
ബോക്‌സോഫീസ് റെക്കോഡുകള്‍ കടപുഴക്കി തിയേറ്ററുകളില്‍ വിജയത്തേരോട്ടം നടത്തുകയാണ് നാഗ് അശ്വിന്‍-പ്രഭാസ് ടീമിന്റെ 'കല്‍ക്കി 2898 എ.ഡി'. 'കല്‍ക്കി'യുടെ ഈ വിജയത്തില്‍ സന്തോഷിക്കുന്നവരില്‍ ഒരു കോഴിക്കോട്ടുകാരിയുമുണ്ട്. 'കല്‍ക്കി'യുടെ മലയാള മൊഴിമാറ്റ സംഭാഷണങ്ങളെഴുതിയ നീരജയാണത്. തിരക്കഥ എഴുതുന്ന അതേ ബുദ്ധിമുട്ട് തന്നെയുണ്ട് മൊഴിമാറ്റ സംഭാഷണങ്ങളെഴുതാനുമെന്ന് പറയുന്നു നീരജ. അന്യഭാഷാ ചിത്രമാണ് കാണുന്നതെന്ന് പ്രേക്ഷകന് തോന്നാതിരിക്കുന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു. 'കല്‍ക്കി'യുടെ ഡബ്ബിങ് വിശേഷങ്ങള്‍ നീരജ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.
'കൽക്കി'യിലേയ്ക്ക് വിളിച്ചത് മറ്റുചിത്രങ്ങളിലെ പ്രവർത്തനപരിചയം കണ്ടിട്ട്
കുറേ നാളായി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എഴുതുന്നുണ്ട്. അവസാനം ചെയ്തത് 'സലാര്‍' ആയിരുന്നു. അതില്‍ ശങ്കര്‍ രാമകൃഷ്ണന്റെ കോ റൈറ്റര്‍ ആയിരുന്നു. അതിനുമുന്‍പ് അദ്ദേഹത്തിനൊപ്പംതന്നെ കുഷി എന്ന ചിത്രം ചെയ്തു. കൂടാതെ കന്നഡയില്‍ 'യുവ' പോലുള്ള ചിത്രങ്ങളും ചെയ്തു. മറ്റുചിത്രങ്ങളിലെ പ്രവർത്തനപരിചയം കണ്ടിട്ടാണ് വൈജയന്തി മൂവീസില്‍നിന്ന് 'കല്‍ക്കി'യുടെ മലയാളം ചെയ്യാന്‍ ബന്ധപ്പെടുന്നത്.
റോ ഫൂട്ടേജ് കണ്ടാണ് 'കല്‍ക്കി'ക്ക് സംഭാഷണമെഴുതിയത്
സിനിമ കണ്ടിട്ടുതന്നെയാണ് മൊഴിമാറ്റ സ്‌ക്രിപ്റ്റ് എഴുതുന്നത്. 'കല്‍ക്കി'യെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നമ്മള്‍ കാണുന്നത് അവരെടുത്തുവച്ചിരിക്കുന്ന റോ ഫൂട്ടേജ് ആണ്. എല്ലാം പൂര്‍ത്തിയായ സിനിമയല്ല നമ്മള്‍ കാണുന്നത്. അതേസമയം, 'കുഷി' പോലുള്ള ചെറിയ ബജറ്റിലുള്ള സിനിമകള്‍ ഡബ്ബിങ് അടക്കം കഴിഞ്ഞശേഷമാണ് കയ്യില്‍ കിട്ടുക. സലാര്‍, കല്‍ക്കി പോലുള്ള സിനിമകളില്‍ അവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനൊപ്പംതന്നെ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിന്റെ എഴുത്തും ഡബ്ബിങ്ങുമെല്ലാം നടക്കുന്നുണ്ടാവും. 'കല്‍ക്കി'യുടെ കാര്യമെടുത്താല്‍ നമുക്ക് കിട്ടുന്നത് ഒരു ഗ്രീന്‍ മാറ്റിന് മുന്നില്‍നിന്നുള്ള അഭിനേതാക്കളുടെ പ്രകടനമാണ്. അതില്‍ ഉള്ള വോയിസ് കേട്ടാണ് എഴുതുന്നത്. അത് കാണുമ്പോള്‍ ആ രംഗംകൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് നമുക്ക് മനസിലാവുന്നിടത്താണ് കാര്യം. 'കല്‍ക്കി' ഒരു പ്രത്യേക പ്രോജക്റ്റാണ്. വര്‍ത്തമാനകാലത്തുനിന്ന് 870-ഓളം വര്‍ഷത്തിനുശേഷമുള്ള കാര്യങ്ങളാണ് കാണിക്കുന്നത്. അതിനെ 6000 വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെടുത്തുന്നുമുണ്ട്.
സംശയങ്ങള്‍ തീര്‍ത്തുകൊണ്ടാണ് എഴുതാറ്
ആദ്യം ഹൈദരാബാദിലേക്ക് സിനിമ കാണാന്‍ വിളിച്ചു. അതിനുശേഷം വന്ന സംശയങ്ങളൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടാണ് മലയാള പരിഭാഷ എഴുതാന്‍ തുടങ്ങുന്നത്. ഗ്രാഫിക്‌സ് ഉള്‍പ്പെടെ ഒന്നും ചേര്‍ക്കാത്ത ദൃശ്യങ്ങള്‍ കാണുന്നതുകൊണ്ട് സ്വാഭാവികമായും പല കാര്യങ്ങളിലും സംശയങ്ങള്‍ വരുമല്ലോ. എഴുതിവരുമ്പോള്‍ പല തിരുത്തലുകളും നമ്മുടെ ഭാഗത്തുനിന്ന് വേണ്ടിവരും. അവര്‍ സിനിമയില്‍ എന്തൊക്കെ മാറ്റം വരുത്തുന്നോ അതിനനുസരിച്ച് നമ്മള്‍ എഴുതിയതിലും മാറ്റം വരുത്തണം. നമ്മള്‍ ആദ്യം എഴുതുമ്പോള്‍ ഉണ്ടായിരുന്ന ദൈര്‍ഘ്യമായിരിക്കില്ല ഫൈനലായി വരുന്ന സിനിമയ്ക്ക്. എല്ലാം പൂര്‍ത്തിയായി കയ്യില്‍ക്കിട്ടുന്ന സിനിമകളില്‍ വലിയ സംശയം വരില്ല. എന്നിരുന്നാലും ചിലപ്പോള്‍ അതാത് സിനിമകളുടെ സംവിധായകനോ എഴുത്തുകാരനോ ആയി നേരിട്ട് സംസാരിച്ചാണ് ജോലി ചെയ്യാറുള്ളത്.
ഒരുപാട് പദസമ്പത്ത് ആവശ്യമുണ്ട്
തെലുങ്കിലെ സംഭാഷണത്തില്‍ എന്താണോ ഉള്ളത് അതിന്റെ മീറ്ററും ചുണ്ടുകളുടെ ചലനവും നോക്കി അതിനനുസരിച്ചുള്ള വാക്കുകളാണ് മൊഴിമാറ്റുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടത്. അതുകൊണ്ടുതന്നെ ഒരുപാട് പദസമ്പത്ത് നമുക്കാവശ്യമുണ്ട്. അങ്ങനെ എഴുതിയാലേ മറ്റൊരു ഭാഷാ ചിത്രമാണ് കാണുന്നത് എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാകാതിരിക്കൂ. ഉദാഹരണത്തിന് അവന്‍ രക്ഷപ്പെട്ടു എന്നൊരു സംഭാഷണം എഴുതിയെന്ന് കരുതുക. പക്ഷേ, ഒറിജിനല്‍ ഭാഷയില്‍ പറഞ്ഞ അതേ താളത്തില്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നയാള്‍ക്ക് പറയാന്‍ പറ്റണമെന്നില്ല. അപ്പോള്‍ അവിടെ ഒരു വാക്കുകൂടി ചേര്‍ത്ത് അവന്‍ രക്ഷപ്പെട്ടുകളഞ്ഞു എന്നാക്കും. ചിലപ്പോള്‍ സ്‌ക്രീനില്‍ താരത്തിന്റെ ചുണ്ടനക്കം അവസാനിക്കുന്നത് ഉ എന്ന ശബ്ദത്തിലായിരിക്കും. അവിടെ ഇ എന്ന ശബ്ദത്തില്‍ അവസാനിക്കുന്ന ഒരു വാക്ക് ചേര്‍ക്കാനാവില്ല. ആ രീതിയില്‍ വരികള്‍ മാറ്റാനും മറിക്കാനുമുള്ള ശേഷി എഴുത്തിലും ഡബ്ബിങ്ങിലും ഉണ്ടാകണം. എന്റെ സിനിമകളുടെ ഡബ്ബിങ് സമയത്ത് ഞാനും സ്റ്റുഡിയോയില്‍ ഇരിക്കാറുണ്ട്. എന്തെങ്കിലും മാറ്റം വേണമെന്ന് തോന്നിയാല്‍ അപ്പോള്‍ത്തന്നെ മാറ്റും. വേറൊരു ഭാഷയിലുള്ള സിനിമയാണ് കാണുന്നതെന്ന് പ്രേക്ഷകന് തോന്നാതിരിക്കുക എന്നതാണ് പരമമായ ലക്ഷ്യം.
സംവിധായകന്‍ ഉദ്ദേശിച്ച മീറ്റര്‍ മനസിലാക്കിവേണം സംഭാഷണമെഴുതാന്‍
വലിയ സ്‌കെയിലിലുള്ള പാന്‍ ഇന്ത്യന്‍ സിനിമകള്‍ നോക്കുകയാണെങ്കില്‍ പല ഭാഷയിലുള്ള താരങ്ങള്‍ അഭിനയിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ സൗകര്യത്തിനുവേണ്ടി അവരവരുടെ മാതൃഭാഷയിലായിരിക്കും ഡയലോഗ് പറയുക. അപ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ ഉദ്ദേശിച്ച മീറ്റര്‍ എന്താണെന്ന് മനസിലാക്കിവേണം സംഭാഷണമെഴുതാന്‍. 'കല്‍ക്കി'യില്‍ മാത്രമല്ല, വലിയ സിനിമകളിലെല്ലാം വരുന്ന വെല്ലുവിളിയാണിത്. ഉദാഹരണത്തിന് ഇമോഷണല്‍ സീനെല്ലാം ഹിന്ദിയിലാണ് അമിതാഭ് സാര്‍ പറഞ്ഞുവെച്ചത്. ഇമോഷന്‍ മനസിലാക്കി പരിഭാഷപ്പെടുത്തുക എന്നതാണ് കാര്യം.

ട്രാന്സ്ലേഷന് ആണല്ലേ ചെയ്യുന്നതെന്ന് ചോദിച്ചവരുണ്ട്
എന്റെ ജോലിയേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട് ട്രാന്സ്ലേഷന് ആണല്ലേ ചെയ്യുന്നതെന്ന്. മൊഴിമാറ്റം എന്നതിലുപരി ഒരു സീനിലോ സംഭാഷണത്തിലോ സംവിധായകന്‍ എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ യാതൊരു മാറ്റവും വരാന്‍ പാടില്ല. ഉദാഹരണത്തിന് തെലുങ്കിലെ പ്രേക്ഷകര്‍ക്കിടയില്‍ മാത്രം ക്ലിക്കാവുന്ന ഒരു കോമഡി ഇവിടത്തെയാളുകള്‍ക്ക് ദഹിക്കില്ല. ആ സീനില്‍ അവർ ഉദ്ദേശിച്ച കാര്യം ഒട്ടും ചോര്‍ന്നുപോകാതെ സൃഷ്ടിക്കുന്ന ഒരു പ്രോസസ് ഇതിനിടയില്‍ നടക്കുന്നുണ്ട്. തിരക്കഥയെഴുതുന്ന ബുദ്ധിമുട്ടുകള്‍ ഇവിടെയുമുണ്ട്. ഇപ്പോള്‍ വരുന്ന ഡബ്ബിങ് ചിത്രങ്ങളെല്ലാംതന്നെ നല്ല ഗുണമേന്മ കാത്തുസൂക്ഷിക്കുന്നുണ്ട്. തിരക്കഥാ രചനയിലും മൊഴിമാറ്റത്തിലും ഉപയോഗിക്കുന്ന ബ്രില്ല്യന്‍സിലുള്ള വ്യത്യാസമാണ്.
മനസില്‍പ്പോലും വിചാരിക്കാത്ത പ്രൊഫഷന്‍
അടിസ്ഥാനപരമായി ഞാനൊരു സ്‌കില്‍ ഡവലപ്പ്‌മെന്റ് ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. 16 വര്‍ഷം ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ജോലി ചെയ്തു. ആ കാലത്ത് ഒരുപാട് ക്രിയേറ്റീവായ കാര്യങ്ങളിലേക്കൊന്നും ഇറങ്ങാനുള്ള സമയം ലഭിച്ചിരുന്നില്ല. പക്ഷേ, എഴുത്തൊക്കെ പലപ്പോഴായി നടന്നിരുന്നു. 2018-2019 ആയപ്പോഴേക്കും നാട്ടില്‍ തിരിച്ചെത്തി. അത്രയും നാളത്തെ അനുഭവസമ്പത്ത് എന്റെ നാട്ടിലുള്ളവര്‍ക്കായി പകര്‍ന്നു നല്‍കണമെന്നായിരുന്നു മനസില്‍. കാരണം അത്രയും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതായിരുന്നു എന്റെ പ്രൊഫഷന്‍. എഴുത്തുണ്ടായിരുന്നതോടെ പല പല ആവശ്യങ്ങള്‍ക്കായി പലരും വന്ന്, അതുവഴിയാണ് മൊഴിമാറ്റത്തിലേക്ക് എത്തിയത്. പക്ഷേ, അന്യഭാഷാ സിനിമകള്‍ക്ക് മൊഴിമാറ്റ സംഭാഷണം എഴുതുന്നത് മനസില്‍പ്പോലും ഇല്ലാത്ത കാര്യമായിരുന്നു. ഒരു ചാനലിനുവേണ്ടി സിനിമകള്‍ മൊഴിമാറ്റാന്‍ അവസരം വന്നിരുന്നെങ്കിലും ക്വാളിറ്റിയില്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. പിന്നെയും ഇതേ മേഖലയില്‍നിന്ന് അവസരം വന്നു, അതും വേണ്ടെന്നുവെച്ചു. കാരണം ഇതൊരു കൂട്ടായ പ്രവര്‍ത്തിയാണ്. നമ്മളുടെ ചിന്തയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ടീമിന്റെ കൂടെയേ പ്രവര്‍ത്തിക്കൂ എന്ന ചിന്തയിലിരിക്കുകയായിരുന്നു. അങ്ങനെയാണ് രണ്ട് വർഷം മുമ്പ് ഗോസ്റ്റ് എന്ന തെലുങ്കുചിത്രം വരുന്നത്. അങ്ങനെ ഒന്നുരണ്ടെണ്ണം ചെയ്തപ്പോഴാണ് സ്ഥിരം പടങ്ങള്‍ കിട്ടാന്‍ തുടങ്ങിയത്. ഇംഗ്ലീഷ് ഉള്‍പ്പെടെ ആറു ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഒരിക്കലും ഇങ്ങനെയൊരു കരിയറുണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. ചെയ്ത് തുടങ്ങിയപ്പോഴാണ് എത്രത്തോളം പെര്‍ഫെക്ഷനില്‍ ചെയ്യാന്‍ പറ്റുമെന്ന് മനസിലായത്. ഒരു സംവിധായകന്റെ വീക്ഷണം നമ്മുടെ കയ്യിലാണിരിക്കുന്നത്. നമ്മളാണിത് നമ്മുടെ നാട്ടിലെ പ്രേക്ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.

വൈജയന്തി മൂവീസില്‍നിന്ന് പെട്ടന്നുവന്ന വിളി
പെട്ടന്നുതന്നെ വരണമെന്നുപറഞ്ഞാണ് വൈജയന്തി മൂവീസില്‍നിന്ന് വിളി വന്നത്. അങ്ങനെ ഞങ്ങൾ രാവിലെ ഹൈദരാബാദിൽ പോകുന്നു, അവിടെയെത്തി സിനിമ കാണുന്നു, ഉച്ചയ്ക്ക് ചെയ്യാമെന്ന് പറയുന്നു, തിരിച്ചുപോരുന്നു. ഇതാണുണ്ടായത്. വോക്‌സ്‌കോം എന്ന ബാനറിലാണ് ഞാന്‍ കൂടുതല്‍ സിനിമകളും ചെയ്തിരിക്കുന്നത്. 'പൊന്നിയിന്‍ സെല്‍വനൊ'ക്കെ ചെയ്തത് വോക്‌സ്‌കോം ആണ്. അജിത്തും അരുണുമാണ് അതിന്റെ മുന്‍നിരയില്‍. ധനുഷ്, കാര്‍ത്തി, ചിരഞ്ജീവി എന്നിവര്‍ക്കൊക്കെ ശബ്ദം കൊടുക്കുന്നത് അജിത്താണ്. 'കല്‍ക്കി'യില്‍ ശ്രീകൃഷ്ണന്‍ കഥാപാത്രത്തിന്റെ ശബ്ദവും അജിത്തിന്റെയാണ്. യഷിന് ശബ്ദം നല്‍കിയ ആളാണ് അരുണ്‍. ഇവര്‍ രണ്ടുപേരും ഡബ്ബിങ് ഡയറക്ടേഴ്സും ഞാന്‍ തിരക്കഥാകൃത്തുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ചുരുങ്ങിയ ദിവസത്തിൽ എഴുത്തും ഡബ്ബിങ്ങും പൂർത്തിയാക്കണമെന്നത് വെല്ലുവിളിയായിരുന്നു
നിര്‍മാതാക്കള്‍ ഹൈദരാബാദില്‍നിന്ന് വിളിച്ചുപറഞ്ഞത് രണ്ടാഴ്ചയിൽത്താഴെ ദിവസംകൊണ്ട് വര്‍ക്ക് തീര്‍ക്കണമെന്നായിരുന്നു. ഇത്തരം സിനിമകളുടെ ഉള്ളടക്കം അത്രയും രഹസ്യസ്വഭാവമുള്ളതുകൊണ്ട് പ്രിന്റ് കൊച്ചിയിലെത്തിച്ച് തരില്ല. സാധാരണഗതിയില്‍ സ്‌ക്രിപ്‌റ്റ് എഴുതാന്‍ അഞ്ച് ദിവസമാണ് എടുക്കാറുള്ളത്. പക്ഷേ, 'കല്‍ക്കി' ചെയ്യാന്‍ അവര്‍ തന്നത് എഴുത്തിനും ഡബ്ബിങ്ങിനുമായി വളരെ കുറഞ്ഞ ദിവസങ്ങളാണ്. ഒരുപാട് താരങ്ങള്‍ ഉള്ളതുകൊണ്ട് ഈ ചുരുങ്ങിയ ദിവസം ഒരു വെല്ലുവിളിയായിരുന്നു. ഹൈദരാബാദില്‍വന്ന് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അതൊരു വെല്ലുവിളിയായിത്തോന്നി. പക്ഷേ ആ വെല്ലുവിളി ഏറ്റെടുക്കാൻതന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. സ്‌ക്രിപ്റ്റ് ഞാന്‍ തന്നെയായതുകൊണ്ട് കുഴപ്പമില്ല, പക്ഷേ, ഇത്രയും വലിയ സിനിമയില്‍ ഇത്രയും പേര്‍ക്ക് ഡബ്ബ് ചെയ്യാന്‍ നമ്മൾ ഉദ്ദേശിക്കുന്ന ആര്‍ട്ടിസ്റ്റുകളെ കിട്ടി അവരെ ഹൈദരാബാദില്‍ എത്തിച്ച് ജോലി തീർക്കാനാവില്ല. ചുരുങ്ങിയ സമയംകൊണ്ട് ഇത്രയും വലിയ ഒരു സിനിമ മൊഴിമാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഞാന്‍ നിര്‍മാതാവ് സ്വപ്‌ന ദത്തയെ ഫോണില്‍ അറിയിച്ചു. തൊട്ടടുത്ത ദിവസം വൈകീട്ട് വിളിവന്നു, കണ്ടന്റ് കൊച്ചിയിലെത്തിക്കാമെന്ന് അവർ പറഞ്ഞു. രണ്ടര ദിവസംകൊണ്ട് സംഭാഷണമെല്ലാം എഴുതി 'കല്‍ക്കി' എഴുതിത്തീര്‍ത്ത് ഡബ്ബിങ് ചെയ്യുകയായിരുന്നു.

നാലുതവണ മാറ്റിയെഴുതിയ 'സലാര്‍'
'സലാറി'ന്റെ മുഴുവന്‍ സംഭാഷണങ്ങളും നാലു തവണയാണ് മാറ്റിയെഴുതിയത്. സീന്‍ പ്രകാരമല്ല, ഷോട്ട് പ്രകാരമാണ് അവര്‍ ഷഫിള്‍ ചെയ്യുന്നത്. പിന്നെയും പിന്നെയും നമ്മള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഡബ്ബിങ് നടക്കുമ്പോള്‍ സ്റ്റുഡിയോയിലിരുന്ന് ഞാന്‍ എഴുതി. അപ്പുറത്ത് ശങ്കര്‍ സാറുണ്ട്. അദ്ദേഹം തിരക്കഥയനുസരിച്ച് സംഭാഷണം പറയും, ഞാനിരുന്ന് എഴുതും. ഇതുതന്നെ പണി.
മൊഴിമാറ്റ സിനിമകളോട് ആളുകള്‍ക്കുള്ള മനോഭാവം മാറി
മൊഴിമാറ്റ സിനിമകളോട് ആളുകള്‍ക്കുള്ള മനോഭാവം തീര്‍ച്ചയായും മാറിയിട്ടുണ്ട്. എത്രയോ ആളുകള്‍ ഇതേക്കുറിച്ച് മെസേജ് ചെയ്യാറുണ്ട്. 'പൊന്നിയിന്‍ സെല്‍വനും' 'സലാറു'മൊക്കെ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ വരുന്നത് കണ്ടപ്പോള്‍ത്തന്നെ മനസിലായ കാര്യമാണത്. ഡയറക്ട് മൂവിയെടുത്താലും ഡബ്ബിങ് മൂവിയെടുത്താലും പ്രേക്ഷകന് ആ സിനിമ എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് മുഖ്യം. അതിലേക്ക് ഡബ്ബിങ് സിനിമകളുടെ ട്രെന്‍ഡ് മാറിവന്നപ്പോള്‍, പെര്‍ഫെക്ഷന്‍ വന്നപ്പോള്‍ ആളുകള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

ജീവിതത്തിലെ ഓരോ ഘട്ടത്തിലും സിനിമ എന്നത് ഓരോ അനുഭവം
ഹൈദരാബാദില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ മലയാളചിത്രങ്ങള്‍ കാണുന്നത് കുറവായിരുന്നു. ജീവിതരീതിയും ജോലിയുമെല്ലാം അങ്ങനെ ഒരു രീതിയിലായിരുന്നു. പക്ഷേ, സിനിമ വിട്ടിട്ടില്ലായിരുന്നു. ഭാഷ പോലുമറിയാതെ തിയേറ്ററില്‍ പോയി തെലുങ്ക് സിനിമ കണ്ടിട്ടുണ്ട്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും സിനിമ എന്നത് ഓരോ അനുഭവമായിരുന്നു എനിക്ക്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയാണ്. ഹാപ്പി ന്യൂയര്‍, ആഴി എന്നിങ്ങനെ അഭിനയിച്ച രണ്ടുചിത്രങ്ങള്‍ ഈ വര്‍ഷം ഇറങ്ങാനിരിക്കുന്നു. സിനിമ എന്നത് എപ്പോഴും ഉള്ളിലുണ്ടായിരുന്ന സംഭവമാണ്. അതുകൊണ്ടായിരിക്കും സിനിമയോട് താത്പര്യം വന്നത്. ഇപ്പോഴുള്ളപോലത്തെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് കുറേ അവസരങ്ങള്‍ വന്നതിനു ശേഷമാണ് മനസിലായത്. എപ്പോഴെങ്കിലും സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുള്ളയാളാണ്. ചെറിയ സിനിമയാണ്, കൊള്ളില്ല എന്ന മുന്‍ധാരണയോടുകൂടി ഒരിക്കലും സിനിമ കാണാറില്ല. വളരെ മോശം എന്ന് അഭിപ്രായം വന്ന സിനിമകളും ഞാന്‍ കാണാറുണ്ട്. എന്ത് തെറ്റാണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് മനസിലാക്കാനെങ്കിലും അതുപകരിക്കും. എവിടെനിന്നാണ് ഇത്രയും ക്ഷമ എന്ന് കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്.
വായന ഉണ്ടായിരുന്നെങ്കിലും സെലക്റ്റീവായിരുന്നു
വായിക്കാറുണ്ടായിരുന്നെങ്കിലും അല്പം സെലക്റ്റീവായിരുന്നു. കയ്യില്‍ക്കിട്ടുന്നതെല്ലാം വായിക്കുന്നയാളല്ല. ചെറുപ്പംതൊട്ടേ കവിതകൾ എഴുതാറുണ്ടായിരുന്നു. ആ രീതിയില്‍ ക്രിയേറ്റീവായ എഴുത്തുകള്‍ ഇഷ്ടമാണ്. ജോലിയൊക്കെ ആയതിനുശേഷം, ബിസിനസ്, ഫിലോസഫി എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കാന്‍ തുടങ്ങി. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ജോലികൂടി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെയുള്ള പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. ഇതുപോലെ നമ്മള്‍ ചെയ്ത കാര്യങ്ങളെല്ലാം സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഡബ്ബിങ് സിനിമകളുടെ കാര്യമാണെങ്കില്‍പ്പോലും തിരക്കഥയില്‍ അതിനകം ഉണ്ടാക്കിവെച്ച ഒരു കഥാപാത്രം എങ്ങനെ സംസാരിക്കും? അയാളുടെ സൈക്കോളജി എന്തായിരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ സംഭാഷണമെഴുതുമ്പോള്‍ നമ്മളറിയാതെ മനസിലേക്കുവരും. സൈക്കോളജിക്കല്‍ റീഡിങ് ആ രീതിയില്‍ സഹായിച്ചിട്ടുണ്ട്. പിന്നെ സംഭാഷണം ഏത് ഭാഷയാണെങ്കിലും ആ ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ മാത്രം നമ്മളറിഞ്ഞാല്‍പ്പോരാ. വായനയാണ് അതിന് എന്നെ ഏറെ സഹായിച്ചിട്ടുള്ളത്. അതിനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ത്തന്നെയാണ് ഞാന്‍. ഓരോ സിനിമ കഴിയുമ്പോഴും ഏത് ബുക്ക് വായിക്കണമെന്ന് തീരുമാനിച്ചുവെയ്ക്കാറുണ്ട്. കല്‍ക്കി കഴിഞ്ഞപ്പോഴും വായിക്കാന്‍ രണ്ട് പുസ്തകങ്ങള്‍ റെഡിയാക്കി വെച്ചിട്ടുണ്ട്.

ഡബ്ബിങ് സിനിമകളുടെ ക്വാളിറ്റി കൂടാന്‍ ഒടിടിയും കാരണം
കോവിഡിന് മുന്‍പുള്ള സമയം നോക്കുകയാണെങ്കില്‍ ഒരു സിനിമ എല്ലാ ഭാഷകളിലും എത്തിക്കണമെന്ന് സംവിധായകനോ നിര്‍മാതാവോ ചിന്തിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍ ഒരു സിനിമ ഒ.ടി.ടിക്ക് കൊടുക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും എല്ലാ ഭാഷകളിലും ചെയ്യണം. ആ ഒരു ട്രെന്‍ഡിലേക്ക് വന്നത് നല്ല കാര്യമാണ്. കാരണം ഒരു കാര്യം എഴുതുമ്പോള്‍ പരമാവധിയാളുകളിലേക്ക് അത് എത്തണമെന്നാണല്ലോ നമ്മളെല്ലാവരും ചിന്തിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വലിയ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. അതിനുകാരണം ഇപ്പോഴുള്ള ഒ.ടി.ടി. ട്രെന്‍ഡ് തന്നെയാണ്.
ഇതെല്ലാം വലിയ ഭാഗ്യവും അനുഗ്രഹവുമാണ്
അതുവരെ ചെയ്യാത്ത കാര്യം ചെയ്യുന്നു, വലിയൊരു പ്രോജക്റ്റിലേക്ക് വരുന്നു, അതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു എന്നൊക്കെ പറയുമ്പോള്‍ തീര്‍ച്ചയായും വലിയൊരു ഭാഗ്യം, അല്ലെങ്കില്‍ അനുഗ്രഹംതന്നെയാണ്. ഇനിയും നല്ല ചിത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ്. മൊഴിമാറ്റ സംഭാഷണരചനയിലേക്ക് ഒരു സ്ത്രീ വരിക എന്നതുതന്നെ വലിയ കാര്യമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊരു വലിയ ചുമതലയായിത്തന്ന എടുക്കുന്നു.
Content Highlights: kalki 2898 ad movie malayalam dialogue writer neeraja interview
Published: 01 Jul 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented