ജൂനിയര്‍ ആക്ടറായി തുടക്കം. പിന്നെ പതിയെപ്പതിയെ ചെറുവേഷങ്ങളിലേക്ക്. ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനൊപ്പം ഡീയസ് ഈറെ എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷം. മലയാളസിനിമയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ് ജിബിന്‍ ഗോപിനാഥ്. പോലീസില്‍നിന്ന് സിനിമയിലെത്തിയ ഈ കലാകാരന്‍ ഇന്ന് കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. മമ്മൂട്ടിക്കൊപ്പം കളങ്കാവല്‍, ദിലീപിനൊപ്പം ഭഭബ, വിസ്മയ മോഹന്‍ലാലിനൊപ്പം തുടക്കം എന്നിങ്ങനെ ജിബിന്റേതായി വരാനിരിക്കുന്ന സിനിമകളുടെ പട്ടിക നീളുന്നു. തന്റെ സിനിമാ യാത്രയെക്കുറിച്ച് ജിബിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

എങ്ങനെയാണ് ഡീയസ് ഈറെയിലേക്കുള്ള വരവ്?

ഭൂതകാലവും ഭ്രമയുഗവും ഓരോ മലയാളിയെയും ഭയങ്കരമായി കൊതിപ്പിച്ച സിനിമകളാണ്. അഭിനയത്തോട് അത്രയും താല്പര്യമുള്ള, അല്ലെങ്കില്‍ സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളെയും മോഹിപ്പിച്ച സിനിമകളാണ്. സ്വാഭാവികമായും രാഹുല്‍ സദാശിവന്റെ സിനിമകളോട് നമുക്കൊരു പ്രത്യേക ഒരു സ്‌നേഹമുണ്ട്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ ഒരു പാസ്സിംഗ് ഷോട്ട് എങ്കിലും കിട്ടിയാല്‍ മതി എന്നുള്ള ഒരു വലിയ ആഗ്രഹത്തിലാണ് ഞാന്‍ നിന്നത്. ഈ പടം തുടങ്ങുന്ന സമയത്ത് നിര്‍മാതാക്കള്‍ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടനെ അന്വേഷിക്കുന്ന സമയമായിരുന്നു. അവര്‍ മലയാളത്തിലെ വേറെ നടന്മാരെയൊക്കെ നോക്കിയതാണ്. അങ്ങനെയിരിക്കുന്ന സമയത്താണ് ദിന്‍നാഥ് പുത്തഞ്ചേരി ഞാന്‍ ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ കൊടുത്ത ലിങ്ക് യാദൃച്ഛികമായ് കണ്ടത്. അദ്ദേഹമാണ് രാഹുല്‍ സദാശിവനോട് എന്റെ കാര്യം പറഞ്ഞത്. അതിനുശേഷം രാഹുല്‍ എന്റെ പ്രൊഫൈല്‍ പരിശോധിച്ച് നേരിട്ട് കാണാന്‍ വിളിക്കുകയായിരുന്നു. എങ്കിലും ഒരു ഉറപ്പൊന്നും തന്നിരുന്നില്ല. താടി വളര്‍ത്താന്‍ പറ്റുമോ? ഒരു മൂന്ന് മാസത്തേക്ക് വേറെ പരിപാടികള്‍ ഒന്നും പിടിക്കാതിരിക്കാന്‍ പറ്റുമോ? എന്നെല്ലാമാണ് ചോദിച്ചത്. ഞാന്‍ അപ്പോള്‍ ഭഭബ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഷൂട്ട് കഴിഞ്ഞശേഷം ഞാന്‍ താടി വളര്‍ത്താന്‍ തുടങ്ങി. 2025 ഫെബ്രുവരി മാസം അഞ്ചാം തീയതി രാത്രി 11:45 ഓടെയാണ് രാഹുലിന്റെ കോള്‍ വരുന്നത്. പ്രൊഡക്ഷന്റെ ഫൈനല്‍ മീറ്റിംഗ് കഴിഞ്ഞു. ഇനി ആ താടിയില്‍ തൊടണ്ട. അതങ്ങ് വളര്‍ന്നോട്ടെ. നന്നായിട്ട് വളര്‍ന്നോട്ടെ. നമ്മള്‍ പടം ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്തിയത്.
 

സംഭാഷണങ്ങള്‍ കുറവാണ് എന്നുള്ളത് ഒരു വെല്ലുവിളി ആയിരുന്നോ?

സംഭാഷണങ്ങള്‍ കൂടുതലുണ്ടോ കുറവുണ്ടോ എന്നത് ഒരു ആക്ടര്‍ എന്നുള്ള നിലയ്ക്ക് നമ്മള്‍ ഒരു വെല്ലുവിളി ആയിട്ട് എടുക്കുന്നുണ്ട്. ഓരോ സിനിമയുടെയും സ്വഭാവമാണത്. ഒരു അഭിനേതാവിനെ സംബന്ധിച്ച് രണ്ടും വേണമല്ലോ. ഡയലോഗും പറയണം ആക്ഷനും വേണം. എനിക്ക് അങ്ങനെ ഡയലോഗുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമൊന്നും ഇല്ലായിരുന്നു. പടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം എനിക്ക് ഫുള്‍ സ്‌ക്രിപ്റ്റ് വന്നിരുന്നു. അപ്പോള്‍ വായിക്കുമ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തിന് ആവശ്യത്തിന് സംഭാഷണങ്ങളുണ്ട്. ഡയലോഗ് കുറവാണ് എന്നുള്ളത് ഒരു വെല്ലുവിളി അല്ലായിരുന്നു. സംവിധായകന്‍ പറയുന്നതിനനുസരിച്ച് കൃത്യമായി ചെയ്യുക എന്നതേയുള്ളൂ.

സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണോ ഈ സിനിമയിലെ പ്രധാന കഥാപാത്രം ആണെന്ന് മനസ്സിലായത്?

തീര്‍ച്ചയായിട്ടും. അതിനു മുന്നേ ഒരു കഥാപാത്രം ചെയ്യാനുണ്ട് എന്നുമാത്രമേ എന്നോട് പറഞ്ഞുള്ളൂ. പക്ഷേ തിരക്കഥ വായിച്ചുകഴിഞ്ഞപ്പോള്‍ സ്‌ക്രീനില്‍ ഏകദേശം നായക കഥാപാത്രത്തോടൊപ്പം നില്‍ക്കുന്ന ഒരു ക്യാരക്ടര്‍ ആയി എനിക്ക് തോന്നി. അത്രയും സ്‌ക്രീന്‍ സ്‌പേസ് ഉണ്ട് തിരക്കഥയില്‍. സിനിമ തീര്‍ന്നതിനു ശേഷമാണ് എനിക്ക് ചെറിയ ടെന്‍ഷന്‍ ഒക്കെ വന്നുതുടങ്ങിയത്.

ആദ്യം അഭിനയിച്ച സിനിമ 'താണ്ഡവ'ത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി മോഹന്‍ലാലിനൊപ്പം. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്റെ കൂടെ നായകതുല്യമായി വേഷത്തില്‍. എന്തുതോന്നുന്നു?

ഞാന്‍ പഠിച്ചത് തിരുവനന്തപുരം എംജി കോളേജിലാണ്. ലാലേട്ടന്‍ പഠിച്ച അതേ കോളേജ് ആണ്. ഡിഗ്രിക്ക് ചേര്‍ന്ന  സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ടുള്ളത്. പല പടങ്ങള്‍ക്ക് വേണ്ടി ആ സമയത്ത് പോയിട്ടുണ്ടായിരുന്നു. യാദൃച്ഛികമായിട്ടാണ് ഞാന്‍ താണ്ഡവത്തിന്റെ  ലൊക്കേഷനില്‍ ജൂനിയര്‍ ആക്ടര്‍ ആയി പോയത്. എനിക്ക് തോന്നുന്നു അദ്ദേഹവുമൊത്ത് സീനില്‍ ഒരുമിച്ച് നിന്ന് ചെയ്യാന്‍ പറ്റിയിട്ടുള്ളത് താണ്ഡവം മാത്രമാണെന്ന് തോന്നുന്നു. അതേപോലെ രണ്ടുമൂന്ന് പടങ്ങളില്‍ ഞാന്‍ സിനിമയിലുണ്ട്. പക്ഷേ ഒരുമിച്ച് ഒരു രംഗം സ്‌ക്രീനില്‍ വന്നിട്ടില്ല. അതിലൊരു വിഷമം ഉണ്ടായിരുന്നു.  ആ വിഷമം ഇപ്പോഴുമുണ്ട്. പക്ഷേ എന്റെ കരിയറില്‍ ചെയ്ത ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രം ലാലേട്ടന്റെ മകന്‍ പ്രണവിനൊപ്പമാണ് ചെയ്തത് എന്നുള്ളത് വലിയ സന്തോഷം തരുന്ന കാര്യമാണ്.

സംവിധായകന്‍ രാഹുല്‍ സദാശിവന്റെ സംവിധാന ശൈലിയെക്കുറിച്ച്....

