തന്റെ ഏകപാത്രനാടകമായ പെൺനടൻ അവതരിപ്പിക്കുവാൻ അബുദാബിയിലെത്തിയ സിനിമ-നാടക നടൻ സന്തോഷ് കീഴാറ്റൂരുമായി നടത്തിയ മുഖാമുഖം.

To advertise here,

നടനിലേക്കുള്ള വരവ്

കാലം ഒരു നടനാക്കി എന്നതാണ് സത്യം. ഒരു കലാകാരനാകണം എന്ന ആഗ്രഹം കുട്ടിക്കാലത്തുതന്നെ മനസ്സിൽ മൊട്ടിട്ടതാണ്. നടൻ എന്നതിലപ്പുറം സംവിധായകന്റെ ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിക്കണം എന്നായിരുന്നു മനസ്സിൽ കയറിക്കൂടിയ ആഗ്രഹം. പക്ഷെ, ആഗ്രഹിച്ചതൊക്കെ കരസ്ഥമാക്കുവാൻ സാധിക്കില്ല എന്ന് പറഞ്ഞതുപോലെ എത്തിപ്പെട്ടത് അഭിനയത്തിന്റെ കൂടാരത്തിലേക്കാണ്. സിനിമയിലായാലും നാടകത്തിലായാലും പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിക്കുവാൻ സാധിച്ചു എന്നത് സന്തോഷത്തിനു വക നൽകുന്നു. സത്യത്തിൽ ഒരു നടനാക്കിയത് മലബാറിലെ അനുഷ്ഠാന കലയായ തെയ്യമാണ്. ചെറുപ്പംതൊട്ടേ തെയ്യംകണ്ടുവളർന്നപ്പോൾ അതിലെ ‘തിയേറ്റർ’ വളരെ സ്വാധീനം ചെലുത്തി. അതോടൊപ്പം നാട്ടിൻപുറത്തെ ക്ഷേത്രങ്ങളിൽ അരങ്ങേറിയ നൃത്തനാടകങ്ങൾ ഒരു നടനിലേക്കുള്ള യാത്രയ്ക്ക് പ്രചോദനം നൽകി.

placeholder
പെൺ നടൻ എന്ന നാടകത്തിൽ സന്തോഷ് കീഴാറ്റൂർ | ഫോട്ടോ: മാതൃഭൂമി

നടനിൽനിന്ന് ‘പെൺ നടനി’ലേക്ക്

നാടകത്തിൽ അഭിനയിക്കുവാൻ സ്ത്രീകൾ എത്താതിരുന്നകാലത്ത് 1930-കളിൽ പെൺവേഷം കെട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടൻ ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിതംപറയുന്ന നാടകമാണ് ‘പെൺ നടൻ’. മലയാള നാടകചരിത്രത്തിൽ എന്തുകൊണ്ടോ ഇടംപിടിക്കാതെപോയ ആ അതുല്യ പ്രതിഭയോടുള്ള ആദരവ് പ്രകടിപ്പിക്കുക, സമൂഹത്തിൽ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും അനാവരണംചെയ്യുക എന്നുള്ള സദുദ്ദേശ്യം ‘പെൺ നടനി’ലേക്ക് എത്തിച്ചു.

2015 മേയ് 14-ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ തുടങ്ങിയ പെൺ നടന്റെ യാത്ര നൂറിലധികം വേദികൾകടന്ന് ദശവാർഷികത്തിന്റെ നിറവിലേക്ക് കടക്കുന്നു. വേലിക്കുട്ടിയാശാന്റെ കഥ പറയുന്ന ‘അവതാരപുരുഷൻ’ എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് ‘പെൺ നടൻ’ എന്ന ഏകപാത്ര നാടകത്തിന്റെ പിറവി. അതോടൊപ്പം 2013-ൽ കമൽ സംവിധാനം ചെയ്ത നടൻ എന്ന സിനിമയിൽ വേലിക്കുട്ടിയാശാനിലെ പെൺ നടനെ അവതരിപ്പിക്കുവാൻ കഴിഞ്ഞത് ഈ ഏകപാത്ര നാടകത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആക്കംകൂട്ടി

പ്രവാസത്തിലെ ‘പെൺ നടൻ’

വിദേശത്ത് ആദ്യമായ് ‘പെൺ നടൻ’ അവതരിപ്പിക്കുന്നത് 2016-ൽ ഷാർജയിലാണ്. പിന്നീട് ദുബായിലും അബുദാബിയിലുമൊക്കെ നിറഞ്ഞസദസ്സിൽ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. കുവൈത്ത്, സൗദി എന്നിവിടങ്ങൾ ഒഴികെ മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും ‘പെൺ നടൻ’ അരങ്ങിലെത്തിയിട്ടുണ്ട്. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരാഗ്രഹമാണ്, കേരളത്തിന് പുറത്തുനടക്കുന്ന ഏറ്റവും വലിയ നാടകോത്സവമായ ഭരത് മുരളി നാടകോത്സവത്തെ ധന്യമാക്കുന്ന കേരള സോഷ്യൽ സെന്ററിന്റെ അരങ്ങിൽ നാടകം അവതരിപ്പിക്കുക എന്നുള്ളത്. അബുദാബി ശക്തി തിയേറ്ററിലൂടെ ആ ആഗ്രഹവും ഇപ്പോൾ സഫലമായി എന്നതിൽ ഏറെ സന്തോഷം.

ഒരുമണിക്കൂർ ഇരുപതുമിനുറ്റ് ദൈർഘ്യം വരുന്ന ഈ നാടകം ഇതുവരെ യു.എ.ഇ.യിൽ നാലുവേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഓസ്ട്രേലിയ, അമേരിക്ക, സിങ്കപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിലും ‘പെൺ നടനെ’ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.

placeholder
സന്തോഷ് കീഴാറ്റൂരും ലേഖകനും | ഫോട്ടോ: അരുൺ കൃഷ്ണൻ

പ്രവാസികളുടെ കലാപ്രവർത്തനം, ആസ്വാദനം

ജീവിതത്തിന്റെ ഊടും പാവും നെയ്യുവാൻ കടൽ കടന്നവർ കലയോട് കാണിക്കുന്ന അഭിനിവേശം, ആത്മാർപ്പണം തുടങ്ങിയവ അതിശയിപ്പിക്കുന്നതാണ്. ഇത് വാക്കുകൾക്കതീതമാണ്. കലയെ ഗൗരവമായി കാണുന്നവരാണ് പ്രവാസികൾ. ഒപ്പം അകമഴിഞ്ഞ പ്രോത്സാഹനവും അവർ നൽകുന്നു. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഭരത് മുരളി നാടകോത്സവത്തിൽ പങ്കാളികളാകുന്ന കലാകാരന്മാരുടെ ആത്മാർപ്പണത്തെക്കുറിച്ചൊക്കെ ഏറെ അറിഞ്ഞിട്ടുണ്ട്. നാടകത്തെ നിലനിർത്തുന്നതിലും കൂടുതൽ ജനകീയമാക്കുന്നതിലും ഇവിടത്തെ നാടകപ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും ‘പെൺ നടൻ’ അവതരിപ്പിച്ചത് വലിയൊരു ജനക്കൂട്ടത്തിന്റെ മുന്നിലാണ് എന്നത് ഒരു കലാകാരൻ എന്നതിൽ അഭിമാനം തരുന്നു, സന്തോഷം തരുന്നു. ഓരോ പ്രവാസിയും കലയെ ബഹുമാനത്തോടെ നോക്കിക്കാണുന്നവരാണ്, പ്രോത്സാഹിപ്പിക്കുന്നവരാണ്, ആസ്വദിക്കുന്നവരാണ്. കലാ പ്രവർത്തനത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ നിലനിർത്തുവാനും അത് പുതുതലമുറയിലേക്ക് പകർന്നുകൊടുക്കുവാനും കാണിക്കുന്ന ആത്മാർഥത എടുത്തുപറയുകതന്നെവേണം.

നടനസഞ്ചാരത്തിലെ സംതൃപ്തി

നാൽപ്പത് വർഷമായി തുടരുന്ന കലായാത്ര നല്ലരീതിയിൽ തുടരുന്നു. അവസരങ്ങൾ ഇല്ലാതിരുന്ന സമയമുണ്ടായിരുന്നു. അതൊക്കെ മറികടക്കുവാൻ സാധിച്ചു. ആഗ്രഹിച്ചതൊക്കെ കലാരംഗത്ത് ഇതുവരെ നേടുവാൻ സാധിച്ചില്ലെങ്കിലും ഒട്ടും നിരാശയില്ല. നഷ്ടബോധം എന്നത് ഇതുവരെ പിടികൂട്ടിയിട്ടില്ല. ശ്രമം തുടരുക എന്നതാണല്ലോ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യം. ഇതുവരെ നൂറോളം സിനിമകളിൽ അഭിനയിച്ചു, ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. തട്ടകം നാടകം തന്നെയാണ്. നാടകമാണല്ലോ ഒരു സിനിമാനടനാക്കിയത്.

placeholder
പെൺ നടനായി സന്തോഷ് കീഴാറ്റൂർ | ഫോട്ടോ: ഫിലിപ്പ് ജേക്കബ്

പ്രവാസികളോട് പറയാനുള്ളത്

നടനെന്നരീതിയിൽ പ്രവാസികളോട് പറയാനുള്ളത് ഉള്ളിലുള്ള സർഗവാസനകളെ ഏതുമുഖേനയും പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്. പ്രവാസലോകത്ത് പരിമിതികൾ ഉണ്ടാകാം. എങ്കിലും അവയൊക്കെ മറികടന്നുകൊണ്ട് നമ്മളിൽ നിറഞ്ഞുനിൽക്കുന്ന കലാവാസനകളെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുവാൻ സാധിക്കണം.

ഇഷ്ടപ്പെട്ട വേഷങ്ങൾ

ഒരു പ്രവാസിയുടെ ദുരിതപൂർണമായ കഥപറഞ്ഞ പത്തേമാരിയിലെ മജീദ്, വിക്രമാദിത്യനിലെ കുഞ്ഞുണ്ണി, വർഷത്തിലെ മന്ത്രി, പുലിമുരുകനിലെ അച്ഛൻ, ഓടുന്നോൻ എന്ന സിനിമയിലെ പപ്പൻ തുടങ്ങിയ കഥാപാത്രങ്ങൾ ഒരു നടനെന്നരീതിയിൽ തൃപ്തി നൽകി.

placeholder
പെൺ നടൻ എന്ന നാടകത്തിൽ സന്തോഷ് കീഴാറ്റൂരിന്റെ പ്രകടനം | ഫോട്ടോ: സാജൻ വി നമ്പ്യാർ \ മാതൃഭൂമി 

ഇനിയുള്ള യാത്ര

ഇതുവരെ തുടർന്നതുപോലെതന്നെ തുടരുവാൻ തന്നെയാണ് ആഗ്രഹം. പുതിയ അവസരങ്ങൾ നാടകത്തിലായാലും സിനിമയിലായാലും തേടിവരുന്നുണ്ട്. ചെറിയവേഷങ്ങളിൽ തുടങ്ങി നായകവേഷത്തിൽവരെ എത്തിച്ചേരുവാൻ സാധിച്ചു എന്നുള്ളതുതന്നെ വലിയൊരു കാര്യമല്ലേ.

2003-ൽ പുറത്തിറങ്ങിയ ചക്രത്തിലെ സതീശൻ എന്ന കഥാപാത്രത്തിൽ തുടങ്ങി 2024-ൽ ഷൂട്ടിങ് പൂർത്തിയാക്കിയ മോഹൻലാൽ, ശോഭന എന്നിവർ അഭിനയിച്ച പേരിടാത്ത ചിത്രത്തിൽവരെ എത്തിനിൽക്കുന്നു സിനിമായാത്ര.