ലയാള സിനിമയിലെ ഏറ്റവും ഉജ്വലമായ പരീക്ഷണാത്മക സിനിമകൾ ആരുടേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ-കെ.ജി.ജോർജ്. ദൃശ്യസാക്ഷരതയിലും പ്രമേയത്തിലും ലാവണ്യ ഘടനയിലും സാംസ്കാരിക തലത്തിലും വ്യത്യസ്തമായി നിലനിൽക്കുന്ന അപൂർവത കെ.ജി.ജോർജിന്റെ സിനിമകൾക്കുണ്ട്. കലയും കമ്പോളവും താരവ്യവസ്ഥയും സർഗാത്മകതയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിനെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും അനുഭവങ്ങളുടെ വെളിച്ചത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് പറയുകയാണ് കെ.ജി.ജോർജ്.

To advertise here,

കണ്ണുകളിലെ ആ തിളക്കം അതുപോലെ തന്നെയുണ്ട്. ഉള്ളിലൂറുന്ന ആഹ്ലാദത്തിൽ തായ് വേരുറപ്പിച്ച പുഞ്ചിരി. വാക്കർ എടുത്തുവെച്ച് ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ പിച്ചവെച്ച് കെ.ജി. ജോർജ് മുറ്റത്തേക്ക് വന്നു. നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. സിനിമയുടെ സ്മരണകളിലേക്ക് ഊളിയിട്ടതോടെ കെ.ജി. ജോർജ് പഴയ ഉത്സാഹപ്രഹർഷങ്ങളിലായി. സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ചില വാക്കുകൾ ആവർത്തിക്കുന്നതൊഴിച്ചാൽ ആ പ്രവാഹത്തിന് തട്ടും തടവുമില്ല. ഓർമകൾക്കൊന്നും മങ്ങലില്ല. പ്രസരിപ്പോടെ, കൂടുതൽ ലാഘവത്തോടെ അദ്ദേഹം തന്നെത്തന്നെ വിലയിരുത്തുന്നു. പുതിയ ആകാശങ്ങളിലേക്ക് പാറിനിറയുന്ന മലയാളസിനിമയെക്കുറിച്ച് ആഹ്ലാദിക്കുന്നു. 

2013-ലെ മാതൃഭൂമി ഓണപ്പതിപ്പിൽ കെ.ജി. ജോർജ് ആത്മകഥാപരമായ ഒരു കുറിപ്പ് എഴുതിയിരുന്നു. രോഗം വീഴ്ത്തിക്കളഞ്ഞതിനെക്കുറിച്ച് പറയുന്ന വികാരനിർഭരമായ ഒരു സങ്കടക്കുറിപ്പ്. സ്ട്രോക്ക് വന്നതിനെക്കുറിച്ചും തുടർന്ന് വിഷാദാത്മകമായ ഒരവസ്ഥയിലൂടെ കടന്നുപോയതിനെക്കുറിച്ചും. രോഗാനുഭവത്തെക്കുറിച്ചുള്ള ഉജ്വലമായ ആത്മവിവരണങ്ങളിലൊന്നാണ് അത്. കെ.പി. അപ്പനും തിലകനും ഒക്കെ എഴുതിയിട്ടുണ്ട് അത്തരം ചില കുറിപ്പുകൾ. ചെറുപ്പം മുതലേ സംഭാഷണം പ്രിയമായിരുന്നു എന്നും ഭാഷ തനിക്ക് എത്രവലിയ ആത്മവിശ്വാസവും ആത്മാവികാരവുമായിരുന്നു എന്നും ജോർജ് വിശദീകരിക്കുന്നുണ്ട് അതിൽ. വിഷാദഭരിതനായ കെ.ജി. ജോർജ് ആയിരുന്നു ആ കുറിപ്പിലെ നായകൻ. എന്നാൽ, ഇന്ന് കെ.ജി. ജോർജ് ഏറെ മാറി. ശാരീരികായാസങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. വാക്കറിൽ പിച്ചവെച്ച് നടന്ന് പുറത്തെ കാറ്റേൽക്കുന്നു. വെയിലുകൊള്ളുന്നു. ഇടയ്ക്ക് ചില വാക്കുകൾ പൂർണവടിവിലേക്ക് എത്താതെ പിണങ്ങുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്നു. “ജോർജിന്റെ ജീവിതം ഒരു ഫ്ലാഷ് ബാക്ക്' എന്നുപറഞ്ഞപ്പോൾ നിറഞ്ഞുചിരിച്ചു. വലിയ വാചകങ്ങൾ പറയുന്നില്ല അദ്ദേഹം. പക്ഷേ ഉച്ചാരണം സ്ഫുടമായില്ലെങ്കിൽ തൃപ്തിയാവില്ല. വെടിപ്പായി ആവർത്തിക്കും വാക്കുകൾ. ഓരോ കുഞ്ഞുകുഞ്ഞു കാര്യങ്ങളായി പറഞ്ഞ് ഓർമിപ്പിക്കണമെന്നേയുള്ളൂ. വിഷാദത്തിന്റെ കാർമേഘങ്ങൾ ആ മനസ്സിലില്ല. ഇന്ന് ഒരു കുഞ്ഞിനെപ്പോലെ ആഹ്ലാദവാനാണ് അദ്ദേഹം.

കുളത്തുങ്കൽ പോത്തൻ എന്ന വലിയ മുതലാളിയുടെ ബെൻസ് ലോറികൾക്ക് പെയിൻറ് അടിച്ചുനടന്ന കൊളക്കാട്ടിൽ ജോർജ് എന്ന ആ പഴയ പയ്യനെ കെ.ജി. ജോർജിന് ഇപ്പോഴും ഓർമയുണ്ട്. വണ്ടികൾക്കുമേൽ ചിത്രങ്ങൾ വരച്ചുചേർക്കുന്നതായിരുന്നു അന്ന് അച്ചായനൊപ്പം ചെയ്തി രുന്ന പ്രധാന പണി. തിരഞ്ഞടുപ്പുകാലത്ത് ബോർഡുകളിലും ചുമരുകളിലും നുകംവെച്ച കാളയെയും മറ്റും വരച്ചുനടന്ന ആ തിരുവല്ലക്കാരന്റെ നിയോഗം പക്ഷേ, മറ്റൊന്നായിരുന്നു; മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതൽ.

സമാന്തരസിനിമകൾ ലോകത്തെല്ലായിടത്തും ഏതാണ്ട് ഒരേ മട്ടാണ്. ബുദ്ധികൊണ്ട് വിശകലനം ചെയ്ത് നിർധാരണം ചെയ്ത് മനസ്സിലാക്കേണ്ട സിനിമകൾ. കച്ചവടസിനിമകളാകട്ടെ, അതിനേക്കാൾ എത്രയോ മടങ്ങ് ഏകതാനതയോടെ ഒരേമുട്ടിൽ നായകനും നായികയും വില്ലനും ആട്ടവും പാട്ടും അടിയും ഇടിയുമായി ഒരേ അച്ചിൽ പടച്ചെടുത്തുകൊണ്ടേയിരിക്കുന്നു സിനി ഫാക്ടറികൾ! സാധാരണ മനുഷ്യരായ സിനിമാ പ്രേക്ഷകരെ പിടിച്ചെടുക്കുകയും കലാമൂല്യ ങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠ പുലർത്തുകയും ജാഗ്രത്തായ രാഷ്ട്രീയബോധം പുലർത്തുകയും ചെയ്യുന്ന സിനിമകൾ ഒരപൂർവ ജനുസ്സാണ്. സിനിമ സാധാരണ മനുഷ്യർക്കുവേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന അപൂർവയിനം ജീനിയസുകൾക്കേ ആ ജനുസിൽപ്പെട്ട സിനിമകൾ ഒരുക്കാനുള്ള വഴക്കമുണ്ടായിരിക്കുകയുള്ളൂ. വലിച്ചുകെട്ടിയ ഞാണിന്മേൽ നടക്കാനെന്ന പോലെ അങ്ങേയറ്റം വഴക്കം കൂടിയേ തീരൂ അത്തരം സിനിമകൾ ഒരുക്കാൻ. നാല്പതുകൊല്ലം മുമ്പ് മലയാളസിനിമയെ അങ്ങനെയൊരു പുതുവഴിയിലേക്ക് നയിച്ച പ്രതിഭാശാലിയായ ചലച്ചിത്രകാരനാണ് കെ.ജി. ജോർജ്. മലയാളസിനിമയെ ലോകത്തിനുമുന്നിലേക്ക് വഴി നടത്തിയ മാർഗദർശി.

എഴുപതുകളുടെ അവസാനകാലം മുതൽ മലയാളസിനിമ അതിന്റെ കലാത്മകതയുടെയും രാഷ്ട്രീയത്തിന്റെയും പ്രഭാവംകൊണ്ട് രാജ്യമാകെയും പുറത്തും കൈവരിച്ച പ്രശസ്തി ഒരു മുതൽക്കൂട്ടാണല്ലോ. കലയും കച്ചവടവും സമംചേർന്ന ഉത്തമ രസായനം എന്നാണ് ആദ്യകാല സിനി മാനിരൂപകരിൽ പ്രമുഖനായ സിനിക്ക് ഇത്തരം സിനിമകളെ വിശേഷിപ്പിച്ചത്. മധ്യവർത്തി സിനിമ എന്ന പുതിയൊരു വിഭാഗത്തിന് പിറവിയായത് കെ.ജി.ജോർജിന്റെ സ്വപ്നാടനം മുതലാണ് എന്നും പറയുന്നു സിനിക്ക്. വാസ്തവത്തിൽ അവ കച്ചവടസാധ്യതകളെക്കുറിച്ച് വേവലാതിപ്പെടാതെ എടുത്ത കലാസിനിമകൾ തന്നെയാണ്. ഒന്നു ചിന്തിച്ചാൽ ആർക്കും വ്യക്തമാവുന്നതേയുള്ളൂ. കലാത്മകതയുടെ പേരിൽ വിജയിച്ചവയേക്കാൾ എത്രയോ അധികമുണ്ട് വിപണിയിൽ തോറ്റുപോയ മികച്ച സിനിമകൾ! സാമൂഹികപ്രതിബദ്ധതയുടെയും രാഷ്ട്രീയജാഗ്രതയുടെയും പൊതുപാഠങ്ങൾ അഭ്യസിച്ചുവളർന്ന കേരളീയ സമൂഹത്തിന്റെ സാംസ്കാരിക പിന്തുണ തന്നെയാണ് ഇത്തരം സിനിമകൾക്ക് സാധ്യ തയൊരുക്കിയത്. ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ തനിമയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് ആ കലാത്മകത തന്നെയാണല്ലോ. അത്തരംസിനിമകളുടെ തലതൊട്ടപ്പനാണ് കെ.ജി. ജോർജ്.

സിനിമ സംവിധായകന്റെ കലയാണെന്ന് മലയാളത്തെ പഠിപ്പിച്ചയാളാണ് കെ.ജി. ജോർജ്. ഏറ്റവുമധികം പരീക്ഷണാത്മക പരിശ്രമങ്ങൾ നടത്തിയ സംവിധായകൻ. പ്രമേയത്തിലാകട്ടെ, ദൃശ്യഭാഷയിലാകട്ടെ ഒരു സിനിമപോലെ മറ്റൊന്ന് ജോർജിന്റെ പട്ടികയിലില്ല. എന്നാൽ, തന്റെ സിനിമകളുടെയെല്ലാം ശക്തി തിരക്കഥയാണെന്ന് പറയുന്നതിൽ ജോർജിന് അന്നുമിന്നും പുനരാലോചനയില്ല. സിനിമയ്ക്ക് തിരക്കഥയൊന്നും ആവശ്യമില്ലെന്ന് പറയുന്നവരോട് പൊരുത്തപ്പെടാൻ അദ്ദേഹത്തിനാവില്ല. വൈകാരിക സ്പർശം നൽകിയ, രസിപ്പിച്ച സാഹിത്യസൃഷ്ടികളിൽനിന്നും കഥകളിൽനിന്നുമാണ് അദ്ദേഹം സിനിമകൾക്ക് തിരക്കഥയൊരുക്കിയത്. ഏതൊരു കലാസൃഷ്ടിയും ആത്യന്തികമാ യി മനുഷ്യമനസ്സിനെ സ്പർശിക്കണമെന്നാണ് നിലപാട്.

കോളേജിൽ പഠിക്കുമ്പോൾ തന്നെ നല്ലൊരു ചിത്രകാരനെന്ന നിലയിൽ ജോലികൾ ചെയ്യുന്നുമുണ്ടായിരുന്നു. 67-ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്താണ് പരന്ന വായനയും സിനിമ കാണലും ചിത്രം വരയുമൊക്കെയായി കെ.ജി. ജോർജ് സ്വയം രൂപപ്പെട്ടത്. പെയിൻറ് പണികൾ ചെയ്ത് കൈയിൽ പൈസ ഉണ്ടായിരുന്നതുകൊണ്ട് ഇംഗ്ലീഷ് സിനിമാ പ്രസിദ്ധീകരണങ്ങളൊക്കെ വരുത്തി വായിക്കാൻ കഴിഞ്ഞിരുന്നു. അതിനിടെ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രാസ്വാദനത്തിനുള്ള ഒരു പരിശീലന പരിപാടിയിൽ പങ്കെടുത്തു. അതിനു പിറകേ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാസംവിധാനത്തിൽ ഡിപ്ലോമ കോഴ്സിന് ചേർന്നു.

ജോൺ എബ്രഹാമും ബാലുമഹേന്ദ്രയും ഒക്കെ അവിടെ സീനിയർ വിദ്യാർ ഥികളാണ്. ജമീലാ മാലിക്കും ജയഭാദുരിയും ഉൾപ്പെടെയു ള്ളവരും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. പിൽക്കാലത്ത് ആർക്കൈവ്സ് വിഭാഗം ഡയറക്ടറായ പി.കെ. നായർ വലിയ സഹായങ്ങളുമായി ഉണ്ടായിരുന്നു. ഏതൊരു വിദ്യാർഥിയെയും എന്നപോലെ ജോർജിനെയും പുതിയൊരു മനുഷ്യനായി മാറ്റിപ്പണിതു കലാലയം. സിനിമയുടെ ജാലങ്ങളിലേക്ക് മുങ്ങിനിവർന്ന ജോർജിന് പൂനെ വിടും മുമ്പുതന്നെ സിനിമയിലേക്ക് പ്രവേശനം ഉറച്ചിരുന്നു. എക്സ്റ്റേണൽ പരീക്ഷകനായി എത്തിയ രാമു കാര്യാട്ട്, ജോർജിനെ മദ്രാസിലേക്ക് ക്ഷണിച്ചു. അക്കാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന സംവിധായകനാണ് രാമു കാര്യാട്ട്. അദ്ദേഹത്തിന്റെ സംവിധാനസഹായിയായി പ്രവർത്തിക്കാനുള്ള അവസരം സിനിമാമോഹിയായ ഏതൊരു ചെറുപ്പക്കാരനും ഒരു സ്വപ്നസാഫല്യമായിരുന്നു.

സിനിമയെക്കുറിച്ചുള്ള സങ്കല്പങ്ങളിലും സ്വപ്നങ്ങളിലും സിദ്ധാന്തങ്ങളിലും നിന്ന് യാഥാർഥ്യത്തിന്റെ പൊള്ളിക്കുന്ന ചൂടിലേക്കുള്ള തീക്ഷ്ണമായ ഇറങ്ങി നടപ്പായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോടമ്പാക്കത്തേക്കുള്ള മാറ്റം. പുതിയ സിനിമ രാമു കാര്യാട്ട് തുടങ്ങുന്നതുവരെ ജോണിന്റെ സന്നിധിയിലായിരുന്നു. പിന്നെ മദ്രാസിൽ ആദ്യകാലം മുതലേയുള്ള സുഹൃത്ത് ക്യാമറാമാൻ രാമചന്ദ്രബാബുവാണ്. ജോണിന്റെ വിദ്യാർഥികളേ ഇതിലേ ഇതിലേ ആണ് ഈ പവിത്രസംഘത്തിലെ മിക്കവരുടെയും ആദ്യത്തെ സർഗസാഫല്യം. ജോൺ ഒരു പാഠമായിരുന്നു എന്നാണ് ജോർജിന്റെ അഭിപ്രായം. എങ്ങനെയൊരു സിനിമക്കാരനാകരുത് എന്ന പാഠം. വിയോജിപ്പുകളോട് കൂടിത്തന്നെ ഒപ്പമായിരിക്കാനും പ്രവർത്തിക്കാനും ഉറ്റസൗഹൃദം നിലനിർത്താനും കഴിയുന്നവരായിരുന്നു ജോൺ എബ്രഹാമും കെ.ജി. ജോർജും. എക്കാലവും ഒരേ സ്നേഹപ്പകിട്ടോടെ നിന്ന ബന്ധം.

ഓർമകൾ തിരയടിച്ചുവന്ന് കെ.ജി. ജോർജിനെ വിഷമിപ്പിക്കുന്നില്ല ഇപ്പോൾ. പക്ഷേ, ഓരോ ചെറുകാര്യത്തെപ്പറ്റിയും എടുത്തുപറഞ്ഞ് ചോദി ക്കണം. എങ്കിലേ സ്മൃതി നിധിശേഖരത്തിൽനിന്ന് ഒന്നൊന്നായി പെറുക്കിയെടുക്കാനാവൂ.

placeholder
കെ.ജി. ജോർജ് | ഫോട്ടോ: ബിജു വർ​ഗീസ് ‌\ മാതൃഭൂമി

അമ്മയെക്കുറിച്ചുള്ള ചോദ്യം ആ മുഖത്ത് ശിശുസഹജമായ തിളക്കം പടർത്തി. കാര്യമായ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല കൊളക്കാട്ടിൽ സാമുവലിന്റെ ഭാര്യ അന്നമ്മയ്ക്ക്. എന്നാൽ, മകന്റെ വായനയെ വഴിതിരിച്ചുവിടാൻ പോലും കഴിയുംവിധം കാര്യഗ്രഹണശേഷി അമ്മയ്ക്കുണ്ടായിരുന്നു. പത്താം ക്ലാസ് രണ്ടാംവട്ടം എഴുതിയാണ് കെ.ജി. ജോർജ് ജയിച്ചത്. ആദ്യം ഇംഗ്ലീഷിന് തോറ്റുപോയി ആ കുട്ടി. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ആ ഭാഷയിൽ മികവുനേടി. ആ ഭാഷാമികവിന്റെ സാന്നിധ്യം അദ്ദേഹത്തിൻറ സംഭാഷണങ്ങളിൽ ഇപ്പോഴും കാണാം. അസാധാരണമായ തന്റെ ചലച്ചിത്ര ജീവിതത്തെ ക്കുറിച്ച് ഹൃദ്യമായ ഭാഷയിൽ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുകയാണ് കെ.ജി. ജോർജ്.

 

ആദ്യ സിനിമയായ സ്വപ്നാടനത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു? 

കെ.ജി. ജോർജ് ഇറ്റ് ഹാപ്പെൻഡ്... സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അതിനാണല്ലോ... അക്കാലത്ത് കുറച്ച് ഇന്റലക്ച്വലായ ആളുകളൊക്കെ സൈക്കോളജിക്കൽ ആർട്ടിക്കിളുകൾ വായിക്കുമായിരുന്നു. ഞാനും സൈക്കോളജി വായിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് നാർക്കോ അനാലിസിസ് ഒക്കെ വരുന്ന സ്വപ്നാടനത്തിലേക്ക് എത്തിയത്. അക്കാലത്തെ പ്രശസ്ത നടിയായിരുന്ന റാണിചന്ദ്രയായിരുന്നു നായിക. സ്റ്റാർഡം ഉള്ള ഒരു ഹീറോയിനെയാണ് ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഡോക്ടർ തന്നെയായ മോഹൻ ദാസ് നായകൻ. ഡോക്ടർ നല്ല നടനൊന്നുമായിരുന്നില്ല. എന്നാൽ, നന്നായി സഹകരിക്കും. രാമചന്ദ്രബാബുവായിരുന്നു ക്യാമറ. നന്നായി ചെയ്യാൻ പറ്റി. അതുവരെ കണ്ട സിനിമകളിൽനിന്ന് വ്യത്യസ്തമായത്. പടം നന്നായി ഓടി. നാഷണലും സ്റ്റേറ്റും അവാർഡുകൾ കിട്ടി. ആ പടം കഴിഞ്ഞ് അധികം വൈകാതെ റാണിചന്ദ്രയും കുടുംബവും വിമാനാപകടത്തിൽ മരിച്ചുപോയി.

ജോൺ എബ്രഹാമിന്റെ അടുത്ത സുഹൃത്തായിരിക്കുമ്പോഴും കെ.ജി.ജോർജിന്റെ സിനിമാവഴികൾ തികച്ചും വ്യത്യസ്തമായിരുന്നല്ലോ?

ജോണുമായി അടുത്ത ബന്ധമാണ്. അവസാനം വരെ അത് തുടർന്നു. വലിയ പ്രതിഭയായിരുന്നു. പക്ഷേ, ഒന്നിലും ഒരു ചിട്ടയില്ലായിരുന്നു. അതാണ് പറ്റിയത്. രണ്ട് സിനിമയിലും ഞാൻ ഒപ്പമുണ്ടായിരുന്നു. സിനിമയെടുക്കാൻ സ്ക്രിപ്റ്റ് ഒന്നും കൃത്യമായി ഉണ്ടാവില്ല. വലിയ സങ്കല്പങ്ങളൊക്കെയായിട്ട് തുടങ്ങും. പക്ഷേ, പതുക്കെപ്പതുക്കെ എല്ലാം കൈവിട്ടു പോകും. ചിട്ടയില്ലായിരുന്നു. അതാണ് പറ്റിയത്. സിനിമയെടുക്കാൻ വലിയ ഹാർഡ് വർക്ക് വേണം. അലസത പറ്റില്ല.

placeholder
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാലഘട്ടത്തില്‍ എടുത്ത ചിത്രം. ഇടത്തേ അറ്റത്ത് ജോണ്‍ എബ്രഹാം, മൂന്നാമത് രാമചന്ദ്ര ബാബു, അഞ്ചാമത് കെ.ജി. ജോര്‍ജ്‌

ഒരു നോവൽ അല്ലെങ്കിൽ കഥ സിനിമയാക്കാനുള്ളതാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ് ? അല്ലെങ്കിൽ കെ.ജി. ജോർജിന്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് ?

ഇറ്റ് ഹാപ്പെൻസ്. ഒരു കഥ, നോവൽ ഒക്കെ മനസ്സിൽ തൊടുമ്പോളാണ് ഇതിൽ നമുക്ക് പറ്റിയ പുതിയൊരു ത്രെഡ് ഉണ്ടെന്നുള്ള സ്പാർക്ക് കിട്ടുന്നത്. വ്യത്യസ്തമായ ഒരു രീതിയിൽ നമുക്ക് പറയാൻ കഴിയണം. സിനിമയുടെ നറേറ്റീവ് സ്റ്റൈലിന് പറ്റണം. അത് ഒരു ഇന്റ്യൂഷനാണ്. അത് അങ്ങനെ ആലോചിച്ച് മനസ്സിലാക്കിയെടുക്കുന്നതല്ല. മനസ്സ് പറയും, ഇത് കൊള്ളാമെന്ന്. അത് ഒരു ഇൻസ്പിരേഷനാണ്. എന്റെ കാരക്ടറിന്റെ ഒരു പ്രത്യേകതയാണ് അങ്ങനെയുള്ള മനസ്സിലാക്കൽ എന്നാ തോന്നുന്നത്.

രാമു കാര്യാട്ടുമായുള്ള അടുപ്പവും ബന്ധവും എങ്ങനെയായിരുന്നു?

കാര്യാട്ട് നേരത്തേ സമ്മതിച്ചിരുന്നു എന്നെ ഒപ്പം നിർത്താമെന്ന്. ചിട്ടയായി വർക്ക് ചെയ്യുന്നയാളാണ്. മായ സിനിമയിലാണ് ഞാൻ ആദ്യം അസിസ്റ്റ് ചെയ്തത്. കുറേക്കാലം കാര്യാട്ടിനൊപ്പം താമസിച്ചു. കാര്യാട്ട് കാലഘട്ടത്തിന്റെ ഭാഗമായിരുന്നു. ചെമ്മീനിന്റെ വിജയം വലിയൊരു ടീമിന്റെ വിജയമാണ്. പിന്നെ വിജയങ്ങൾ ആവർത്തിക്കാൻ പറ്റാതെ പോയത് കാര്യാട്ടിനെ വിഷമിപ്പിച്ചു. രണ്ട് സിനിമകളിലാണ് ഞാൻ ഒപ്പമുണ്ടായിരുന്നത്. മായയിലും നെല്ലിലും,. നെല്ല് കുറച്ചുകൂടി നല്ല വർക്ക് ആയിരുന്നു. എന്നാൽ കഥ അത്ര പോരാത്തതാണ് വലിയ വിജയമാകാതെ പോകാൻ കാരണം എന്നുതോന്നുന്നു.

placeholder
23-ാം നാഷണല്‍ ഫിലിം അവാര്‍ഡ് സെഷനില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന കെ.ജി. ജോര്‍ജ്‌

1976-ൽ ഇറങ്ങിയ സ്വപ്നാടനത്തിന് തൊട്ടുപുറകെ അടുത്ത വർഷം ഇറങ്ങിയ വ്യാമോഹം അത്ര വിജയമായില്ലല്ലോ?

വ്യാമോഹം അത്ര ഓടിയില്ല. പൊട്ടിപ്പോയി. അടൂർ ഭാസിയും ലക്ഷ്മിയും ആയിരുന്നു. ഇളയരാജ മ്യൂസിക് ചെയ്തു.

അതിൽ സൽമ ജോർജ് പാടിയിട്ടില്ലേ?

ഉണ്ട്. ഒരു പാട്ട് പാടി.

രാപ്പാടികളുടെ ഗാഥ പത്മരാജനുമായി ചേർന്നുള്ള സിനിമയല്ലേ?

അതെ. പത്മരാജന്റെ കഥയാണ്. പത്മരാജനുമായി ചേർന്നാണ് സ്ക്രിപ്റ്റ് ചെയ്തത്. ഒരു ഫ്രീക്ക് ആയ പെൺകുട്ടിയാണ് ഗാഥ. വിധുബാലയായിരുന്നു ഹീറോയിൻ. നായകൻ സോമൻ. മ്യൂസിക്കും ഡ്രഗ്സും ഒക്കെയുള്ള ഒരു പെൺകുട്ടി. അത്തരമൊരു പെൺകുട്ടിയെ ഉൾക്കൊള്ളാൻ അന്നത്തെ സമൂഹത്തിന് അത്ര എളുപ്പമായിരുന്നില്ല.

അത് സാമ്പത്തികമായി വിജയിച്ചോ?

വിധുബാല മോശമായില്ല. ചെലവ് കുറവായിരുന്നു. എന്നാലും പ്രതീക്ഷിച്ചപോലെ ഓടിയില്ല. തരക്കേടില്ലാത്ത സിനിമയായിരുന്നു. അതിന് അവാർഡൊക്കെ കിട്ടിയിരുന്നു.

placeholder
കെ.ജി. ജോര്‍ജ് (ഇടത്തേയറ്റം) ഇളയരാജ (നടുവില്‍) യേശുദാസ് | ഫോട്ടോ: പി. ഡേവിഡ്‌

1978-ലാണ് കെ.ജി. ജോർജിന്റെ ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്തത്. രാപ്പാടികളുടെ ഗാഥ, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ്... അല്ലേ?

നിറയെ സിനിമ ചെയ്തു. സിനിമയ്ക്കുവേണ്ടി മാത്രമാണ് ജീവിതം. ശരിക്കും ഇൻവോൾവ്ഡ് ആയി വർക്ക് ചെയ്യുന്നതാണ് എന്റെ രീതി. ഒരുവർഷം നാല് സിനിമ റിലീസ് ചെയ്യാൻ അത്രയും ഹാർഡ് വർക്ക് വേണം. ഹാർഡ് വർക്ക് ചെയ്തു.

ആദ്യസിനിമയായ സ്വപ്നാടനം കെ.ജി. ജോർജിനെ പതിവുസിനിമാവഴികളിൽനിന്ന് വേറിട്ട സംവിധായകനായിട്ടാണ് അടയാളപ്പെടുത്തിയതെങ്കിൽ ഉൾക്കടൽ അക്കാലത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു. 

ഉൾക്കടൽ സക്സസായ പടമാണ്. വലിയ വിജയം. നല്ല പടം ആയിരുന്നു. കാമ്പസ് സിനിമ. അത് ഫ്രഷ് എക്സ്പീരിയൻസ് ആയിരുന്നു. അക്കാലത്ത് അതുപോലെ വേറെയും നല്ല സിനിമകൾ വന്നു. ശാലിനി എന്റെ കൂട്ടുകാരി, ചാമരം ഒക്കെ. ശാലിനി പത്മരാജൻ സ്ക്രിപ്റ്റ് ആയിരുന്നു. ഡയറക്ടർ മോഹൻ. ചാമരം ജോൺപോളായിരുന്നു സ്ക്രിപ്റ്റ്. ഭരതൻ സിനിമ. ഉൾക്കടൽ ജോർജ് ഓണക്കൂറിന്റെ നോവലാണ്. ഒരു യാത്രയ്ക്കിടെയാണ് ആ നോവൽ വായിച്ചത്.

placeholder
'ഉള്‍ക്കടലി'ല്‍ ശോഭയും വേണു നാഗവള്ളിയും | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

കെ.ജി. ജോർജ്, ഭരതൻ, പത്മരാജൻ ടീം മലയാള സിനിമയിൽ ഒരു ന്യൂജനറേഷൻ ആയിരുന്നല്ലോ. അവരുമായുള്ള അടുപ്പം എങ്ങനെയായിരുന്നു?

നല്ല ഫ്രണ്ട്സ് ആയിരുന്നു. ഓപ്പൺ ഹാർട്ടഡ് ആയിരുന്നു. എല്ലാം പറയും. ഡിസ്കസ് ചെയ്യും. ഭരതനുമായി നേരത്തേ പരിചയമുണ്ട്. സിനിമ കളെക്കുറിച്ച് തുടക്കം മുതലേ എല്ലാം സംസാരിക്കും. ഞാനും പോകും. പത്മരാജനാണ് വേണുനാഗവള്ളിയെ പരിചയപ്പെടുത്തിയത്. ഉൾക്കടലിൽ ഹീറോ ആയ വേണു അവിടം മുതലാണ് ഒരു വിഷാദനായകന്റെ റോളിലായത്. നല്ല ഫ്രണ്ടായിരുന്നു വേണു.

ശരദിന്ദു മലർദീപനാളം... പോലെ നല്ല പാട്ടുകളുമുണ്ടായിരുന്നു ഉൾക്കടലിൽ

അതെ. ഒ.എൻ.വി.യാണ് പാട്ട്. മ്യൂസിക് എം.ബി. ശ്രീനിവാസൻ. അവരുടെ കൂട്ടുകെട്ട് തുടങ്ങുന്നത് ഉൾക്കടലിലാണ്. നല്ല പാട്ടുകളാണ്.

ഉൾക്കടലിനുശേഷം വന്ന മേളയും വലിയ വിജയമായിരുന്നില്ലേ?

മേള അത്ര സക്സസ് എന്ന് പറയാനില്ല. അത്രയധികം ഓടിയില്ല. ഫൈനാൻഷ്യലി അത്ര ഇല്ല. മമ്മൂട്ടിക്ക് അത് നല്ല ബ്രേക്ക് ആയി.

placeholder
'മേള' സിനിമയുടെ ലൊക്കേഷനില്‍ കെ.ജി. ജോര്‍ജ്. മുന്‍നിരയില്‍ ഇടത്ത് നായകനായ രഘു | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

അതുവരെ നിരവധി ചെറിയവേഷങ്ങൾ ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതിരുന്ന മമ്മൂട്ടിക്ക് പ്രത്യേക ശ്രദ്ധ കിട്ടിയ സിനിമ

അതിന്റെ പോസ്റ്ററിലൊക്കെ മമ്മൂട്ടി നന്നായി വന്നു. കാരക്ടറിന്റെ പ്രത്യേകതകൊണ്ടും മമ്മൂട്ടിയുടെ സ്റ്റൈൽ കൊണ്ടും ഒക്കെ നന്നായി.

മമ്മൂട്ടിയുടെ കരിയറിൽ ആദ്യകാലത്ത് ബ്രേക്കുകളായത് കെ.ജി. ജോർജിന്റെ സിനിമകളായിരുന്നല്ലോ. മമ്മൂട്ടിയുമായുള്ള അടുപ്പം എങ്ങനെ?

മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാർഡ് വർക്ക് ചെയ്യും. ജീവിതം മുഴുവൻ സിനിമയാണ്. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോൾ കാണണമെന്ന് തോന്നാറുള്ള ഒരാളാണ്.

സർക്കസുകാരുടെ ജീവിതം പറയുന്ന സിനിമയെടുക്കണം എന്ന് തോന്നാൻ എന്താണ് കാരണം?

അത്,, ഇറ്റ് ഹാപ്പെൻഡ്... അങ്ങനെയാണ് സിനിമയിക്കുന്നത്. ചമ്പാട് ശ്രീധരൻറ നോവലാണ് സിനിമയാക്കിയത്. പെർഫോം ചെയ്യാൻ കൃത്യമായ ആക്ടേഴ്സിനെ കിട്ടിയതാണ് വിജയമായത്.

placeholder
മമ്മൂട്ടിയും കെ.ജി. ജോർജും | ഫോട്ടോ: മാതൃഭൂമി

മിക്ക സിനിമകളിലും പുതുമുഖ താരങ്ങളോ, അധികം അഭിനയ പരിചയമില്ലാത്തവരോ ഒക്കെയാണല്ലോ വലിയ പെർഫോമൻസ് തരുന്നത്. സ്വപ്നാടനത്തിലെ ഡോ. മോഹൻദാസ്, ഉൾക്കടലിലെ വേണുനാഗവള്ളി, തിലകൻ, മേളയിലെ രഘു, മമ്മൂട്ടി അങ്ങനെ നിരവധിപേർ?

സിനിമ ഡയറക്ടറുടെ ആർട്ട് ആണ്. നമ്മൾ ആവശ്യപ്പെടുന്നത് തരാൻ പറ്റുന്ന പെർഫോമേഴ്സ് വേണം. ആക്ടേഴ്സിന് അപ്പർ ഹാന്റ് വന്നാൽ സിനിമ നന്നാവില്ല. കാസ്റ്റിങ് വളരെ പ്രധാനമാണ്. സ്ക്രിപ്റ്റ് കഴിഞ്ഞാൽ പിന്നെ പ്രധാനമാണ് കാസ്റ്റിങ് നമുക്ക് ഒരു ആക്ടറെ കണ്ടാൽ ഒരു ഇന്റ്യൂഷൻ പോലെ കിട്ടും, യെസ്, ഇയാൾ തന്നെയാണ് വേണ്ടത് എന്ന്. അത്തരം ഇന്റ്യൂഷനാണ് എന്നെ നയിച്ചത്.

മമ്മൂട്ടിയുടെ തുടക്കകാലത്ത് പ്രധാന സിനിമകൾ പലതും ചെയ്തു. എന്നാൽ, മോഹൻലാലിനെവെച്ച് സിനിമയൊന്നും ചെയ്തില്ല?

ഇല്ല. അത് വലിയ നഷ്ടമായിപ്പോയി. മോഹൻലാൽ ഒറിജിനൽ ആക്ടറാണ്. ഒരു സിനിമ പ്ലാൻ ചെയ്തതാണ്. നടന്നില്ല. നഷ്ടമായിപ്പോയി.

ധീരോദാത്തനും അതിപ്രതാപ ഗുണവാനുമൊക്കെയായ നായകനെക്കുറിച്ചുള്ള സങ്കല്പം തിരുത്തിയ സിനിമയായിരുന്നു മേള

അതെ. ആ സിനിമയ്ക്ക് വേണ്ട നായകനായിരുന്നു രഘു. സിനിമ ക്രിയേറ്റീവ് വർക്ക് ആണ്. അതിൽ ആക്ടേഴ്സ് ആണ് വേണ്ടത് സ്റ്റാർസ് അല്ല. സ്റ്റാർഡം ഉപയോഗിക്കുമ്പോ ക്രിയേറ്റിവ് ആയിരിക്കില്ല. ഒരു സിനിമയിലെ കാരക്റ്റേഴ്സ് എങ്ങനെയുള്ളതാണോ അതിന് പറ്റിയ ആക്ടേഴ്സ് വേണം. പെർഫെക്ട് അല്ലാത്ത നായകനെവെച്ചും സിനിമ ചെയ്യാം. എന്നും അങ്ങനെയുള്ള സിനിമയും കാണാം എന്നുമൊക്കെ മനസ്സിലാക്കിത്തന്നു മേള.

placeholder
കെ.ജി. ജോര്‍ജും ഭാര്യ സല്‍മയും | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ഒരു സിനിമയാണെന്ന് തോന്നാത്ത വിധത്തിലുള്ള യാഥാർഥ്യ പ്രതീതിയോടെയാണ് കോലങ്ങൾ ചിത്രീകരിച്ചിരുന്നത്

പി.ജെ. ആന്റണിയുടെ നോവലാണത്. അദ്ദേഹം നല്ല സുഹൃത്തായിരുന്നു. മദ്രാസിൽ വെച്ച് പരിചയമുണ്ട്. എനിക്ക് അറിയാവുന്ന ജീവിതമാണ് കോലങ്ങളിൽ. തിരുവിതാംകൂറിലെ ഗ്രാമത്തിലെ സാധാരണ ക്രിസ്ത്യാനികളുടെ ജീവിതം. എനിക്ക് എളുപ്പം മനസ്സിലാകുന്നത്. മേനകയായിരുന്നു നായിക. ലൈഫ് അതുപോലെ കാണുന്ന ഫീലാണ് സിനിമ. ആ ഫീലാണ് കാര്യം. സിനിമ ഫീൽ തരണം. ഇന്റലക്ച്വൽ ആയാൽ പോരാ എന്ന പക്ഷത്താണ് ഞാൻ. ഇന്റലക്ച്വൽ ആസ്പെക്ട്സ് ഒക്കെ വേണം. പക്ഷേ, സിനിമ ആദ്യം ഫീൽ ചെയ്യണം. മാസ്റ്റേഴ്സിന്റെയൊക്കെ സിനിമ ആ ഫീൽ തരും. കോലങ്ങൾ ഒരുതരത്തിലുള്ള എക്സാജറേഷനും തോന്നാത്ത തരത്തിലാണ് എടുത്തത്. പുറത്ത് ചില മേളകളിലൊക്കെ പോയപ്പോഴും ആ ഫിൽ കണ്ട് ഗ്രേറ്റ് എന്ന് പറഞ്ഞ് അനുമോദനം കിട്ടിയിട്ടുണ്ട്.

ഉജ്ജ്വലമായ സിനിമകൾ ചെയ്തപ്പോഴും പുറത്ത് ഫിലിം ഫെസ്റ്റിവലുകളിലേക്കൊന്നും അധികം പോയിട്ടില്ലല്ലോ?

പോയിട്ടുണ്ട്. ഫ്രാൻസ്, ലണ്ടൻ, കാനഡ, റഷ്യ തുടങ്ങി പലയിടത്തും സിനിമകൾ പോയിട്ടുണ്ട്. ഞാനും പോയിട്ടുണ്ട്. ഒരു സിനിമ റിലീസ് ചെയ്താൽ പിന്നെ അതുമായി മേളകളിലൊന്നും പോകാൻ അങ്ങനെ ശ്രമിക്കാറില്ല. അങ്ങനെ പോകാവുന്നതാണ്. എന്റെ രീതി അതല്ലായിരുന്നു. കോലങ്ങൾ, ലേഖയുടെ മരണം, യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ ഒക്കെ പല മേളകളിലും പോയിട്ടുണ്ട്. ഒരു സിനിമ കഴിഞ്ഞാൽ അത് പൂർണമായും വിട്ടുകളയുന്നതാണ് എന്റെ രീതി. അങ്ങനെ ആലോചിച്ച് ചെയ്യുന്നതല്ല. അതാണ് പ്രകൃതം. അതങ്ങനെ മാറ്റാൻ പറ്റില്ലല്ലോ, ഞാൻ എന്താണോ അത് അങ്ങനെത്തന്നെയാണ് എല്ലാ കാര്യത്തിലും. മേളയ്ക്കൊക്കെ പോയാൽ സന്തോഷം. ആരെങ്കിലും നല്ലത് പറഞ്ഞാൽ നല്ല സന്തോഷം. അത്രേയുള്ളൂ. അതിനായി നടക്കാൻ എനിക്ക് പറ്റാറില്ല.

സത്യജിത്ത് റായ് ആണ് ഏറ്റവും അധികം സ്വാധീനിച്ച സംവിധായകൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ?

റായ് മാസ്റ്റർ ആണ്. എന്നെ ഏറ്റവും ആഴത്തിൽ സ്വാധിനിച്ച മാസ്റ്ററാണ്. ഞാൻ കൊൽക്കത്തയിൽ പോയിരുന്നു. റായിയെ കണ്ടു. അവസാന കാലത്താണ്. അദ്ദേഹത്തിനും സന്തോഷമായി. സിനിമയിൽ ഇത്രയും ഇമോഷണൽ ഫീലിങ് തരുന്ന വേറൊരാളില്ല. റായ് ഗ്രേറ്റ് ഡയറക്ടറല്ലേ!

placeholder
സത്യജിത് റായ്, കെ.ജി. ജോർജ് | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

സത്യജിത്ത് റായിയുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?

അത്... അപരാജിതോ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. അത്ര പവർഫുള്ളാണ് ഫീലിങ്. മനസ്സ് നിറഞ്ഞുപോകും. പഥേർ പാഞ്ജലിയും അതെ. റായിയുടെ സിനിമ മനസ്സിൽ തൊടും. സിനിമ ആദ്യം നമുക്ക് ആ ഒരു ഇമോഷണൽ ഫീലിങ് തരണം. അത് ഉണ്ടാക്കാനാണ് ക്രാഫ്റ്റ് വേണ്ടത്.

റായിയുടെ സിനിമാസങ്കല്പങ്ങൾ വളരെ സിസ്റ്റമാറ്റിക് ആയ ഒന്നായിരുന്നില്ലേ? കെ.ജി. ജോർജ് അതുപോലെ ചിട്ടയുള്ള സംവിധായകനായിരുന്നോ?

ആയിരുന്നില്ലേ? ആയിരുന്നു. എനിക്ക് എന്റേതായ ഒരു രീതി ഉണ്ടായിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും ഒരുവിധമൊക്കെ ചിട്ടകൾ പാലിച്ചിരുന്നു. ഞാൻ ആരോടും ഒന്നും ഒളിച്ചുവെച്ചിരുന്നില്ല. എന്റെ ഇമോഷണൽ ഫീലിങ്ങുകൾ ഒന്നും ഒഴിവാക്കിയിട്ടില്ല. പറ്റാത്ത പണികൾക്ക് പോകേണ്ടതില്ല എന്നേ തീരുമാനിച്ചിട്ടുള്ളൂ. എനിക്ക് ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യാനുള്ളപ്പോഴേ സിനിമകൾ ചെയ്തിട്ടുള്ളൂ. ആരെങ്കിലും ആവശ്യപ്പെട്ടിട്ടോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ ഒന്നും സിനിമ ചെയ്തിട്ടില്ല.

റായ് എപ്പോഴും സ്ക്രിപ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് സിനിമകൾ ചെയ്യുന്നളിൽപെട്ട സംവിധായകനായിരുന്നു അല്ലേ?

കൃത്യമായ പ്ലാനിങ്ങോടെ സിനിമ എടുക്കുന്നതായിരുന്നു രീതി. ആ സ്കൂളിൽ നിന്ന് വരുന്നവരാ ഞങ്ങൾ.

placeholder
കെ.ജി. ജോർജ് | ഫോട്ടോ: മനോജ്.പി ‌\ മാതൃഭൂമി

കെ.ജി. ജോർജിന്റെ മാസ്റ്റർപീസ് യവനികയാണോ, ലേഖയുടെ മരണം ആണോ?

യവനിക നല്ല ഫിലിം ആണ്. ക്ലാസ് മൂവിയല്ലേ? എനിക്ക് ഇഷ്ടമാണ്. നന്നായി ചെയ്യാൻ പറ്റി. നല്ല അഭിപ്രായവും കിട്ടി. സ്ക്രിപ്റ്റ് നല്ലതായിരുന്നു. ഗോപിയും തിലകനും മമ്മൂട്ടിയും നെടുമുടിവേണുവും വേണുനാഗവള്ളിയും ഒക്കെ ഉണ്ടായിരുന്നു. ഗോപിയും തിലകനുമൊക്കെ മാസ്റ്റർ ക്ലാസ് പെർഫോമൻസാണ്. മമ്മൂട്ടി അന്ന് ആ പോലീസ് വേഷം ക്ലാസ് ആയി ചെയ്തു. എല്ലാവരും അത്രയ്ക്ക് ഒരുമയോടെ പ്രവർത്തിച്ചു. ആ മനസ്സിന്റെ ഐക്യം സിനിമയ്ക്ക് വലിയ ചൈതന്യം തന്നു.

സൽമാ ജോർജ് ഇതിലും പാടിയിട്ടുണ്ട്.

ഉണ്ട്. നല്ല പാട്ടുകളാണ്. ഒ.എൻ.വി.യാണ്. മ്യൂസിക് എം.ബി. ശ്രീനിവാസനും.

മലയാളത്തിൽ ആദ്യത്തെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് യവനിക

നല്ല ത്രില്ലറാണ്. തബലിസ്റ്റ് ആയ അയ്യപ്പനെ കാണാതെ പോകുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് കഥ. വലിയ കലാകാരനാണ് തബലിസ്റ്റ് അയ്യപ്പൻ. എല്ലാ തിന്മകളുമുള്ള മനുഷ്യനും. രണ്ടുതരം എക്സ് ട്രീം നേച്ചർ ഉള്ള ആ കഥാപാത്രത്തിന്റെ മികവാണ് സിനിമയ്ക്ക് മിഴിവ് കൂട്ടിയത്. ഗോപി അത് ക്ലാസ് ആയി ചെയ്തു. അന്ന് തിലകന് നാടകട്രൂപ്പുണ്ട്. അവരുടെ കർട്ടനാണ് സിനിമയിലും ഉപയോഗിച്ചത്. അധികം പണം ചെലവാക്കാതെയാണ് ഷൂട്ട് ചെയ്തത്. മികച്ച സിനിമയ്ക്കും കഥയ്ക്കും അവാർഡുകൾ കിട്ടി. തിലകനും ഗോപിക്കും അവാർഡ് കിട്ടി. ഒരുപാട് ആളുകൾ ഇപ്പോഴും കാണുന്ന സിനിമയാണ് യവനിക. സന്തോഷമാണ് അത് ഓർക്കുമ്പോൾ.

placeholder
യവനികയിൽ ജലജയും ഭരത് ​ഗോപിയും

യവനികയ്ക്ക് തൊട്ടുപുറകേ വന്നത് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് ആണ്.

എന്റെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ലേഖയുടെ മരണം. എല്ലാവർക്കും അറിയാമല്ലോ, ശോഭയുടെ മരണവാർത്തയിൽനിന്ന് കഥ വന്നത്. പക്ഷേ, അതൊരു ത്രെഡ് മാത്രമാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഒരു സിനിമ വളരെ മുമ്പേ മനസ്സിലുണ്ടായിരുന്നു. കഥയുടെ ഡ്രാഫ്റ്റ് ഉണ്ടാക്കി ഞാൻതന്നെയാണ് സ്ക്രിപ്റ്റ് ചെയ്തത്. സിനിമയ്ക്കുപിന്നിലെ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് പ്രേക്ഷകർ ആലോചിക്കാൻ തുടങ്ങിയത് ലേഖയുടെ മരണം വന്നതോടെയാണ്. എല്ലാറ്റിനും അപ്പുറം നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ! അത് ചെയ്യാൻ പറ്റിയതിൽ അന്നുതന്നെ ഒരു സന്തോഷമുണ്ടായിരുന്നു.

ആത്മഹത്യചെയ്ത ശോഭയുമായും ബാലുമഹേന്ദ്രയുമായും കെ.ജി. ജോർജിന് അടുപ്പമുണ്ടായിരുന്നല്ലോ

നടി ശോഭയും ബാലു മഹേന്ദ്രയുമായുള്ള അടുപ്പവും ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ശോഭ ആത്മഹത്യചെയ്ത സംഭവവും അക്കാലത്ത് പല തരത്തിൽ വാർത്തയായിരുന്നു. ബാലുവിനെ എനിക്ക് അറിയാം. പൂനെയിലുണ്ടായിരുന്നു. എൻറ സീനിയറായിരുന്നു. ഉൾക്കടൽ സിനിമയിൽ ശോഭ ഉണ്ടായിരുന്നു. ഉൾക്കടലിൽ ശോഭയാണ് എന്നറിഞ്ഞ് ക്യാമറ ചെയ്യാൻ താത്പര്യപ്പെട്ടു ബാലു. എൻറ കൂടെ സ്ഥിരം ക്യാമറാമാനായി രാമചന്ദ്രബാബുവായിരുന്നു. ഞങ്ങൾ വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണ്. ബാലു വന്നപ്പോൾ രാമചന്ദ്രബാബുവും സന്തോഷത്തോടെ സമ്മതിച്ചു. അന്നേ ശോഭയും ബാലുവുമായി അടുപ്പമുണ്ടായിരുന്നു. ഒടുവിൽ ശോഭ സൂയിസൈഡ് ചെയ്തു. സിനിമയിൽ അതൊരു ത്രെഡ് ആയി എടുത്തതേയുള്ളൂ. പക്ഷേ, അതിന്റെ പേരിൽ ഒരുപാട് വിവാദങ്ങളും ന്യൂസുകളും ഫീച്ചറുകളും വന്നു. അത്രയും ശ്രദ്ധയോടെയാണ് സ്ക്രിപ്റ്റ് ചെയ്ത് സിനിമ ചെയ്തത്. അതിനാൽ എനിക്കൊരു പ്രശ്നവുമുണ്ടായില്ല. ലണ്ടനിലൊക്കെ ഫെസ്റ്റിവലിൽ പോയിരുന്നു ലേഖയുടെ മരണം. ഏറ്റവും കൂടുതൽ നേട്ടങ്ങൾ നൽകിയ സിനിമകളിലൊന്ന് ലേഖയുടെ മരണം ആണ്.

ഓരോ ഷോട്ടും ഡീറ്റെയിൽ ചെയ്ത് ചിത്രീകരിക്കുന്ന രീതി മലയാളത്തിൽ തുടങ്ങിവെച്ചത് യവനികയും ലേഖയുടെ മരണവുമാണെന്ന് തോന്നുന്നു. അത് മലയാളസിനിമയുടെ വ്യാകരണം പുതുക്കിയെടുക്കുകയും ക്രാഫ്റ്റ് നവീകരിക്കുകയും ചെയ്തു എന്ന് പറയാറുണ്ട് 

സിനിമാറ്റിക് ആവണം എക്സ്പീരിയൻസ്. ഒരു കഥ മനസ്സിലാക്കാൻ വേണ്ടിയല്ല സിനിമ കാണുന്നത്. അത് ഒരു എക്സ്പീരിയൻസാണ്. അതിനനുസരിച്ചുവേണം സിനിമ ചെയ്യാൻ. അതിന് ഓരോ ഷോട്ടും ഡീറ്റെയിൽ ചെയ്ത് ക്യാമറാ പ്ലാൻ ചെയ്ത് ചെയ്യണം. അതൊക്കെ കണക്കുകൂട്ടി ചെയ്യാൻ അത്രയെളുപ്പമല്ല. അതൊരു ഇന്റ്യൂഷനാണ്. ഉള്ളിൽ ആ തോന്നൽ കൃത്യമായി വരും. വരണം. അങ്ങനെയാണ് ഞാൻ സിനിമ ചെയ്തത്. ഡയറക്ടർക്ക് ആ ക്രാഫ്റ്റ് ഉണ്ടാവണം. ഉള്ളിൽ അത് വേണം. എന്നാലേ സിനിമയാവുകയുള്ളൂ.

placeholder
ശോഭ, ബാലു മഹേന്ദ്ര | ഫോട്ടോ: പി. ഡേവിഡ്, വി.പി. പ്രവീൺകുമാർ \ മാതൃഭൂമി

ഗോപി, തിലകൻ, മമ്മൂട്ടി മലയാളത്തിലെ എക്കാലത്തെയും വലിയ അഭിനേതാക്കളുടെ കൂട്ടത്തിലുള്ള ഈ മൂന്നുപേരുടെയും വളർച്ചയിൽ നിർണായകമായത് കെ.ജി. ജോർജിന്റെ സിനിമകളായിരുന്നല്ലോ?

അവർ ഗ്രേറ്റ് ആർട്ടിസ്റ്റുകളാണ്. അവരുടെകൂടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റി. അത് എന്റെ സിനിമയ്ക്കും എനിക്കും അവർക്കും നല്ലതായി. ഗോപി ഈസ് റിയലി ഗ്രേറ്റ്. ഗോപിയുടെയും തിലകന്റെയും ഒന്നും ടാലൻറ് ശരിക്കും ഉപയോഗിക്കാൻ മലയാളസിനിമയ്ക്ക് കഴിഞ്ഞില്ല എന്ന് തോന്നാറുണ്ട്. മമ്മൂട്ടിക്കാണ് കഴിവിനൊത്ത നല്ല കഥാപാത്രങ്ങളെ കിട്ടിയത്. മമ്മൂട്ടി സ്വയം അധ്വാനിച്ച് പഠിച്ച് വളർന്ന് ആ ഗ്രേറ്റ്നെസിലേക്ക് എത്തിച്ചേർന്ന ആക്ടറാണ്.

ഇനിയുമുണ്ട് ചില സിനിമകൾ കൂടി. പ്രധാനമായും ആദാമിന്റെ വാരിയെല്ലും പഞ്ചവടിപ്പാലവും ഇരകളും

പഞ്ചവടിപ്പാലം വേളൂർ കൃഷ്ണൻകുട്ടിയുടെ കഥയാണ്. കാർട്ടൂണിസ്റ്റ് യേശുദാസനാണ് സംഭാഷണം എഴുതിയത്. മലയാളത്തിൽ അങ്ങനെ മുഴു നീള ആക്ഷേപഹാസ്യ സിനിമ എന്നൊന്ന് ഇല്ലായിരുന്നു. നമുക്ക് കോമഡി സിനിമകളേ ഉണ്ടാവാറുള്ളൂ. സിനിമയിൽ സറ്റയർ ഉണ്ടാവാറില്ല. അതായിരുന്നു പഞ്ചവടിപ്പാലം. അന്നത്തെ നിലയ്ക്ക് വലിയ ചെലവുവന്ന പടമാണ്. നന്നായി കളക്റ്റ് ചെയ്തു. ഇന്നും ആളുകൾ ആ സിനിമയെക്കുറിച്ച് പറയാറുണ്ട്.

ഇപ്പോൾ എറണാകുളം നഗരത്തിന്റെ നടുവിൽ അതുപോലൊരു പഞ്ചവടിപ്പാലമായി പാലാരിവട്ടം മേൽപ്പാലം നിൽക്കുകയാണല്ലോ. പത്തുമുപ്പത്തഞ്ചുകൊല്ലം കഴിഞ്ഞിട്ടും ആ സിനിമയിൽ പറയുന്ന അവസ്ഥകൾക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല 

അതെ, പലരും പറയാറുണ്ട്. പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായി ഫീച്ചറുകളൊക്കെ വന്നു.

വളരെ ഗൗരവമുള്ള സിനിമകൾ എടുത്ത കെ.ജി. ജോർജിനെപ്പോലൊരാൾ പഞ്ചവടിപ്പാലം പോലൊരു സിനിമ എടുത്തത് അതിശയകരമല്ലേ?

പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്. എനിക്ക് അതിശയം തോന്നിയിട്ടില്ല. ഇത് ഗൗരവമുള്ള സിനിമയാണ്. ചിരി നല്ലതാണ്. നന്നായി ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചത്. പാലം പൊളിഞ്ഞുവീഴുന്നതൊക്കെ ഡീറ്റെയിൽ നഷ്ടപ്പെടാതെ ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടി. വ്യത്യസ്തമായ സിനിമകളേ എടു ത്തിട്ടുള്ളൂ. ഇത്തരം സിനിമയും അതിൽ വരും. സന്തോഷമുള്ള സിനിമയാണ് എനിക്ക് പഞ്ചവടിപ്പാലം.

placeholder
പഞ്ചവടിപ്പാലം എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

കാലത്തിനുമുൻപേ പിറന്ന സിനിമയാണ് ആദാമിന്റെ വാരിയെല്ല് എന്ന് തോന്നുന്നു. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളെയൊക്കെ ഒരുതരം പുച്ഛഭാ വത്തിലാണ് ഇന്നും നമ്മുടെ സമൂഹം നോക്കിക്കാണുന്നത് എന്നിട്ടാണ് 1984-ൽ ആദാമിന്റെ വാരിയെല്ല് പോലൊരു സിനിമ എടുക്കുന്നത്

ഇറ്റ് ഹാപ്പെൻഡ്... അത് ഒരു ഇന്റ്യൂഷനാണ്. കുറേക്കാലം മനസ്സിൽ കിടന്നതാണ് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ കഥ പറയണമെന്ന്. റിയലിസ്റ്റിക് ആയി ചിത്രീകരിക്കണമെന്ന് തീരുമാനിച്ചിരുന്നു. പലേടത്തും ഡോക്യുമെന്ററി പോലെയാക്കിയതാണ്. വ്യത്യസ്ത സോഷ്യൽ സെറ്റപ്പിലുള്ള മൂന്ന് സ്ത്രീകളുടെ ജീവിതമാണ്. മൂന്ന് ഭാഗങ്ങൾ പോലെ പറയുന്നു. ആ രീതിയൊന്നും നമുക്ക് ഉണ്ടായിരുന്നില്ല. മൂന്ന് ഖണ്ഡങ്ങൾ ചേർന്ന് ഒരു സിനിമയാവുന്ന രീതിയും നമുക്ക് അത്ര പരിചിതമായിരുന്നില്ല. ക്ലൈമാക്സ് എങ്ങനെവേണം എന്ന് ഒരുപാട് ആലോചിച്ചിട്ടും ഒരു തീരുമാനമായിരുന്നില്ല. ഒടുവിലാണ് റെസ്ക്യൂ ഹോമിൽ നിന്ന് സ്ത്രീകൾ ക്യാമറയും സിനിമാചിത്രീകരണസാമഗ്രികളും ഒക്കെ തട്ടിമറിച്ച് തെരുവിലേക്ക് ഇറങ്ങുന്നതായി ക്ലൈമാക്സ് ചെയ്തത്. തട്ടിമറിച്ചുകളയുന്ന കൂട്ടത്തിൽ സംവിധായകനും ഉണ്ട്.

1991- വരെ നിരന്തരം സിനിമ എടുത്തിരുന്നെങ്കിലും പിന്നീട് 1998-ലാണ് ഒരു സിനിമ ചെയ്യുന്നത്, ഇലവങ്കോട് ദേശം. എന്തായിരുന്നു ക്രമേണ പിന്മാറാൻ കാരണം?

ഇരകൾവരെ നന്നായി പോയി. 1990-കൾ മുതൽ സിനിമയിൽ മാറ്റങ്ങൾ വന്നു. കഥയ്ക്കും സിനിമയ്ക്കും ആവശ്യമായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതാണ് എന്റെ രീതി. അത് പറ്റാതെ വന്നു. നിർമാതാക്കളും വിതരണക്കാരും താരങ്ങളും പ്രധാനമായി. സംവിധായകന്റെ ക്രിയേറ്റിവ് ആർട്ട് ആണ് സിനിമ. ആ അവസ്ഥയിലേ എനിക്ക് വർക്ക് ചെയ്യാനാവൂ. അങ്ങനെയല്ലാതെ വന്നപ്പോൾ പതുക്കെ പിന്മാറി.

placeholder
ഇലവങ്കോട് ദേശത്തിന്റെ സെറ്റിൽ മമ്മൂട്ടിയും കെ.ജി. ജോർജും | ഫോട്ടോ: മാതൃഭൂമി

ഒരു സിനിമയുടെ നിർമാതാവുമായി -മഹാനഗരത്തിന്റെ?

നല്ല കുറച്ച് സിനിമകൾ ചെയ്തെങ്കിലും സാമ്പത്തികമായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല. കണക്കുപറഞ്ഞ് മേടിക്കുന്ന രീതി ഇല്ലായിരുന്നു. വീടുപോലും ഇല്ലായിരുന്നു. എന്നെ സഹായിക്കാനായി മമ്മൂട്ടിയും മാക് അലിയും കൂടിയാണ് ഞാൻ നിർമാതാവായി മഹാനഗരം നിർമിച്ചത്. മികച്ച സിനിമയല്ലെങ്കിലും സാമ്പത്തിക വിജയമായി. എനിക്ക് എടുത്തുപറയാവുന്ന സാമ്പത്തികനേട്ടമുണ്ടാക്കിയ സിനിമ അതുമാത്രമാണ്. അതിന്റെ വിജയത്തിലൂടെ കുറച്ച് പണം കിട്ടിയത് ആശ്വാസമായി.

ഇപ്പോൾ ഒരു സിനിമയെടുക്കാനായാൽ എന്തുസിനിമയായിരിക്കും എടുക്കുക?

എന്റെ മനസ്സിൽ ഇപ്പോൾ ഒന്നുമില്ല. സന്തോഷമാണ്. അങ്ങനെ പോകുന്നു.

എന്നാലും ജോർജ് ഇനിയൊരു സിനിമ കൂടി എടുത്തോളൂ എന്ന് ദൈവം അനുഗ്രഹിച്ചാൽ?

പണ്ടും ഞാൻ അങ്ങനെ വലിയ ദൈവവിശ്വാസിയൊന്നുമായിരുന്നില്ല. ഒരു തമാശപ്പടം എടുക്കാം. ശുദ്ധഹാസ്യമായ ഒരു സിനിമ.

(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2020 ജൂലായ് 26-ഓ​ഗസ്റ്റ് 1 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം)