
എം.സി. ജിതിന്‍ സംവിധാനം ചെയ്ത 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിലെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റാണ് ജനനി റാം. ആര്‍ക്കിടെക്റ്റും സംരഭകയുമായ ജനനി ഒരുപിടി മലയാളസിനിമകളുടെ ഭാഗമായിട്ടുണ്ട്. എങ്കിലും സൂക്ഷ്മദര്‍ശിനിയിലെ അഭിനയവും കഥാപാത്രവും പ്രേക്ഷകരാരും തന്നെ മറക്കാനിടയില്ല. മലയാള സിനിമയിലെ തന്റെ ചുവടുവെയ്പ്പുകളെ കുറിച്ചും പുതിയ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചുമെല്ലാം ജനനി റാം സംസാരിക്കുന്നു;
വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ഫ്രണ്ടിലൂടെയാണ് ജനനിയുടെ സിനിമാപ്രവേശം. ആ കടന്നുവരവിന് പിന്നിലെ കഥ പറയാമോ
മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ ആര്‍ക്കിടെക്റ്റായി ബെംഗുളൂരുവില്‍ ജോലിചെയ്യുന്ന സമയത്താണ് 'ഡിയര്‍ ഫ്രണ്ട്' എന്ന സിനിമയുടെ ഭാഗമായത്. എന്റെ സുഹൃത്തിന്റെ നിര്‍ബന്ധംകാരണം ഓഡിഷന് പങ്കെടുക്കുകയായിരുന്നു. വളരെ യാദൃച്ഛികമായി വന്ന അവസരമാണത്. കാരണം ചിത്രത്തിന്റെ ഓഡിഷന് പോകുന്നതുവരെ എനിക്ക് അഭിനയവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും അഭിനയിക്കാനായി ഞാന്‍ സ്‌റ്റേജില്‍ കയറിയിട്ടില്ല. പാട്ട് പാടാനും ചിത്രംവരക്കാനുമായിരുന്നു അന്നെനിക്കിഷ്ടം. വരയോടുള്ള ഇഷ്ടമാണ് ആര്‍ക്കിടെക്ചറിലേക്ക് എന്നെയെത്തിച്ചത്.
ജോലി സമ്മര്‍ദം കാരണം ഞാനൊരു ബ്രേക്കെടുത്തിരുന്നു. കോവിഡിന്റെ സമയമായിരുന്നു അത്. അപ്പോഴാണ് എല്ലാവരുടേയും നിര്‍ബന്ധം കാരണം ഓഡിഷനുപോയത്. ഓഡിഷനെ കുറിച്ച് പോലും ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. അന്ന് ഡയലോഗ് പഠിക്കാന്‍ തന്നപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാനത് മുഴുവനിരുന്ന് പഠിച്ചു. ചെയ്യേണ്ട കാര്യങ്ങള്‍ വിനീതേട്ടന്‍ പറഞ്ഞുതന്നു. അങ്ങനെയാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ അഭിനയം പയറ്റിനോക്കുന്നത്. അത് വര്‍ക്കായി. ഹാപ്പി അവേഴ്‌സിന്റെ സിനിമചെയ്തു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമായിരുന്നു.

എനിക്ക് അഭിനയിക്കാനറിയാമോ എന്നതിനെ കുറിച്ച് അന്നാണ് വീട്ടുകാരും ആലോചിക്കുന്നത്. തുടര്‍ന്നും ഓഡിഷന് പോകാന്‍ അവരും എന്നെ പ്രോത്സാഹിപ്പിച്ചു. അതെന്റെ ആത്മവിശ്വാസം കൂട്ടി. ഞാന്‍ ഓഡിഷനുകള്‍ക്കൊക്കെ പോകാന്‍ തുടങ്ങി. ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. സൂക്ഷ്മദര്‍ശിനിയിലെ എന്റെ അഭിനയജീവിതത്തിലെ ഒരു ടേണിങ് പോയിന്റാണെന്ന് പറയാം.