അദ്ദേഹത്തിന്റെ അടുത്ത് നിന്നുകഴിഞ്ഞാല്‍ ആരായാലും അഭിനയിച്ചുപോകും. അതില്‍ ഒരു സംശയവുംവേണ്ടാ. ഇദ്ദേഹത്തിന്റെ ഇന്റര്‍വ്യൂവും വീഡിയോകളുമൊക്കെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാതെ ഒരു പരിചയവും എനിക്കില്ല. രാഹുല്‍ സദാശിവന്റെ ഫ്‌ളാറ്റിലേക്കാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നത്. എന്നെ ഈ പടത്തിന്റെ ഡയറക്ഷന്‍ ടീമാണ് വിളിക്കുന്നത്. അവര്‍ എന്നെ വിളിച്ചിട്ട് ഞങ്ങള്‍ പുതിയ പടത്തിന്റെ ആള്‍ക്കാരാണ്. ഇവിടെ വരെ വരാമോ? എന്ന് ചോദിച്ചു. അപ്പോ ആരാണെന്ന് ചോദിച്ചു. വന്നാല്‍ മതിയെന്നാണ് പറഞ്ഞത്. രാഹുല്‍ സദാശിവന്റെ ടീമാണ് വിളിക്കുന്നതെന്ന് പറഞ്ഞില്ല. ഇദ്ദേഹത്തിന്റെ പടമാണെന്ന് അറിയുന്നത് അപ്പോഴാണ്. ഷോട്ട് എടുക്കുന്ന സമയത്ത് ഭയങ്കര സീരിയസ് ആയിരിക്കും. ആ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ആ ഷോട്ട് കഴിഞ്ഞാല്‍ ആള്‍ ഭയങ്കര ചില്ലാണ്. ആ ഷോട്ട് ഉദ്ദേശിച്ചതിനെക്കാളും നന്നായി കിട്ടിയിട്ടുണ്ടെങ്കില്‍ അത്യധികം സന്തോഷവാനാകുന്ന ഒരു ഒരു പാവം മനുഷ്യനാണ്. ഒരു നല്ല മനുഷ്യനാണ്. ഒരു ടൂളായി നമ്മള്‍ നിന്നു കൊടുത്താല്‍ മാത്രം മതി. ബാക്കി അദ്ദേഹം ചെയ്‌തോളും.

പ്രണവിനെ പറ്റി?

ഒരു സാധാരണക്കാരനായ ഒരു മനുഷ്യന്‍, വളരെ വളരെ സാധാരണക്കാരനായ മനുഷ്യന്‍. അസാധാരണത്വങ്ങളില്‍ താല്പര്യമില്ലാത്ത ഒരു മനുഷ്യന്‍. ഏതൊരാളിന്റെ കൂടെ എങ്ങനെ കൂടുന്നോ അവരോടൊപ്പം ആ ലെവലില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‍. ഒരു അമിതഭാരവും അദ്ദേഹത്തിന് മുമ്പില്‍ ചെന്ന് നില്‍ക്കുമ്പോള്‍ നമുക്ക് ഉണ്ടാവേണ്ട ആവശ്യമില്ല. അമിതശ്രദ്ധയൊക്കെ അദ്ദേഹത്തിന് ഭയങ്കര ഭാരമായിട്ടാണ് ഫീല്‍ ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നിയത്. വളരെ നല്ലൊരു കൂട്ടുകാരന്‍. വളരെ ജനുവിന്‍ ആയിട്ടുള്ളയാള്‍. ഒരു ഡിമാന്‍ഡും ഇല്ലാത്ത, ഒരു പ്രത്യേകതകളും ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍. എനിക്ക് അങ്ങനെയാണ് തോന്നിയത്. വളരെ നല്ലൊരു കൂട്ടുകാരന്‍.
 

നിങ്ങള്‍ രണ്ടുപേരെയും കൂടാതെ ഇതില്‍ വളരെ പ്രധാനപ്പെട്ട റോള്‍ ചെയ്ത ആളാണ് ജയ കുറുപ്പ്...

ചേച്ചി വര്‍ഷങ്ങളുടെ നാടക പാരമ്പര്യം ഉള്ള ഒരു വ്യക്തിയാണ്. അവര്‍ ചെയ്ത ഓരോ പടവും എടുത്താല്‍ അത് മനസ്സിലാകും. നല്ല ടൈമിംഗ് ഉള്ള, രസകരമായി അഭിനയിക്കുന്ന അഭിനേത്രിയാണവര്‍. കട്ടപ്പന എന്ന നാട്ടില്‍നിന്ന് ചേച്ചി ഇങ്ങനെ പടപൊരുതി കേറി വരുന്നത് കാണുന്നത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമാണ്. ചേച്ചി നല്ല കിടിലന്‍ ആര്‍ട്ടിസ്റ്റ് ആണ്. ഓരോ പെര്‍ഫോമന്‍സ് കാണുമ്പോളും നമ്മള്‍ ഇങ്ങനെ ഞെട്ടി ഇരിക്കുകയാണ്. ഡീയസ് ഈറെയിലെ കഥാപാത്രത്തിനെക്കുറിച്ച് ആലോചിക്കുമ്പോഴേക്കും എന്തൊരു പ്രകടനമാണെന്ന് തോന്നും. അതുപോലെയാണ് നമ്മുടെ ഈ പടത്തിന്റെ ലോഗോ ചെയ്ത പബ്ലിസിറ്റി ഡിസൈന്‍ ചെയ്ത അരുണ്‍ അജി കുമാര്‍ എന്ന എയ്‌സെത്റ്റിക് കുഞ്ഞമ്മ. ഗംഭീര ആര്‍ട്ടിസ്റ്റ് ആണ്. ഞാന്‍ പുള്ളിയുടെ മുന്‍പത്തെ പടങ്ങളൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഇതില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കില്‍ പോലും സിനിമ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാകും, ആ രണ്ട് സീന്‍ മതി അവനെ എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍. ഈ സിനിമ ആവശ്യപ്പെടുന്ന രീതിയിലേക്ക് രാഹുല്‍ സദാശിവന്‍ നമ്മളെ കൊണ്ടുവരുന്നു എന്നുള്ളതാണ് ശ്രദ്ധേയം. നമ്മളെ പെട്ടെന്നുതന്നെ കഥാപാത്രത്തിലേക്ക് കയറ്റും. ആ ഷോട്ട് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നമ്മളെ അതില്‍നിന്ന് മോചിതരാക്കുകയും ചെയ്യും. എന്നിട്ട് അടുത്ത മൊമെന്റില്‍ അടുത്ത ഷോട്ട് പോകുമ്പോഴേക്കും അവിടേക്ക് നമ്മളെ വീണ്ടും കൊണ്ടുവരും. അത് ഓരോരുത്തരുടെ പ്രകടനം കാണുമ്പോള്‍ മനസ്സിലാകും.

