രോ കോടതിയും വിധിക്കുന്നത് തീർപ്പുകളാണ്. ആ ഉത്തരവുകളിലൂടെ ജനങ്ങൾക്ക് കോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വിശ്വാസം എത്രത്തോളം ആർജിക്കാൻ കഴിയും? ആ വിശ്വാസമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം തുറന്നുകാട്ടുന്നത്. അധികാരം കയ്യാളുന്നവർക്ക് മാത്രമല്ല, അടിച്ചമർത്തപ്പെടുന്നവനും ആട്ടിപ്പായിക്കപ്പെടുന്നവനും ഈ ഭൂമിയിൽ ഒരുതരി മണ്ണിനും നീതിക്കും അവകാശമുണ്ടെന്ന് സമർത്ഥിക്കുകയാണ് ടി.ജെ ജ്ഞാനവേൽ.

1993-ൽ തമിഴ്‌നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ജയ് ഭീമിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു വീട്ടിൽ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് ഇരുളവിഭാഗത്തിൽപ്പെട്ട മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മൂവർക്കും ലോക്കപ്പിൽ നേരിടേണ്ടി വന്നത് പോലീസിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം അതിക്രൂരമായ പീഡനമുറകൾ. കുറ്റം സമ്മതിക്കാൻ ഏതൊക്കെ രീതിയിൽ പീഡിപ്പിക്കാമോ അവയെല്ലാം പ്രയോഗിച്ചു. പക്ഷേ ഫലമുണ്ടായില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ട് അവരുടെ മേൽ തന്നെ കുറ്റം ചാർത്താനായിരുന്നു പോലീസ് ശ്രമം. പക്ഷേ ഈ മൂന്നുപേരെക്കുറിച്ചും പിന്നീടാർക്കും ഒരു വിവരവുമില്ല. മൂന്നുപേരിലെ രാജാക്കണ്ണ് എന്ന ചെറുപ്പക്കാരന്റെ ഭാര്യ സെങ്കിനി നടത്തിയ നിയമ പോരാട്ടമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അവളെ സഹായിക്കാൻ ഒപ്പം നിന്നതാകട്ടെ അഡ്വ. ചന്ദ്രുവും.

സമൂഹം അടിമകൾക്ക് തുല്യം കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഇരുളവിഭാഗത്തിന്റെ ജീവിതമാണ് ചിത്രത്തിലുടനീളം കാണാനാവുക. അവരുടെ ജോലി, സംസ്‌കാരം, ഭക്ഷണം, ആചാരങ്ങൾ എല്ലാം കൃത്യമായി പറഞ്ഞുവെച്ചിരിക്കുന്നു. ചിത്രത്തിന്റെ മറ്റുരംഗങ്ങളിലും ഈ ഡീറ്റയിലിങ് കാണാം. ശബ്ദമില്ലാത്തവരുടെ ശബ്ദമാവേണ്ടത് നീതിന്യായ വ്യവസ്ഥയാണ് എന്നാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം എന്നത് തന്നെയാണ് ചിത്രത്തെ ഉള്ളുലയ്ക്കുന്ന അനുഭവമായി മാറ്റുന്നത്. ചെയ്യാത്ത കുറ്റത്തിനായി ചോര പൊടിച്ച രാജാക്കണ്ണും അവന്റെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന സെങ്കിനിയുടെ കണ്ണീരും പകർന്നുനൽകുന്ന പാഠങ്ങൾ അനവധിയാണ്. 

അഭിനേതാക്കളിലേക്ക് വന്നാൽ ആദ്യം മാർക്കിടേണ്ടത് സെങ്കിനിയായെത്തിയ മലയാള നടി ലിജോ മോൾക്കാണ്. ഇരുളവിഭാഗത്തിൽപ്പെട്ട നിറവയറുള്ള നായികയായി നിറഞ്ഞാടുകയായിരുന്നു ലിജോ മോൾ. സെങ്കിനിയുടെ എല്ലാ മാനസികാവസ്ഥയും കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ലിജോ വിജയിച്ചിട്ടുണ്ട്. കരിയറിൽ ഒരുപക്ഷ് ലിജോ മോൾ ഇനി അറിയപ്പെടാൻ പോകുന്നതും സെങ്കിനിയെ അവതരിപ്പിച്ചതിന്റെ പേരിലായിരിക്കും.

LijoMol
'ജയ് ഭീമി'ൽ ലിജോമോൾ

നായകനായ അഡ്വ. ചന്ദ്രുവായെത്തിയ സൂര്യയേയും അഭിനന്ദിക്കാതെ വയ്യ. ഇങ്ങനെയൊരു ചിത്രം നിർമിച്ചതിനും അതിൽ ഇതുപോലൊരു വേഷം ചെയ്തതിനും. സെങ്കിനി തന്റെ ദുരവസ്ഥ വിവരിക്കുമ്പോൾ ചന്ദ്രുവിന്റെ മുഖത്തെ മാംസപേശികളിലുണ്ടായ ചെറുചലനം മാത്രം മതി സൂര്യ എന്ന അഭിനേതാവ് എത്രമാത്രം ആ വേഷത്തിലേക്ക് ഇഴുകിച്ചേർന്നു എന്ന് മനസിലാക്കാൻ. രാജാക്കണ്ണായെത്തിയ മണികണ്ഠനും നല്ല കയ്യടി അർഹിക്കുന്നു. നെട്രിക്കണ്ണിലെ പോലീസ് വേഷത്തിൽ നിന്നും വിദൂര സാമ്യം പോലുമില്ലാത്ത കഥാപാത്രമായി നിറഞ്ഞുനിൽക്കുന്നുണ്ട് ഈ യുവതാരം. പോലീസ് വേഷത്തിലെത്തിയ തമിഴിന്റെ വേഷം പ്രത്യേകം എടുത്തുപറയണം. കുബുദ്ധിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ എല്ലാ ക്രൂരതയും ഈ കഥാപാത്രത്തിൽ കാണാം. രജിഷ വിജയൻ, പ്രകാശ് രാജ്, റാവു വിശ്വനാഥ്, ഗുരു സോമസുന്ദരം എന്നിവർക്കും കൃത്യമായ ഇടമുണ്ട് സിനിമയിൽ.

രാഷ്ട്രീയം പറയുന്ന ഒരു തമിഴ് സിനിമയിൽ സാധാരണ രാഷ്ട്രീയ പാർട്ടികളായി ഏതെങ്കിലും ഡമ്മി പേരിട്ട സംഘടനയേയും അവരുടെ കൊടിയുമെല്ലാമാണ് കാണിക്കാറുള്ളത്. പക്ഷേ ജയ് ഭീം ആ പതിവ് തെറ്റിച്ചിട്ടുണ്ട്. സെങ്കിനിയെ അഡ്വ. ചന്ദ്രുവുമായി ബന്ധപ്പെടുത്തുന്നതും ഇരുള വിഭാഗക്കാരെ കൂട്ടി പരസ്യ പ്രക്ഷോഭങ്ങൾക്കിറങ്ങുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് മറയേതുമില്ലാതെ പറയുന്നുണ്ട് ചിത്രത്തിൽ. തൻെ സിനിമ എത്രമാത്രം സത്യസന്ധമാവണം എന്ന സംവിധായകന്റെ നിർബന്ധവും ആത്മാർത്ഥതയുമാവാം അതിന് കാരണം. ചിത്രത്തിലൊരിടത്ത് കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലക്കേസുമായി ബന്ധപ്പെട്ട റഫൻസ് കാണാം. രാജൻ കേസ് പോലെ തന്നെ ഈ കേസിനേയും കാണണമെന്നാണ് അന്ന് ചന്ദ്രു മദ്രാസ് ഹൈക്കോടതിയിൽ വാദിച്ചതും ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നതും. അത്രമാത്രം പഠനങ്ങൾ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് സംവിധായകൻ നടത്തിയിട്ടുണ്ട്.

പോലീസ് ഭീകരതയും ജാതി വേർതിരിവുമെല്ലാം തമിഴ് സിനിമയിൽ പുത്തരിയല്ല. അവതരണത്തിലെ തീവ്രതയാണ് ജയ് ഭീമിനെ വ്യത്യസ്തമാക്കുന്നത്. സെങ്കനിക്കും ചന്ദ്രുവിനും രാജാക്കണ്ണിനുമൊപ്പം സഞ്ചരിപ്പിക്കുകയാണ് ജയ് ഭീമിലൂടെ ത.സെ. ജ്ഞാനവേൽ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് സെങ്കനിയുടെ കണ്ണീർ പ്രേക്ഷകന്റെ നെഞ്ചിൽക്കിടന്ന് പൊള്ളുന്നത്.

content highlights : Jai Bhim Movie review Suriya Lijomol Rajisha vijayan new tamil movie review