പ്രേക്ഷകപ്രീതി നേടി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ സൂക്ഷ്മദര്‍ശിനി. ചിത്രത്തിലെ പ്രകടനത്തെപ്പറ്റി ജനനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങളെങ്ങനെയാണ്
ഹാപ്പി അവേഴ്‌സിന്റെ കൂടെ മുമ്പ് വര്‍ക്ക്‌ചെയ്ത പരിചയത്തിലാണ് സൂക്ഷ്മദര്‍ശിനിയിലേക്ക് എനിക്ക് വിളി വന്നത്. അങ്ങനെ ഞാന്‍ ഓഡിഷന് പങ്കെടുത്തു. ഓഡിഷനിലെ എന്റെ പ്രകടനത്തില്‍ എനിക്ക് സംതൃപ്തി തോന്നിയിരുന്നു. സെലക്ടായ ശേഷം അവരെന്നെ വിളിച്ചറിയിച്ചു.
ഇത്ര ഇംപാക്ട് ഉള്ള കഥാപാത്രത്തെയാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. ചിത്രത്തിലെ വേഷം എനിക്ക് കിട്ടിയതോര്‍ക്കുമ്പോള്‍ തന്നെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. കൂടുതല്‍ കാര്യങ്ങള്‍ എന്നോട് വെളിപ്പെടുത്തിയപ്പോഴാണ് സുപ്രധാനമായൊരു കഥാപാത്രത്തിലേക്കാണ് അവരെന്നെ പ്ലേസ് ചെയ്തതെന്ന് മനസ്സിലായത്. അതൊരു വലിയ ഉത്തരവാദിത്തമാണല്ലോ. സിനിമ കണ്ടവര്‍ക്കറിയാം, വളരെ ബോള്‍ഡായിട്ടുള്ളൊരു കഥാപാത്രമാണ് സൂക്ഷ്മദര്‍ശിനിയിലേത്.
കഥാപാത്രത്തെ കുറിച്ച് അമ്മമാരില്‍നിന്നും പെണ്‍കുട്ടികളില്‍നിന്നുമാണ് എനിക്ക് കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടിയത്. ചിത്രത്തിലെ വേഷം ഒരുപാടിഷ്ടമായെന്ന് പറഞ്ഞ് ഒരുപാട് പേര്‍ എന്നോട് സംസാരിച്ചു. കഥാപാത്രം മനസ്സില്‍ തങ്ങിനില്‍ക്കുന്നു എന്നെല്ലാം പറഞ്ഞുകേട്ടപ്പോള്‍ സന്തോഷം തോന്നി.
എന്തെല്ലാമായിരുന്നു ചിത്രത്തിലെ ആകര്‍ഷകമായ ഘടകങ്ങള്‍
ഒരുപാട് സ്ത്രീകഥാപാത്രങ്ങളാണ് ഈ സിനിമയില്‍. എല്ലാവരും തുല്യപ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാണ്. കോമഡി സീനുകളൊക്കെയായി നമ്മുടെ ജീവിതവുമായി വളരെ ബന്ധിപ്പിക്കാവുന്ന കഥാപാത്രങ്ങളാണ് സിനിമയില്‍. വലിയൊരു സാമൂഹികപ്രശ്‌നംകൂടിയാണ് സിനിമ പറയുന്നത്. കൂടാതെ ഹാപ്പിഅവേഴ്‌സ് ചെയ്യുന്ന സിനിമയാണ്. ഇക്കാരണങ്ങളെല്ലാംകൊണ്ടും ഈ സിനിമയുടെ കഥ എന്നെ ആകര്‍ഷിച്ചിരുന്നു.
ചിത്രം വലിയൊരു ക്രൂവിന്റെകൂടി ഭാഗമാകാനുള്ള അവസരമൊരുക്കി. ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കാമോ
വളരെ പ്രൊഫഷണലും എന്നാല്‍ എന്‍ജോയബിളുമായ സെറ്റായിരുന്നു സൂക്ഷ്മദര്‍ശിനിയുടേത്. നസ്രിയയുടേയും ബേസിലിന്റേയും അഭിമുഖങ്ങളിലെല്ലാം കണ്ടപോലെതന്നെയായിരുന്നു ഷൂട്ടിങ് സെറ്റും. അവിടെ എല്ലാവരും പ്രൊഫഷണലായിരുന്നു. എന്നുപറഞ്ഞാല്‍ മുഴുവന്‍ സമയവും ഗൗരവത്തോടെ നില്‍ക്കുകയായിരുന്നു എന്നല്ല മറിച്ച്, പരസ്പരം സഹായിച്ചും സഹകരിച്ചുമായിരുന്നു ജോലിചെയ്തത്. എനിക്ക് വളരെ കുറച്ച് ദിവസങ്ങളേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളുവെങ്കിലും പുതിയ ആര്‍ട്ടിസ്റ്റ് എന്നനിലയില്‍ ഞാനവിടെ വളരെ കംഫര്‍ട്ടബിളായിരുന്നു.
ഞാന്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തെ കുറിച്ച് സംവിധായന്‍ എംസി(എം.സി. ജിതിന്‍) വ്യക്തമായി പറഞ്ഞുതന്നിരുന്നു. കഥാപാത്രത്തിന്റെ കണ്ണിന്റെ ചെറിയൊരനക്കത്തെ കുറിച്ചുപോലും എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതെല്ലാം വളരെ സഹായകരമായിരുന്നു.

ബേസിലിന്റെ കൂടെയുള്ള ഷോട്ടുകളും വളരെ രസകരമായിരുന്നു. അവരെല്ലാം എന്നെക്കാള്‍ അനുഭവസമ്പന്നരായതുകൊണ്ട് ഷോട്ടിനുതൊട്ട് മുമ്പുവരെ അവര്‍ വളരെ ജോളിയായിട്ടിരിക്കും. ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ സ്വിച്ചിട്ടപോലെ കഥാപാത്രമായി മാറും.
സിദ്ധാര്‍ഥേട്ടന്‍, രമേഷേട്ടന്‍, സമീര്‍ താഹിര്‍ സര്‍, ഷൈജുക്ക, മനോഹരി അമ്മ തുടങ്ങി വലിയ ആര്‍ട്ടിസ്റ്റുകളും ക്രൂവുമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ടെന്‍ഷനടിച്ചു. അപ്പോഴൊക്കെ ബേസിലും സിദ്ധാര്‍ഥേട്ടനുമെല്ലാം വന്ന് ടെന്‍ഷനടിക്കേണ്ട, നമുക്കത് ഒന്നുകൂടെ ചെയ്തുനോക്കാം, ഇങ്ങനെ ചെയ്തുനോക്കാം അതനിപ്പോ എന്താ എന്നെല്ലാം വന്ന് പറയുമായിരുന്നു. ഒരുമിച്ചുള്ള ഷോട്ടുകളെടുത്തപ്പോള്‍ നസ്രിയയും എന്നെ കംഫര്‍ട്ടബിളാക്കി. അതെന്റെ ആത്മവിശ്വാസം ഒരുപാട് കൂട്ടി, വര്‍ക്ക് എളുപ്പമാക്കി.
അഭിനയത്തിലേക്ക് യാദൃച്ഛികമായാണ് വന്നതെന്ന് സൂചിപ്പിച്ചല്ലോ. ഒരുപിടി കഥാപാത്രങ്ങളെ കൈകാര്യംചെയ്തു. ഇപ്പോള്‍ അഭിനയത്തേയും സിനിമയേയും എങ്ങനെയാണ് കാണുന്നത്
ഞാന്‍ ഒരു മിഡില്‍ക്ലാസ് ഫാമിലിയില്‍ നിന്ന് വരുന്ന ആളായതുകൊണ്ടുതന്നെ സിനിമയിലെത്തുമെന്നോ അതിന്റെ ഒരു ഭാഗമാകാന്‍ കഴിയുമെന്നോ ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. ഇപ്പോള്‍ ഷൂട്ടിനുപോകുന്ന ദിവസം എനിക്ക് വലിയ എനര്‍ജിയാണ്. എന്റെ അഭിനയം ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും തുടങ്ങിയിട്ടേ ഉള്ളൂ എന്നും എനിക്കറിയാം. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. സിനിമയാണ് ഇപ്പോഴത്തെ എക്‌സൈറ്റ്‌മെന്റ്. അതിന്റെ പ്രോസസില്‍ ഇരിക്കാന്‍ എനിക്കിഷ്ടമാണ്.
സിനിമയുടെ എല്ലാ മേഖലയിലും നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ എനിക്കിഷ്ടമാണ്. ഷൂട്ടില്ലാത്ത ദിവസം സെറ്റില്‍ പോയി ഇരുന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഞാനൊരു സിനിമാ പ്രേമിയാണ്. ആരെങ്കിലും പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അവരതെങ്ങനെ ചെയ്യുന്നു, മാറ്റംവരുത്തുന്നു എന്നുള്ളതെല്ലാം എന്നെ സംബന്ധിച്ച് വലിയ ലേണിങ് പ്രോസസ് ആണ്.

സംവിധായകന്‍, സിനിമാറ്റോഗ്രാഫര്‍, തിരക്കഥാകൃത്ത് തുടങ്ങിയവരുടെ കണ്ണിലൂടെ കഥാപാത്രത്തെ നോക്കുമ്പോള്‍ അവര്‍ എങ്ങനെയാണോ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നത്, അതെങ്ങനെ ആര്‍ട്ടിസ്റ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എനിക്കിഷ്ടമാണ്.
എന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ക്കറിയാവുന്ന ഒരു കാര്യമുണ്ട്. ഞാന്‍ വാ തുറന്നാല്‍ സിനിമ ഡയലോഗുകള്‍ മാത്രമേ പറയൂ. എന്റെ അടുത്ത സുഹൃത്തുക്കളും ഞാനും തമ്മിലുള്ള സംഭാഷണങ്ങള്‍ മുഴുവനും സിനിമാ ഡയലോഗുകള്‍ മാത്രമാണ്. പെരുവണ്ണാപുരത്തെ വിശേഷം, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, ഹരിഹര്‍ നഗര്‍ തുടങ്ങിയ പഴയ സിനിമകളിലെയൊക്കെ ഡയലോഗുകള്‍ ഞങ്ങള്‍ക്ക് മനഃപാഠമാണ്. അതുകൊണ്ടുതന്നെ സിനിമ എന്ന ക്രാഫ്റ്റിനോട് പണ്ടുതൊട്ടെ ഇഷ്ടമാണ്. ശോഭന, ഉര്‍വശി, കെപിഎസി ലളിത, സുകുമാരിയമ്മ, കല്‍പന, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, പപ്പു, മാള, ജഗതി, ശങ്കരാടി, തുടങ്ങിയവരെല്ലാം എന്റെ ഇഷ്ട നടീനടന്മാരാണ്.
പഴയസിനിമകള്‍ ഒരുപാട് കാണുന്ന ആളാണ് ഞാന്‍. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോഴും ആര്‍ക്കിടെക്റ്റായി ജോലിചെയ്യുമ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പാട്ടല്ല, സിനിമയാണ് ഞാന്‍ പ്ലേ ചെയ്തിടാറുള്ളത്. വീട് വൃത്തിയാക്കുകയാണെങ്കില്‍ പോലും അതാണ് ശീലം. അതുകൊണ്ടുതന്നെ കാണുന്ന സിനിമകളെല്ലാം എനിക്ക് കാണാപ്പാഠമാണ്.
14 വര്‍ഷമായി തുടരുന്ന സൗഹൃദങ്ങളുണ്ടെനിക്ക്, അതിലാരോട് എന്റെ പേര് പറഞ്ഞാലും അവര്‍ പറയും; അവളിപ്പോള്‍ ഏതെങ്കിലും സിനിമാ ഡയലോഗ് പറഞ്ഞ് നടക്കുന്നുണ്ടാകുമെന്ന്. സിനിമാ ഡയലോഗുകള്‍ പറയുന്ന ആളുകളുമായി എനിക്ക് എളുപ്പം കണക്റ്റ് ചെയ്യാനാകും. അറിയാതെ മനസ്സിലേക്ക് മാനിഫെസ്റ്റ് ചെയ്ത ഒന്നാണ് എനിക്ക് സിനിമ എന്നുതോന്നുന്നു.

എല്ലാ സിനിമകളും ഒന്നിലധികം തവണ കണ്ട് അതിലെ സിനിമാറ്റോഗ്രഫിയും മ്യൂസിക്കും അഭിനയവും എല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇക്കാരണത്താല്‍ സെറ്റിലിരിക്കുക എന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഷൂട്ടില്ലെങ്കിലും എന്താ അവിടെ നടക്കുന്നതെന്ന് കാണാന്‍ കൗതുകമുണ്ട്.
ഭാവി പ്രതീക്ഷകള്‍, സിനിമ നല്‍കുന്ന സ്വപ്‌നങ്ങള്‍
കണക്ക് ടീച്ചറാണ് എന്റെ അമ്മ. എനിക്കാകട്ടെ ഇഷ്ടമുള്ള വിഷയമാണ് കണക്ക്. പണ്ട് ഞാന്‍ സ്‌കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ അമ്മ കണക്ക് ചെയ്യാന്‍ തരുമായിരുന്നു. ഞാനതെളുപ്പം ചെയ്തുനല്‍കും. എനിക്കത് വലിയ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. സിനിമയോടുള്ള എന്റെ ഇഷ്ടം കണ്ട്, 'പണ്ട് കണക്ക് ചെയ്തപ്പോഴുള്ള അതേ എക്‌സൈറ്റ്‌മെന്റ് ആണ് ഞാനിപ്പോള്‍ അവളില്‍ കാണുന്നത്, അതുകൊണ്ട് അവളത് ചെയ്‌തോട്ടെ' എന്ന് ഈയിടെ അമ്മ ഒരു സുഹൃത്തിനോട് പറഞ്ഞതായി കേട്ടു. അതുകേട്ട് വളരെയധികം സന്തോഷം തോന്നി. നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അതിനായി കഠിനാധ്വാനം ചെയ്യാനും ഞാന്‍ ഒരുക്കമാണ്.
എല്ലാദിവസവും രാവിലെ നല്ല ഭംഗിയില്‍ സാരിയുടുത്ത് അമ്മ സ്‌കൂളില്‍ പോകുന്നതും വൈകുന്നേരം സാരിയില്‍ ഒരു ചുളിവുപോലുമില്ലാതെ തിരിച്ച് വരുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ സാരിയുടുക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കോംപ്ലിമെന്റുകള്‍ കിട്ടാന്‍ തുടങ്ങി. എവിടെനിന്നാണ് സാരികള്‍ കിട്ടുന്നതെന്ന് സുഹൃത്തുക്കള്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് സാരി ബിസിനസ് തുടങ്ങിയത്. ഞാന്‍ വളരെ സന്തോഷത്തോടെയും പാഷനോടുകൂടിയും തുടങ്ങിയ സംരഭമാണത്. സിനിമപോലെ അതെല്ലാം തുടര്‍ന്നുകൊണ്ടുപോകണമെനിക്ക്.
Content Highlights: Interview of actor Janani Ram Sookshmadarshini
Published: 06 Dec 2024, 03:21 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented