാണ് ഒന്നാമത്തെ കാര്യം. ഇരുളരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അറിവുണ്ടാക്കാന്‍ ഈ സിനിമ സഹായിച്ചു എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ ഇങ്ങനെ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നത് മൂന്നാമത്തെ കാര്യം. നാട് മാറി മാറി പുറമ്പോക്കില്‍ ജീവിക്കുന്നവരാണ് ഇരുളര്‍. അവര്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ നാട്ടില്‍ ആരും സഹായിച്ചില്ല. എന്ത് വന്നാലും അതിനെ നേരിടും എന്ന ഉറപ്പില്‍ ഒരു സ്ത്രീ നിയമ പോരാട്ടത്തിന് ഇറങ്ങുന്നു. കേസ് ഒതുക്കാന്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് പോലീസുകാര്‍ അവരോട് പറഞ്ഞതാണ്.

ഒരു ദിവസം തൊഴിലെടുത്താല്‍ നൂറ് രൂപയ്ക്ക് പോലും വകയില്ലാതിരുന്ന ആ സ്ത്രീ ഒരു ലക്ഷം രൂപ തട്ടിത്തെറിപ്പിച്ച് നീതിക്ക് വേണ്ടി നിലകൊണ്ടു. ആ അര്‍പ്പണബോധത്തിന്റെ കഥ പറയാന്‍ സിനിമയ്ക്ക് പറ്റി.

സാധാരണക്കാര്‍ക്ക് കോടതിയില്‍ പോയി വിജയിക്കാന്‍ പറ്റുമോ എന്ന സംശയത്തിന് മാറ്റം വരുത്താന്‍ കഴിഞ്ഞു. ഈ സിസ്റ്റത്തില്‍ ഇതും സാധ്യമാണ്. സാധാരണക്കാര്‍ക്ക് ജയിക്കാന്‍ കഴിയും, ആര് കാരണം? നല്ലവരായ കുറേ മനുഷ്യര്‍ തന്നെ കാരണം. നേരത്തേയെല്ലാം കോടതികളെ സിനിമകളില്‍ കാണിച്ചിരുന്നു. പക്ഷേ അതെല്ലാം ജില്ലാ കോടതികളും മറ്റുമായിരുന്നു. ഇവിടെ, ഹൈക്കോടതിയില്‍ നടന്ന ഒരു സംഭവം ഹൈക്കോടതി തന്നെ കാണിച്ച് സിനിമയില്‍ അവതരിപ്പിച്ചു. അഭിഭാഷകര്‍ സ്വന്തമായ ഭക്ഷണം വെച്ച് കഴിക്കുന്നവരും തറയിലിരിക്കുന്നവരുമെല്ലാമാണ് എന്ന് ചിത്രീകരിച്ചു. പ്രണയവും മസാലയും അടിപിടിയും ഹീറോ പരിവേഷവും ഒന്നുമില്ലാതെ സിനിമയില്‍ ഒരു കഥയ്ക്ക് വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമായി.

മലയാളത്തില്‍ ഒരു പക്ഷേ നേരത്തേ ഇത്തരം കഥകള്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ തമിഴില്‍ അധികമില്ല. കാല്‍പ്പനികവത്ക്കരിക്കുന്നതിന്റെ അപ്പുറത്തേക്ക് കാര്യം പറയാന്‍ ശ്രമിച്ചു എന്നത് ഗുണമായി.

പോലീസുകാര്‍ തെറ്റ് ചെയ്തു എന്ന് സിനിമ പറയുമ്പോഴും അത് മറ്റൊരു പോലീസുകാരന്‍ കണ്ടെത്തി എന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. അതുകൊണ്ട് പോലീസുകാര്‍ക്കിടയിലും നല്ല അഭിപ്രായം സിനിമയ്ക്ക് വന്നിട്ടുണ്ട്. സമര പോരാട്ടങ്ങളും ചെങ്കെടിയുമെല്ലാം ആ കാലത്തെ അടയാളപ്പെടുത്തുന്നു.

Suriya
ഇരുള വിഭാഗത്തിന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഒരു കോടി രൂപ നടൻ
സൂര്യയും ജ്യോതികയും സംഭാവനയായി നൽകുന്നു

സിനിമയില്‍ കമ്യൂണിസ്റ്റ് കൊടി പല തവണ കാണിക്കുന്നുണ്ട്. എന്താണ് ഈ കഥയില്‍ സിപിഎമ്മിന്റെ റോള്‍?

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഒരു മാധ്യമത്തോട് സംസാരിച്ചത് കേട്ടിരുന്നു. രാജാക്കണ്ണിന്റെ കുടുംബത്തെ സഹായിച്ചിരുന്നതായി പറയുന്നത് കണ്ടു. അതെല്ലാം അവരുടെ കാര്യം. എന്നെ സംബന്ധിച്ച് ഈ സിനിമകൊണ്ട് ജനങ്ങള്‍ക്ക് എന്ത് കാര്യം എന്നുള്ളതാണ്. സിനിമ കണ്ട ആളുകളില്‍ നിന്ന് നല്ല അഭിപ്രായം വരുന്നു. പലരും ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അത്ഭുതപ്പെടുന്നു. ചില യുവാക്കള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യയും ജ്യോതികയും ഒരു കോടി രൂപ ഇരുളരുടെ വിദ്യാഭ്യാസത്തിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ഏല്‍പ്പിക്കുന്നു. ഇരുളരെക്കുറിച്ച് അന്വേഷിക്കാനും അവരെ സഹായിക്കാനും കൂടുതല്‍ പേര്‍ രംഗത്ത് വരുന്നു. ഈ സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പ്പാണ് ലഭിച്ചത്.

അങ്ങ് നേരത്തേ സിപിഎം പ്രവര്‍ത്തകനായിരുന്നുവല്ലേ?

പഠന കാലത്ത് എസ്എഫ്ഐ ആയിരുന്നു. പിന്നീട് സിപിഎം. സിഐടിയു നേതാവുമായിരുന്നു. അന്ന് തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നിട്ടുണ്ട്. നിരവധി സമരങ്ങളിലും പോരാട്ടങ്ങളിലും പങ്കെടുത്തു. ആ അനുഭവങ്ങളെല്ലാം അഭിഭാഷകനായപ്പോഴും പിന്നീട് ജഡ്ജിയായപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. സമരങ്ങളിലെ എന്റെ ആവശ്യങ്ങള്‍ ഞാന്‍ ജഡ്ജിയായിരിക്കുമ്പോള്‍ മുന്നില്‍ വന്നു. നീതിയുക്തം വിധി പറഞ്ഞു.

സിനിമയുടെ വിജയം അങ്ങേയ്ക്ക് വലിയ ആഹ്ലാദം പകരുന്ന പോലെ?

അണിയറ പ്രവര്‍ത്തകരുടെ രണ്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. സെന്‍സറില്‍ നിറയെ കട്ട് പറഞ്ഞു. എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. അങ്ങനൊരു പടത്തിന് സ്ത്രീകള്‍ തിയേറ്ററില്‍ കയറുമോ? കുടുംബം എത്തുമോ എന്നെല്ലാം സംശയമുണ്ടായിരുന്നു. തുടര്‍ന്നാണ് ഒടിടി എന്ന ചിന്ത വന്നത്. എന്നാല്‍ ആദ്യ ദിവസം തന്നെ സിനിമയുടെ റീച്ച് മനസ്സിലായി. ജര്‍മനി, ബ്രസീല്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ആളുകള്‍ സിനിമ കണ്ട് വിളിച്ചു. നല്ല വരവേല്‍പ്പ് ലഭിച്ചു. വലിയ സന്തോഷമുണ്ട്.

content highlights : Interview with Chandru, Jai Bhim protagonist