കരിയറില്‍ കണ്ടതില്‍ ഏറ്റവും പേടി തോന്നിയ ഒരു സിനിമയുണ്ടോ?

പേടി മാത്രമല്ല. ഒരു സിനിമ എന്താണോ ഉദ്ദേശിക്കുന്നത്, ആ ഒരു മൂഡില്‍ ഒരു സാധാരണ പ്രേക്ഷകനായി സിനിമ കാണും. ആ മൂഡില്‍ എന്താണോ നമുക്ക് മനസില്‍ തോന്നുന്നത് അത് പ്രകടിപ്പിക്കുന്നഒരാളാണ് ഞാന്‍. സങ്കടം വരുന്ന ഒരു പടം കണ്ടാല്‍ എന്റെ കണ്ണ് നിറയും. വളരെ ഉള്‍ക്കൊണ്ട് കാണുമ്പോള്‍ സന്തോഷമുള്ള സീന്‍ ആണെങ്കിലും കണ്ണുനിറയും. അല്ലെങ്കില്‍ ചിരിക്കുന്ന ഇടത്ത് നന്നായി, ഉച്ചത്തില്‍ ചിരിക്കും. കരയേണ്ടിടത്ത് ഉച്ചത്തില്‍ അല്ലെങ്കിലും കരയുന്ന ആളാണ് ഞാന്‍. പേടിപ്പിച്ചിട്ടുള്ള അല്ലെങ്കില്‍ ഹൊറര്‍ മൂഡ് തന്നിട്ടുള്ള സിനിമകളില്‍ എല്ലാം എനിക്ക് നല്ല പേടി ഉണ്ടായിട്ടുണ്ട്. ഡീയസ് ഈറെയിലെ എന്റെ സീനില്‍ പോലും എനിക്ക് പേടി തോന്നിയിട്ടുണ്ട്.

ഒരു ലീഡ് ആക്ടര്‍ ആയിട്ട് വിളിച്ചാല്‍ ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസം വന്നിട്ടുണ്ടോ?

ലീഡ് ആക്ടര്‍ ആയി വേഷമിടുന്നതിലപ്പുറം എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നുള്ളതാണ്. ഇപ്പോള്‍ ഈ പടത്തില്‍ ആണെങ്കില്‍ പോലും ഞാന്‍ നല്ല ടെന്‍ഷന്‍ ആയിരുന്നു. ഫസ്റ്റ് ഷോ കഴിയുന്നതുവരെ നല്ല ടെന്‍ഷനായിരുന്നു. കാരണം ഈ കഥാപാത്രത്തിന്റെ വലിപ്പം എന്താണെന്ന് എനിക്കറിയാമായിരുന്നു. കൂടെ അഭിനയിച്ചേക്കുന്നത് അപ്പുവാണ്. താരതമ്യേന പുതുഖം എന്ന് പറയാന്‍ പറ്റില്ലെങ്കില്‍ പോലും ഇത്തരം കഥാപാത്രങ്ങളൊന്നും ചെയ്യാത്ത ഒരാളാണ് ഞാന്‍. അപ്പോള്‍ ഒരു സംവിധായകന്‍ ആക്ഷനും കട്ടും പറഞ്ഞു. ഇതിനിടയ്ക്ക് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഡക്ഷനും ഓക്കേ ആണ്. സന്തോഷമാണ് എല്ലാവര്‍ക്കും. പക്ഷേ ആദ്യത്തെ ഷോ കഴിയുന്നതുവരെയും ഈ ക്യാരക്ടര്‍ എങ്ങനെ ആളുകള്‍ സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ വല്ലാതെ ടെന്‍ഷന്‍ അടിച്ചിരുന്നതാണ്. സന്തോഷത്തിന് അപ്പുറം, ആദ്യ ഷോ കഴിയുമ്പോള്‍ എനിക്ക് ഒരു സമാധാനമാണ് ഉണ്ടായത്. ഒരിക്കലും അവിടെ എന്നെ അല്ല, ആ ഒരു കഥാപാത്രത്തെ മാത്രമേ ഞാന്‍ ശ്രദ്ധിച്ചുള്ളൂ. എന്നെ മാത്രം ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പാളിപ്പോയേനെ. അന്നുതന്നെ ആദ്യത്തെ ഷോ കണ്ടിട്ട് എല്ലാവരും വിളിച്ച് നല്ലത് പറഞ്ഞപ്പോഴാണ് സത്യത്തില്‍ എനിക്ക് സന്തോഷവും സമാധാനവുമായത്.എനിക്ക് നല്ല വേഷങ്ങള്‍ ചെയ്യണം എന്നുള്ളതാണ്. നല്ല സിനിമകളുടെ ഭാഗമാവുകയും കുറേ നല്ല കഥാപാത്രങ്ങള്‍ ഇവിടെ ചെയ്യണമെന്നും വല്ലാതെ ആഗ്രഹമുണ്ട്.

2018 എന്ന സിനിമയ്ക്ക് ശേഷം കരിയറില്‍ ഉണ്ടായ ഒരു പ്രധാനപ്പെട്ട മാറ്റം എന്താണ്?

ക്യാരക്ടര്‍ റോളുകളിലേക്ക് സിനിമക്കാര്‍ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അത് ചെറുതാണോ വലുതാണോ എന്നുള്ളതല്ല, ഞാന്‍ ചെയ്യും എന്നുള്ള ഒരു വിശ്വാസം സിനിമക്കാര്‍ക്ക് ഉണ്ടായി. മാത്രമല്ല ആ സിനിമയിലൂടെ ഞാനും കുറച്ച് പരിചിതനായി. അത്രയും ഹിറ്റ് ആയ ഒരു പടത്തില്‍ അത്രയും നല്ലൊരു കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റിയപ്പോള്‍ ആള്‍ക്കാരിലേക്ക് എന്റെ ഒരു ശ്രദ്ധ എത്തി. അപ്പോ അത് നല്ലൊരു മാറ്റമായിരുന്നു. ജിബിന്‍ എന്ന് പറയുമ്പോള്‍ അറിഞ്ഞില്ലെങ്കിലും 2018-ല്‍ മത്സ്യത്തൊഴിലാളിയായിട്ട് അഭിനയിച്ചയാള്‍ എന്നുപറയുമ്പോള്‍ മനസിലാകുമായിരുന്നു. അതായിരുന്നു 2018 എന്ന സിനിമ തന്ന ഏറ്റവും വലിയ ഒരു ഭാഗ്യം. ഞാന്‍ പറഞ്ഞില്ലേ, അത് ജൂഡ് സാറിന്റെ മാത്രം ധൈര്യമാണ് ആ വേഷം.

ഡിയസ് ഈറേ ഇറങ്ങിയതിനു ശേഷം ലഭിച്ച ഏറ്റവും വിലമതിക്കാനാവാത്ത അഭിനന്ദനം ആരില്‍നിന്നാണ്?

എല്ലാ അഭിനന്ദനങ്ങളും എനിക്ക് വിലമതിക്കാനാവാത്തതാണ്. സിനിമയില്‍ നിന്നായാലും അതല്ലാതെ പുറത്തുനിന്നായാലും ആ സിനിമയില്‍ നന്നായി വന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ള ഓരോരുത്തരുടെ കോളും എനിക്ക് ഒരു സമ്മാനം പോലെയാണ് തോന്നിയിട്ടുള്ളത്. പിന്നെ സിനിമ കണ്ടില്ലെങ്കില്‍ പോലും മമ്മൂട്ടി സാര്‍ വിളിച്ച് അഭിനന്ദിച്ചു. അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിന് മുന്‍പ് അദ്ദേഹം എന്നെ നോക്കിയിട്ട്; ‘എടാ കണ്‍ഗ്രാജുലേഷന്‍സ്, നിന്റെ സിനിമ നല്ല ഹിറ്റ് ആണല്ലോ, അടിപൊളി ആയിട്ടുണ്ടല്ലോ’ എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം സംസാരിച്ചത് എനിക്ക് ഭയങ്കര സന്തോഷം തന്ന കാര്യമാണ്. സിനിമ കാണാതെ തന്നെ ഞാന്‍ പ്രധാന വേഷം അഭിനയിച്ച പടം ആണ് ഡിയസ് ഈറെ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സത്യന്‍ അന്തിക്കാട് സാര്‍ മെസ്സേജ് ചെയ്തിരുന്നു. സാറിന് ആ കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ദിലീപേട്ടന്‍, അന്‍വര്‍ റഷീദ് സാര്‍, നിര്‍മാതാവ് സോഫിയ പോള്‍ വിളിച്ചിരുന്നു, ബിബിന്‍ ജോര്‍ജ്ജ്, ശ്രീജിത്ത് രവി, അലക്‌സാണ്ടര്‍ പ്രശാന്ത് ഒക്കെ അഭിനന്ദനം അറിയിച്ചിരുന്നു. സിനിമ ഇറങ്ങിയ ലോകത്തിന്റെ പല കോണുകളില്‍നിന്നും വിളികള്‍ വന്നിരുന്നു. എല്ലാവരുടെയും കോളിനെ ഞാന്‍ അത്രയും വിലമതിക്കുന്നുണ്ട്.

പുതിയ ചിത്രമായ കളങ്കാവലിനെപ്പറ്റി ഇപ്പോള്‍ പറയാന്‍ പറ്റുന്ന വിവരങ്ങള്‍ എന്താണ്?

ഒരു ഔട്ട് ആന്‍ഡ് ഔട്ട് മമ്മൂക്ക പടം ആയിരിക്കും കളങ്കാവല്‍. അദ്ദേഹം നമ്മളെ എപ്പോഴും അത്ഭുതപ്പെടുത്തുകയാണ്, ഓരോ സിനിമയിലും. തനിക്ക് ഓരോ സിനിമയും പുതിയതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. ആദ്യസിനിമ എന്ന രീതിയിലാണ് അദ്ദേഹം ഓരോ സിനിമയെയും സമീപിക്കുന്നത്. അങ്ങനെ ഒരു സിനിമയില്‍ എനിക്ക് നല്ലൊരു ക്യാരക്ടര്‍ ആണ് കിട്ടിയത്. പടത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വേഷമാണ് എന്റെത്. 40 ദിവസത്തോളം എനിക്ക് ചിത്രീകരണം ഉണ്ടായിരുന്നു. അത്രയും ദിവസവും എനിക്ക് ഏറ്റവും വലിയ ഭാഗ്യമായി തോന്നിയത് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ പറ്റി എന്നുള്ളതാണ്. ഏറ്റവും വലിയ ഒരു കാര്യമായിഎനിക്ക് തോന്നിയത് മമ്മൂക്ക അഭിനയിക്കുന്നത് ലൈവ് ആയി അടുത്തുനിന്ന് കണ്ടത്. നമ്മളൊക്കെ ജനിച്ച സമയം തൊട്ട് കാണുന്ന മനുഷ്യനാണ്. നമ്മള്‍ സ്വപ്നം കണ്ടതിനൊക്കെ അപ്പുറത്തേക്കാണ് എനിക്ക് കിട്ടിയ ഈ സൗഭാഗ്യങ്ങളെല്ലാം. ഇപ്പോഴും ഏത് സമയം ചെന്നാലും  എന്നെ വളരെക്കാലമായി അടുത്തറിയാവുന്ന ഒരാളെപ്പോലെയാണ് പെരുമാറുന്നത്. കളങ്കാവല്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ആണ്. അപ്പോള്‍ അദ്ദേഹമാണ് നമ്മളെ അതിലേക്ക് തിരഞ്ഞെടുക്കുന്നതും ഇങ്ങനെ ഒരു ക്യാരക്ടര്‍ തരുന്നതും. നമുക്കുവേണ്ടി ഒരു സ്‌പേസ് തരികയാണല്ലോ. അപ്പോള്‍ അതിന്റെയൊക്കെ വലിയ സന്തോഷം ഉണ്ട്. കളങ്കാവല്‍ ഒരുഗ്രന്‍ പടം ആയിരിക്കും. അത് സംവിധാനം ചെയ്തിരിക്കുന്നത് ജിതിന്‍ കെ. ജോസ് ആണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. ജിഷ്ണു ശ്രീകുമാറാണ് രചന. അദ്ദേഹം ബാങ്ക് ഓഫ് ബറോഡയിലെ മാനേജര്‍ ആണ്. രണ്ടുപേരും തിരുവനന്തപുരത്തുകാരാണ്. ഞാന്‍ പടത്തില്‍ വന്നതിനു ശേഷമാണ് ഇവരെ പരിചയപ്പെടുന്നത്. പക്ഷേ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് അവര്‍ ഇപ്പോള്‍. വിനായകന്‍ ചേട്ടനും നന്നായി ചെയ്തിട്ടുണ്ട്. ഒപ്പം എനിക്കും അവരോടൊപ്പം സിനിമയില്‍ ഉടനീളം നില്‍ക്കാന്‍ പറ്റി.
 

ഏകദേശം 47 സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി. പല സിനിമകളിലും മുഖം പോലും കാണിച്ചിട്ടില്ല. ആ വിഷമം ഇപ്പോള്‍ മാറിയില്ലേ?

കുറച്ചു പേരായിരിക്കും സിനിമയില്‍ മുന്നോട്ട് പോകാന്‍ വേണ്ടി ജൂനിയര്‍ ആക്ടര്‍ ആയി തുടങ്ങുന്നത്. കൂടുതല്‍ ആള്‍ക്കാരും ഇതൊരു തൊഴില്‍ പോലെ ജൂനിയര്‍ ആക്ടേഴ്‌സ് ആയി നടക്കുന്നവരുണ്ട്. അവര്‍ക്കിപ്പോ വലിയ വേഷം ചെയ്യണം എന്നൊന്നുമില്ല. രാവിലെ ഒരു ജോലിക്ക് പോയിട്ട് വൈകുന്നേരം വീട്ടില്‍ വരുന്നതുപോലെ. ജൂനിയര്‍ ആക്ടര്‍ ആയതിനുശേഷം എനിക്ക് ഒന്നും രണ്ടും സീനുകള്‍ ലഭിക്കാന്‍ തുടങ്ങി. അതൊക്കെ കട്ട് ചെയ്തു പോകുമ്പോള്‍ ഭയങ്കര വിഷമമാണ്. കാരണം ഈ പടത്തില്‍ ഉണ്ട്, ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട് അല്ലെങ്കില്‍ ഏതെങ്കിലും താരത്തിനൊപ്പം കോമ്പോ സീന്‍ ചെയ്തു എന്നായിരിക്കും നമ്മള്‍ ആരോടെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാവുക. പക്ഷേ ഒരു സിനിമ നന്നായി വരാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ സീന്‍ വെട്ടിക്കളയും. അത് ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന വേഷം ആയിരിക്കാം. അതിനെക്കുറിച്ച് അന്നൊന്നും മനസിലാക്കിയിരുന്നില്ല. ഇന്ന് നമ്മള്‍ അത് പക്വതയോടെ ചിന്തിച്ചുകഴിഞ്ഞാല്‍ പലതും വെട്ടിപ്പോയത് നമ്മളോടുള്ള ദേഷ്യം കൊണ്ടല്ലെന്നും ആത്യന്തികമായി, സിനിമ നല്ലതാകാന്‍ വേണ്ടിയിട്ടാണെന്നും മനസിലാകും. അതൊരു തിരിച്ചറിവാണ്.

ചെയ്യാനുറച്ച ചിത്രം കൈവിട്ട് പോയിട്ടുണ്ടോ?

2023 ആദ്യം ജനുവരിയില്‍ എന്നെ തമിഴില്‍ നിന്ന് വലിയ ഒരു പ്രോജക്ടിലേക്ക്, ലൈക്ക പ്രൊഡക്ഷന്റെ ഒരു പടത്തിലേക്ക് വിളിച്ചു. ഞാനന്ന് ദുല്‍ഖറിന്റെയും സാമന്തയുടെയും കൂടെ ഫോണ്‍-പേയുടെ പരസ്യം ചെയ്തുനില്‍ക്കുന്ന സമയമാണ്. ഈ പരസ്യം തമിഴിലും തെലുങ്കിലുമടക്കം ആറുഭാഷകളില്‍ ശ്രദ്ധേയമായിരുന്നു. ആ സമയത്താണ് എനിക്ക് ഒരു കോള്‍ വരുന്നത്. മൂന്ന് സീന്‍ എനിക്ക് ഓഡിഷന്‍ ചെയ്യാന്‍ വേണ്ടി തന്നു. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു അവര്‍. തമിഴ് വല്യ പിടിയില്ലാത്തതുകൊണ്ട് ഞാന്‍ മലയാളത്തില്‍ത്തന്നെ ചെയ്ത് അയച്ചുകൊടുത്തു. വലിയ താല്പര്യം ഇല്ലായിരുന്നു. സീന്‍ തന്നു എന്നല്ലാതെ ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റേതായ രീതിയിലാണ് സംഭാഷണമുണ്ടാക്കിയത്. 2023 ജനുവരി ആയപ്പോള്‍ കൊള്ളാമെന്നുപറഞ്ഞ് അവര്‍ വീണ്ടും വിളിച്ചു. ലൈക്കയുടെ പുതിയ പടമാണ്, നല്ല വേഷമാണ് എന്നു പറഞ്ഞു. ആറ് മാസമാണ് ഷൂട്ട്. മാസത്തില്‍ 10, 12, 15 ദിവസം വരെ വന്നേക്കാം. അല്ലാത്ത ദിവസം നിങ്ങള്‍ക്ക് വേറെ പടത്തിന് ഡേറ്റ് കൊടുക്കാം. നേരത്തെ ഡേറ്റ് തരാം എന്നൊക്കെ പറഞ്ഞു. അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പടമാണെന്ന് പറഞ്ഞപ്പോള്‍ ശരിക്കും അമ്പരന്നു. ഞാനും സന്താനവുമാണ് അജിത് സാറിന്റെ കഥാപാത്രത്തിന്റെ വലംകയ്യും ഇടംകയ്യുമായി നില്‍ക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം ചിത്രീകരിക്കുന്ന ചിത്രത്തില്‍ മുഴുനീള വേഷം. പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ വരെ ഏകദേശം സെറ്റ് ആക്കി. ജീവിതം തന്നെ സെറ്റായി എന്ന് പറഞ്ഞിരിക്കുന്ന സമയത്താണ് പടം അവസാനനിമിഷം ഡ്രോപ്പ് ആകുന്നത്. അതിന് പകരമായി അവര്‍ ചെയ്ത പടമാണെന്ന് തോന്നുന്നു വിടാമുയര്‍ച്ചി.

പിന്നീടെന്ത് സംഭവിച്ചു?

സത്യം പറഞ്ഞാല്‍ എനിക്ക് വല്ലാതെ വിഷമമായി. ബിപി കൂടി ഞാന്‍ ആശുപത്രിയിലായി. ആ സിനിമ നടക്കാതെ പോയത് എന്നെ തളര്‍ത്തിക്കളഞ്ഞു. അത് സംഭവിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പറഞ്ഞു, സിനിമവിട്ടിട്ട് പോലീസ് ജോലിക്ക് തന്നെ പോകാന്‍. എന്റെ സിനിമാസുഹൃത്തുക്കള്‍ എല്ലാവരും പറഞ്ഞു ഇതിലും നല്ലത് വരുമെന്ന്. എല്ലാവരും എന്നെ ആശ്വസിപ്പിക്കുന്നു എന്നുള്ള രീതിയിലാണ് ഇതെല്ലാം എടുത്തത്. 2023 ഫെബ്രുവരി ആറിനാണ് വിടാമുയര്‍ച്ചി റിലീസാകുന്നത്. ഫെബ്രുവരി അഞ്ചിന് രാത്രി 11.45-നാണ് ഡീയസ് ഈറെയിലെ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ തിരഞ്ഞെടുത്തത്. അന്ന് എനിക്ക് നഷ്ടമായ ആ സിനിമയ്ക്ക് പകരം ലഭിച്ച ചിത്രമാണ് ഡീയസ് ഈറെ. ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. മറ്റൊരു സംഭവം നടന്നത് ഭഭബ-യുടെ സെറ്റില്‍വെച്ചാണ്. ഒരുദിവസം വിനീത് ശ്രീനിവാസന്‍ ഓടിവന്ന് വലിയ സന്തോഷത്തോടെ പറഞ്ഞു, അപ്പു പുതിയ പടം കമ്മിറ്റ് ചെയ്തു, ആരുടെ കൂടെ ആണെന്ന് അറിയോ എന്ന്. ഞാന്‍ പറഞ്ഞു ഇല്ല, അറിയില്ലെന്ന്. ഭ്രമയുഗവും ഭൂതകാലവും ചെയ്തിട്ടുള്ള രാഹുല്‍ സദാശിവന്റെ പുതിയ പടത്തിലെ ഹീറോയാണ് അപ്പു എന്ന് വിനീത് പറഞ്ഞു. ഞാന്‍ പറഞ്ഞു ഭയങ്കര സംഭവം ആണല്ലോ ഇതെന്ന്. ഈ സംഭവം കഴിഞ്ഞ് ഇതേ പടത്തില്‍ പ്രണവിനൊപ്പം പ്രധാനവേഷം ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു എന്നുള്ളതാണ്. ഈ സിനിമയിലേക്ക് വന്നശേഷം ഞാന്‍ വിനീതിനെ വിളിച്ചു. അന്ന് എന്നോട് പറഞ്ഞ അപ്പുവിന്റെ പടത്തിലെ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത് ഞാനാണെന്ന് അദ്ദേഹത്തോടുപറഞ്ഞു. അദ്ദേഹത്തിന് വലിയ സന്തോഷമായി. അതൊക്കെ ഒരു എന്താ ഭയങ്കര നിമിത്തം പോലെയൊക്കെയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ജീവിതത്തിലുണ്ടാക്കിയ സ്വാധീനം എത്രമാത്രമാണ്?

പെട്ടെന്ന് ആള്‍ക്കാര്‍ ശ്രദ്ധിക്കപ്പെടാന്‍ തരത്തിലേക്ക് എനിക്ക് രണ്ട് സംഭവങ്ങള്‍ തന്നിട്ടുള്ളത് മമ്മുക്കയും ലാലേട്ടനും തന്നെയാണ്. എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാല്‍ ഫോണ്‍ പേയുടെ പരസ്യം ഞാന്‍ ചെയ്തത് ദുല്‍ഖറിനോടൊപ്പമാണ്. ഇപ്പോള്‍ ലാലേട്ടന്റെ മകന്‍ പ്രണവിനോടൊപ്പവും അഭിനയിക്കാനായി. മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പമല്ലെങ്കിലും അവരുടെ മക്കളുടെ കൂടെയാണ് എനിക്ക് പ്രവര്‍ത്തിക്കാനായി. ഇനി ജൂഡ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാലിനൊപ്പം വേഷമുണ്ട്. നല്ലൊരു കഥാപാത്രമാണ്. ഈ പടത്തില്‍ ലാലേട്ടനുണ്ടോ എന്നറിയില്ല, ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കുമൊപ്പം അഭിനയിക്കാനായി എന്ന സന്തോഷം കിട്ടും.

പുതിയ സിനിമകള്‍?

മാത്യു തോമസിന്റെ കൂടെ സുഖമാണോ സുഖമാണോ എന്നൊരു പടം ചെയ്തു. അരുണ്‍ലാല്‍ രവീന്ദ്രനാണ് സംവിധാനം. ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ഭീഷ്മര്‍ എന്ന ചിത്രമുണ്ട്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍.