
ശ്രീകുമാരൻ തമ്പിയോട് സംസാരിക്കുമ്പോൾ പ്രതിഭയുടെ പ്രകാശവും നിഷേധത്തിന്റെ കനലും ഒരേസമയം ജ്വലിക്കും. കവിതയും ഗാനങ്ങളുംനിറഞ്ഞ ആ മനസ്സ് ഉയർത്തിപ്പിടിച്ച നിലപാടുകളുടേതുമാണ്. എല്ലാ അധികാരക്കസേരകൾക്കുമുന്നിലും ഉയർന്നുനിൽക്കുന്ന ശിരസ്സാണ് ഈ എഴുത്തുകാരന്റേത്. ശതാഭിഷിക്തനാവുമ്പോഴും അതിന് മാറ്റമില്ല
സമ്പന്നമായ ഒരു ഗാനപാരമ്പര്യമുണ്ട് മലയാളത്തിന്. വാമൊഴിയായി വന്ന വടക്കൻപാട്ടും പുള്ളുവൻപാട്ടും ഉൾപ്പെടെയുള്ള നാടൻപാട്ട് പാരസ്പര്യത്തിന്റെ സ്വാധീനം അങ്ങയിൽ എത്രത്തോളമുണ്ട്
തീർച്ചയായും പാരമ്പര്യം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ജനിച്ചത് ആലപ്പുഴ ജില്ലയിലുള്ള ഹരിപ്പാട് എന്ന സ്ഥലത്താണ്. കേരളത്തിലെ പ്രശസ്തികേട്ട നാഗാരാധനാനിലയമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്. പുള്ളുവൻ പാട്ട് അലയടിക്കുന്ന അന്തരീക്ഷം. അപ്പർകുട്ടനാടിൽപ്പെട്ട സ്ഥലമാണ് ഹരിപ്പാട്. കൃഷിക്ക് പ്രാധാന്യമുള്ള സ്ഥലം. എന്റെ കുട്ടിക്കാലത്തു പുള്ളുവൻപാട്ടും സ്ത്രീകൾ ഞാറുനടുമ്പോഴും പുരുഷന്മാർ ചക്രംചവിട്ടുമ്പോഴും പാടുന്ന പാട്ടുകളും ഞാൻ കേട്ടു. ഹരിപ്പാടിന് തൊട്ടടുത്തുള്ള പായിപ്പാട് എന്ന സ്ഥലത്ത് ഓണക്കാലത്ത് നടക്കുന്ന ചതയം വള്ളംകളി, ആറന്മുള വള്ളംകളിയെപ്പോലെത്തന്നെ പ്രസിദ്ധമാണ്. അങ്ങനെ വള്ളക്കളിപ്പാട്ടുകളും എനിക്ക് സുപരിചിതമായി. അമ്മയുടെ നാടായ ഹരിപ്പാടിനും അച്ഛന്റെ ജന്മസ്ഥലമായ തോനയ്ക്കാടിനും മധ്യത്തിലാണ് ചെട്ടികുളങ്ങര എന്ന പ്രദേശം. കുത്തിയോട്ടത്തിനും കെട്ടുകാഴ്ചകൾക്കും പേരുകേട്ട സ്ഥലം. ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി പ്രസിദ്ധമാണ്, കുത്തിയോട്ടപ്പാട്ടുകൾക്കു വ്യത്യസ്തങ്ങളായ താളവ്യവസ്ഥകളുണ്ട്. ജന്മനാൽതന്നെ എനിക്ക് സിദ്ധിച്ച താളബോധത്തിന് ഇവയെല്ലാം വേണ്ടത്ര ശക്തിനൽകി. ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്ന് എന്റെ വീട്ടിലേക്ക് ഒരു വിളിപ്പാട് അകാലമേയുള്ളൂ. ക്ഷേത്രസംസ്കാരത്തിന്റെ നിഴലിലാണ് ഞാൻ വളർന്നത്. കഥകളി, കൂത്ത്, കൂടിയാട്ടം, തുള്ളൽ, വലിയവലിയ സംഗീതജ്ഞരുടെ പാട്ടുകച്ചേരികൾ, വേലകളി, സോപാനത്തിനു മുമ്പിൽനിന്ന് പന്തീരടിപൂജ സമയത്ത് പാടുന്ന അഷ്ടപദി... എല്ലാം എന്നെ സ്വാധീനിച്ചു. ഇതിനെല്ലാം ഉപരിയായി എന്റെ അമ്മ പാടിയിരുന്ന കഥകളിപ്പദങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും.! സ്വാതിതിരുനാളും ഇരയിമ്മൻതമ്പിയും കുട്ടിക്കുഞ്ഞുതങ്കച്ചിയുമൊക്കെ എഴുതിയ പദങ്ങൾ പാടിയാണ് എന്റെ അമ്മ മക്കളെ ഉറക്കിയിരുന്നത്. വടക്കൻമലബാറിൽ പ്രചാരത്തിലുള്ള അനേകം നാടൻപാട്ടുകളും തോറ്റങ്ങളും അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മയുടെ മൂലകുടുംബത്തിന്റെ വേരുകൾ ചിറയ്ക്കൽ രാജവംശത്തിലാണ്. ഇപ്പോഴും ഞങ്ങൾ ആരാധിക്കുന്ന ധർമദൈവങ്ങൾ ചെറുകുന്ന് അന്നപൂർണേശ്വരി, കളരിവാതുക്കൽ ഭഗവതി, മാടായിക്കാവിലമ്മ, കടലായി കൃഷ്ണൻ തുടങ്ങിയവരാണ്. അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ആ ക്ഷേത്രങ്ങളിൽ ഇപ്പോഴും പോകാറുണ്ട്. ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായർ എഡിറ്റ് ചെയ്ത കേരള ഭാഷാഗാനങ്ങൾ എന്ന വിലപ്പെട്ട കൃതിയിലുള്ള പല വരികളും എന്റെ അമ്മയ്ക്ക് അറിയാമായിരുന്നു.
മാടായിത്തിരി ചെങ്ങക്കൂലോത്തെ
മാണിക്കത്തമ്പാട്ടി പൂവിരന്നു
പൂവിരന്നമ്മേയമ്മാണിക്കത്തമ്പാട്ടി
പൂക്കൈ നിറയെ ഞാൻ പൂ കൊടുത്തു
അമ്മ പാടുമായിരുന്ന ഈ വരികളിൽനിന്ന് പ്രചോദനം കൊണ്ടാണ് ഞാൻ രചനയും സംഗീതസംവിധാനവും നിർവഹിച്ച ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ
പൂനിറം കണ്ടോടിവന്നു മാണിക്യത്തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യത്തമ്പാട്ടി
എന്ന ഗാനം ഒരുക്കിയത്. ‘ആകാശരൂപിണി അന്നപൂർണേശ്വരി അഭയം തവപദകമലം...’ എന്ന എന്റെ പാട്ടിലെ അന്നപൂർണേശ്വരിയും ചെറുകുന്നിലെ ദേവി തന്നെ.

വയലാർ, പി. ഭാസ്‌കരൻ... ഈ മുൻഗാമികളിൽ ആരോടാണ് താങ്കൾക്ക് കൂടുതൽ പാരസ്പര്യം അനുഭവപ്പെടുന്നത്
തീർച്ചയായും അത് ഭാസ്കരൻമാസ്റ്ററോടുതന്നെ. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭാവിയിൽ എനിക്ക് പി. ഭാസ്കരനെപ്പോലെയാകണം എന്നായിരുന്നു കുട്ടിക്കാലത്തെ മോഹം. എന്റെ പതിനൊന്നാം വയസ്സിൽ കേട്ട ‘തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ....’ എന്ന പാട്ട് (ചിത്രം: നവലോകം) എന്നെ അത്രമാത്രം ആകർഷിച്ചു. സംവിധായകനാകണം എന്ന മോഹത്തിനും അദ്ദേഹം തന്നെയാണ് കാരണം. നീലക്കുയിൽ,രാരിച്ചൻ എന്ന പൗരൻ എന്നീ സിനിമകൾ കൗമാരകാലത്ത് എന്റെ ഉറക്കംകെടുത്തി. ഇങ്ങനെ പറഞ്ഞതുകൊണ്ട് വയലാറിനോട് എനിക്ക് ബഹുമാനവും കടപ്പാടും ഇല്ല എന്നു ധരിക്കരുത്. അദ്ദേഹത്തിന്റെ പാട്ടുകളും കവിതകളും കേട്ടാണല്ലോ ഞാൻ വളർന്നത്. അവർ രണ്ടുപേരും എനിക്ക് ഗുരുതുല്യരാണ്. സിനിമയിൽവന്ന് ഗുരുക്കന്മാരോട് മത്സരിക്കാനായിരുന്നു എന്റെ നിയോഗം.
പാട്ടെഴുത്തുകാരെ കവികളായി അംഗീകരിക്കാൻ സാഹിത്യലോകത്തെ വരേണ്യവർഗം മടികാണിക്കുന്നതായി തോന്നിയിട്ടുണ്ടോ
തീർച്ചയായും. സ്വയം ബുദ്ധിജീവി ചമഞ്ഞുനടക്കുന്ന ചില കപടകവികൾപ്പോലും പാട്ടെഴുതുന്ന കവികളെ പുച്ഛിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അവരിൽ പലരും പാട്ടെഴുതാൻ അവസരം കിട്ടാൻവേണ്ടി അലയുന്നു എന്നതാണ് സത്യം. യുട്യൂബ് കാണുന്ന ചെറുപ്പക്കാർ ഇപ്പോൾ യാഥാർഥകവിത എവിടെയാണ് എന്ന് തിരിച്ചറിഞ്ഞുതുടങ്ങി. മലയാളകവിതയിൽനിന്നു താളം അപ്രത്യക്ഷമായതോടെ കവിതയെ സ്നേഹിക്കുന്നവർ വീണ്ടും പഴയസിനിമാഗാനങ്ങളെ സ്നേഹിക്കാൻ തുടങ്ങി എന്നതാണ് സത്യം.

അടിസ്ഥാനപരമായി പാട്ടെഴുത്തും കവിതാരചനയും തമ്മിൽ മൗലികമായി അന്തരമുള്ളതായി തോന്നിയിട്ടുണ്ടോ
എനിക്ക് രണ്ടും ഒരുപോലെയാണ്. എന്റെ പല ഗാനങ്ങളും കവിതകളാണ്. എങ്കിലും കവിതയും ഗാനവും തമ്മിൽ വളരെ ചെറിയ അന്തരമുണ്ട്. എനിക്ക് എഴുതിയേ കഴിയൂ എന്നു തോന്നുമ്പോഴാണ് ഞാൻ കവിത എഴുതുന്നത്. അതേസമയം വളരെ പെട്ടെന്ന് ചിലപ്പോൾ പാട്ട് എഴുതേണ്ടിവരും. എല്ലാ കവികൾക്കും പാട്ടെഴുത്തിൽ വിജയിക്കാനാവില്ല. സംഗീതബോധം (താളബോധം) ഉള്ള കവിക്കുമാത്രമേ മികച്ച ഗാനരചയിതാവ് ആകാൻകഴിയൂ. ഞാൻ ഏതു പാട്ടും എന്റേതായ ഒരു ഈണത്തിലാണ് എഴുതുന്നത്. അതുകൊണ്ട് സംഗീതസംവിധായകൻ പാടിത്തരുന്ന ട്യൂണിനനുസരിച്ചും എഴുതാൻ എനിക്ക് പ്രയാസമില്ല. സലിൽ ചൗധരി, കാനുഘോഷ്, വേദപാൽവർമ, ഇളയരാജ, ശ്യാം തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചപ്പോഴൊക്കെ അവർ തന്ന ഈണങ്ങൾക്കനുസരിച്ചാണ് എഴുതിയിട്ടുള്ളത്. പക്ഷേ, ആ പാട്ടുകൾ കേട്ടാൽ ട്യൂൺ അനുസരിച്ച് എഴുതിയതാണെന്ന് ആർക്കും തോന്നുകയില്ല. ഉദാഹരണം: മലർക്കൊടിപോലെ വർണത്തുടി പോലെ (സലിൽ ചൗധരി) നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം (കാനുഘോഷ്) ഏഴിലംപാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു (വേദ് പാൽ വർമ), ഉണരുമീ ഗാനം ഉരുകുമെൻ ഉള്ളം (ഇളയരാജ), സന്ധ്യതൻ അമ്പലത്തിൽ കുങ്കുമപ്പൂത്തറയിൽ (ശ്യാം)
പാട്ടെഴുത്തുകാരൻ, കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ... ഇതിൽ ഏതു റോളാണ് ഏറ്റവും ആസ്വാദ്യകരമായി തോന്നിയിട്ടുള്ളത്
ഞാൻ ചെയ്യുന്നതെല്ലാം എനിക്ക് ആസ്വാദ്യകരമാണ്. എല്ലാം എനിക്ക് കവിതയാണ്. സിനിമയെക്കുറിച്ച് ഞാൻ എഴുതിയ ഒരു പുസ്തകത്തിന് ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ആ പുസ്തകത്തിന്റെ പേര് സിനിമ-കണക്കും കവിതയും എന്നാണ്. കവിതയിൽ കണക്കുണ്ട്. കണക്കിൽ കവിതയും. എന്റെ മുപ്പതാം വയസ്സിൽ മദ്രാസിലെ എഗ്‌മോറിൽ ഭാസ്കരൻ മാസ്റ്റർക്കുവേണ്ടി ഞാൻ ഡിസൈൻചെയ്ത് ഒരു വീട് വെച്ചു, വീടുപണി തീർന്നപ്പോൾ എന്നെ അഭിനന്ദിച്ചുകൊണ്ട് ഭാസ്കരൻമാസ്റ്റർ പറഞ്ഞു: ‘‘തമ്പീ, ഇതും മനോഹരമായ ഒരു കവിത’’ എന്ന്! ഫിസിക്സിൽ പഠിച്ച സിംപിൾ ഹാർമോണിക് മോഷനിൽനിന്നാണ് ‘സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നു-ജീവിതം അതു ജീവിതം’ എന്ന പ്രശസ്തഗാനം പിറന്നത്. അതുപോലെ സിമ്പതെറ്റിക് വൈബ്രേഷനും അനുതാപചലനം എന്നപേരിൽ ഞാൻ ഒരുപാട്ടിൽ കൊണ്ടുവന്നു. എം.എസ്. ബാബുരാജ് ഈണംനൽകിയ ‘മാലേയമണിയും മാറിൽ രാവിൽ മയങ്ങീ ഞാൻ നിലാവിൽ...’ എന്ന പാട്ട് കേട്ടുനോക്കൂ.

താങ്കളുടെ ഏറ്റവും മികച്ച അഞ്ചു പാട്ടുകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ
വളരെ ബുദ്ധിമുട്ടാണ്. സിനിമ, നാടകം, ലളിതഗാനങ്ങൾ, ആകാശവാണിക്കും ടെലിവിഷനും തരംഗിണിപോലെയുള്ള ഓഡിയോ കമ്പനികൾക്കും വേണ്ടി എഴുതിയ പാട്ടുകൾ -എല്ലാം ചേർന്നാൽ മൂവായിരത്തിലധികം വരും. അവയിൽനിന്ന് അഞ്ചെണ്ണം തിരഞ്ഞെടുക്കുക അസാധ്യമാണ്.
സുദീർഘമായ സിനിമാ, സാഹിത്യ സപര്യക്കിടെ കണ്ടുമുട്ടിയവരിൽ ഏറ്റവും ബഹുമാനംതോന്നിയ വ്യക്തികൾ ആരൊക്കെയാണ്
കുട്ടിക്കാലത്തുതന്നെ എന്റെ പ്രതിഭ തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, എന്റെ പതിനെട്ടാംവയസ്സിൽ ഞാൻ എഴുതിയ ‘സ്വർണമയിൽ’ എന്ന ചെറുകഥയ്ക്കു പത്തുരൂപയുടെ ചെക്ക് പ്രതിഫലമായി അയച്ചുതന്ന മലയാള മനോരമ വാരികയുടെ പത്രാധിപർ വർഗീസ് കളത്തിൽ, എന്റെ ആദ്യകവിതാ സമാഹാരത്തിനു മനോഹരമായ അവതാരിക എഴുതിത്തന്ന വയലാർ രാമവർമ, എന്നെ സിനിമയിൽ കൊണ്ടുവന്ന പി. സുബ്രഹ്മണ്യംമുതലാളി, സിനിമയിൽ വാസുസാർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത നിർമാതാവ് ടി.ഇ. വാസുദേവൻ, രഹസ്യമായി ശിഷ്യത്വം സ്വീകരിച്ച എന്റെ തള്ളവിരൽ ഗുരുദക്ഷിണയായി ചോദിക്കാതെ എന്നെ അനുഗ്രഹിച്ച് ആശ്ലേഷിച്ച പി. ഭാസ്കരൻ, പ്രേംനസീർ, മധു എന്നീ നായകനടന്മാർ...
സ്വന്തം അഭിപ്രായങ്ങൾ തുറന്നടിച്ച് പറയുന്നതുകൊണ്ട് അങ്ങേക്ക് കുറച്ചേറെ ശത്രുക്കളെ കിട്ടിയിട്ടുണ്ട്. ചില നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. അതൊന്നും വേണ്ടായിരുന്നെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
ഒരിക്കലുമില്ല. ജീവിതത്തിൽ നഷ്ടങ്ങളും ചിലപ്പോൾ ഭാഗ്യം കൊണ്ടുവരും. എന്റെ ശത്രുക്കളാണ് എന്നെ ശരിക്കും വളർത്തിയത്. എനിക്ക് ഞാൻ ആകാനേ കഴിയൂ. അടിമയായിനിന്ന് നേടാനല്ല, പ്രത്യാക്രമണത്തിലൂടെ ജയിക്കാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതാണ് ആണത്തം.
താങ്കളുടെ വരികൾ ഏതു സംഗീതസംവിധായകൻ ചിട്ടപ്പെടുത്തിയപ്പോഴാണ്, ഏതു ഗായകൻ/ഗായിക പാടിയപ്പോഴാണ് ഏറ്റവും തൃപ്തികരമായി തോന്നിയത്
അങ്ങനെ പറയുക പ്രയാസമാണ്. എല്ലാവരും നല്ല ഈണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരേയൊരു ചിത്രത്തിലാണ് ഞാൻ വേദ്പാൽ വർമയുമായി ചേർന്നത്. ‘ഏഴിലംപാല പൂത്തു’ എന്ന സൂപ്പർഹിറ്റ് ഗാനം അദ്ദേഹത്തിന്റെ ഈണത്തിനനുസരിച്ച് എഴുതിയതാണ്. എല്ലാ ഗായകരും പാടിയ എന്റെ പാട്ടുകൾ ഹിറ്റുകളായിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവുംവലിയ നേട്ടമായി സ്വയം അനുഭവപ്പെട്ടത് എന്താണ്
ഐ.വി. ശശി സംവിധാനംചെയ്ത അക്ഷരത്തെറ്റ് എന്ന സിനിമയിലാണ് സുരേഷ് ഗോപി ആദ്യമായി നായകനായി അഭിനയിച്ചത്. ആ ചിത്രത്തിലെ പാട്ടുകൾ ഞാനാണ് എഴുതിയത്.
