"അമ്പലനടയിലാണോടാ നിന്റെ ജെംസ് കച്ചവടം?" ഡോ. ജോര്‍ജിന്റെ ഈ ഡയലോഗില്‍ അക്ഷരാര്‍ത്ഥത്തില്‍ തീയേറ്റര്‍ ഇളകിമറിയുകയായിരുന്നു. പറഞ്ഞുവരുന്നത് ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തേക്കുറിച്ചും ഡോ. ജോര്‍ജ് അഥവാ പക്ഷിരാജന്‍ എന്ന കഥാപാത്രമായെത്തിയ ചിറയിന്‍കീഴ് സ്വദേശി ജോമോന്‍ ജ്യോതിറിനെക്കുറിച്ചാണ്. തന്റെ കഥാപാത്രത്തിന് തീയേറ്ററില്‍ കിട്ടുന്ന കയ്യടിക്ക് സംവിധായകന്‍ വിപിന്‍ദാസിനോടാണ് ജോമോന്‍ നന്ദി പറയുന്നത്. 'പക്ഷിരാജ'നെ ഗംഭീരമാക്കിയ ജോമോന്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു.

To advertise here,

രോമാഞ്ചം ക്ലിക്കായി, പിന്നാലെ ഗുരുവായൂരമ്പല നടയില്‍

സംവിധായകനായ വിപിന്‍ ചേട്ടനേ മുന്‍പേ അറിയാം. ചാന്‍സൊക്കെ ചോദിച്ചിട്ടുണ്ട്. രോമാഞ്ചം എന്ന ചിത്രത്തില്‍ നല്ലൊരു വേഷം ചെയ്തിരുന്നു. ആ സിനിമ ഇറങ്ങിയശേഷം വിപിന്‍ ചേട്ടന്‍ വിളിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തേക്കുറിച്ച് പറയുകയായിരുന്നു.

placeholder
​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ | ഫോട്ടോ: www.facebook.com/joemon.jyothir.5

നോര്‍മല്‍ അല്ലാത്ത ഡോ. ജോര്‍ജ്

നീ നോര്‍മല്‍ അല്ല എന്നാണ് കഥാപാത്രത്തേക്കുറിച്ച് വിപിന്‍ ചേട്ടന്‍ തന്ന വിശദീകരണം. സാധാരണ ഒരു മനുഷ്യന്‍ കാണിക്കുന്നതൊന്നുമല്ല നീ കാണിക്കുന്നത്. ചിലപ്പോള്‍ നോര്‍മല്‍ ആവും. മറ്റു ചിലപ്പോഴാകട്ടെ ഭ്രാന്താണോ എന്നുപോലും തോന്നിക്കുന്ന രീതിയിലുള്ള കഥാപാത്രവും. ഇങ്ങനത്തെ പ്രാഥമികമായ ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുതന്നത്. പിന്നെ ഒരു സീനെടുക്കുന്നതിനുമുന്‍പ് മൂന്ന് തവണയെങ്കിലും നമ്മളെക്കൊണ്ട് റിഹേഴ്‌സല്‍ ചെയ്യിക്കും. ചെറിയ അംഗവിക്ഷേപങ്ങളടക്കം പുള്ളി പറഞ്ഞുതരും. അങ്ങനെയാണ് ആ കഥാപാത്രം വികസിച്ചുവന്നത്. പൃഥ്വിരാജ് ഉള്‍പ്പെടെ റിഹേഴ്‌സലിന് വന്നിരുന്നു.

ആ വൈറല്‍ ഡയലോഗിനു പിന്നില്‍ ജഗദീഷേട്ടന്‍

ജോര്‍ജ് പറയുന്ന പിക്കപ്പ് ലൈന്‍ സംഭാഷണങ്ങളെല്ലാം വിപിന്‍ ചേട്ടനും തിരക്കഥാകൃത്ത് ദീപു ചേട്ടനും ചേര്‍ന്നുണ്ടാക്കിയതാണ്. വിപിന്‍ ചേട്ടന്‍ ശരിക്ക് കഥാപാത്രങ്ങളെ തേച്ച് മിനുക്കിയെടുക്കുകയായിരുന്നു. ചിലപ്പോള്‍ വേറെ ഡയലോഗ് ഒക്കെയായിരിക്കും പറയാന്‍ ആവശ്യപ്പെടുന്നത്. ജഗദീഷേട്ടനൊക്കെ റിഹേഴ്‌സലിന്റെ സമയത്ത് നന്നായി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമെല്ലാം ചെയ്തു. മുതിര്‍ന്ന നടനാണെന്നുള്ള ഭാവമൊന്നുമില്ല. അങ്ങനെ നിന്നാലല്ലേ സീന്‍ നന്നായി വരികയുള്ളൂ. എല്ലാവരും സഹകരിച്ചതുകൊണ്ടാണ് സീനുകള്‍ ഗംഭീരമായിവന്നത്. കര്‍ക്കിടകത്തില്‍ വ്യാഴം വരുമ്പോള്‍ ഗുളികന്‍ എന്ന സംഭാഷണം ജഗദീഷേട്ടന്റെ സംഭാവനയാണ്. അത് കേട്ടപ്പോള്‍ വിപിന്‍ ചേട്ടനും ഇഷ്ടമായി.

placeholder
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: www.facebook.com/joemon.jyothir.5

പൃഥ്വിരാജ് എന്ന സൂപ്പര്‍താരം

സീനിയര്‍ താരം എന്നതിലുപരി നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് രാജുവേട്ടന്‍ ഇപ്പോഴും അകലെയാണ്. അങ്ങനെയുള്ള ഒരവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പെട്ടന്നൊരു ദിവസം പുള്ളിക്കൊപ്പം ഡയലോഗ് പറഞ്ഞ് അഭിനയിക്കുകയാണ്. പേടിയും ടെന്‍ഷനുമെല്ലാമുണ്ടായിരുന്നു. ഒരു മിനിറ്റ് സംസാരിച്ചപ്പൊഴേക്കും അതെല്ലാം മാറി.

യോഗി ബാബു അടിപൊളിയാണ്

യോഗി ബോബു അടിപൊളി മനുഷ്യനാണ്. എട്ടുപേരുണ്ടാവും അദ്ദേഹത്തിനൊപ്പം. ഇവരെല്ലാവരുമായും നമ്മള്‍ കമ്പനിയായി. ഭയങ്കര സ്‌നേഹമുള്ളയാളാണ്. ഗ്രീന്‍ ആപ്പിളൊക്കെ മുറിച്ചുതരും. നമ്മള്‍ വിചാരിച്ചതുപോലെയൊന്നുമല്ല, നല്ല വിനയമുള്ളവരാണ്. നമ്മുടെ കൂടെയിരിക്കും സംസാരിക്കും. നന്നായി ചെയ്താല്‍ അതുപറയും. നമ്മുടെ കൂടെ ക്രിക്കറ്റ് കളിക്കുകവരെ ചെയ്തു.

placeholder
പൃഥ്വിരാജിനും ബേസിലിനുമൊപ്പം ജോമോൻ | ഫോട്ടോ: www.instagram.com/joemon.jyothir/

 പക്ഷിരാജനും പട്ടണപ്രവേശത്തിലെ ലാലേട്ടനും

പട്ടണപ്രവേശത്തില്‍ ലാലേട്ടന്‍ വേഷം മാറിവരുന്ന ഒരു രംഗമുണ്ടല്ലോ. അത് മനസില്‍ കണ്ടുകൊണ്ട് ഞാന്‍ എന്റേതായ രീതിയില്‍ വേറൊരു പരിപാടി ചെയ്യുകയായിരുന്നു. പഴയ സിനിമകളിലെ രംഗങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നതുകാണാന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ സിനിമകളിൽ അത്തരം കാര്യങ്ങൾ വളരെ കുറവാണ്. ഡോ.ജോര്‍ജ് അല്ലെങ്കില്‍ പക്ഷിരാജന്‍ എന്ന കഥാപാത്രത്തിന് കിട്ടുന്ന കയ്യടിക്ക് കാരണം സംവിധായകന്‍ വിപിന്‍ദാസും കൂടെ അഭിനയിച്ച താരങ്ങളുമാണ്. ഭയങ്കര റിലാക്‌സ് ചെയ്തിട്ടാണ് ആ പടം മുഴുവന്‍ ഷൂട്ട് ചെയ്തത്. വിപിന്‍ ചേട്ടനാണ് കൂടുതല്‍ കയ്യടി കൊടുക്കേണ്ടത്. 

'അമ്പലനടയിലെ ജെംസ് കച്ചവടം' ഡയലോഗ്

ഈ സംഭാഷണത്തിന് തീയേറ്ററില്‍ കിട്ടുന്ന കയ്യടിയില്‍ ഭയങ്കര സന്തോഷമുണ്ട്. ഫൈനല്‍ എഡിറ്റ് കഴിഞ്ഞ് ഒന്നുകൂടി എന്തെങ്കിലുമൊക്കെ ഡബ്ബ് ചെയ്യാനും മാറ്റാനുമൊക്കെയായി വിപിന്‍ ചേട്ടന്‍ ഒരു ദിവസം വിളിപ്പിച്ചു. അങ്ങനെ ചെന്നപ്പോള്‍ ഡബ്ബിങ് മൈക്കിനുമുന്നില്‍വെച്ച് ആ ഒരു ഒഴുക്കില്‍ പറഞ്ഞ സംഭാഷണമാണിത്. ശ്രദ്ധിച്ചുനോക്കിയാല്‍ അറിയാം, ആ സീനില്‍ ചുണ്ടനങ്ങുന്നില്ല. പോരാത്തതിന് ആ ഷോട്ട് അല്‍പ്പം വൈഡുമാണ്, തിരിഞ്ഞുനിന്നുകൊണ്ടാണ് ആ സംഭാഷണം പറയുന്നതും. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മാതിരി എന്ന ഡയലോഗും ഇതേപോലെ ഡബ്ബിങ് സമയത്ത് വീണുകിട്ടിയതാണ്.

placeholder
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: www.facebook.com/joemon.jyothir.5

സാറാസിലൂടെ ബിഗ് സ്‌ക്രീനിലേക്ക് 

ലോക്​ഡൗണ്‍ സമയത്ത് എല്ലാവരേയുംപോലെ വീട്ടില്‍ അടച്ചിരിപ്പായിരുന്നു. വേറൊരു ജോലിയും അറിയില്ല. അപ്പോഴാണ് സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ജലസിംഹം എന്ന സീരീസ് ചെയ്തത്. ആ വീഡിയോകളെല്ലാം വൈറലായതിനുശേഷമാണ് ജൂഡ് ആന്റണി സാര്‍ സാറാസ് എന്ന ചിത്രത്തിലേക്ക് വിളിച്ചത്. രണ്ട് സീനായിരുന്നു ഉണ്ടായിരുന്നത്. തുടക്കക്കാരന്‍ എന്ന നിലയ്ക്ക് രണ്ട് സീനും ഡയലോഗും ഉണ്ടായിരുന്നത് ഭാഗ്യമായി. പിന്നെ ഓഡിഷന് പോകുമായിരുന്നു. തുടര്‍ന്ന് ഓഡിഷന്‍ വഴി ഗൗതമന്റെ രഥം എന്ന സിനിമ ചെയ്തു. ആനന്ദ് മേനോന്‍ ആയിരുന്നു സംവിധാനം.

ചെറിയ വേഷങ്ങള്‍ക്കുശേഷം 'രോമാഞ്ചം'

സ്ഥിരം ഇന്‍സ്റ്റഗ്രാമും മറ്റ് സോഷ്യല്‍ മീഡിയകളുമെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നയാളാണ് രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍. ഇപ്പോഴും പുള്ളി ഫുള്‍ടൈം ഇന്‍സ്റ്റഗ്രാമിലാണ്. അഭിനയിക്കാന്‍ കഴിവുള്ളവര്‍ക്ക് അവസരം നല്‍കി പടം ഹിറ്റാക്കുന്നയാളാണ് അദ്ദേഹം. കുറച്ച് വീഡിയോകളൊക്കെ ചെയ്യുന്ന സമയമായിരുന്നു അത്. ആ സമയത്ത് ചെയ്ത ഒരു സീരീസ് കണ്ടിട്ടാണ് എന്നെ രോമാഞ്ചത്തിലെ ഡി.ജെ. ബാബു എന്ന കഥാപാത്രമാകാന്‍ വിളിക്കുന്നത്. കാണുന്നവര്‍ക്ക് ദേഷ്യംതോന്നുന്ന, അലമ്പനായ ഒരാള്‍ എന്നാണ് ജിത്തു മാധവന്‍ ആ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞത്.

placeholder
അനന്തരാമൻ അജയ്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ജ​ഗദീഷ് കുമാർ, അബിൻ ബിനോ, അഫ്സൽ പി.എച്ച് എന്നിവർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

ഒതളങ്ങാത്തുരുത്ത് സീരീസും വൈറല്‍ ഗാനവും

ഒതളങ്ങാത്തുരുത്ത് വെബ്‌സീരീസില്‍ അവസാനത്തെ മൂന്ന് എപ്പിസോഡുകളിലാണ് ഞാന്‍ വരുന്നത്. ഒതളങ്ങാത്തുരുത്ത് സിനിമയാക്കാനുള്ള എന്തോ പരിപാടിയിലാണ് അണിയറക്കാര്‍. ഒതളങ്ങാത്തുരുത്തിലെ സഹതാരമാണ് അതില്‍ നത്ത് എന്ന വേഷത്തിലെത്തിയ അബിന്‍ ബിനോ. അബിനേയും എന്നേയും ഒരുമിച്ചാണ് സാറാസിലേക്ക് വിളിച്ചത്. ഒതളങ്ങാത്തുരുത്തില്‍നിന്ന് രോമാഞ്ചത്തിലേക്ക് ഏറ്റവുമൊടുവില്‍ കാസ്റ്റ് ചെയ്തയാളായിരുന്നു അബിന്‍. ഇതേ സീരീസിലെ നടനായ ജഗദീഷ് രോമാഞ്ചത്തിലുമുണ്ടായിരുന്നു. ഒതളങ്ങാത്തുരുത്തിലെ പാട്ട് ഇപ്പോള്‍ ഭയങ്കര വൈറലാണ് എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്. രണ്ടുവര്‍ഷം മുന്‍പ് ചിത്രീകരിച്ചതാണിത്. ഇപ്പോഴാണത് വൈറലാവുന്നത്.   

ബുദ്ധിയുറച്ച കാലംമുതലേ മനസില്‍ സിനിമയായിരുന്നു

പണ്ടുമുതലേ സിനിമ മനസിലുണ്ടായിരുന്നു. ബുദ്ധിയുറച്ച കാലംമുതല്‍ എന്നുപറയാം. ഡിഗ്രിക്ക് മാസ് കമ്മ്യൂണിക്കേഷന്‍ ആയിരുന്നു ചെയ്തത്. ഓഡിഷന് പോകുമായിരുന്നു. പിന്നെ കാറ്ററിങ്ങിന് പോകുമായിരുന്നു. ഇതിനിടയിലും സിനിമ എന്ന സ്വപ്‌നം വിട്ടുകളഞ്ഞില്ല. ലോക്​ഡൗണ്‍ സമയത്താണ് കണ്ടന്റ് ക്രിയേഷനിലേക്ക് വരുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമും വാട്​സാപ്പുമെല്ലാം ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് ഇങ്ങനെയൊരു സാധ്യത ഉണ്ടെന്ന് മനസിലാക്കിയിരുന്നില്ല. ലോക്ക്ഡൗണ്‍ സമയത്താണ് കൂടുതല്‍ പേര്‍ അതിലേക്ക് ശ്രദ്ധ കൊടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. സ്വന്തമായി കണ്ടന്റുണ്ടാക്കി ഇട്ടപ്പോഴാണ് ജീവിതത്തില്‍ മാറ്റങ്ങളൊക്കെ വരുന്നത്.

placeholder
സംവിധായകൻ വിപിൻ ദാസ്, സിജു സണ്ണി, അശ്വിൻ, സാഫ്ബോയ് എന്നിവർക്കൊപ്പം ജോമോൻ ജ്യോതിർ | ഫോട്ടോ: www.instagram.com/joemon.jyothir/

അച്ഛന് സിനിമയോട് ഇഷ്ടമുണ്ട്

അച്ഛന് സിനിമയിലഭിനയിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. എനിക്ക് അഞ്ച് വയസാവുന്നതുവരെ പല വാതിലുകളും മുട്ടിയെങ്കിലും നടന്നില്ല. പിന്നെ കുടുംബത്തിനുവേണ്ടി അതൊക്കെ നിര്‍ത്തുകയായിരുന്നു. സിനിമയാണ് എന്റെ ആഗ്രഹമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ക്കാതിരുന്നത് ഗുണമായാണ് ഞാന്‍ കരുതുന്നത്. അങ്ങനെയൊരു സ്വാതന്ത്രം വീട്ടുകാര്‍ തന്നിട്ടുണ്ട്. നമുക്കിഷ്ടപ്പെട്ട ജോലി ചെയ്ത് ജീവിക്കുന്നതാണ് ഇഷ്ടം. പിന്നെ വീട്ടുകാര്‍ ഒപ്പമുള്ളതുകൊണ്ട് മറ്റാരെയും മൈന്‍ഡ് ചെയ്തില്ല.

പുതിയ സിനിമകള്‍

ഗൗതമന്റെ രഥം സംവിധാനംചെയ്ത ആനന്ദ് മേനോന്‍ ഒരുക്കുന്ന വാഴ എന്ന ചിത്രമാണ് ഇനി വരുന്നത്. അതില്‍ നായകനാണ്. വിപിന്‍ ചേട്ടനാണ് നിര്‍മാണം. മമ്മൂക്കയുടെ ബസൂക്കയില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഹലോ മമ്മി, മാത്യു തോമസ് നായകനാവുന്ന ലൗലി, കേസില്ലാത്ത രാജ്യത്ത് തുടങ്ങിയ പടങ്ങള്‍ പിന്നാലെ വരുന്നുണ്ട്.