
പാതിരാനേരത്ത് പാലമരത്തിൽ പാതിവിരിഞ്ഞൊരു പൂവേ... എന്നത്തെയും പോലെ ഭാവസാന്ദ്രമായി പി. ജയചന്ദ്രൻ ആ പാട്ടും പാടി. അദ്ദേഹത്തിന്റെ ശബ്ദമാധുരിയിൽ രേഖപ്പെടുത്തിയ അവസാനത്തെ യുഗ്മഗാനം. കെ. മധുസൂദനൻ എഴുതി കല്ലറ ഗോപൻ സംഗീതം ചെയ്ത ഗാനം കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. അന്ന് ജയചന്ദ്രൻ പാടിയത് കേൾക്കാനും ഒപ്പം പാടാനും അവസരം ലഭിച്ച ഒരാളുണ്ട്, ഗായിക ഇന്ദുലേഖ വാര്യർ. ജയചന്ദ്രനോടൊപ്പം മികച്ച അഭിപ്രായമാണ് ഇന്ദുലേഖയുടെ ആലാപനത്തിനും ലഭിക്കുന്നത്. പിന്നണിഗാനരംഗത്തെത്തി പത്തുവർഷം പിന്നിടുമ്പോള്‍ റാപ്പ് സോങ്, കവിത തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലകളിലൂടെയാണ് ഇന്ദുലേഖയുടെ സഞ്ചാരം. മകന് കഥ പറഞ്ഞും കവിത ചൊല്ലിക്കൊടുത്തും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയായി ആ പാട്ടുകാരി. ജയരാജ് വാര്യരുടെ മകൾ എന്നതിനപ്പുറത്തേക്ക് പാട്ടുപാടിയും കവിത ചൊല്ലിയും കഥ പറഞ്ഞും റാപ്പ് അവതരിപ്പിച്ചുമെല്ലാം സ്വന്തമായി മേൽവിലാസമുണ്ടാക്കിയ ഇന്ദുലേഖ വാര്യർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പി. ജയചന്ദ്രനൊപ്പം പാടിയ പാട്ടാണല്ലോ പുതിയ വിശേഷം. പാട്ടിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും അത് കാണാൻ അദ്ദേഹമില്ല എന്നത് വേദനയാണ്. അന്നത്തെ റെക്കോഡിങ് ഓർക്കുന്നുണ്ടോ? എങ്ങനെയാണ് ഇന്ദുലേഖയിലേക്ക് ഈ അവസരമെത്തുന്നത്?
കെ. മധുസൂദനൻ എന്നയാളാണ് പാതിരാനേരത്ത് പാലമരത്തിൽ എന്ന പാട്ട് എഴുതിയത്. ഒരു ബിൽഡറായ അദ്ദേഹത്തിന്റെ പാഷനാണ് പാട്ടെഴുത്ത്. അദ്ദേഹത്തിന്റെ കൃഷ്ണഭക്തിഗാനം ഞാൻ പാടിയിരുന്നു. അതിന്റെ റെക്കോഡിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാട്ടിന്റെ സംഗീതം ചെയ്ത കല്ലറ ഗോപൻ അങ്കിൾ, ഒരു പാട്ട് കൂടി പാടാമോയെന്നും ജയചന്ദ്രൻ അങ്കിളിനൊപ്പമാണെന്നും പറഞ്ഞ് വിളിക്കുന്നത്. റെക്കോർഡിങ് കഴിഞ്ഞ് തൃശ്ശൂർ നിന്നും അന്ന് വൈകീട്ട് എറണാകുളത്തേക്ക് തിരിച്ചുപോവാൻ നിൽക്കുകയായിരുന്നു. എന്നാൽ ഫോൺ വന്നതോടെ പെട്ടെന്ന് പോയി പാടി. ഞാനാണ് ആദ്യം റെക്കോഡ് ചെയ്യുന്നത്. അത് കഴിഞ്ഞാണ് ജയചന്ദ്രൻ അങ്കിൾ വന്നത്. ശാരീരികമായി കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി നടന്ന് തന്നെയാണ് വന്നത്. ഞാൻ പാടിയത് കേട്ടതിന് ശേഷം അദ്ദേഹം റെക്കോഡ് ചെയ്തു. അത് ലൈവായി കാണാൻ എനിക്ക് കഴിഞ്ഞു. ഈ പാട്ടിനുശേഷവും അങ്കിൾ പാടിയിട്ടുണ്ടെങ്കിലും അവസാനത്തെ യുഗ്മഗാനം ഇതായിരുന്നു.
ഇന്ദുലേഖയുടെ ആലാപനം കേട്ട് ജയചന്ദ്രൻ എന്തെങ്കിലും പറഞ്ഞിരുന്നോ.
ഈ പാട്ട് കേട്ടതിനുശേഷം ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ പണ്ട് ഞാൻ വിദ്യാസാഗർ സാറിന്റെ ഒരു തമിഴ് ഗാനം പാടിയത് കേട്ട് എന്നെ ഫോണിൽ വിളിച്ചിരുന്നു. നന്നായി പാടി, ഉച്ചാരണമെല്ലാം കൃത്യമായിരുന്നു, വളരെ ഇഷ്ടമായി എന്നെല്ലാം പറഞ്ഞു. 2015-16 വർഷം പാടിയ 'പേസ് പേസ് ഇസൈ മൊഴി...' എന്നൊരു പാട്ടായിരുന്നു അത്. ആ സിനിമ വലിയ വിജയമായിരുന്നില്ല. ഇന്നത്തെ പോലെ അന്ന് വാട്സ്ആപ്പിൽ പാട്ടൊക്കെ അയച്ചുകൊടുക്കുന്ന പതിവുമില്ല. പിന്നെ എങ്ങനെയാണ് അങ്കിൾ ഈ പാട്ട് കേട്ടതെന്ന് അറിയില്ല. ചിലപ്പോൾ വിദ്യാജിയുടെ സ്റ്റുഡിയോയിൽ പോയപ്പോൾ കേട്ടതാവാം. അതുപോലെ സ്റ്റേജിൽ ലൈവ് പാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അങ്കിൾ പറഞ്ഞ് തന്നിരുന്നു. ഹൈ പാടുമ്പോഴും ലോ പാടുമ്പോഴും ഉച്ചാരണം ശരിയായിരിക്കണമെന്നും ആൾക്കാർക്ക് വ്യക്തമാവണമെന്നുമെല്ലാം അദ്ദേഹം പറഞ്ഞു തന്നതാണ്.
ആദ്യ ചലച്ചിത്രഗാനം പാടിയത് 2014ലായിരുന്നല്ലോ. പത്ത് വർഷത്തോളം നീണ്ട സംഗീത യാത്ര എങ്ങനെ നോക്കിക്കാണുന്നു.
പത്തുവർഷത്തെ യാത്രയിൽ ഒരുപാട് സിനിമയിലൊന്നും ഞാൻ പാടിയിട്ടില്ല. കർണാട്ടിക് സംഗീതത്തിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് കഥകളി സംഗീതം പഠിച്ചു, പിന്നണിഗാനങ്ങൾ പാടി, റാപ്പ് ചെയ്തു, ലൈവ് ഷോകൾ നടത്തി, ഇപ്പോൾ കവിതകൾ വരെ എത്തിനിൽക്കുകയാണ്. കുട്ടിക്കവിതകൾ ചൊല്ലുക, വലിയ കവിതകൾക്ക് ഈണം കൊടുക്കുക തുടങ്ങി സംഗീതത്തിന്റെ പല വഴികളിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്. പല രീതിയിലുള്ളതാണെങ്കിലും എല്ലാം സംഗീതം തന്നെയാണല്ലോ. ഞാൻ ഈ യാത്ര ശരിക്കും ആസ്വദിക്കുകയാണ്.
പലതരം സംഗീതങ്ങൾ ഒരേസമയം ചെയ്യുക എന്നത് വെല്ലുവിളി കൂടിയല്ലേ? എന്തെങ്കിലും തയ്യാറെടുപ്പുകൾ ഓരോന്നിനും വേണ്ടി നടത്താറുണ്ടോ.
ഒരേസമയം വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നത് തൊണ്ടയ്ക്ക് നല്ലതല്ല. അതുകൊണ്ട് വോക്കൽ ടെക്നിക്സ് എല്ലാം എന്നും പ്രാക്ടീസ് ചെയ്യും. പരിപാടികൾ ഉണ്ടെങ്കിൽ അതിനുവേണ്ട തയ്യാറെടുപ്പുകളും ചെയ്യാറുണ്ട്. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്. പിന്നെ കവിതകളുടെ കാര്യത്തിൽ കൂടുതൽ കവിതകൾ വായിക്കുകയും കേൾക്കുകയും ചെയ്യും. അപ്പോൾ ഒരു കവിത വായിക്കുമ്പോൾ തന്നെ ചേരുന്ന ഈണവും മനസ്സിലേക്ക് വരും. കവിതകൾ മോന് പറഞ്ഞുകൊടുക്കുകയാണല്ലോ. അതുകൊണ്ട് ഓരോ കവിതയ്ക്കും എന്ത് ഭാവമാണോ കൊടുക്കേണ്ടത് അത് സ്വാഭാവികമായി വരും.
2020ൽ ചെയ്ത പെൺറാപ്പിന് വലിയ സ്വീകാര്യതയായിരുന്നല്ലോ ലഭിച്ചിരുന്നത്. ഈ റാപ്പിന് മുൻപും ശേഷവും എന്തൊക്കെ മാറ്റങ്ങളാണ് കരിയറിൽ ഉണ്ടായത്.
പെൺറാപ്പ് ഇറങ്ങിയതിന് ശേഷമാണ് എന്റെ പേര് പലരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിനുമുൻപ് ഏതോ ഒരു ഗായിക, ജയരാജ് വാര്യരുടെ മകൾ, പാടുന്ന ഒരു കുട്ടി എന്നതായിരുന്നു ഐഡന്റിറ്റി. എന്റെ പേരെടുത്ത് വിളിച്ച് പരിപാടിയുടെ സംഘാടകരും മറ്റുള്ള സംഗീതജ്ഞരുമെല്ലാം അഭിനന്ദനങ്ങൾ അറിയിച്ചതും തിരിച്ചറിയുന്നതുമെല്ലാം ഈ റാപ്പിന് ശേഷമാണ്. അതിനുശേഷം വ്യത്യസ്ത ടെലിവിഷൻ ചാനലുകളുമായും സയനോര ചേച്ചിയോടൊപ്പവുമെല്ലാം സഹകരിച്ച് റാപ്പ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ എപ്പോൾ റാപ്പ് പങ്കുവെച്ചാലും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.
ഇതിനിടെ ഇനി റാപ്പ് ചെയ്യണോ എന്ന് സംശയിച്ച് ഞാനൊരു ബ്രേക്ക് എടുത്തിരുന്നു. അതിനുശേഷമാണ് പുതുവത്സരത്തിന് റെസല്യൂഷൻ എന്ന റാപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുന്നത്. സാധാരണ പ്രതിഷേധ സ്വരമാണ് എന്റെ റാപ്പിൽ ഉണ്ടാവാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി തമാശ രീതിയിൽ ഒരു റാപ്പ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക് അതിന് കഴിയില്ലെന്നായിരുന്നു വിചാരിച്ചിരുന്നത്. പക്ഷേ പുതുവത്സരത്തിന്റെ രണ്ട് ദിവസം മുൻപ് രാത്രിയിൽ എനിക്ക് ഒരു ബോധോദയം വന്നു. 'കാലത്ത് എണീക്കണം അഞ്ചുമണിക്ക്..' എന്ന വരിയാണ് ആദ്യം മനസിലേക്ക് വന്നത്. പിന്നീട് അര മണിക്കൂർ കൊണ്ട് വരികൾ മുഴുവൻ തീർത്തു. പിറ്റേന്ന് റെക്കോഡ് ചെയ്തു. ഒന്നാം തീയ്യതി അപ്‌ലോഡും ചെയ്തു. ഇങ്ങനെയൊരു റാപ്പ് ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണോ അതോ കുട്ടികളുമായി സംവദിച്ചപ്പോഴുണ്ടായ മാറ്റം കൊണ്ടാണോ എന്നറിയില്ല, ഫൺ റാപ്പ് എന്ന ആഗ്രഹം നടന്നു.
ആദ്യം ചെയ്ത റാപ്പുകളിലെല്ലാം പ്രതിഷേധത്തിന്റെ സ്വരമായിരുന്നെന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടായിരുന്നു അങ്ങനെയൊരു തിരഞ്ഞെടുപ്പ്.
അമ്മയും സുഹൃത്തുക്കളുമെല്ലാം പറയുന്ന കാര്യങ്ങൾ, അവർ നേരിടുന്ന പ്രശ്നങ്ങൾ അങ്ങനെയുള്ളതെല്ലാം ഞാൻ ചെറുപ്പം മുതലേ ശ്രദ്ധിക്കാറുണ്ടായിരുന്നു. എനിക്കറിയാവുന്ന ഒരു ചേട്ടൻ പറഞ്ഞ കാര്യം ഞാൻ ഇന്നും ഓർക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുട്ടിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം പെട്ടെന്ന് ഭേദമാക്കണമെന്നും വേറൊരു കുടുംബത്തിലേക്ക് പോകേണ്ട കുട്ടിയല്ലേ എന്നുമാണ് ആ ചേട്ടൻ പറഞ്ഞത്. ജനിച്ച് ആറുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ഇക്കാര്യം പറയുന്നത്. ചെറുപ്പം മുതലേ ഇതെല്ലാം എന്തുകൊണ്ട് എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ എഴുതിതുടങ്ങിയപ്പോഴാണ് ഇത്രയും കാര്യങ്ങൾ എന്റെ മനസിൽ ഉണ്ടായിരുന്നെന്നും ഇത്രയും എഴുതാനുണ്ടായിരുന്നെന്നും മനസിലായത്.
റാപ്പുകൾ എഴുതുമ്പോൾ വലിയ പദസമ്പത്ത് ആവശ്യമല്ലേ? എങ്ങനെയാണ് എഴുത്തിലേക്കെത്തുന്നത്.
എഴുത്തിലേക്കും വളരെ യാദൃച്ഛികമായാണ് എത്തുന്നത്. ഒരിക്കലും കവിതയൊന്നും എഴുതിയിരുന്നില്ല. പക്ഷേ ചെറുപ്പത്തിലേ വായിക്കുമായിരുന്നു. പിന്നെ വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും ശ്രീകുമാരൻ സാറിന്റെയുമൊക്കെയായി ഒരുപാട് പാട്ടുകളും കേൾക്കുമായിരുന്നു. സത്യത്തിൽ പുതിയ വാക്കുകൾ പഠിക്കാൻ അത് തന്നെ മതി. വായനയോടൊപ്പം പഴയ പാട്ടുകളും എന്നെ എഴുതാൻ സഹായിച്ചിട്ടുണ്ട്. പിന്നെ എഴുതി തുടങ്ങിയപ്പോൾ വാക്കുകളെല്ലാം വരികയായിരുന്നു
മോൻ ഉണ്ടായതിനുശേഷമാണ് ഇന്ദുലേഖയെ കൂടുതൽ കവിതകളുടെയും കഥകളുടെയും ലോകത്ത് കാണുന്നത്. സത്യത്തിൽ മകനോടോപ്പം ഇന്ദുലേഖയും വളരുകയാണ്.
അത് സത്യമാണ്. മോന് വേണ്ടി കവിത ചൊല്ലാനും കഥ പറയാനും തുടങ്ങിയപ്പോഴാണ് വായന വീണ്ടും പൊടിത്തട്ടിയെടുക്കണം എന്ന ചിന്ത വരുന്നത്. ചെറുപ്പത്തിൽ പഠിച്ച കവിതകളിൽ ചിലത് മുഴുവൻ ഓർമയുണ്ടാകും, മറ്റു ചിലത് അന്ന് പഠിക്കണമെന്ന് ആഗ്രഹിച്ചതാവും. അതൊക്കെ ഇപ്പോഴാണ് ഞാൻ പഠിക്കുന്നത്. മകന് ചൊല്ലിക്കൊടുക്കാൻ വേണ്ടി വൈലോപ്പിള്ളി സാറിന്റെ കവിതകളുടെ പുസ്തകം വാങ്ങി. അമ്മ എന്നത് തന്നെ രണ്ടാമതൊരു ജന്മം പോലെയാണ്. അതിനൊപ്പം വായന കൂടിയായപ്പോൾ അത് പൂർണമായി. വീണ്ടും വീണ്ടും വായിക്കാനും പുതിയതും പഴയതുമായ കവിതകൾ കേൾക്കാനും തുടങ്ങി. വായനയുടെയും സാഹിത്യത്തിന്റെയും കാര്യത്തിൽ വീണ്ടും ഒരു കുട്ടിയെ പോലെ അവനൊപ്പം ഞാൻ വളർന്നുകൊണ്ടിരിക്കുകയാണ്.
ഫോൺ കാണിക്കാതെ കവിത ചൊല്ലിക്കൊടുത്തും കഥ പറഞ്ഞുകൊടുത്തും ഭക്ഷണം കഴിപ്പിക്കുന്ന അമ്മ എന്നത് പലർക്കും ആശ്ചര്യമായിരുന്നു. അങ്ങനെയൊരു തീരുമാനം മനഃപൂർവ്വം എടുക്കുകയായിരുന്നോ.
ഭക്ഷണം കഴിപ്പിക്കാൻ ഫോൺ കാണിക്കുന്ന ശീലത്തെ കുറിച്ച് എനിക്ക് അറിവേയുണ്ടായിരുന്നില്ല. ഞങ്ങളുടെ വീഡിയോ വൈറലായപ്പോഴാണ് ഇത്രയും ആളുകൾ ഫോൺ നോക്കിയാണ് ഭക്ഷണം കഴിപ്പിക്കുന്നതെന്ന് മനസിലായത്. ചിലപ്പോൾ രക്ഷിതാക്കളുടെ സാഹചര്യം കൊണ്ടായിരിക്കും. ഞാനും എപ്പോഴും തിരക്കുപിടിച്ച് ഓടുന്ന ആളാണെങ്കിൽ അവന് ഫോൺ കൊടുത്തിരിക്കാം. എന്തായാലും ഞാനിപ്പോഴും പരമാവധി അവന് ഫോൺ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്താണ് കഴിക്കുന്നതെന്ന് അറിയാനും അത് സ്വന്തമായി ആസ്വദിച്ച് കഴിക്കാനും എന്താണ് ഇഷ്ടമുള്ളതെന്ന് പറയാനുമൊക്കെയുള്ള കഴിവ് അവനുണ്ടായത് അങ്ങനെയാവും.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണല്ലോ. ഒരുപാട് ആളുകൾക്കിടയിൽ സ്വയം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരിടം ഉണ്ടാക്കിയെടുക്കുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്.
സാമൂഹിക മാധ്യമങ്ങളിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കുക എന്ന് പറയുന്നത് ഒരു ബിസിനസ് പോലെയാണ്. അവിടെ നമ്മളൊരു സംരംഭകയെ പോലെയാണ്. നമ്മുടെ സംരംഭമാണത്. നമ്മൾ എന്നും കണ്ടന്റ് ചെയ്ത് അപ്ലോഡ് ചെയ്യണം. അതിൽ നിന്നുള്ള റിസ്കും റിട്ടേൺസും നമുക്ക് തന്നെയാണ്. രണ്ടുതരത്തിൽ അത് ബാധിക്കാം. ഒരു ഇടവേളയെടുത്ത് എവിടെയെങ്കിലും താമസിക്കണമെന്ന് വിചാരിച്ചാൽ അപ്ലോഡ് ചെയ്യാനുള്ള കണ്ടന്റ് നേരത്തെ മുൻകൂട്ടി ചെയ്തുവെക്കേണ്ടി വരും. എന്നും ഇങ്ങനെയൊരു ഇടം വേണമെങ്കിൽ സ്ഥിരത ഉണ്ടായിരിക്കണം. സ്ഥിരതയാണ് പ്രധാനം. എന്നും ഇതുപോലെ ഉത്തരവാദിത്വമുള്ള കോണ്ടന്റ് ക്രിയേഷൻ ചെയ്യണമെന്ന ശാഠ്യം എനിക്കുണ്ട്
സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുമ്പോൾ നെഗറ്റീവ് കമന്റ്സും നേരിടേണ്ടി വരില്ലേ? അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്.
റാപ്പിനാണ് കൂടുതലും നെഗറ്റീവ് കമന്റ്സ് വരാറുണ്ടായിരുന്നത്. പ്രത്യേകിച്ച് റിബൽ പോയട്രികൾക്ക്. ഇവൾ മാത്രമാണോ ലോകത്ത് സ്ത്രീയായിട്ടുള്ളത്? കാലം മാറിയത് ഇവളൊന്നും അറിഞ്ഞില്ലേ... അങ്ങനെയുള്ള കമന്റ്സ് ഒക്കെ വരാറുണ്ട്. ആദ്യമൊക്കെ ഇതെന്നെ ബാധിച്ചിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഒന്നും ശ്രദ്ധിക്കാറില്ല. എന്റെയൊരു ശൈലി ഇതാണ്. എനിക്ക് തോന്നുമ്പോൾ ഞാൻ എഴുതും, പാടും.
മക്കളെ കൂടെ രക്ഷിതാക്കൾ ബ്ലോഗിങിൽ ഉൾപ്പെടുത്തുന്നതിനെതിരെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ടല്ലോ. മകനോടൊപ്പം വീഡിയോയൊക്കെ പോസ്റ്റ് ചെയ്യുന്ന ആളെന്ന നിലയിൽ ഇന്ദുലേഖ എങ്ങനെയാണ് ഇത് നോക്കിക്കാണുന്നത്.
ഉത്തരവാദിത്വത്തോടെയുള്ള കണ്ടന്റ് ക്രിയേഷൻ ആയിരിക്കണം എന്റേതെന്ന് ഞാൻ ഉറപ്പുവരുത്താറുണ്ട്. മോനെ ഉൾപ്പെടുത്തിയുള്ള വീഡിയോകളിൽ അവനുമായി സംസാരിക്കാനും അവന്റേതായ കാര്യങ്ങൾ അവനെകൊണ്ട് പറയിപ്പിക്കാനും ശ്രമിക്കാറുണ്ട്. പാൻ കേക്ക് ഉണ്ടാക്കുന്ന വീഡിയോയോ അല്ലെങ്കിൽ ഞങ്ങൾ രണ്ടാളും എവിടെയെങ്കിലും പോകുന്ന വീഡിയോയോ ഇടുമ്പോൾ അവനുമായുള്ള സംസാരം എനിക്ക് നിർബന്ധമാണ്. അതുണ്ടെന്ന് ഞാനെപ്പോഴും ഉറപ്പ് വരുത്താറുണ്ട്. ആ ബോണ്ടിങ്ങും സംസാരവും നാലുപേരിലേക്ക് നല്ല രീതിയിൽ എത്തുകയാണെങ്കിൽ അത് നല്ല കാര്യമല്ലേ.
പിന്നെ കുട്ടികൾക്ക് അക്കൗണ്ട് ഉണ്ടാക്കുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല. അവന്റെ പേരിൽ അക്കൗണ്ട് വേണ്ടെന്ന് എന്റെ ഭർത്താവിനും നിർബന്ധമായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുചോദിച്ചാൽ നമ്മൾ എന്ത് പറയും, ആരോട് ചോദിച്ചിട്ടാണ് എന്റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് ചോദിച്ചാലോ... അതാണ് ലോകം. എപ്പോഴാണോ അക്കൗണ്ട് വേണമെന്ന് അവന് തോന്നുന്നത്, അപ്പോൾ എടുത്താൽ മതി. ഇപ്പോൾ എന്റെ കൂടെ മതിയെന്നാണ് തീരുമാനം.
എന്തൊക്കെയാണ് പുതിയ വർക്കുകൾ.
പാടിയ രണ്ട് പാട്ടുകൾ പുറത്തിറങ്ങാനുണ്ട്. സിനിമയുടെ കാര്യത്തിൽ എന്താണെന്ന് വലിയ ഐഡിയ ഇല്ല. റെസല്യൂഷൻ റാപ്പ് മുഴുവനായി ചെയ്യണമെന്നുണ്ട്. മുഴുവനായി എഴുതിക്കഴിഞ്ഞു. അതൊരു പ്രൊജക്ടായി ചെയ്യണം.
Inshort: Indulekha Warrier, daughter of Jayaraj Warrier, discusses her musical journey, recent duet with P. Jayachandran, and unique approach to social media.
Content Highlights: Indulekha Warrier: Singer`s Journey & Latest Song
Published: 31 Jan 2025, 09:50 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented