ധുരന്ധറിലെ ശരാരത്ത് എന്ന പാട്ടിലൂടെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയ പിന്നണി ഗായിക ജാസ്മിൻ സാൻഡ്‌ലാസിന്റെ ഏറ്റവും പുതിയ സ്റ്റേജ് പരിപാടി സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന ഒരു ലൈവ് കോൺസെർട്ടിനിടെ ലിപ്സിങ്ക് ചെയ്ത് പാടുന്നതായി അഭിനയിച്ചു എന്നാരോപിച്ചാണ് ഗായികയ്ക്കുനേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്.

To advertise here,

ഏപ്രിൽ 19-ന് അഹമ്മദാബാദിൽ നടന്ന സംഗീതപരിപാടിക്കിടെയാണ് സംഭവം. ലെഹങ്ക ചോളിയണിഞ്ഞ് സ്റ്റേജിലെത്തിയ ജാസ്മിൻ, ശരാരത്ത് എന്ന ഗാനം ആലപിച്ച് സ്റ്റേജിൽ ചുവടുവെക്കുകയും അതിനിടെ സ്വന്തം ദേഹത്തേക്ക് വെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഗാനം പശ്ചാത്തലത്തിൽ കേൾക്കുമ്പോൾതന്നെ ഗായിക പലതവണ മൈക്ക് താഴേക്ക് താഴ്ത്തുന്നത് ഇന്റർനെറ്റിൽ പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്. ഇതോടെ ഗായിക തത്സമയം പാടുകയല്ല, മറിച്ച് ലിപ്-സിങ്ക് ചെയ്യുകയാണെന്ന ആരോപണത്തിനിടയാക്കിയത്. ഗാനത്തിലെ ഹുക്ക് സ്റ്റെപ്പുകളും ഗായിക വേദിയിൽ അവതരിപ്പിച്ചിരുന്നു

പലരും എന്ത് അസംബന്ധമാണിതെന്നും എന്തിനാണ് ലിപ് സിങ്ക് ചെയ്യുന്നതെന്നും ചോദിച്ച് രംഗത്തെത്തി. ലൈവ് കോൺസെർട്ടുകളിൽ പോലും ഇവർ നേരിട്ട് പാടുന്നില്ല, ഇതിനെയാണോ ലൈവ് പെർഫോമൻസ് എന്ന് വിളിക്കുന്നത് ഇത് ഫേക്ക് പെർഫോമൻസ് ആണ് എന്നുമെല്ലാം വിമർശകർ ചോദിക്കുന്നു.

എന്നാൽ ഗായികയ്ക്ക് പിന്തുണയുമായി ആരാധകർ മുന്നോട്ടുവന്നിട്ടുണ്ട്. പരിപാടിയുടെ വലിയ ആവേശത്തെ പ്രശംസിച്ച ഒരു ആരാധകൻ ഗായികയ്ക്ക് നന്ദി പറയുകയും ചെയ്തു. മികച്ച പരിപാടിയായിരുന്നുവെന്നാണ് മറ്റുള്ളവർ പറയുന്നത്. മിക്കവരും ഗായികയുടെ പ്രകടനം ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയിൽ കാണാം.

സൽമാൻ ഖാന്റെ 'കിക്ക്' എന്ന ചിത്രത്തിലെ 'യാർ ന മിലേ' എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സ്ട്രീറ്റ് ഡാൻസർ 3ഡി-യിലെ ഇല്ലീഗൽ വെപ്പൺ 2.0, മുൻജ്യയിലെ 'തരസ് നി ആയ തുജ്കോ', തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ശ്രദ്ധേയമായി.

അടുത്തിടെ ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായി പുറത്തിറങ്ങിയ 'ധുരന്ധർ' (Dhurandhar), അതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ ദി റിവഞ്ച്' എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ഗായിക വലിയ ജനപ്രീതി നേടുകയും ചെയ്തു. ആഗോളതലത്തിൽ 3000 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ ഫ്രാഞ്ചൈസിയിൽ ജാസ്മിൻ പാടിയ ടൈറ്റിൽ ട്രാക്കും, 'ശരാരത്ത്' (Shararat), 'ജായിയേ സഞ്ജന' എന്നീ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ഈ വലിയ വിജയങ്ങൾക്കിടയിലാണ് തങ്ങളുടെ ലൈവ് ഷോകളിലെ പ്രകടനങ്ങളുടെ പേരിൽ ഗായികയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരിക്കുന്നത്.