രക്കാർ ഉൾപ്പെടെ  തുടർച്ചയായി അഞ്ച് ചിത്രങ്ങളിലാണ്  പ്രിയദർശൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാന് വേണ്ടി റോണി റാഫേൽ സം​ഗീതമൊരുക്കിയത്. ഇളയരാജയും എ.ആർ റഹ്മാനും വിദ്യാസാ​ഗറും കൂടാതെ മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ സം​ഗീതസംവിധായകരെല്ലാം തന്നെ പ്രിയദർശന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ സിനിമകളിലെ ​ഗാനങ്ങൾക്കും പശ്ചാത്തലസം​ഗീതത്തിനും ഏറെ പ്രാധാന്യം നൽകുന്ന സംവിധായകനാണ് പ്രിയദർശനെന്ന് അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളുടെ പോപ്പുലാരിറ്റി കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ള, വളരെ അപ് ടു ഡേറ്റായ ഡയറക്ടർക്കൊപ്പം അഞ്ച് സിനിമകളിൽ പ്രവർത്തിക്കാനായതിന്റെ ആഹ്ളാദത്തിലാണ് റോണി റാഫേൽ.

അസാമാന്യ സം​ഗീതപ്രതിഭയായ ഒ.വി. റാഫേലിന്റെ മകൻ സം​ഗീതരം​ഗത്തെത്തിയതിൽ അദ്ഭുതപ്പെടാനില്ല. 1998-ൽ പരസ്യചിത്രത്തിന് വേണ്ടി സം​ഗീതമൊരുക്കി സം​ഗീതസംവിധാനരം​ഗത്തെത്തിയ റോണി റാഫേലിന്റെ  രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവൃത്തിപരിചയത്തിൽ വിശ്വാസമർപ്പിച്ച പ്രിയദർശൻ ഒപ്പം, നിമിർ, അനാമിക, മരക്കാർ, ഹം​ഗാമ 2 എന്നീ ചിത്രങ്ങളിൽ റോണി റാഫേലിനെ ഒപ്പം കൂട്ടി. പ്രിയദർശന് തന്റെ മേലുള്ള വിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്താനായെന്ന് കരുതുന്നതായി  റോണി റാഫേൽ ഏറെ വിനയത്തോടെ പറയുന്നു. മരക്കാറിലെ ​ഗാനങ്ങൾ ഏറെ ശ്രദ്ധ നേടുകയും നിരവധി പേർ അഭിനന്ദനങ്ങളറിയിക്കുകയും ചെയ്തതിന്റെ സന്തോഷവും തന്റെ സിനിമാ-ജീവിതാനുഭവങ്ങളും റോണി പങ്കു വെക്കുന്നു. 

മരക്കാർ​ താങ്കളുടെ സംഗീതജീവിതത്തിലെ ആദ്യത്തെ ബിഗ്‌ ബജറ്റ് സിനിമയാണ്. അതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രത്യേകമായി വേണ്ടി വന്ന ഹോം വര്‍ക്കുകള്‍... 

മരക്കാര്‍ എന്ന ചിത്രത്തിന് വേണ്ടി പ്രത്യേകിച്ച് ഹോംവര്‍ക്ക് ഒന്നും വേണ്ടി വന്നിട്ടില്ല, വേണ്ടി വന്നില്ല എന്നു പറയുമ്പോള്‍ തുടക്കത്തില്‍ അതിനായി വേണ്ടത്ര സമയം കിട്ടിയിട്ടില്ല എന്നു പറയാം. മരക്കാര്‍ എന്ന ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുക എന്ന ദൗത്യം തേടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്ന കാര്യമല്ല. പ്രിയദര്‍ശന്‍ സാറിന്റെ അനാമിക എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെയാണ് മരക്കാരിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന കാര്യം അറിയുന്നത്. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ ഏറ്റവും പ്രമുഖരായ സംഗീതസംവിധായകരെ അദ്ദേഹം അക്കാര്യമേല്‍പിക്കുമെന്നായിരുന്നു കരുതിയിരുന്നത്. പല പേരുകളും പറഞ്ഞു കേട്ടിരുന്നു. മരക്കാറിനായി ഒരു ഗാനമെങ്കിലും ഈണമിടണമെന്ന് വെറുതെ മോഹിച്ച സമയത്താണ് രണ്ട് പാട്ടുകള്‍ ചെയ്യൂ എന്ന് പ്രിയദര്‍ശന്‍ സാര്‍ പറയുന്നത്. അടുത്ത ദിവസം തന്നെ കംപോസിങ്ങിനിരിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. അന്ന് രാത്രി എക്‌സൈറ്റ്‌മെന്റ് കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല.

പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞ സിറ്റുവേഷന്‍ അനുസരിച്ചാണ് ആദ്യത്തെ പാട്ട് കുഞ്ഞു കുഞ്ഞാലി കംപോസ് ചെയ്യുന്നത്. അന്നു തന്നെ ആ ട്യൂണ്‍ ഒകെയായി. അടുത്ത ദിവസം ഇളവെയില്‍ എന്ന പാട്ടും ചെയ്തു. നാട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് സൂഫി വേര്‍ഷന്‍ കൂടി മിക്‌സ് ചെയ്ത മൂന്നാമത്തെ ഗാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. ആ ഗാനമാണ് കണ്ണില്‍ എന്റെ...അങ്ങനെ ആദ്യമൊരു മെലഡി പോര്‍ഷന്‍ ചിട്ടപ്പെടുത്തി. സാറില്‍ നിന്ന് പോസിറ്റീവ് മറുപടി ലഭിച്ചതിനെ തുടര്‍ന്ന് സൂഫി സംഗീതം കൂടി ഇന്‍കോര്‍പറേറ്റ് ചെയ്ത് പ്രിയദര്‍ശന്‍ സാറിന് അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് ഷൂട്ട് ആരംഭിച്ച ശേഷമാണ് നാലാമത്തെ ഗാനത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അഞ്ചാമത്തെ പാട്ട് ചെയ്തത്. പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു തന്ന സിറ്റുവേഷന്‍സും മൂഡ്‌സും അനുസരിച്ച പാട്ടുകള്‍ ഇന്‍സ്റ്റന്റായി ചിട്ടപ്പെടുത്തി എന്നല്ലാതെ അതിന് വേണ്ടി പഠിക്കാനോ മറ്റോ കൂടുതല്‍ സമയം കിട്ടിയില്ല എന്നതാണ് യാഥാര്‍ഥ്യം.

മരക്കാറിലെ പാട്ടുകള്‍ക്ക്  ഓരോന്നിനും വ്യത്യസ്തമായ ട്രീറ്റമെന്റാണ് നല്‍കിയിരിക്കുന്നത്. അതിനെ കുറിച്ച്...

മരക്കാറിലെ ഗാനങ്ങളെല്ലാം തന്നെ സന്ദര്‍ഭത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയവയാണ്. സിനിമയോട്, കഥയോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നവയാണ് ഓരോ പാട്ടുകളും. കഥയ്ക്ക്, സന്ദര്‍ഭത്തിന് എന്താണാവശ്യം ആ രീതിയിലാണ് പാട്ടുകള്‍ ചെയ്തിരിക്കുന്നത്. കൂടുതലും  ലൈവ് ഇന്‍സ്ട്രുമെന്റ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്.  ഇളവെയില്‍ എന്ന ഗാനത്തില്‍ മാത്രമാണ് അല്‍പം മോഡേണ്‍ ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുള്ളത്. ആ ഗാനത്തിന് ആവശ്യമായതു കൊണ്ടായിരുന്നു അത്. കൂടാതെ മരക്കാർ പാന്‍ ഇന്ത്യന്‍ സിനിമയായതു കൊണ്ട് തന്നെ അക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയത്. ക്ലാസിക്കല്‍, ഫോക്ക്, സൂഫി...പല ജോണറുകളും സിനിമയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.

ഒ.വി. റാഫേല്‍ എന്ന സംഗീതപ്രതിഭയുടെ മകന് സ്തുത്യര്‍ഹമായ ഒരു സംഗീതപാരമ്പര്യമുണ്ട്. റോണി റാഫേല്‍ എന്ന സംഗീതസംവിധായകന് ആ പാരമ്പര്യം ഏതു വിധത്തിലാണ് സഹായകമായത്...?

ജനിച്ചത് സംഗീത കുടുംബത്തിലാണ്. ഡാഡിയുടെ ക്വയറുകള്‍ കേട്ടാണ് വളര്‍ന്നത്. കേരളത്തിലെ ആദ്യത്തെ കീബോര്‍ഡ് ഡാഡിയുടേതാണ്. നാല് പേര്‍ വേണമായിരുന്നു അതുയര്‍ത്താന്‍. അതിലാണ് ആദ്യമായി കൈവിരലുകള്‍ വെക്കുന്നത്. ആദ്യമായി സംഗീതം പഠിപ്പിച്ചതും ഡാഡിയാണ്. പിന്നീട് വേറെ ഗുരുക്കന്‍മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. മമ്മി റീറ്റ ജോസഫ് പാട്ടെഴുതുമായിരുന്നു. അത്തരമൊരു അന്തരീക്ഷത്തില്‍ വളര്‍ന്നതാണ് ഒടുവില്‍ സംഗീതത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചത്. ഡാഡിയുടേയും മമ്മിയുടേയും അനുഗ്രഹവും പ്രാര്‍ഥനയും എപ്പോഴും കൂടെയുണ്ട്. എന്റെ ഇഷ്ടം മനസ്സിലാക്കി അവര്‍ ഒപ്പം നിന്നു, പ്രോത്സാഹിപ്പിച്ചു.

Ronnie Raphael
റോണി റാഫേല്‍ ഒ. വി. റാഫേലിനും ഗിറ്റാറിസ്റ്റ് ജോസ് തോമസിനും ഒപ്പം | Photo : Facebook

മ്യൂസിക് അസിസ്റ്റന്റായി ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുണ്ടല്ലോ. ഒരു പ്രോഗ്രാമറായും അറേഞ്ചറായും പ്രവര്‍ത്തിച്ച അനുഭവങ്ങള്‍...

1998 ല്‍ പരസ്യചിത്രത്തിന് വേണ്ടി സം​ഗീതസംവിധാനം ചെയ്തിരുന്നു. 2001 ലാണ് മ്യൂസിക് പ്രൊഫഷനായി സ്വീകരിക്കുന്നത്. ഡിഗ്രി പഠനം കഴിഞ്ഞ കാലമായിരുന്നു അത്. സി-ഡിറ്റ് പോലുള്ള സ്ഥാപനങ്ങളുടെ കുറേയേറെ വര്‍ക്കുകള്‍ ചെയ്യാനായി. 2001-ല്‍ അര്‍ജ്ജുനന്‍ മാഷിനൊപ്പവും വൈപ്പിന്‍ സുരേന്ദ്രന്‍ മാഷിനൊപ്പവും നാടകങ്ങളില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. അര്‍ജ്ജുനന്‍ മാഷിനൊപ്പം അസിസ്റ്റന്റായി കുറേ നാള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതിനിടെ മോഹന്‍ സിത്താര സാറിന്റെ കീ ബോര്‍ഡിസ്റ്റായി ജോയിന്‍ ചെയ്തു. അദ്ദേഹത്തിനൊപ്പം നിരവധി സിനിമകള്‍-കാഴ്ച, രാപ്പകല്‍, തന്മാത്ര, ഭ്രമരം, ചെയ്തു. ഔസേപ്പച്ചന്‍ സാര്‍, എം ജി ശ്രീകുമാര്‍ സാര്‍, ഡ്രം ലെജന്‍ഡ് ശിവമണി സാര്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചു. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഇവരുടെയൊക്കെ അനുഗ്രഹമുള്ളതിനാലാണ് എനിക്ക് മരക്കാര്‍ പോലുള്ള സിനിമകളില്‍ അവസരം ലഭിച്ചതെന്ന് വിശ്വസിക്കുന്നു.

റോണി റാഫേലിനെ ഗാനങ്ങളുടെ സംഗീതസംവിധാനം ഏല്‍പിക്കുമ്പോള്‍ പ്രിയദര്‍ശന്‍ എന്ന ഹിറ്റ് മെയ്ക്കര്‍ എന്താണ് ആവശ്യപ്പെട്ടത്...?

പ്രിയദര്‍ശന്‍ സാര്‍ മെലഡിയോട് ഏറെ താത്പര്യമുള്ള വ്യക്തിയാണെന്ന കാര്യം അദ്ദേഹത്തിന്റെ കൂടെ ഇത്രയും കാലം പ്രവര്‍ത്തിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കണ്ണടച്ച് കേട്ടാലും അതൊരു ബ്യൂട്ടിഫുള്‍ മെലഡിയായിരിക്കണം, മനസ്സില്‍ തങ്ങി നില്‍ക്കണം എന്ന് അദ്ദേഹം പറയാറുണ്ട്. അങ്ങനെയുള്ള വര്‍ക്കുകള്‍ ഞാന്‍ നല്‍കിയതു കൊണ്ടാവാം അദ്ദേഹം മരക്കാറിലെ ഗാനങ്ങള്‍ ചെയ്യാനുള്ള അവസരം എനിക്ക് നല്‍കിയത് എന്നാണ് ഞാന്‍ കരുതുന്നത്. മരക്കാര്‍ ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. സിറ്റുവേഷന്‍ ഡിമാന്‍ഡ് ചെയ്യുന്ന കാര്യങ്ങളാണ് ചെയ്തത്. വര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ തുറന്നു പറയുന്നയാളാണ് പ്രിയദര്‍ശന്‍ സാര്‍. അത് വളരെ നല്ല കാര്യമായാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം പറഞ്ഞ സന്ദര്‍ഭത്തിനനുസരിച്ച് ഈണമുണ്ടാക്കി. അത് അദ്ദേഹത്തിന് ഇഷ്ടമായതില്‍ ഏറെ സന്തോഷമുണ്ട്.

Ronnie Raphael with Priyadarshan
പ്രിയദര്‍ശനോടൊപ്പം റോണി റാഫേല്‍

മരക്കാറിലെ പാട്ടുകൾക്ക് വേണ്ടി പുതിയ പരീക്ഷണങ്ങൾ എന്തെങ്കിലും ചെയ്തിരുന്നോ...?

മരക്കാറില്‍ ഒരു ചൈനീസ് ക്യാരക്ടറുണ്ട്. അതിന് വേണ്ടി ഒരു പഴയ ചൈനീസ് മ്യൂസിക് ഇന്‍സ്ട്രുമെന്റിന്റെ ഫോട്ടോ കാണിച്ചു തന്നിരുന്നു. ആ സംഗീതോപകരണം ഇന്ന് നിലവിലില്ല. അതിന്റെ സൗണ്ടിങ് കിട്ടാനും പ്രയാസമായതിനാല്‍ അത്തരത്തിലൊരു ശബ്ദം യൂകുലേലിയും (Ukulele) കീബോര്‍ഡുമൊക്കെ മിക്‌സ് ചെയ്ത് ക്രിയേറ്റ് ചെയ്‌തെടുത്തു. അത്  ഇളവെയില്‍, നീയെന്‍ തായേ എന്നീ രണ്ട് ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. വ്യത്യസ്തമായ ശബ്ദം ലഭിക്കാന്‍ വേണ്ടി നീയെന്‍ തായേ എന്ന ഗാനത്തില്‍ അഞ്ചാറ് വീണകളുടെ വാദനം ഗ്രൂപ്പായി തന്നെ റെക്കോഡ് ചെയ്തിട്ടുണ്ട്. കോവിഡ് വന്നതിനാല്‍ കൂടുതല്‍ പെര്‍ഫെക്ഷന്‍ വരുത്താനുള്ള സമയം ലഭിച്ചു എന്നു പറയാം.

മറ്റു ഭാഷകളിലെ സംഗീതപ്രവര്‍ത്തനങ്ങളെ കുറിച്ച് ...

മരക്കാര്‍ പോലുള്ള ബ്രഹ്‌മാണ്ഡചിത്രങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. അഞ്ച് ഭാഷകളിലെ സിനിമ ആദ്യത്തെ എക്‌സ്പീരിയന്‍സാണ്. അത്തരമൊരു ചിത്രത്തില്‍ എത്തിപ്പെടുകയും അത് അഞ്ച് ഭാഷയില്‍ ചെയ്യുകയും ഒരേ ട്യൂണാണെങ്കിലും ലിറിക്‌സ് മാറ്റി, വിവിധ ഗായകരെ കൊണ്ട് പാടിക്കാനായത് വലിയൊരു അനുഭവമായിരുന്നു. അതിന് പ്രിയദര്‍ശന്‍ സാറിനോട് കടപ്പെട്ടിരിക്കുന്നു. തമിഴില്‍ ആദ്യം ചെയ്തത് ആര്‍വം എന്ന സിനിമയാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമെയ്ക്കിങ് നിമിര്‍ എന്ന സിനിമ, പ്രിയദര്‍ശന്‍ സാറിന്റെയാണ്. വി-1 എന്ന തമിഴ് സിനിമയുടെ പശ്ചാത്തലസംഗീതം ചെയ്തു. അത് ഏറെ പ്രശംസ നേടി തന്നു. 2012 ല്‍ കന്നടയില്‍ ചെയ്ത ഗണ്‍ എന്ന സിനിമയുടെ സംഗീതത്തിന് ബെസ്റ്റ് അപ്കമിങ് മ്യൂസിക് കംപോസര്‍ എന്ന അംഗീകാരം ലഭിച്ചു. തെലുങ്കില്‍ കീ ബോര്‍ഡിസ്റ്റായി മാത്രമേ  പ്രവര്‍ത്തിച്ചിട്ടുള്ളൂ. പക്ഷെ ഇപ്പോള്‍ മരക്കാറിലൂടെ അഞ്ച് ഭാഷകളില്‍ പ്രവര്‍ത്തിക്കാനായത് ഭാഗ്യമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍സും അഭിനേതാക്കളും ഉള്ള സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു.

കുടുംബത്തെ കുറിച്ച്...

പേരൂര്‍ക്കട മണികണ്‌ഠേശ്വരത്താണ് താമസം. ഭാര്യയുടെ പേര് പ്രെറ്റി, രണ്ട് മക്കള്‍ മൂത്തയാള്‍ റോണ്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്, ഇളയ മകന്‍ റയാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു. ഇരുവരും തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. അനിയത്തി റിന്റ. ഡാഡി ഒപ്പമുണ്ട്. മമ്മിയ്ക്ക് ഏറെ ഇഷ്ടമായിരുന്നു സിനിമ. മരക്കാറിലെ പാട്ടുകള്‍ മമ്മി കേട്ടിരുന്നെങ്കിലും സിനിമ റിലീസ് ചെയ്ത് കാണാന്‍ കാത്തിരിക്കാതെ കഴിഞ്ഞ ഡിസംബറില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. മറ്റൊരു ലോകത്തിരുന്ന് മമ്മി ഇപ്പോള്‍ ഇതൊക്കെ കാണുന്നുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

Ronnie Raphael Family
റോണി റാഫേല്‍ ഭാര്യ പ്രെറ്റി മക്കളായ റോണ്‍, റയാന്‍ എന്നിവര്‍ക്കൊപ്പം 

 

Content Highlights : Interview with Marakkar Arabikadalinte Simham Music Director Ronnie Raphael