മിമിക്രതാരം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, വില്ലന്‍, നായകന്‍.... ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് പരിണാമങ്ങളിലൂടെ കടന്നുപോയ നടന്‍. തന്നിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളെ തികഞ്ഞ ആത്മാര്‍ഥതയോടെ അഭിനയിച്ചു ഫലിപ്പിച്ചു, പ്രേക്ഷകരുടെ മനസ്സില്‍ നിലയുറപ്പിച്ചു. സിനിമയോടുള്ള അഭിനിവേശം അയാളെ മുന്‍നിരയിലേക്കുയര്‍ത്തി. അതിനിടെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി അംഗീകരങ്ങള്‍. അഭിനയത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുന്ന ജയയൂര്യയുടെ ജീവിതം ഒരു സിനിമാകഥപോലെ തന്നെ ആവേശഭരിതമാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി എന്ന ചിത്രത്തിലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ലും താണ്ടി മുന്നോട്ടുള്ള യാത്രയിലാണ് ഈ നടന്‍... 

നൂറ് കഴിഞ്ഞാല്‍, 102, പിന്നെ 103 ഇനിയും എണ്ണാനുണ്ടല്ലോ.. ചിരിയോടെ ജയസൂര്യ പറഞ്ഞു തുടങ്ങുന്നു....

സിനിമയില്‍ നൂറ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി എന്നത് വലിയ ഭാഗ്യമായി കരുതുന്നു. എനിക്ക് മുന്‍പ് സിനിമയില്‍ എന്നേക്കാള്‍ കഴിവുള്ള ഒരുപാട് അഭിനേതാക്കള്‍ വന്നിട്ടുണ്ട്. പക്ഷേ പലരും പാതിവഴിയില്‍ സിനിമയില്‍ നിന്ന് പോയി. സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവിനൊപ്പം ഭാഗ്യവും വേണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ജീവിതതത്വമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാനെന്ന വ്യക്തി എന്നിലെ നടനെ നശിപ്പിക്കില്ല. ഞാന്‍ എന്നെയും ചതിക്കില്ല, ഞാന്‍ സിനിമയെയും ചതിക്കില്ല. ഒരോ സിനിമയും എനിക്ക് പുതിയ പാഠമാണ്. ഓരോ കഥാപാത്രവും എന്നിലെ കാഴ്ചപ്പാടുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. എന്നെ പുതുക്കികൊണ്ടിരിക്കുന്നു. 20 വര്‍ഷം മുന്‍പത്തെ ജയസൂര്യ അല്ല ഇപ്പോള്‍ സംസാരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതു പോലെയല്ല ഞാന്‍ ഇന്ന് സിനിമയെ കാണുന്നത്. അതിങ്ങനെ മാറികൊണ്ടിരിക്കും. സ്വയം നവീകരിക്കുക, സത്യസന്ധതയോടെ പെരുമാറുക അതിന്റെ പ്രയോജനം ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും. ആട് എന്ന ചിത്രം തന്നെ അതിനുദാഹരണമാണ്. വളരെ ആത്മാര്‍ഥമായി ആസ്വദിച്ചു ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ പരാജയമായി. പിന്നീട് ടൊറന്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. ആട് 2 ന്റെ വിജയം ആദ്യഭാഗത്തിനുള്ള അംഗീകാരമായിരുന്നു. 

താങ്കളില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് എപ്പോഴായിരുന്നു?

Jayasurya Actor Interview Sunny Movie meri awaaz suno Eesho life movies favorite characters
ജയസൂര്യയുടെ ഒരു പഴയകാല ചിത്രം
| ഫോട്ടോ: പ്രവീണ്‍കുമാര്‍ വി.പി

കുട്ടിക്കാലം മുതല്‍ തന്നെ ഒരു എന്റര്‍ടൈനറാണെന്ന് തോന്നിയിരുന്നു. വീട്ടില്‍ ഞാന്‍ എന്തെങ്കിലും ഗോഷ്ടികള്‍ കാണിക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അഭിനയിക്കണം എന്ന മോഹം ശക്തമായി ഉണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ തിരിച്ചറിയണമെന്നും പൈസ ഉണ്ടാക്കണമെന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. തുടക്കത്തില്‍ മിമിക്രി ചെയ്തു, പിന്നീട് സിനിമയില്‍ വന്നു. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കടന്നുപോകാന്‍ കഴിയുന്ന ഒരു നടനാണ് ഞാനെന്ന് തോന്നി. എനിക്ക് സംവിധായകര്‍ സിനിമകള്‍ തന്നു. ഞാന്‍ അധ്വാനിക്കാന്‍ തയ്യാറായി, കഥാപാത്രങ്ങളില്‍ പൂര്‍ണമായും എന്നെ സമര്‍പ്പിച്ചു.

അഭിനയിച്ച കഥാപാത്രങ്ങള്‍ താങ്കളെ പിന്തുടരാറുണ്ടോ?

പിന്തുടരാറില്ല, എന്നാല്‍ ഞാന്‍ വിളിക്കുമ്പോള്‍ ഓടിയെത്താറുണ്ട് (ചിരിക്കുന്നു). എന്നാല്‍ ഓരോ കഥാപാത്രവും എന്റെ മനസ്സിന്റെ അലമാരയില്‍ ഭദ്രമാണ്. ചിലരൊക്കെ സ്വപ്നങ്ങളിലേക്ക് കടന്നുവരും. എന്നിട്ട് ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് ഓര്‍മിപ്പിക്കും. ഇവരില്‍ ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം നല്‍കാനാവില്ല. ഒരു കഥാപാത്രം നല്‍കുന്ന പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ അല്ല ഇഷ്ടത്തിനുള്ള മാനദണ്ഡം. അങ്ങനെയാണെങ്കില്‍ ഉത്തരം പറയാന്‍ എളുപ്പമായിരുന്നു.  

രഞ്ജിത്ത് ശങ്കറിന്റെ മികച്ച സിനിമകളില്‍ ഒട്ടുമിക്കതിലും ജയസൂര്യയാണ് നായകന്‍, ഇത് സൗഹൃദത്തിന്റെ പുറത്ത് സംഭവിക്കുന്നതാണോ?

പുണ്യളന്‍ അഗര്‍ബത്തീസ് മുതലാണ് രഞ്ജിത്ത് ശങ്കറുമായുള്ള കൂട്ടുക്കെട്ട് ആരംഭിക്കുന്നത്. പിന്നീട് സുസുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കൂട്ടി തുടങ്ങി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ രഞ്ജിത്ത് എനിക്ക് വേണ്ടിയെഴുതി. ഇവയെല്ലാം ഒട്ടനവധി അംഗീകാരങ്ങള്‍ എനിക്ക് നേടി തന്നു. ഒടുവിലിപ്പോള്‍ സണ്ണിയും. ഈ കഥാപാത്രങ്ങളെല്ലാം യുണീക് ആയിരുന്നു. ഇതൊന്നും ബോധപൂര്‍വ്വമായി സംഭവിക്കുന്നതല്ല. 

ഒരു കഥാപാത്രം മാത്രമേ സണ്ണിയിലുള്ളൂ, അതു വലിയ വെല്ലുവിളിയായിരുന്നല്ലോ?

Jayasurya Actor Interview Sunny Movie meri awaaz suno Eesho life movies favorite charactersഒരു കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ എന്ന ഘടകം എന്നെ എക്സൈറ്റ് ചെയ്തിരുന്നു. കാരണം കാസ്റ്റ് എവേ പോലുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആരാധകനാണ് ഞാന്‍. സണ്ണിയുടെ കഥ രഞ്ജിത്ത് ആദ്യമായി എന്നോട് പറയുമ്പോള്‍ കഥാപാത്രവുമായി എനിക്ക് കണക്ട് ആകാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്യേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സണ്ണി മനസ്സില്‍ കയറക്കൂടി. അങ്ങനെയാണ് രഞ്ജിത്തുമായി വീണ്ടും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാനിരിക്കുന്നത്. രഞ്ജിത്ത് എന്തായാലും സിനിമ ചെയ്യുമെന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നു, അത് ഞാനല്ലെങ്കില്‍ മറ്റൊരാള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനായി. ഒരു കഥാപാത്രത്തെ തന്നെ പ്രേക്ഷകര്‍ കണ്ടിരുന്നാല്‍ മടുക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയായിരുന്നു സണ്ണി. സിനിമയുടെ ചിത്രീകരണം നടന്നത് ഒരു ഹോട്ടല്‍ മുറിയിലായിരുന്നു. ഞങ്ങളെല്ലാവരും താമസിച്ചത് അതേ ഹോട്ടലില്‍ തന്നെ. മുറിയില്‍ നിന്ന് ഒരു പത്തടി വച്ചാല്‍ ലൊക്കേഷനിലെത്താം. അതു തന്നെ ഒരു പുതുമയായിരുന്നു. എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിനാല്‍ രാത്ര വൈകുവോളം ചര്‍ച്ചകള്‍ നീണ്ടു. ധാരാളം വെട്ടലുകളും തിരുത്തലുകളും നടത്തി. വളരെ ക്രിയേറ്റീവായിരുന്നു സണ്ണിയുടെ സെറ്റ്. സണ്ണി ഒരിക്കലും ജയസൂര്യ ചിത്രമല്ല. രഞ്ജിത്ത,് ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ അങ്ങനെ ക്രൂവില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രമത്തിന്റെ ഫലമാണ് സണ്ണി.

ഒരാള്‍ ഏറ്റവും റിയലായിരിക്കുന്നത് അയാള്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ്. അയാളുടെ ഇരിപ്പും കിടപ്പും നടപ്പും സന്തോഷവും സങ്കടവുമെല്ലാം ആള്‍ക്കൂട്ടത്തിലിരിക്കുമ്പോള്‍ വ്യത്യസ്തമായിരിക്കും. സണ്ണി ഒരു മ്യുസിഷനാണ്. അയാള്‍ ഒറ്റയ്ക്കാണ്. അയാളുടെ യഥാര്‍ഥ മുഖമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ മാത്രമായിരുന്നില്ല സെറ്റില്‍ സണ്ണിയായി ബിഹേവ് ചെയ്തത്. കഥ എഴുതിയ രഞ്ജിത്തും ഛായാഗ്രാഹകന്‍ മധു നീലകണ്ഠനുമെല്ലാം സണ്ണിയായിരുന്നു. 

മേരി ആവാസ് സുനയില്‍ മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്നു; ആദ്യമായാണല്ലോ മഞ്ജുവിനൊപ്പം?

Jayasurya Actor Interview Sunny Movie meri awaaz suno Eesho life movies favorite characters

സിനിമയില്‍ എന്നേക്കാള്‍ മുന്‍പെത്തിയ ആളാണ് മഞ്ജു. ആദ്യമായാണ് ഞങ്ങള്‍ ഒരുമിച്ചെത്തുന്നത്. വളരെ പ്രതിഭയുള്ള അഭിനേത്രിയാണവര്‍. നമുക്കൊപ്പം അഭിനയിക്കുന്നവരുമായുള്ള സൗഹൃദം നമ്മുടെ പ്രകടനത്തിലും പ്രതിഫലിക്കും. എന്നെ സംബന്ധിച്ച് മഞ്ജു നല്ല സുഹൃത്താണ്. അതുകൊണ്ടു തന്നെ ഒരുമിച്ചഭിനയിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. സിനിമയില്‍ നമുക്ക് മുന്‍പേ എത്തിയ വ്യക്തികളുമായുള്ള സൗഹൃദം ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അവര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങളും കഥകളുമെല്ലാം കേട്ടിരിക്കുന്നത് തന്നെ രസകരമാണ്.

Content Highlights: Jayasurya Actor Interview, Sunny Movie releases in Amazon Prime Video, 100th film, meri awaaz suno