‘ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർഥം അനർഥമായ് കാണാതിരുന്നാൽ
അക്ഷരത്തെറ്റു വരുത്താതിരുന്നാൽ
അതു മഹാകാവ്യം... ദാമ്പത്യം ഒരു മഹാകാവ്യം...’ എന്ന പാട്ട് ആ ചിത്രത്തിലെ പ്രമേയഗാനമാണ്. 1989-ൽ ആണ് ഈ സിനിമ പുറത്തുവന്നത്. വിവാഹമോചനത്തിന് കുടുംബകോടതിയിൽ കേസ് കൊടുത്ത ഒരു ഭർത്താവ് ഈ പാട്ട് പലപ്രാവശ്യം കേട്ടുകഴിഞ്ഞ് ആ കേസ് പിൻവലിച്ചു. ഭാര്യയും ഭർത്താവുംകൂടി എന്നെ കാണാൻവന്നു. ആ ദിവസം എനിക്ക് മറക്കാനാകാത്തതാണ്.
‘തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹനവർണങ്ങളാൽ എഴുതണം നമ്മൾ
വർഷം കൊണ്ടും വസന്തം കൊണ്ടും
വേനലിൽ പാപം കഴുകുന്നു കാലം...’ എന്ന വരികളാണ് ആ ദമ്പതികളുടെ മനസ്സിൽ മാറ്റമുണ്ടാക്കിയത്. കാലം പോലും തെറ്റുചെയ്യുന്നു. വേനൽ വരുമ്പോൾ ചെടികൾ ഉണങ്ങുന്നു. മഴകൊണ്ടും വസന്തംകൊണ്ടും കാലം ആ തെറ്റ് തിരുത്തുന്നു. പിന്നെ ഭർത്താവിന് ഭാര്യചെയ്ത തെറ്റും ഭാര്യക്ക് ഭർത്താവ് ചെയ്ത തെറ്റും മറക്കാവുന്നതല്ലേയുള്ളൂ. ബന്ധുക്കൾ ശത്രുക്കൾ എന്ന എന്റെ സിനിമയിലെ ‘തത്‌കാലദുനിയാവ് കണ്ടു നീ മയങ്ങാതെ; എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ’ എന്ന പാട്ട് തുടർച്ചയായി കേട്ട് ചേട്ടനെതിരേ കൊടുത്ത കേസ് പിൻവലിച്ച ഒരു മുസ്‌ലിംസഹോദരന്റെ കാര്യവും അറിയാം.
‘നീ ചേർത്ത കനകമെല്ലാം നിൻ ഖബറിൽ കടന്നിടുമോ
മൂന്നു തുണ്ടം തുണി പൊതിയും മണ്ണുമാത്രം നിന്റെ ദേഹം’
എന്ന വരികളാണ് ആ സഹോദരന്റെ മനസ്സിൽ മാറ്റമുണ്ടാക്കിയത്... എന്റെ ആത്മകഥ (ജീവിതം ഒരു പെൻഡുലം) വായിച്ച ഒരു വ്യക്തി ‘താങ്കൾ ജീവിതത്തിൽ അനുഭവിച്ച ദുഃഖത്തിനുമുമ്പിൽ എന്റെ ദുഃഖം ഒന്നുമല്ല. മനസ്സ് തളരുമ്പോൾ ഞാൻ ആ പുസ്തകത്തിലെ ഏതെങ്കിലും അധ്യായം വായിക്കും’ എന്നു പറഞ്ഞപ്പോഴും എനിക്ക് സംതൃപ്തിതോന്നി. ഈ നേട്ടങ്ങളൊക്കെ എനിക്ക് ധാരാളം.
Content Highlights: interview with sreekumaran thampi
Published: 10 Mar 2024, 10:41 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented