
ജിബിന്‍ ഗോപിനാഥ്.|ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍
ഡീയസ് ഈറെയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം ഭീതിയുടെ നിഴല്‍പടര്‍ത്തി ഞെട്ടിച്ച ജിതിന്‍ ഗോപിനാഥ്, മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പോലീസ് ജോലിയില്‍നിന്ന് അഞ്ചുവര്‍ഷത്തെ അവധിയെടുത്ത് അഭിനയത്തിലേക്കിറങ്ങിയ ജിതിന് കൈനിറയെ ചിത്രങ്ങളാണ്. ചെറുവേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ നടന്‍ ശ്രദ്ധിക്കപ്പെടുന്നത് സംവിധായകന്‍ സുനില്‍ ഇബ്രഹാമാന്റെ വൈ സിനിമയില്‍ ലഭിച്ച വേഷത്തിലൂടെയാണ്. വൈ തിയേറ്ററില്‍ വിജയമായില്ലെങ്കിലും പ്രാധാന്യമുള്ള വേഷങ്ങള്‍ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് ജിബിനെന്ന് സിനിമ തെളിയിച്ചു.
ഹനീഫ് അദ്ദേനിയുമായുള്ള പരിചയത്തിലൂടെയാണ് ഗ്രേറ്റ് ഫാദര്‍, മിഖായേല്‍ എന്നീ സിനിമകളിലേക്കെത്തുന്നത്. 2018, വാഴ, കിഷ്‌കിന്ധാകാണ്ഡം, മിന്നല്‍ മുരളി, കണ്ണൂര്‍ സ്‌കോഡ്... കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിജയചിത്രങ്ങളുടെ അണിയറയിലെല്ലാം പ്രേക്ഷകര്‍ ജിബിന്റെ മുഖം കണ്ടു. ഭ്രമയുഗത്തിനുശേഷം രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്ത ഡീയസ് ഈറെയില്‍ കൊടുമണ്‍പോറ്റിയുടെ പിന്‍തലമുറക്കാരനായ മധുസൂദനന്‍ പോറ്റിയായി ജിബിന്‍ തകര്‍ത്തഭിനയിച്ചു. വിസ്മയ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡ് ആന്റണി ചിത്രം തുടക്കമാണ് പുതിയ ചിത്രം. സിനിമ നല്‍കിയ സന്തോഷങ്ങള്‍ വിവരിച്ച് ജിബിന്‍ ഗോപിനാഥ് സംസാരിക്കുന്നു...
അഭിനയമോഹത്തെ ഗൗരവമായി കണ്ടുതുടങ്ങിയത് എപ്പോഴാണ് ?
തിരുവനന്തപുരം കോലിയക്കോടാണ് എന്റെ നാട്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ അഭിനയത്തോട് വലിയ താത്പര്യമായിരുന്നു. എന്നുമുതലാണ് അഭിനയമൊരു ആവേശമായി മനസ്സിലെത്തിയതെന്നു ചോദിച്ചാല്‍ ഓര്‍ത്തുപറയുക പ്രയാസമാണ്. എല്‍പി ക്ലാസ് മുതല്‍ക്കേ, സ്‌കൂളില്‍ നടക്കുന്ന വലുതും ചെറുതുമായ സ്റ്റേജ് പരിപാടികളുടെയെല്ലാം ഭാഗമാകാന്‍ വലിയ ഉത്സാഹമായിരുന്നു. നാടകക്കളരികളിലും നാടകക്കൂട്ടായ്മകളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. അഭിനയത്തിന്റെയും നാടകത്തിന്റെയും തുടര്‍ച്ചയായാണ് സിനിമാമോഹം ഉദിക്കുന്നത്. മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയിലഭിനയിക്കാന്‍ അവസരംതേടി ഓഡിഷനുപോകുന്നത്. ബാലതാരങ്ങളെ അന്വേഷിച്ചുള്ള പത്രപ്പരസ്യം കണ്ടാണ് ചെല്ലുന്നത്. പക്ഷേ, ആ സിനിമ നടന്നില്ല. അഭിനയവും പാട്ടും നാടകവുമെല്ലാമായി ആഘോഷമായിത്തന്നെ സ്‌കൂള്‍ക്കാലം കടന്നുപോയി. ലാലേട്ടനൊക്കെ പഠിച്ച എംജി കോളേജില്‍ ചേര്‍ന്നതോടെയാണ് സിനിമാമോഹം കത്തിക്കയറുന്നത്. തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനെല്ലാം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെത്തേടി സിനിമാക്കാര്‍ എത്തുക കോളേജിലേക്കായിരുന്നു. അവര്‍ക്കൊപ്പം ഇറങ്ങിത്തിരിച്ച വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു എന്റെ സ്ഥാനം. താണ്ഡവം, വക്കാലത്ത് നാരായണന്‍കുട്ടി, ഐജി... അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിപ്പോയ സിനിമകള്‍ ഒരുപാടുണ്ട്.
സിനിമയില്‍ അഭിനയിക്കാനായി പോലീസ് ജോലിയില്‍നിന്ന് ലീവെടുത്തിറങ്ങാനുള്ള തീരുമാനത്തിനുപിന്നിലെ ധൈര്യം എന്തായിരുന്നു...
പോലീസ് ജോലിയില്‍നിന്ന് അഞ്ചുവര്‍ഷത്തെ ലീവെടുത്തിരിക്കുകയാണ്. അതിനുമുന്‍പ് ജോലിയും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുകയായിരുന്നു. ഡിപ്പാര്‍ട്ട്മെന്റിലുള്ളവരുടെ സഹകരണംകൊണ്ട് പരിക്കുകളില്ലാതെ കുറച്ചുകാലം മുന്നോട്ടുപോയി.
അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ മുന്നോട്ടുപോകാന്‍ ഉത്സാഹമായി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എടുക്കാന്‍പറ്റുന്ന അവധിക്കും അപ്പുറത്തേക്ക് കാര്യങ്ങള്‍ മാറി. സഹായിക്കാന്‍ പറ്റുന്നവര്‍ക്കെല്ലാം പരിധിയുണ്ടെന്നും അവരെ കൂടുതല്‍ പ്രയാസപ്പെടുത്തരുതെന്നും മനസ്സുപറഞ്ഞു. പിന്നെ കൂടുതലായൊന്നും ചിന്തിച്ചില്ല, ദീര്‍ഘകാലത്തേക്ക് അവധിയാവശ്യപ്പെട്ട് അപേക്ഷനല്‍കി.
കൈനിറയെ സിനിമകള്‍ വന്നതുകൊണ്ടല്ല, ആഗ്രഹവും ആത്മവിശ്വാസവും ശക്തമായി സമ്മര്‍ദംചെലുത്തിയപ്പോഴാണ് അത്തരമൊരു സാഹസത്തിലേക്കിറങ്ങിയത്. അവധിയെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജോലിക്കൊന്നും പോകുന്നില്ലേയെന്ന് ഭാര്യ ചോദിച്ചു. എന്റെ അഭിനയമോഹം അവര്‍ക്കറിയാമായിരുന്നു. പിന്നെയും ഒരുമാസം കഴിഞ്ഞപ്പോഴാണ് ലീവെടുത്ത കാര്യം അമ്മ അറിയുന്നത്. എന്റെ ഇഷ്ടം നടക്കട്ടെ എന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്.
2007-ലാണ് പോലീസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിക്കായി പരീക്ഷയെഴുതി ആറേഴ് ലിസ്റ്റുകളില്‍ ഇടംനേടിയിരുന്നു, അതില്‍ ശമ്പളം കൂടുതലുള്ള ജോലി സ്വീകരിക്കുകയായിരുന്നു. ചില സിനിമകളില്‍ യഥാര്‍ഥ പോലീസുകാരെത്തന്നെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരണം നടക്കുക. അതിനായി ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും അനുമതിവാങ്ങി, പണം അടച്ച് പോലീസുകാരെ വിളിക്കും. അത്തരം സാധ്യതകളെല്ലാം തുടക്കകാലത്ത് പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കളങ്കാവലിന്റെ പ്രചാരണപരിപാടിയില്‍, ഡീയെസ് ഈറെയിലെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി പ്രശംസിച്ച് സംസാരിക്കുകയുണ്ടായി. സിനിമനല്‍കുന്ന സന്തോഷങ്ങളെക്കുറിച്ച്...
സിനിമ നല്‍കിയ സന്തോഷനിമിഷമായിരുന്നു അത്. മമ്മുക്കയുടെ വാക്കുകള്‍ വലിയ അഭിമാനമാണ് നല്‍കിയത്. അദ്ദേഹത്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നത് ഗ്രേറ്റ് ഫാദറിലാണ്. ആദ്യരംഗം അഭിനയിക്കാന്‍ അടുത്തുനില്‍ക്കുമ്പോള്‍ ഓര്‍ത്തുവെച്ച സംഭാഷണമെല്ലാം മറന്നുപോയി. ആ ആദ്യഷോട്ട് ഇന്നും മനസ്സിലുണ്ട്.
സംവിധായകന്‍ ഹനീഫ് അദ്ദേനി പറഞ്ഞിട്ടാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചഫോണ്‍പേയുടെ പരസ്യം മമ്മുക്കയ്ക്ക് അയച്ചുകൊടുക്കുന്നത്. അതിനദ്ദേഹത്തില്‍നിന്നു മറുപടിലഭിച്ചതോടെ വലിയ സന്തോഷമായി. ഞാന്‍ പോലീസിലാണെന്ന് വൈകിയാണ് മമ്മുക്ക അറിയുന്നത്. സെറ്റിലെ ഒഴിവുസമയങ്ങളില്‍ പിന്നീട് ജോലിയെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു. വണ്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്കുശേഷമാണ് കളങ്കാവലില്‍ എത്തുന്നത്. നാഗര്‍കോവിലിലും അതിര്‍ത്തിപ്രദേശത്തുമെല്ലാമായിരുന്നു സിനിമയുടെ ചിത്രീകരണം. നാല്‍പ്പത് ദിവസത്തോളം മമ്മൂട്ടി കമ്പനിയുടെ സിനിമയ്‌ക്കൊപ്പം നില്‍ക്കാന്‍കഴിഞ്ഞു. ഡീയസ് ഈറെയിലെ പോറ്റിയുടെ വേഷം അഭിനയജീവിതത്തില്‍ വലിയതോതില്‍ ശ്രദ്ധനേടിത്തന്നു. നേരില്‍ക്കാണുമ്പോള്‍ ഇന്ന് പലരും ആ കഥാപാത്രത്തെക്കുറിച്ചാണ് ചോദിക്കുന്നത്. പൊതുവേ ക്ഷീണിച്ച മുഖമാണ് എന്റേതെന്ന് പലരും പറയാറുണ്ട്. കെട്ടിടനിര്‍മാണ തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഡീയസ് ഈറെയിലെ മധുസൂദനന്‍ പോറ്റി. കഥാപാത്രത്തിന് വേണ്ടതും അത്തരത്തില്‍ വെയിലത്തെല്ലാം നടന്ന് അവശനും ക്ഷീണിതനുമായ രൂപമായിരുന്നു. അതുകൊണ്ടുതന്നെ കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്താന്‍ പെട്ടെന്നു കഴിഞ്ഞു.
ഡീയസ് ഈറെയിലെ മധുസൂദനന്‍ പോറ്റിയെ അവതരിപ്പിക്കാന്‍ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നോ...
മുന്നൊരുക്കങ്ങള്‍ ഒന്നും ആവശ്യമില്ലെന്നും താടിവളത്തി വന്നാല്‍മതിയെന്നുമാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞത്. ഓണ്‍ലൈനിലുള്ള ഒരു അഭിമുഖംകണ്ട് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരിയാണ് എന്റെകാര്യം സംവിധായകനുമുന്നില്‍ അവതരിപ്പിക്കുന്നത്. പിന്നീട് രാഹുല്‍ സദാശിവവുമായി നേരില്‍ക്കണ്ട് സംസാരിച്ചു. ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം നോക്കാമെന്നുപറഞ്ഞാണ് അദ്ദേഹം തിരിച്ചയച്ചത്. പിന്നീട് കുറെനാളുകള്‍ക്കുശേഷം രാത്രിയില്‍ സംവിധായകന്റെ ഫോണ്‍വന്നു. ആദ്യം ചോദിച്ചത് ഇപ്പോള്‍ താടിയുണ്ടോ എന്നാണ്. താടിയുണ്ടെന്നും വെട്ടിക്കളയണോ എന്നും തിരിച്ചുചോദിച്ചപ്പോള്‍ വേണ്ട അതിനിവേണം എന്നാണ് അദ്ദേഹം പറഞ്ഞത്.
തിരക്കഥ വായിച്ചപ്പോഴാണ് മധുസൂദനന്‍ പോറ്റിയെന്ന കഥാപാത്രത്തിന്റെ വലുപ്പം അറിയുന്നത്. സംവിധായകന്‍ നല്‍കിയ ധൈര്യത്തിനൊപ്പം നില്‍ക്കുകയായിരുന്നു. യാതൊരുവിധസമ്മര്‍ദവും സൃഷ്ടിക്കാതെ സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ അഭിനേയതാവില്‍നിന്ന് കൃത്യമായി പകര്‍ത്താന്‍ വല്ലാത്തൊരു കഴിവുള്ള സംവിധായകനാണ് അദ്ദേഹം. തിയേറ്ററില്‍ ഭീതിനിറച്ച പലരംഗങ്ങളും ചിത്രീകരിക്കുമ്പോള്‍ ഇതിങ്ങനെയാണ് അവതരിപ്പിക്കുകയെന്ന് ഊഹിക്കാന്‍പോലും കഴിഞ്ഞില്ല. സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിയുന്നതുവരെ വലിയ ചങ്കിടിപ്പിലായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് പലഭാഗത്തുനിന്നായി വേഷം നന്നായിട്ടുണ്ടെന്ന അഭിപ്രായങ്ങള്‍ വന്നപ്പോഴാണ് ആശ്വാസമായത്.
Content Highlights: Discover Jithin Gopinath`s journey from police officer to acclaimed actor. Known for `Thudarum`,`Kalki,`Kalnankaval' he shares his cinematic experiences.
Published: 07 Dec 2025, 10:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented