രാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് പുതുവത്സരപ്പുലരിയിൽ മോഹൻലാൽ ചിത്രം ദൃശ്യം 2 ഓടിടി പ്ലാറ്റ്ഫോം വഴി പ്രദർശനത്തിനെത്തുന്നുവെന്ന ഔദ്യോ​ഗിക അറിയിപ്പ് വന്നത്. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടുകൊണ്ട് ആമസോൺ പ്രൈം ആണ് ചിത്രം ഓടിടി ആയി പുറത്തിറക്കുമെന്ന് അറിയിച്ചത്. അതിന് പിന്നാലെ വിമർശനങ്ങളും വിവാ​ദങ്ങളും തലപൊക്കി. ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേംബറും രം​ഗത്തെത്തി. ജനുവരി അഞ്ചോടെ കേരളത്തിൽ തിയേറ്ററുകൾ തുറക്കാനും തീരുമാനമായി.  എന്നാൽ ആരെയും ചതിക്കാനോ ഉപദ്രവിക്കാനോ വേണ്ടിയെടുത്ത തീരുമാനമല്ല ഇതെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫ്. തീയേറ്റർ റിലീസായി തന്നെ ഒരുക്കിയ ദൃശ്യം 2 ഓടിടിയിൽ പ്രദർശനത്തിനെത്തുമ്പോൾ ജിത്തു ജോസഫ് മാതൃഭൂമി ഡോട്കോമിനോട് മനസ് തുറക്കുന്നു

ദൃശ്യം 2 തീയേറ്റർ ലക്ഷ്യം വച്ച് ഒരുക്കിയത്

ദൃശ്യം 2 അനൗൺസ് ചെയ്തതും ചിത്രീകരണം തുടങ്ങിയതുമെല്ലാം തീയേറ്റർ റിലീസ് ലക്ഷ്യം വച്ച് തന്നെയാണ്. ലോക്ഡൗൺ സമയത്താണ് ചിത്രത്തിന്റെ തിരക്കഥ ഞാൻ എഴുതുന്നത്. അപ്പോഴൊക്കെ എല്ലാവരുടെയും ചിന്ത സെപ്റ്റംബറൊക്കെ ആവുമ്പോഴേക്കും കോവിഡൊക്കെ മാറി എല്ലാം പഴയ പോലെയാകും എന്നല്ലേ. എല്ലാവരും വല്ലാത്ത മാനസികാവസ്ഥയിൽ ഇരിക്കുന്ന സമയമല്ലേ. പല സിനിമാക്കാർക്കും ജോലി പോലുമില്ല, അതുകൊണ്ട് നമുക്ക് സിനിമ ഷൂട്ട് ചെയ്ത് വയ്ക്കാം എന്ന് ആന്റണിയാണ് പറയുന്നത്. പത്ത് നൂറ് കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ ചിത്രീകരണമെല്ലാം കഴിഞ്ഞ് റിലീസ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന സമയമാണ്. ഇപ്പോൾ വേറൊരു സിനിമ ഷൂട്ട് ചെയ്ത് വയ്ക്കണോ എന്ന് ഞാൻ ചോദിച്ചതാണ്. സാരമില്ല, മരക്കാർ മാർച്ചിലും ദൃശ്യം 2 ജനുവരിയിലും റിലീസ് ചെയ്യാം എന്ന പ്ലാനിൽ മുന്നോട്ട് പോവുകയായിരുന്നു.

ഷൂട്ട് കഴിഞ്ഞിട്ടും കൊറോണയുടെ കാര്യത്തിൽ ഒരു തീരുമാനമായില്ല, തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിലുമതേ. നവംബർ ഒക്കെ ആയപ്പോഴേക്കും തമിഴ്നാട്ടിലും ഹൈദരാബാദിലും മറ്റ് പല സംസ്ഥാനങ്ങളിലും തീയേറ്ററുകൾ തുറന്നെങ്കിലും കേരളത്തിൽ അക്കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. ഉടനെ തുറക്കുമെന്നും പിന്നെ ഇല്ലെന്നും  തീരുമാനങ്ങൾ മാറുന്നു. ആകെ ഒരു അനിശ്ചിതത്വം. അതിനും വളരെ മുമ്പ് തന്നെ ആമസോൺ നമ്മളെ സമീപിച്ചിരുന്നു. അന്നും തീയേറ്റർ റിലീസ് എന്ന് പറഞ്ഞ് ആന്റണി ഒഴിഞ്ഞുമാറിയിരുന്നു.

ഒരു ഡിസംബർ 19 നാണ് ദൃശ്യം റിലീസ് ചെയ്തത്. ഈ ഡിസംബർ പത്തൊമ്പതിന് മുമ്പ് ഞാൻ ആന്റണിയോട് പറഞ്ഞു നമുക്ക് പുതുവത്സര ദിനം പുലർച്ചെ ഒരു ടീസർ പുറത്തിറക്കാം എന്ന്. 2021 ജനുവരി തീയേറ്റർ റിലീസ് ലക്ഷ്യം വച്ചായിരുന്നു അങ്ങനെയൊരു തീരുമാനം. ഇതിനിടയിലാണ് യു.കെയിൽ വീണ്ടും ജനിതക മാറ്റം വന്ന കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്യുന്നതും, പലയിടത്തും വിമാനത്താവളങ്ങൾ അടച്ചിടാൻ തുടങ്ങുന്നതും. വീണ്ടും പരിഭ്രാന്തിയുടെ സമയം. 

ആരെയും ചതിച്ചതല്ല
 
ടീസർ അനൗൺസ് ചെയ്തപ്പോഴാണ് വീണ്ടും ആമസോൺ ഞങ്ങളെ സമീപിക്കുന്നത്. അവർ ഒരു കണ്ടന്റ് റിലീസ് ചെയ്യുകയാണെങ്കിൽ അത് സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവരുടെ പേരിലായിരിക്കണമെന്ന പോളിസി ആമസോണിനുണ്ട്. അങ്ങനെ നല്ലൊരു ഓഫർ ആന്റണിക്ക് മുമ്പാകെ വെക്കുകയും ആന്റണി എന്നെ വിളിച്ച് ഇങ്ങനെയാണ് കാര്യങ്ങളെന്ന് പറയുകയും ചെയ്തു. രണ്ട് ചിത്രങ്ങളാണ് റിലീസ് ആവാൻ ഇരിക്കുന്നത്, ഇനി ഇതുപോലൊരു നല്ല ഓഫർ വരണമെന്നില്ല. അങ്ങനെയാണ് റിലീസ് ആമസോണിന് നൽകുന്നത്. പക്ഷേ ഈ തീയേറ്ററുകാരും മറ്റും പറയുന്ന പോലെ അവരെ ആരേയും ഉപദ്രവിക്കാനോ ചതിക്കാനോ വേണ്ടി ചെയ്തതല്ല. തീയേറ്ററിൽ ആഘോഷമാകുന്ന, വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന പ്രിയദർശൻ-മോഹൻലാൽ ചിത്രം അദ്ദേഹം ഹോൾഡ് ചെയ്ത് വച്ചിരിക്കുകയാണ്. പിന്നെന്തിനാണ് ഇത്തരം ആരോപണങ്ങൾ. 

ഈ തീരുമാനം നേരത്തെ ആവാമായിരുന്നു

രണ്ട് മാസം മുമ്പെങ്കിലും തീയേറ്ററുകൾ തുറക്കാമെന്നുള്ള ഈ തീരുമാനം എടുക്കാമായിരുന്നു. ഇപ്പോൾ തുറന്ന വഴിക്കൊന്നും ആളുകൾ ഓടി വരാൻ പോകുന്നില്ല. പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർ. ചെറുപ്പക്കാർ കുറച്ച് പേർ എത്തുമായിരിക്കും. എല്ലാവർക്കും തീയേറ്ററിൽ സിനിമ കാണണമെന്ന് ആ​ഗ്രഹമൊക്കെയുണ്ട്. പക്ഷേ ജീവൻ വച്ച് ആരും കളിക്കാൻ പോകുന്നില്ല. ഒരു രണ്ട് മാസം മുമ്പ് എല്ലാ നിർദ്ദേശങ്ങളുമനുസരിച്ച് തിയേറ്റർ തുറന്നിരുന്നെങ്കിൽ ആദ്യത്തിൽ ചെറിയ നഷ്ടമൊക്കെയുണ്ടാവുമെങ്കിലും ഈ സമയമൊക്കെ ആവുമ്പോഴേക്ക്  പേടി മാറ്റിവച്ച് ആളുകൾ വന്നു തുടങ്ങുമായിരുന്നു. അതിന് ഉദാഹരണമല്ലേ ഹോട്ടലുകളിലും മറ്റും ഇപ്പോൾ കാണുന്ന തിരക്ക്. അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ദൃശ്യവും ഹോൾഡ് ചെയ്യാൻ സാധ്യയുണ്ടായിരുന്നിരിക്കാം. 

ആരാധകരോട്

തീയേറ്ററിൽ സിനിമ കാണാൻ തന്നെയാണ് ഏതൊരു പ്രേക്ഷകന്റെയും ആരാധകന്റെയും ആ​ഗ്രഹം. എനിക്കും അതാണ് ഇഷ്ടം. പക്ഷേ അങ്ങനെയൊരു വികാരത്തിന്റെ പുറത്ത് തീയേറ്ററിൽ തന്നെ വേണമെന്ന് ശഠിച്ചാൽ അവിടെ ചിലപ്പോൾ നഷ്ടം വരുന്നത് നിർമാതാക്കൾക്കാണ്. കാരണം അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് സിനിമകൾ പ്രദർശനത്തിനെത്തിച്ചാൽ  മൂന്നാല് ദിവസം തിരക്ക് ഉണ്ടാകും. ആരെങ്കിലും അത് മൊബൈലിലോ മറ്റോ പകർത്തി ടെലിഗ്രാമിലും മറ്റും ഇട്ടാൽ ആ സിനിമ അവിടെ തീർന്നു. അന്നേരം അത് വേണ്ടായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമുണ്ടോ? ആരാധകർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ കുറച്ച് സ്ഥലങ്ങളിലേ തീയേറ്റർ റിലീസ് നടക്കൂ. എന്നാൽ ഓടിടിയിലൂടെ ഇരുനൂറ് ഇരുനൂറ്റമ്പത് രാജ്യത്താണ് ഒരേസമയം ചിത്രം പ്രദർശനത്തിനെത്തുന്നത്. അത് വളരെ വലിയ കാര്യമല്ലേ. തീയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്തെന്ന വിഷമം എനിക്കും ആന്റണിക്കുമെല്ലാം ഉണ്ട്. പക്ഷേ സാഹചര്യം അങ്ങനെയായിരുന്നു

ട്വിസ്റ്റ് ഇല്ല, പക്ഷേ രസിപ്പിക്കും

ദൃശ്യം 2 സസ്പെൻസ് ത്രില്ലർ അല്ല. വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുത്. ഒരു എന്റർടെയ്നറാണ് ചിത്രം. ടെൻഷനൊക്കെ ഉണ്ടാക്കുന്ന രം​ഗങ്ങളൊക്കെയുണ്ട്. ദൃശ്യത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് ആയിരുന്നു അവസാനം വരുന്ന ആ വെളിപ്പെടുത്തൽ. അത് ആൾക്കാരെ ഞെട്ടിച്ചു. അങ്ങനെയൊരു സം​ഗതി ഇതിലില്ല. കുറച്ച് ഇമോഷണലൊക്കെയാണ്. നല്ലൊരു ചിത്രമാണ്. ആറേഴ് വർഷം കഴിയുമ്പോൾ സ്വാഭാവികമായും ആളുകൾക്ക് വരുന്ന മാറ്റം ജോർജുകുട്ടിക്കും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്. 

'റാമി'നെക്കുറിച്ച്

നാൽപത് ദിവസത്തെ ഷൂട്ടിങ്ങ് ബാക്കിയുണ്ട് 'റാമി'ന്. അത് യു.കെ  അല്ലെങ്കിൽ ഉസ്ബക്കിസ്ഥാനിൽ ചിത്രീകരിക്കാൻ ഇരുന്നതാണ്. അതിനി എങ്ങനെയാകുമെന്ന് അറിയില്ല. വേറെ രാജ്യത്ത് ചിത്രീകരിക്കേണ്ടി വരുമോ എന്നൊന്നും തീരുമാനമായിട്ടില്ല. 2021 പകുതിൽ ചിത്രീകരണം നടത്താനായാൽ അതേ വർഷം തന്നെ പുറത്തിറക്കാനാകുമെന്ന് വിശ്വസിക്കുന്നു.

Content Highlights : Jeethu joseph interview Drishyam 2 OTT Release Mohanlal Meena Ansiba Antony Perumbavoor